2021 ലെ ചില ഹോട്ട് ട്രെന്‍റുകൾ

നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ് ഫാഷൻ. സമയത്തിനും കാലത്തിനുമനുസരിച്ച് മാറുന്ന ഒന്ന്. വസ്ത്രം ആത്മവിശ്വാസവും കംഫർട്ടും സന്തോഷവും ഉന്മാദവും പകരുന്ന ഒന്നായിരിക്കുന്നു. അത്രയും സൂക്ഷ്മതയോടെയാണ് ഓരോരുത്തരും സ്വന്തം ഫാഷൻ സെൻസിനനുസരിച്ച് വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും അണിയുന്നതും.

2021ലെ ഫാഷൻ വീക്കുകളിൽ മറ്റും പോപ്പുലർ ആയി മാറിയിരിക്കുന്ന ചില ട്രെന്‍റുകളെക്കുറിച്ചറിയാം. 2021 ൽ എല്ലാവരും പരീക്ഷിച്ചിരിക്കേണ്ട ചില ട്രെന്‍റുകളെ പരിചയപ്പെടാം.

ഡെനിം: നമ്പർ വൺ ചോയിസ് മറ്റൊന്നുമല്ല. യൂണിവേഴ്സൽ ഫാബ്രിക്ക് എന്ന് വിശേഷണമുള്ള നമുക്ക് എല്ലാക്കാലവും പ്രിയപ്പെട്ട ഡെനിം തന്നെ. പക്ഷേ പഴയ പ്ലെയിൻ ട്രെന്‍റിന്‍റെ സ്‌ഥാനത്ത് പുതിയ ചില കിടിലൻ അവതാറിലാണ് പുതിയ ഡെനിമുകൾ ഇപ്പോൾ ട്രെന്‍റാവുന്നത്. പാച്ച് വർക്ക്, കട്ട് വർക്ക്, ബ്ലു വാഷസ്, ഐസി ബ്ലു വാഷസ്, ഡയ്ഡ് ഡെനിംസ്, കളർ ടിന്‍റഡ്, പെസ്റ്റൽ കളേഡ് ഡെനിംസ് എന്നിങ്ങനെ പുതിയ ഫാഷൻ ട്രെന്‍റുകളിലായാണ് ഡെനിമുകൾ ഫാഷൻ പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

ഓർഗാൻസ: രണ്ടാം സ്ഥാനത്ത് എത്തുന്ന മറ്റൊരു ക്യൂട്ട് ഫാബ്രിക്. ക്യൂട്ട് ആന്‍റ് ട്രാൻസ്പരന്‍റ്. വെള്ളം പോലെ ക്യൂട്ടായി ഒഴുകി കിടക്കുന്ന ഓർഗാൻസ ഉടുത്ത് കാണാൻ ക്യൂട്ടാണെങ്കിലും ഉടുക്കാനിത്തിരി ബുദ്ധമുട്ടുള്ള ഫാബ്രിക്കാണ്. പക്ഷേ ശീലമുള്ളവർക്ക് നോ പ്രോബ്ളം. പ്ലെയിൻ സാരികളാണ് ഓർഗൻസയിൽ സർവ്വ സാധാരണമായി കണ്ടുവന്നിരുന്നെങ്കിലും പ്രിന്‍റഡ് ഡിസൈനുകളും എംബ്രോയ്ഡറി വർക്കുകളും ഓർഗൻസയിൽ ഇപ്പോൾ ധാരാളമായി വരുന്നുണ്ട്. ഓർഗൻസയിൽ ബ്ലൗസ്, ലഹങ്ക എന്നിവ ഡിസൈൻ ചെയ്യുമ്പോൾ ഓർഗനസയ്ക്ക് സ്ട്രോംഗ് ലൈനിംഗ് വേണ്ടി വരും. വലിയുമ്പോൾ ഫാബ്രിക്ക് കീറി പോകാതിരിക്കാനും ഫാബ്രിക്ക് സ്റ്റൈലിംഗിന് മികവു നൽകാനുമാണിത്.

ഏറ്റവും പ്യൂറായി സിൽക്കിലാണ് ഓർഗൻസ ചെയ്തിരിക്കുന്നത്. ഈ ഫാബ്രിക്കിന് വിലയൽപ്പമേറുമെങ്കിലും താരതമ്യേന  അഫോർഡബിൾ പ്രൈസിലായി സിന്തറ്റിക് ഫാബ്രിക്കുകളിലുമായും ഓർഗൻസ ലഭ്യമാണ്. പോളിയസ്റ്റർ, നൈലോൺ എന്നീ സിന്തറ്റിക്കുകളിലുമായി ഓർഗൻസ വരുന്നുണ്ട്.

ലിനൻ: പണ്ടുകാലം തൊട്ടെ നമുക്കൊപ്പമുള്ള പ്രഷ്യസ് ചോയിസാണ് ലിനൻ. ലിനൻ ഫാബ്രിക്കിന് പ്രൗഢമായ സ്‌ഥാനമാണുള്ളത്.

