യഥാർത്ഥത്തിൽ ഒരു അമ്മായിയമ്മ ജനിക്കാൻ പോവുകയായിരുന്നു ആ പ്രഭാതത്തിൽ. വിവാഹ വീടിന്‍റെ കെട്ടുതോരണങ്ങൾ അഴിച്ചുവെച്ചിരുന്നില്ല. കല്യാണ ദിവസത്തിന്‍റെ ക്ഷീണം ഉറങ്ങിത്തീർത്ത് ആലസ്യത്തോടെ നവവധു രാവിലെ എണീറ്റ് വന്നപ്പോഴേക്കും നേരം ഒമ്പതു മണിയായിരുന്നു. മരുമകളെ കണ്ടപ്പോൾ പണ്ട് തന്‍റെ അമ്മായിയമ്മ ചോദിച്ച പോലെ “എന്താടീ... നിന്‍റെ വീടിന്‍റെ പഠിപ്പാണോ ഇതെന്ന്” ചോദിക്കാൻ സുഭദ്ര വാ തുറന്നതാണ്. പക്ഷേ ചോദിച്ചത്, “ക്ഷീണം കൊണ്ട് വല്ലാതെ ഉറങ്ങിപ്പോയല്ലേ മോളേ" എന്നാണ്.
ആ നിമിഷം സുഭദ്ര അറിഞ്ഞു, മജ്ജയോളം ആഴത്തിൽ തന്നിൽ മാതൃത്വം നിറഞ്ഞിട്ടുണ്ട്. താനൊരു അമ്മയാണ്. നല്ല ഒരമ്മയ്ക്ക് ഒരിക്കലും ഒരു ചീത്ത അമ്മായിയമ്മയാകാൻ കഴിയില്ല.
ഒരമ്മ അമ്മായിയമ്മയായി മാറുമ്പോഴുള്ള സ്വഭാവ മാറ്റങ്ങളാണ് പലപ്പോഴും പല വീടുകളിലേയും സമാധാനം നശിപ്പിക്കുന്നത്. അമ്മായിയമ്മ എന്ന സങ്കൽപ്പത്തെ രാക്ഷസരൂപിയായിക്കണ്ട് മരുമകളും പെരുമാറി തുടങ്ങുന്നതോടെ കുടുംബാന്തരീക്ഷവും നരക തുല്യമാവും.
അമ്മായിയമ്മ- മരുമകൾ പോര് ദാമ്പത്യബന്ധം തുടങ്ങിയ കാലം മുതലുള്ളതാണ്. ആൺമക്കളോട് അമ്മമാർക്കുള്ള സ്നേഹക്കൂടുതൽ, മരുമകളുടെ പൊസ്സസ്സീവ്നെസ്സ് ഇതൊക്കെയാണ് ഈ പോരിന്‍റെ പ്രധാന കാരണങ്ങൾ. വീണ്ടു വിചാരമില്ലാത്ത സംസാരവും പെരുമാറ്റവുമാണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്കു കാരണം. ബുദ്ധിപൂർവ്വം ചിന്തിച്ച് പെരുമാറിയാൽ നിങ്ങളുടെ ജീവിതത്തിലും സമാധാനം നിറയ്ക്കാവുന്നതേയുള്ളൂ.
അമ്മയായി കരുതൂ
നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വകാര്യങ്ങളൊക്കെ ആദ്യം തുറന്നുപറഞ്ഞത് അമ്മയോടായിരുന്നില്ലേ? ആദ്യ പ്രണയത്തെക്കുറിച്ച്, സ്വപ്‌നങ്ങളെക്കുറിച്ച്, ഒക്കെ വിശേഷം പങ്കിട്ടത്. നിങ്ങൾക്ക് പ്രിയപ്പെട്ട ആ വ്യക്‌തിയുടെ ഫോട്ടോ അച്‌ഛനെ കാണിക്കുന്നതിനും മുമ്പ് കാണിച്ചത് സ്വന്തം അമ്മയെയല്ലേ? അമ്മയെ അത്ര മാത്രം വിശ്വസിച്ചിരുന്ന നിങ്ങൾക്കെന്തു കൊണ്ട് ഭർത്താവിന്‍റെ അമ്മയോട് സ്നേഹത്തോടെയും വിശ്വാസത്തോടെയും പെരുമാറാൻ കഴിയുന്നില്ല?
അമ്മായിയമ്മയെ സ്വന്തം അമ്മയായി കരുതാനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. അമ്മയെപ്പോലെ സ്നേഹിക്കാനും കരുതാനും നിങ്ങൾ തയ്യാറാവുമ്പോൾ അവരും മകളെപ്പോലെ നിങ്ങളെ സ്നേഹിക്കും. പരസ്‌പരസ്നേഹവും വിശ്വാസവും നിലനിൽക്കുന്ന നിങ്ങളുടെ ജീവിതത്തിൽ പോരിന് എന്തുപ്രസക്‌തി?
വിട്ടുവീഴ്ചയ്ക്കു തയ്യാറാകുക
നിങ്ങൾ ജനിച്ചു വളർന്ന സാഹചര്യമായിരിക്കില്ല പലപ്പോഴും ഭർത്ത്യവീട്ടിൽ ദിനചര്യകളിലും ഭക്ഷണരീതികളിലും തുടങ്ങി ആളുകളുടെ പെരുമാറ്റത്തിൽ വരെ വ്യത്യസ്‌തതയുണ്ടായിരിക്കും. സാഹചര്യങ്ങളെ മനസ്സിലാക്കി വിവേകപൂർവ്വം ചിന്തിക്കാനും പെരുമാറാനും കഴിയണം. ചെറിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ മടിക്കേണ്ടതില്ല. സഹകരണ മനോഭാവത്തോടെ ഭർത്ത്യവീട്ടിലെ ശീലങ്ങളോട് നിങ്ങൾ പൊരുത്തപ്പെട്ടുപോകുന്നത് കാണുമ്പോൾ തീർച്ചയായും അമ്മായിയമ്മ നിങ്ങളെ അംഗീകരിക്കുക തന്നെ ചെയ്യും. ചില കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ചയ്ക്ക് അവരും തയ്യാറാകും.
ആദരവിനെക്കുറിച്ചു പറയുന്നതു പോലെയാണ് സ്നേഹവിശ്വാസങ്ങളുടെ കാര്യവും. കൊടുക്കുന്നതേ തിരിച്ചു കിട്ടു. അമ്മായിയമ്മ അർഹിക്കുന്ന ആദരവും സ്നേഹവും വിശ്വാസവും ഒക്കെ അവർക്കു കൊടുക്കുക. നിങ്ങൾ വലതുകാൽ വെച്ചു കയറിച്ചെന്ന ആ വീടിന്‍റെ നന്മയ്ക്കു വേണ്ടി പലതും അവർ സഹിച്ചുകാണും. ആ സഹനത്തെയും അവരുടെ കാര്യപ്രാപതിയെയും ചെറുതാക്കുന്ന രീതിയിൽ മരുമകൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അവിടെ തുടങ്ങുകയായി പ്രശ്നങ്ങൾ. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അവരെ പോരിനു വിളിക്കാതിരിക്കുക. നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രവൃത്തി മതിയാകും ജീവിതത്തിലെ മുഴുവൻ സമാധാനവും ഇല്ലാതാകാൻ.