ചോ: 36 വയസുള്ള വീട്ടമ്മയാണ് ഞാൻ. 9 വയസുള്ള ഒരു മകളുണ്ട്. ഭർത്താവ് 5 വർഷം മുമ്പ് ഒരു ആക്സിഡന്‍റിൽ മരിച്ചു. ഭർത്താവിന്‍റെ വീട്ടുകാരും എന്‍റെ വീട്ടുകാരും എന്നെ രണ്ടാമതൊരു വിവാഹം ചെയ്യാൻ നിർബന്ധിച്ചിരുന്നു. പക്ഷേ ഭർത്താവിന്‍റെ മുഖം മനസിൽ നിന്നും മായുന്നില്ല. രണ്ടു വീട്ടുകാർക്കും ഒരു പയ്യനെ ഇഷ്ടമായിട്ടുണ്ട്. അയാൾക്കും പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. ഞാനെന്താണ് ചെയ്യേണ്ടത്? ഹിമ, തൊടുപുഴ
ഉ: നിങ്ങൾ ഇങ്ങനെ ജീവിച്ചതുകൊണ്ട് യാതൊരു അർത്ഥവുമില്ല. മകൾ വളരെ ചെറിയ കുട്ടിയാണ്. നാളെ മകൾ വളർന്ന് വലുതായി വിവാഹിതയാകും. ഈ വീട് വിട്ട് സ്വന്തമായ ഒരു ജീവിതമുണ്ടാകും. ആ ഘട്ടത്തിൽ എന്നന്നേക്കുമായി ഒറ്റപ്പെട്ടതു പോലെ നിങ്ങൾക്ക് തോന്നാം.
ഇപ്പോൾ നിങ്ങൾക്ക് ധാരാളം സമയമുണ്ട്. ചെറുപ്പവുമാണ്. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം നൽകാനും വിവാഹം കഴിപ്പിക്കാനും കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനും കഴിയും. മകളുടെ കാര്യത്തെപ്പറ്റി ഭാവി ഭർത്താവുമായി സംസാരിച്ച് തീരുമാനിക്കുക. പഴയ ജീവിതം മറന്ന് പുതിയ ഭർത്താവുമായി സന്തോഷത്തോടെ നല്ല കുടുംബ ജീവിതം തുടങ്ങുക.