ലിനനിനെക്കുറിച്ചോർക്കുമ്പോൾ വളരെ നാച്ചുറൽ ടോണിലും എർത്ത് ടോണിലുമായി വരുന്ന ഫാബ്രിക്കായാണ് മനസിലോടിയെത്തുന്നത്. എന്നാൽ ലിനനിന്‍റെ പഴയ സോഫ്റ്റ് നേച്ചറിന് വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. വളരെ കളർ ഫുള്ളായ പ്രിന്‍റുകളിലും ഫ്ളോറൽസിലും ചെക്ക് ഡിസൈനുകളിലുമായി വളരെ ബോൾഡ് ഡിസൈനുകളിലാണ് ലിനനിന്‍റെ പുതിയ രൂപ മാറ്റങ്ങൾ. ലിനനിൽ ക്യൂട്ടായ മെൻസ് വിയറുകൾ ഡിസൈൻ ചെയ്യാം. പ്യൂർ ലിനൻ അൽപ്പം എക്സ്പെൻസീവാണെങ്കിലും ലിനൻ ചേർന്ന കോട്ടൺ മിക്സിന് അത്ര വില വരില്ല. അണിയാൻ കൂളും കംഫർട്ടിബിളുമായ ലിനനിന് അതിന്‍റേതായ ഒരു മനസുണ്ട്. ധരിക്കുമ്പോൾ അൽപ്പം ചുരുളിച്ചയുണ്ടാകുമെന്നതാണ്. അതാണ് ഈ ഫാബ്രിക്കിന്‍റെ ക്യൂട്ട്നസും.

ക്രോഷെ: ഈ ഗണത്തിൽ നമ്പർ 4 ൽ നിൽക്കുന്ന ഫാബ്രിക്. മറ്റ് ഫാബ്രിക്കു പോലെ മീറ്റർ കണക്കിന് വാങ്ങാൻ പറ്റുന്ന ഫാബ്രിക്കല്ല ഇത്. എന്നാൽ വ്യത്യസ്ത ബ്രാന്‍റുകളിലായി ക്രോഷെ ഫാബ്രിക്കിൽ ഫുൾ ഗാർമെന്‍റുകൾ എത്തി തുടങ്ങിയിരിക്കുന്നുവെന്നതാണ് ലേറ്റസ്റ്റ് ട്രെന്‍റ്. സെറ്റായും ക്രോഷെ ലഭ്യമാണിപ്പോൾ. വളരെ സൊഫിസ്റ്റിക്കേറ്റഡായ ഫീൽ പകരുന്ന ഒരു കംപ്ലീറ്റ് ഫാബ്രിക്കാണിത്.

എംബ്രോയ്ഡറി നെറ്റ്സ്: 2021 ലെ നമ്പർ 5 ഫാബ്രിക്. വളരെ ലൈറ്റ് ഫാബ്രിക്കാണിത്. വളരെ വിലക്കുറവിൽ പ്ലെയിൻ നെറ്റ്സ് കിട്ടിയിരുന്നുവെങ്കിലും ഹെവി ഡിസൈൻ വർക്കുകൾ ചെയ്‌ത നെറ്റുകൾ ഫാഷൻ തരംഗമായി മാറിയിരിക്കുന്നുവെന്നതാണ്  ഹൈലൈറ്റ്. ത്രെഡ് വർക്ക്, സീക്വൻസ് വർക്ക്, ബീഡ് വർക്ക് എന്നിങ്ങനെ എംബ്രോയ്ഡറി വർക്കുകൾ തീർത്ത നെറ്റുകൾ ഫാഷൻ പ്രേമികളുടെ ഇഷ്ട ചോയിസാണ്. നെറ്റുകൾ കൊണ്ട് സാരിയോ ലഹങ്കയോ അങ്ങനെ ഇഷ്ടമുള്ള ഏത് ഫാഷനും ക്യൂട്ടായി ഡിസൈൻ ചെയ്തെടുക്കാം. കാഴ്ചയിൽ ഒരു റിച്ച് ഫീൽ തന്നെ നൽകും.

വെൽവറ്റ്: റോയൽ ഫീൽ നൽകുന്ന വെൽവറ്റാണ് മറ്റൊന്ന്. വെൽവറ്റിനെ കാണുമ്പോൾ പണ്ടുകാലത്ത് രാജാക്കന്മാരും രാജ്ഞിമാരും ധരിച്ചിരുന്ന വേഷങ്ങളാണ് നമുക്കോർമ്മ വരിക. അത്രയ്ക്കും പ്രൗഢമായ ഫാബ്രിക്കാണിത്. വെൽവറ്റ് ഫാബ്രിക്കിന് മീതെ കാണുന്ന ഫൈബറുകളാണ് വെൽവറ്റിന് ഷൈനിംഗ് പകരുന്നത്. വെൽവറ്റ് ഫാബ്രിക്കിലുള്ള ഫുൾ ഗാർമെന്‍റ് ധരിക്കുന്നത് ഹെവി ലുക്ക് നൽകുന്നതിനാൽ അൽപ്പം ശ്രദ്ധയോടെ വേണം വെൽവറ്റ് ഉപയോഗിക്കാൻ. ഗാർമെന്‍റിൽ പാർട്സ് ആയി വെൽവറ്റ് യൂസ് ചെയ്‌ത് സ്റ്റൈൽ ചെയ്യാം. സാരിയൊടൊപ്പം ധരിക്കുന്ന ബ്ലൗസ് വെൽവറ്റിൽ ഡിസൈൻ ചെയ്തെടുക്കാം. അതുമല്ലെങ്കിൽ സ്കർട്ടിനൊപ്പമുള്ള ടോപ്പ് വെൽവറ്റിലാക്കാം. ഇങ്ങനെ പാർട്സ് ആയി ഡിസൈനുകളൊരുക്കി യൂണിക് സ്റ്റൈൽ ക്രിയേറ്റ് ചെയ്യാം. സിൽക്കിലുള്ള വെൽവറ്റിന് വിലയൽപ്പം കൂടുതലാണെങ്കിലും പോളിയസ്റ്ററിലും റയോൺസിലുമായി വെൽവറ്റ് വിലക്കുറവിൽ ലഭിക്കും.

