കുഞ്ഞുങ്ങൾ നല്ല സ്വഭാവഗുണമുള്ളവരാകണം, ആരോഗ്യവാന്മാരാകണം, മികച്ച വ്യക്‌തിത്വമുള്ളവരാകണം എന്നൊക്കെ ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണല്ലോ. എന്നാൽ മാറി വരുന്ന സാമൂഹിക- സാമ്പത്തിക- ജീവിത സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകളും മറ്റും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വാസ്തവം.
കുട്ടികളിലുണ്ടാകുന്ന നിസാരവും ഗുരുതരവുമായ വ്യക്‌തിത്വ വൈകല്യങ്ങളെയും മാനസിക പ്രയാസങ്ങളെയും മാതാപിതാക്കൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അതിന് ശാസ്ത്രീയമായ പരിഹാരം തേടണം. മാതാപിതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെയും ശാസ്ത്രീയമായ പരിഹാരത്തിലൂടെയും ഉണ്ടാകുന്ന തിരുത്തലിലൂടെ അവനിൽ/ അവളിൽ ഒരു മികച്ച വ്യക്‌തിത്വം സൃഷ്ടിച്ചെടുക്കാം.
കുട്ടികൾ നേരിടുന്ന ചില മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്തെല്ലാമാണെന്നറിയാം:
ഓൺലൈൻ വിദ്യാഭ്യാസം എന്ന രീതിയിലേക്ക് പഠനം മാറിയിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ, ലാപ്ടോപ്പ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുട്ടികളിൽ വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തെ മാതാപിതാക്കൾ എങ്ങനെയാണ് നേരിടേണ്ടത്?
- ഒരു കുട്ടി ഓൺലൈൻ അടിമത്തത്തിലാണോ എന്നറിയുന്നതിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്. ഒന്ന് രാവിലെ തൊട്ട് വൈകുന്നേരം വരെ കൂടുതൽ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുകയോ അതുപയോഗിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ ചെയ്യുന്ന അവസ്‌ഥ.
- ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സമയം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥ. അരമണിക്കൂർ കളിച്ചിട്ട് ഗെയിം നിർത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ട് മണിക്കൂറുകളോളം കളിച്ച് രാത്രി മൊത്തം ഉറക്കമിളിച്ചിരുന്ന് കളിക്കുന്ന തരത്തിലേക്ക് നിയന്ത്രണം വിട്ട് പോകുന്ന അവസ്‌ഥ.
- ക്രമേണ ഈ ഓൺലൈൻ ഉപയോഗത്തിന്‍റെ സമയം കൂടി കൂടി വരും. ആദ്യത്തെ ആഴ്ച അരമണിക്കൂർ, പിന്നീട് അത് ഒരു മണിക്കൂർ ആകുന്നു. അങ്ങനെ സമയം കൂടി വരുന്ന അവസ്‌ഥ.
- എന്തെങ്കിലും കാരണവശാൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അതായത് കറന്‍റില്ലാതെ വരിക, നെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ മൊബൈൽ കിട്ടാത്തതുകൊണ്ടോ അതുപയോഗിക്കാൻ പറ്റാതെ വന്നാൽ അവരിൽ ചില പിൻവാങ്ങൽ (withdrawal syndrome) ലക്ഷണങ്ങൾ പ്രകടമാവും. മദ്യം കിട്ടാതെ വരുമ്പോൾ കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണം (withdrawal syndrome) പോലെ ഇവരും അമിത ദേഷ്യം, ഉത്കണ്ഠ, നിരാശ, സങ്കടം ചിലപ്പോൾ ആത്മഹത്യ പ്രവണത വരെ അതിന്‍റെ ഭാഗമായി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അത് പോകാം.
- മറ്റ് സന്തോഷമുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി സന്തോഷം കിട്ടുന്ന ഏക പോംവഴിയായി മാറുന്നു ഈ ഓൺലൈൻ ഉപാധികൾ. വ്യായാമം ചെയ്യാനോ പാട്ട് കേൾക്കാനോ പുറത്തു പോകാനോ എന്നിങ്ങനെയുള്ള ഒന്നിലും കുട്ടികൾക്ക് താൽപര്യമില്ലാതെയാകുന്നു.
- ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് ശരിയാവില്ലെന്നും, ഇത് നമ്മുടെ നിയന്ത്രണത്തിലാകുന്നില്ലെന്നും മിക്കവാറും കുട്ടികൾക്കറിയാം. എന്നിട്ടും അവർക്ക് ഓൺലൈൻ ദുരുപയോഗം ഇല്ലാതാക്കാൻ സാധിക്കാതെ വരുന്നു.
മേൽവിവരിച്ച ഈ 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു കുട്ടി പ്രദർശിപ്പിച്ചാൽ ഓൺലൈൻ അടിമത്തത്തിന് വിധേയമായിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. പല രൂപത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ ഉണ്ട്. ഓൺലൈൻ ഗെയിം അടിമത്തം ആണ് അതിലേറ്റവും പ്രധാനം. അടുത്തത് അശ്ലീല സൈറ്റുകളുടെ (പോൺ സൈറ്റുകൾ) അടിമത്തം, സോഷ്യൽ മീഡിയ അടിമത്തം അങ്ങനെ പലതരത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ കാണപ്പെടുന്നു.