കുഞ്ഞുങ്ങളുടെ പുന്നാര അച്ഛനാകുകയെന്നാൽ അത്ര എളുപ്പമല്ല. അൽപം അധ്വാനവും ക്ഷമയും വേണ്ടിവരുന്ന റോളാണിത്. ‘മൈ ഫാദർ ഈസ് ഗ്രേറ്റ്’ എന്ന് ഓരോ കുഞ്ഞിനും തോന്നണം. കാരണം കുഞ്ഞിന്‍റെ ഏറ്റവും വിശ്വസ്തനായ റോൾ മോഡലാണ് അച്ഛൻ.
കാലത്തിനനുസരിച്ച് ‘അച്ഛൻ’ റോളിനും മാറ്റം വന്നിട്ടുണ്ട്. ഇന്ന് കുഞ്ഞിനെ കുളിപ്പിച്ചൊരുക്കാനും ഭക്ഷണമൂട്ടാനും അവർക്കൊപ്പം ആന കളിക്കാനുമൊക്കെ അച്ഛൻ റൊഡിയാണ്. ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊരു ഗൃഹനാഥനെ സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല.
ഇവിടെ ജനറേഷൻ ഗ്യാപ് എന്നൊന്നില്ല. കുടുംബനാഥന്‍റെ ഇമേജിനപ്പുറം മക്കളുടെ മനസ്സറിഞ്ഞ് അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പങ്കാളിയാകുന്ന തരത്തിൽ ‘അച്ഛൻ’ വളർന്നിരിക്കുന്നു. കുടുംബപരമായ ചുമതലകളും ഉദ്യോഗവുമൊക്കെ ഒരുമിച്ച് നോക്കി നടത്തേണ്ടി വരുന്നതൊന്നും ഇന്നത്തെ അച്ഛന്മാരെ തെല്ലും അലട്ടുന്നില്ല.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാൻ ഇന്ന് ബഹുഭൂരിപക്ഷം പുരുഷന്മാരും ആഗ്രഹിക്കാറില്ല. ഒരു റിസോഴ്സ് പ്രൊവൈഡർ മാത്രമായി ഒതുങ്ങാനും അവർ ആഗ്രഹിക്കുന്നില്ല. എപ്പോഴും കുഞ്ഞുങ്ങളുടെ സാമീപ്യത്തിനായി കൊതിക്കുന്ന കുഞ്ഞുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് ന്യൂജനറേഷൻ അച്ഛന്മാർ തങ്ങളോടൊപ്പം പാട്ടുപാടുകയും ആന കളിക്കുകയും തലകുത്തിമറിയുകയും ചെയ്യുന്ന അച്ഛനെയാണ് കുഞ്ഞുങ്ങളും ആഗ്രഹിക്കുക. കുഞ്ഞുങ്ങളുമായി അടുത്തിടപഴകുമ്പോഴും അവരുടെ ലോകവുമായി ഇഴുകിച്ചേരുകയും ചെയ്യുന്നവരാണ് നല്ല അച്ഛന്മാർ. കുഞ്ഞുങ്ങളുമായി സ്വന്തം അനുഭവങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നവരാണ് അവർ.
പോസിറ്റീവ് ഔട്ട്കം
കുഞ്ഞുങ്ങളുമായി വളരെയടുപ്പം പുലർത്തുന്ന അച്ഛന്മാർ അവരുടെ ബൗദ്ധികവും മാനസികവും വൈകാരികവുമായ വളർച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളിൽ അച്ഛന്‍റെ ഈർജ്ജസ്വലമായ സാമീപ്യവും ഇടപെടലും കുഞ്ഞുങ്ങളെ സ്നേഹസമ്പന്നരും ബുദ്ധിശാലികളുമാക്കുമെന്നത് ഇതു സംബന്ധമായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അച്ഛനാണ് അവരുമായി കൂടുതൽ അടുത്തിടപഴകുന്നത്. എന്നാൽ അമ്മമാരാകട്ടെ വാക്കുകളിലൂടെയും കളിപ്പാട്ടങ്ങളിലൂടെയാകും കുഞ്ഞുങ്ങളുമായി ഇന്‍ററാക്ട് ചെയ്യുക. ചുരിക്കിപ്പറഞ്ഞാൽ കുഞ്ഞുങ്ങൾ ഗുണപ്രദവും വ്യത്യസ്തവുമായ ഊർജ്ജസ്വലത അച്ഛനിൽ നിന്നാണ് സ്വാംശീകരിക്കുന്നത്.
കുഞ്ഞുങ്ങൾ മാത്രമല്ല ഇവിടെ ഗുണഭോക്താക്കൾ, കെയർ ഗിവിംഗ് റോൾ നിർവഹിക്കുന്ന അച്ഛന്മാരും ഇതിൽ നിന്നും ആഹ്ളാദവും സംതൃപ്തിയും അനുഭവിക്കുന്നുണ്ട്. അതവരുടെ കുടുംബജീവിത്തെയും ഔദ്യോഗികജീവിതത്തെയും രസകരമാക്കുന്നുണ്ടത്രേ.
പിതൃത്വമെന്ന വസ്തുതയെ അതിന്‍റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ പുരുഷന്മാർക്ക് അത്രയെളുപ്പമല്ല. രക്ഷിതാക്കൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും കടമകളും തിരിച്ചറിയാനും അവ പൂർത്തീകരിക്കാനും അവർക്ക് കടുത്ത വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്.
കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർ പറയുന്നത് ക്ഷമാപൂർവ്വം കേൾക്കാനും അച്ഛന് കഴിയണം. ഓരോ ചെറിയ കാര്യത്തിനു പോലും രക്ഷിതാക്കളുടെ സാന്നിദ്ധ്യം വേണമെന്ന് കുഞ്ഞുങ്ങളും ആഗ്രഹിക്കും. പഠനത്തിലും മറ്റു കാര്യങ്ങളിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനൊപ്പം ‘അച്ഛൻ’ അവർക്ക് നല്ലൊരു മാതൃകയും പ്രേരക ശക്തിയുമാകണം. നല്ലൊരച്ഛനാകാൻ ചില വഴികൾ ഇതാ...
ക്ഷമയുള്ള കൂട്ടുകാരനാകുക: കുഞ്ഞുങ്ങൾ ദേഷ്യമുളവാക്കുന്ന വികൃതികൾ കാട്ടുക സാധാരണമാണല്ലോ. ഇത്തരം സാഹചര്യങ്ങളിൽ സമചിത്തത കൈവെടിയാതിരിക്കുക. കയർക്കുകയോ ശിക്ഷിക്കുകയോ ചെയ്യാതെ ശാന്തനാക്കാൻ ശ്രമിക്കുക.
സ്നേഹമുള്ള അച്ഛൻ: കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിക്കുന്നത് അച്ഛനാണെന്ന ധാരണ അവരിലുണ്ടാക്കുക. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കുട്ടികളുടെ സങ്കടം അകറ്റിയും അവനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നിർലോഭമായ സ്നേഹം പ്രകടിപ്പിക്കുക.