ഒഴിവാക്കാം ചില ഫാഷൻ മിസ്റ്റേക്കുകൾ

ഫാഷനിസ്റ്റ് വനിതകളുടേതാണ് ഡൽഹി നഗരം. 30 മിനിറ്റ് ദൈർഘ്യമുള്ള മെട്രോ യാത്ര മതി നഗരത്തിലെ ഫാഷൻ പ്രേമികളെ യഥേഷ്ടം കാണാൻ കഴിയും… ഇന്ത്യൻ വസ്ത്രവിപണിയിൽ ഏറ്റവും പുതിയത് എന്താണ്, എന്ന് ഈ പെൺകുട്ടികളുടെ വസ്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ പറ്റും.

എന്നാൽ ആളുകൾ ഫാഷൻ ഉപയോഗിക്കുന്നത് കൃത്യമായിട്ടാണോ? പലപ്പോഴും അല്ല എന്നാണ് ഉത്തരം.. കുറച്ചു നാൾ മുൻപ് മെട്രോയിൽ ഒരു പെൺകുട്ടിയെ കാണാനിടയായി. അവൾ ക്രോപ്പ് ജാക്കറ്റ് ആണ് ധരിച്ചിരുന്നത്. എന്നാൽ ആ പെൺകുട്ടി മെട്രോയിൽ നിന്ന് ഇറങ്ങിയ ഉടൻ ആളുകൾ ശ്രദ്ധിക്കാനും ചിരിക്കാനും തുടങ്ങി. യഥാർത്ഥത്തിൽ, ആ പെൺകുട്ടിയുടെ ജാക്കറ്റ് വളരെ ചെറുതായിരുന്നു, അല്പം കൈ ഉയർത്തിയാൽ, ജാക്കറ്റിനടിയിൽ ധരിച്ചിരിക്കുന്ന ഇന്നർ വെയർ കാണാമായിരുന്നു. അവൾ സ്റ്റൈലിഷ് ജാക്കറ്റിനൊപ്പം സ്റ്റൈലിഷ് ആയ ഇന്നർ വെയർ ധരിച്ചിരുന്നുവെങ്കിൽ ആളുകൾ ചിരിക്കില്ലായിരുന്നു. ചെറിയൊരു അശ്രദ്ധ മൂലം ഉണ്ടായ ഫാഷൻ ദുരന്തം!!

ഒരു ഫാഷൻ പരീക്ഷിക്കുന്നതിനു മുൻപ് അതേ കുറിച്ച് നന്നായി മനസിലാക്കേണ്ടതുണ്ടെന്ന് ഫാഷൻ ഡിസൈനർ വിനിത പാണിഗ്രാഹി പറയുന്നു. ഇത് ഫാഷൻ മണ്ടത്തരങ്ങൾ ഒഴിവാക്കാൻ സഹായിക്കും .

വാസ്തവത്തിൽ, ഫാഷനിസ്റ്റ് ആകാനുള്ള ശ്രമത്തിൽ, സ്ത്രീകൾ പലപ്പോഴും കോപ്പിക്യാറ്റുകൾ ആയി മാറുന്നു. മറ്റുള്ളവരെ അനുകരിച്ചു ആ ഫാഷൻ സ്വയം ഉപയോഗിക്കുമ്പോൾ ചിലർക്ക് ഒട്ടും യോജിക്കുന്നില്ല. ഫാഷൻ തെറ്റ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

സ്കിൻ എക്സ്പോഷർ ആവശ്യമോ

ഫാഷന്‍റെ ഭാഗമാണ് സെക്സി ലുക്ക്. മൊത്തത്തിലുള്ള വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പാദരക്ഷകൾ, മനോഭാവം എന്നിവ ഒരു വ്യക്തിയെ സെക്‌സിയാക്കുന്നു. സെക്സി ലുക്കിന് ക്ലിവേജ്, അരക്കെട്ട്, ഓപ്പൺ ബാക്ക് എന്നിവ കാണിക്കരുതെന്നും വിനിത പറയുന്നു. ഇതുകൂടാതെ, സ്ത്രീകൾ ഏത് അവസരത്തിലാണ് സെക്സി ആയി കാണേണ്ടത് എന്നതിനെക്കുറിച്ച് വളരെയധികം ആശയക്കുഴപ്പമുണ്ട്. എന്നാൽ ആറ്റിറ്റ്യൂഡ് ഉണ്ടെങ്കിൽ എവിടെയും സെക്സി ലുക്ക് സ്വീകരിക്കാം. സ്കിൻ എക്സ്പോഷർ ആവശ്യമില്ല.

യോജിച്ച സൈസ്

ചില സ്ത്രീകൾക്ക് ഫാഷനോട് വളരെയധികം താൽപ്പര്യമുണ്ട്, അവരുടെ രൂപം അവർക്ക് പ്രശ്നമല്ല. അത്തരമൊരു സാഹചര്യത്തിൽ, ഇഷ്ടമുള്ള ഫാഷൻ വസ്ത്രങ്ങൾ ശരീരത്തിന്‍റെ ആകൃതിക്കിണങ്ങുന്നത് ആവണമെന്നില്ല , തന്മൂലം വിചാരിച്ച ഭംഗി ലഭികുകയില്ല. വലുപ്പത്തിൽ വലിയതോ ചെറുതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതും ഫാഷൻ മണ്ടത്തരങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ സ്വന്തം വലുപ്പത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

തടിച്ച സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കരുത്. വളരെ ഇറുകിയ വസ്ത്രങ്ങളിൽ, ശരീരം മെലിഞ്ഞതായി കാണപ്പെടുന്നില്ല, അല്ലെങ്കിൽ രൂപം മനോഹരമായി കാണപ്പെടുന്നില്ല, നേരെമറിച്ച്, ഇത് പേശികളെ മോശമായി ബാധിക്കുന്നു. മെലിഞ്ഞ സ്‌ത്രീകൾ വളരെ സ്‌കിന്നിയായ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്, അപ്പോൾ അവർ കൂടുതൽ മെലിഞ്ഞതായി തോന്നാം. കുറച്ച് നിറങ്ങൾ ചില ആളുകൾക്ക് അനുയോജ്യമാണ്, അത് നോക്കി ആ നിറങ്ങൾ തന്നെ നിങ്ങളും തെരെഞ്ഞടുക്കുന്നത് നന്നല്ല.

നിറം ഏത് വേണം

പിങ്ക് നിറം ഓരോ പെൺകുട്ടിയുടെയും പ്രിയങ്കരമാണ്, എന്നാൽ എല്ലാ അവസരങ്ങളിലും പിങ്ക് വസ്ത്രങ്ങൾ ധരിക്കണമെന്ന് ഇതിനർത്ഥമില്ല. സന്ദർഭത്തിനും സ്ഥലത്തിനും അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളെ ഫാഷനബിൾ ആക്കും. ഒരു പ്രത്യേക നിറം നിങ്ങൾക്ക് ചേരില്ല എന്നത് കൊണ്ട് അതിന്‍റെ വ്യത്യസ്ത ഷേഡുകൾ പരീക്ഷിക്കാതിരിക്കേണ്ട. ശരിയായ നിറങ്ങളുടെ സംയോജനത്തെക്കുറിച്ചുള്ള അറിവും വളരെ പ്രധാനമാണ്.

ബോൾഡ് നിറങ്ങളുടെ സംയോജനത്തെ ഫാഷൻ മിസ്റ്റേക്ക് എന്ന് വിളിക്കുന്നതിനാൽ കളർ സെൻസ് വളരെ പ്രധാനമാണ്. ഇത് മാത്രമല്ല, ഓരോ നിറത്തിനും ഉചിതമായ സമയമുണ്ട്. പകൽ സമയം ചുവന്ന നിറം ധരിക്കുകയാണെങ്കിൽ, വളരെ തിളക്കമുള്ളതായി തോന്നും, മഞ്ഞ നിറം രാത്രിയിൽ നല്ല ലുക്ക് നൽകില്ല.

അതിനാൽ അവനവനു ചേരുന്ന നിറങ്ങളും അനുയോജ്യമായ സൈസും സെലക്ട്‌ ചെയ്യുമ്പോൾ മാത്രമാണ് ഒരാൾ ഫാഷൻ ഐക്കൺ ആയി മാറുന്നത് എന്നർത്ഥം…

ഈ മഴയിൽ കൂൾ…. കൂളായി…

മഴയിഷ്ടപ്പെടാത്തവരായി ഈ ഭൂമിയിൽ ആരുമുണ്ടാവില്ല. അത്രത്തോളമാണ് മഴയുടെ തീക്ഷ്ണമായ സൗന്ദര്യം. എന്നാലും വീടിനകത്തിരുന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കാനാണ് മിക്കവർക്കും ഇഷ്ടം. എങ്കിലും പല കാര്യങ്ങൾക്കുമായി ഈ സമയത്ത് പുറത്ത് പോകേണ്ടി വരുന്ന സാഹചര്യം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ.

ഈ മൺസൂൺക്കാലത്ത് ഏറെ സ്റ്റൈലിഷ് ഡ്രൈ ആയിരിക്കാനും ചില ക്യൂട്ട് ഫാഷനുകൾ പരീക്ഷിച്ചാലോ…

  • നേർത്ത ഫാബ്രിക്കുകൾ അണിയാൻ ശ്രദ്ധിക്കുക. സിന്തറ്റിക് വസ്ത്രങ്ങൾ മഴയത്ത് നനഞ്ഞാലും എളുപ്പത്തിൽ ഉണങ്ങി കിട്ടും. കട്ടിയുള്ള ഫാബ്രിക് ഈ സമയത്ത് അണിയുകയാണെങ്കിൽ നനഞ്ഞ് കഴിഞ്ഞാൽ ഉണങ്ങാൻ വളരെയധികം സമയമെടുക്കും. ഒപ്പം അത് ചർമ്മത്തിന് അസ്വസ്ഥയുമുളവാക്കും. ഈർപ്പം മൂലം ഇൻഫക്ഷനുണ്ടാകാനുള്ള സാധ്യത വരെയുണ്ട്.
  • ഷോർട്ട് ലെംഗ്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ കംഫർട്ടിബിളാണ്. വളരെ കുറച്ചേ നനയുകയുള്ളൂ. നീളമുള്ളതും അതുപോലെ ഫ്ളേയർ ഉള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കാം.
  • അൽപ്പം ലൂസായ ഡ്രസ്സുകൾ മഴക്കാലത്ത് ധരിക്കാം. അഥവാ മഴ നനഞ്ഞാലും ശരീരത്തിലത് ഒട്ടിപ്പിടിച്ചിരിക്കുകയുമില്ലെന്ന് മാത്രമല്ല വേഗം ഉണങ്ങുകയും ചെയ്യും.
  • നിറങ്ങളുടെ കാര്യത്തിലാണെങ്കിൽ, മൺസൂണിൽ ബ്രൈറ്റ് നിറങ്ങളിലുള്ള ആക്സസറീസുകൾ ധരിക്കുക. ഇത് ക്യൂട്ട് ലുക്ക് പകരും. സ്വയം സന്തുഷ്ടിയും സമാധാനവും നിറഞ്ഞ കൂൾ ഫീൽ സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾക്ക് അസാധ്യമായ കഴിവുണ്ട്. ഡള്ളായിട്ടുള്ള നിറങ്ങൾ അണിയുന്നവർക്ക് മാത്രമല്ല ചുറ്റിലും നെഗറ്റീവ് ഫീൽ സൃഷ്ടിക്കും.
  • ആക്സസറീസുകളിലും ബ്രൈറ്റർ നിറങ്ങളിലുള്ളവ ട്രൈ ചെയ്യാം. ഡ്രസ് അൽപ്പം ഡള്ളാണെങ്കിൽ മൊത്തത്തിൽ ഹാപ്പി ഫീൽ സൃഷ്ടിക്കാൻ ബ്രൈറ്റ് നിറങ്ങളിലുള്ള ആക്സസറീസുകൾക്ക് കഴിയും.
  • റബ്ബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഫുട്‍വിയറുകളാണ് മഴക്കാലത്ത് അനുയോജ്യം. ലെതർ ഫുട്‍വിയറുകൾക്ക് തൽക്കാലം അവധി നൽകി ഇത്തരം മൺസൂൺ ഫുട്‍വിയറുകൾ ധരിച്ച് മഴയിൽ കൂളായി നടക്കാം. കാലുകൾ ഡ്രൈ ആയിരിക്കുമെന്ന് മാത്രമല്ല ഇൻഫക്ഷനുകൾ ഉണ്ടാവുകയുമില്ല.
  • മൺസൂണിന്‍റെ രസം നുകരാൻ വർണ്ണപ്പൊലിമയുള്ള കുടകളാണ് അനുയോജ്യം. മനോഹരമായ പ്രിന്‍റുകളുള്ള കുടകൾ തന്നെ അതിനായി തെരഞ്ഞെടുക്കാം. കുടയുടെ പ്രിന്‍റും ഡിസൈനും നിങ്ങളുടെ സ്റ്റൈൽ ആറ്റിറ്റ്യൂഡിന്‍റെ പ്രതീകമായിരിക്കും.

പ്രഗ്നൻസി ഇൻ സ്റ്റണ്ണിംഗ് സ്റ്റൈൽ

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഗർഭകാലം. ഗർഭിണിയാണെന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷത്തെ പിന്തുടർന്നുണ്ടാകുന്ന കാര്യങ്ങളൊന്നും പിന്നെയത്ര സുഖകരമാവണമെന്നില്ല. മനംപിരട്ടൽ, വിശപ്പില്ലായ്മ, മൂഡ് സ്വിങ്സ്, അസ്വസ്ഥത, നിരാശ എന്നിങ്ങനെയുള്ള അവസ്‌ഥകളിലൂടെയായിരിക്കും പിന്നീടുള്ള സമയം ഗർഭിണി കടന്നു പോവുക.

മറ്റൊരു പ്രധാന കാര്യം, സ്ത്രീയുടെ ഈഗോയ്ക്ക് വെല്ലുവിളിയാകുന്ന പല കാരണങ്ങൾ ഉൾപ്പെടുന്നു. ഉദാ: സ്വന്തം ലുക്കിലുണ്ടാവുന്ന മാറ്റങ്ങൾ. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ, വസ്ത്രങ്ങൾ ഫിറ്റാകാതെ വരിക, സ്റ്റൈൽ ഇല്ലാതെ വരിക, സ്റ്റാറ്റസിലുണ്ടാകുന്ന മാറ്റം എന്നിങ്ങനെയുള്ള കാരണങ്ങൾ ഉൾപ്പെടാം. 4 മാസം കഴിയുന്നതോടെ ശരീരത്തിന് വളരെ വേഗം മാറ്റങ്ങൾ ഉണ്ടായി തുടങ്ങും. ഡ്രസ്സിംഗിലും അപ്പീറിയൻസിലും ആഹ്ലാദം ജനിപ്പിക്കുന്നതിന് എന്തെല്ലാം മാറ്റങ്ങൾ സ്വീകരിക്കാം.

  • ശരീരത്തിന് കംഫർട്ട് നൽകുന്ന നല്ല ലൂസായ വസ്ത്രങ്ങൾ ധരിക്കാം.
  • ജീൻസിനു പകരം പാന്‍റ് തെരഞ്ഞെടുക്കാം. കോട്ടൺ, ലിനൻ പാന്‍റ്സ്, നിറ്റ് പാന്‍റ്സ്, ഡ്രോ സ്ട്രിംഗ് പാന്‍റ്സ്, മെറ്റേണിറ്റി ജീൻസ് എന്നിവയൊക്കെ ട്രൈ ചെയ്യാം.
  • സിന്തറ്റിക് മെറ്റിരീയലിന് പകരം നാച്ചുറൽ ഫാബ്രിക്കുകളാണ് അനുയോജ്യം. കോട്ടൺ, സിൽക്ക്, ലിനൻ, റയോൺ എന്നി ഫാബ്രിക്കുകളിലുള്ള വസ്ത്രങ്ങൾ ധരിക്കാം. നല്ല വായു സഞ്ചാരമുള്ള വസ്ത്രങ്ങളായതിനാൽ ശരീരത്തിന് കൂടുതൽ കംഫർട്ട് നൽകും. പോളിസ്റ്റർ, നൈലോൺ വസ്‌ത്രങ്ങൾ ഒഴിവാക്കുക.
  • സൽവാർ, ചുരിദാർ, പാന്‍റ് എന്നിവയേക്കാളിലും കംഫർട്ടിബിളായ വസ്ത്രങ്ങൾ അണിയാം. ശരീരത്തിന് ശ്വസിക്കാനുള്ള സ്പേസ് നൽകുന്നതിനൊപ്പം ഉദരത്തിന് സുഖപ്രദമായ ഇടം ഒരുക്കാം.
  • ശരിയായ ഇന്നർ വിയറുകൾ തെരഞ്ഞെടുക്കേണ്ടതും ഈ സമയത്ത് പ്രധാനമാണ്. അതും കോട്ടൺ ഇന്നേഴ്സാണ് നല്ലത്. അണ്ടർ വയേഡ് ബ്രായേക്കാളിലും സപ്പോർട്ട് ബ്രാ ആണ് ഏറ്റവും ഉചിതം. പാഡഡ് അല്ലാത്ത ഡബിൾ ലെയേഡും ഉപയോഗിക്കാം. മറ്റൊരു പ്രധാന കാര്യം ആവശ്യം വരുന്ന ഘട്ടത്തിൽ നഴ്സിംഗ് ബ്രാ ധരിക്കുകയെന്നുള്ളതാണ്.
  • ഏത് വസ്ത്രവും കംഫർട്ടിബിളും മികച്ച ലുക്കും നൽകാം. അതിനായി ഒരു സൈസ് അധിക വലിപ്പമുള്ളത് തെരഞ്ഞെടുക്കുക. ഈ സമയത്ത് ഇറുകിയ വസ്ത്രങ്ങൾ അണിയുന്നത് അഭംഗിയാണ്.
  • മറ്റൊന്ന്, വസ്ത്രത്തിന്‍റെ നിറങ്ങളിലുമുണ്ട് മാജിക് എന്നതാണ്. വളരെ ബ്രൈറ്റ് ഷെയ്ഡുകളിലും പ്രിന്‍റുകളിലുമുള്ള വസ്ത്രങ്ങൾ അണിയുകയെന്നുള്ളതാണ്. ഇത് ഗുഡ്മൂഡ് ക്രിയേറ്റ് ചെയ്യാനും സ്വന്തം ശരീരത്തിന്‍റെ മാറ്റത്തിൽ അമിത ചിന്തയുള്ളവർക്ക് വയറ് വിദഗ്ദ്ധമായി മറയ്ക്കാനും ഇത്തരം നിറങ്ങൾ സഹായിക്കും.
  • ലുക്കിനെ കൂടുതൽ ആകർഷണീയമാക്കാനും കംഫർട്ടിബിൾ ഫീലിനുമായും കവറേജായി ഷാൾ ഉപയോഗിക്കുകയോ ഷ്രഗ്ഗോ യൂസ് ചെയ്യുകയോ ആവാം.
  • ഫ്രണ്ട് ഓപ്പൺ വസ്ത്രങ്ങൾ കരുതാം. ശരീരത്തിന് വലിപ്പമുണ്ടാവുമ്പോഴും ഇനി പാലൂട്ടുന്ന ഘട്ടത്തിൽ ആണെങ്കിൽ ഫ്രണ്ട് ഓപ്പൺ വസ്ത്രങ്ങൾക്ക് മുൻഗണന നൽകാം. മുലയൂട്ടുന്ന ഘട്ടത്തിലാണെങ്കിൽ പാൻചോ അല്ലെങ്കിൽ എലൈൻ ലൂസ് ടോപ്സ് അനുയോജ്യമായിരിക്കും.
  • ഈ ഘട്ടത്തിൽ നിറ്റഡ് ക്ലോത്ത്സ് ആണ് ബെസ്റ്റ് ചോയിസ്. നിറ്റഡ് വസ്ത്രങ്ങൾ നെയ്ത്ത് വസ്ത്രങ്ങളേക്കാളിലും സ്ട്രച്ചബിൾ ആയതിനാൽ കൂടുതൽ കംഫർട്ടിബിളായിരിക്കും.
  • കംഫർട്ടിബിൾ ക്ലോത്തിംഗിനൊപ്പം അട്രാക്ടീവ് ആക്സസറീസുകളും ക്യാരി ചെയ്യാം.
  • ഹീൽസിന് പകരം ഫ്‌ളാറ്റ്സ്: ഈ ഘട്ടത്തിൽ ഹീൽസ് ഉപയോഗിക്കുന്നത് അത്ര നന്നല്ല. ഫ്ളാറ്റായിട്ടുള്ള കംഫർട്ടിബിൾ ഫുട് വിയറുകൾ തെരഞ്ഞെടുക്കാം.

5 സ്റ്റൈൽസ് ഫോർ ഹാപ്പി സമ്മർ…

ഇനിയൊരു വേനൽക്കാലം കൂടിയിതാ… വേനൽച്ചൂട് നമ്മെ ഇത്തിരിയെങ്കിലും കഷ്ടപ്പെടുത്തുമെങ്കിലും പൊതുവെ വേനൽക്കാലം സുന്ദരമാണ്. യാത്രകൾ പോകാനും ചിൽ ഔട്ട് ചെയ്യാനും വേനൽക്കാലമിങ്ങെത്തിക്കഴിഞ്ഞിരിക്കുന്നു. വേനൽക്കാലത്തെ പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാൻ ഡ്രസ്സിംഗ് രീതികളിലാണ് ഏറ്റവുമാദ്യം എല്ലാവരും ശ്രദ്ധിക്കുക. ഈ സമയത്ത് കടുത്ത ചൂട് ഉളവാക്കുന്ന മെറ്റീരിയലുകൾ പൂർണ്ണമായും ഒഴിവാക്കി ശരിയായ ഫാഷനും സ്റ്റൈലിംഗും തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

ലൂസ് ഫിറ്റഡ് ഗാർമെന്‍റ്സ്

ഇത്തരം സ്റ്റൈലുകൾക്ക് പ്രത്യേകിച്ച് ഷെയ്പ് ഉണ്ടാവില്ല. മാത്രവുമല്ല ശരീരത്തോട് ഒട്ടിയിരിക്കുകയുമില്ല. വായു സഞ്ചാരമുള്ള കംഫർട്ടിബിളായ വസ്ത്രങ്ങളാണിത്. അതുപോലെ ശരീരം വിയർത്താലൊട്ട് ഇത്തരം വസ്ത്രങ്ങൾ ഒട്ടിയിരിക്കുകയുമില്ല.

ഫ്ളേയ്ഡ് ജീൻസ്

വളരെ പോപ്പുലറായ വേഷം. വേനൽക്കാലത്ത് ഏറ്റവും യോജിച്ച ഈ വേഷം ശരീരത്തോട് പറ്റിച്ചേർന്നിരിക്കില്ല. ജീൻസ് ധരിക്കുമ്പോൾ തുട മുതൽ പാദം വരെ ഉള്ളിൽ സ്പേസ് ഉള്ളതിനാൽ വായു സഞ്ചാരം സുഗമമായി നടക്കും. ലൈറ്റ് വെയിറ്റായിട്ടുള്ള ഡെനിം ചൂസ് ചെയ്യുന്നതാണ് അനുയോജ്യം.

fashion tips archana

വൊള്യുമിനസ് വിക്ടോറിയൻ സ്ലീവ്സ്

സൂപ്പർ ഹോട്ട് സ്റ്റൈലാണിത്. അതുപോലെ കവേഡ് സ്ലീവ്സുമുണ്ട്. മാത്രവുമല്ല സമ്മർ സീസണിൽ കൂളായി ക്യാരി ചെയ്യാം. ശരീരത്തോട് പറ്റി ചേർന്ന് കിടക്കാത്തതിനാൽ ധാരാളം വായു ഉള്ളിൽ കടക്കും. വിയർക്കുകയുമില്ല. ഫാഷനും കംഫർട്ടിബിളും ഒത്തിണങ്ങിയ ഒരു ക്യൂട്ട് ഡ്രസ്സാണിത്.

വൈറ്റ് ആന്‍റ് പെസ്റ്റൽ കളറുകൾ

സമ്മർ സീസണിൽ ഡാർക്ക് നിറങ്ങളിലുള്ള ഡ്രസ്സുകൾ അണിയുന്നത് പൊതുവെ ചൂട് കൂട്ടുമെന്ന കാര്യം നമ്മൾക്കെല്ലാം അറിവുള്ള കാര്യമല്ലേ. അതുകൊണ്ട് സമ്മർ സീസണിൽ വെളുപ്പ് നിറം അല്ലെങ്കിൽ മറ്റ് ലൈറ്റ് കളറുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അത്തരം നിറങ്ങൾ ചൂടിനെ പ്രതിഫലിപ്പിക്കുന്നതിനാൽ ശരീരം കൂൾ ആയിരിക്കും. യെല്ലോ, സമ്മർ സീസണിൽ തെരഞ്ഞെടുക്കാവുന്ന ഹോട്ട് ആന്‍റ് ക്യൂട്ട് നിറമാണ്. അതുപോലെ ഏത് നിറത്തിന്‍റെയും പെസ്റ്റൽ ടോണുകളും സമ്മർ സീസണിൽ ഹോട്ട്ലുക്ക് നൽകും.

fashion tips archana

സ്ക്വയർ ടോയ്ഡ് സാൻഡിൽസ്

ഡ്രസ്സിൽ മാത്രമല്ല ചെരുപ്പിന്‍റെ കാര്യത്തിലും വേനൽക്കാലത്ത് ശ്രദ്ധ ആവശ്യമാണ്. ഓപ്പൺ സാൻഡിൽസ് സമ്മർ സീസണിൽ ബെസ്റ്റ് ചോയിസാണ്. പാദങ്ങൾക്ക് ആവോളം ശ്വസിക്കാൻ പറ്റും. സ്ക്വയർ ടോയ്ഡ് സാൻഡിൽസ് തന്നെ തെരഞ്ഞെടുക്കുക. ട്രെൻഡിനൊപ്പം കംഫർട്ടും കൂൾനസ്സും ഒത്തിണങ്ങുന്ന സ്റ്റൈൽ ക്രിയേറ്റ് ചെയ്യാം. ഒപ്പം ഹാപ്പിയായി… കൂളായി… ഈ വേനൽക്കാലത്ത് പാറിപ്പറന്നു നടക്കാം.

വിമൻ പവർ ഇൻ സ്റ്റൈലിംഗ്

ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. നിലവിൽ സ്വന്തം യൂട്യൂബ് ചാനലായ അർച്ചന ശങ്കർ നടത്തുന്നു. പരസ്യ മേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു…

സ്വന്തം വ്യക്തി പ്രഭാവത്തെ ചുറ്റിലും പ്രസരിപ്പിക്കുകയെന്നതാണ് ഏതൊരു സമർത്ഥയായ സ്ത്രീയും ആഗ്രഹിക്കുന്നത്. വുമൻ പവറിനെ എടുത്ത് കാട്ടുന്ന ചില നിറങ്ങൾ ഉണ്ട്. ശാക്തീകരണത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ സ്ത്രീയ്ക്ക് ഈ നിറങ്ങളെ സമർത്ഥമായി സമന്വയിപ്പിക്കാനാവും. ബ്ലാക്ക്, നേവി ബ്ലൂ, ആർമി ഗ്രീൻ, ഡീപ് ബ്രൗൺ, മെറൂണുകൾ എന്നിങ്ങനെയുള്ള ഡാർക്ക് നിറങ്ങൾക്ക് കൂടുതൽ ഔപചാരികതയും ഗൗരവ സ്വഭാവവും പ്രതിഫലിപ്പിക്കാനാവും. ചുറ്റുമുള്ളവർക്കിടയിൽ ഗാംഭീര്യഭാവം സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വളരെ പവർഫുള്ളായ നിറമാണ് വെളുപ്പ്. അതുകൊണ്ടാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്. അതാണ് വെണ്മയുടെ ശക്‌തി. മറ്റൊന്ന്, ഇത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഔചിത്യപൂർവ്വം ധരിക്കുകയെന്നതാണ്. ചില സാഹചര്യങ്ങളിൽ ഡാർക്ക് നിറങ്ങളും ഫോർമൽ നിറങ്ങളും അണിയുന്നത് അൽപം ബോറാകാം. അമിത ഗൗരവ ഭാവം സൃഷ്ടിച്ചേക്കാം. ഇവിടെയാണ് അൽപ്പം ബുദ്ധി പ്രയോഗിച്ച് അൽപ്പം ബ്രൈറ്റും പ്രസാദാത്മകവുമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഡ്രസ്സിംഗ് സ്റ്റൈലിന് മാറ്റ് കൂട്ടേണ്ടത്. എന്നിരുന്നാലും ഈ നിറങ്ങൾ വളരെ മിനിമലായി മാത്രമേ ക്യാരി ചെയ്യാവൂ. ഔപചാരികത നഷ്ടപ്പെടുകയില്ലെന്ന് മാത്രമല്ല വളരെ ഊർജസ്വലത ചുറ്റുമുള്ളവരിൽ സൃഷ്ടിക്കുകയുമാവാം.

ശക്തിയും ശുഭാപ്തി വിശ്വാസവും വളരെ മനോഹരമായി ഇഴച്ചേരുന്ന സ്റ്റൈലിംഗ് രീതിയാണിത്. അൾട്ടിമേറ്റ് ഗ്രേ ശക്തിയേയും സുസ്ഥിരതയേയും പ്രതിനിധാനം ചെയ്യുമ്പോൾ മഞ്ഞനിറം ആഹ്ലാദത്തിന്‍റെയും ഉത്സാഹത്തിന്‍റെയും നിറമായി മാറുന്നു.

ഈ രണ്ട് നിറങ്ങളും വളരെ സ്മാർട്ടായി മിക്സ് ആന്‍റ് മാച്ച് ചെയ്യാം. ബ്ലാക്ക്, സിൽവർ, ലൈറ്റ് സിൽവർ എന്നിങ്ങനെയുള്ള ന്യൂട്രൽ നിറങ്ങൾക്കൊപ്പം മഞ്ഞ നിറം മിക്‌സ് ആന്‍റ് മാച്ച് ചെയ്യാം. ഗ്രേ മിഡിക്കൊപ്പം യെല്ലോ ടോപ് അല്ലെങ്കിൽ ലൈറ്റ് ഗ്രേ പാന്‍റിനൊപ്പം ഗ്രേ ലൈൻഡ് യെല്ലോ ടോപ് ഒപ്പം യെല്ലോ ടിൻജ്ഡ് സാൻഡിൽസും കൂടിയാൽ സ്മാർട്ട് ആന്‍റ് എലഗന്‍റ് സ്റ്റൈലായി. ലേയേഡ് ലോംഗ് ടോപ്സ് വിത്ത് ഗ്രേ ഷോർട്ട്സ്, വൈറ്റ് ഷർട്ട് വിത്ത് ബ്ലാക്ക് പാന്‍റ് ഒപ്പം യെല്ലോ ജാക്കറ്റും കൂടിയായാല്ലോ… പവർ സ്റ്റെലിംഗിനെ വേറിട്ടതാക്കാം. ഈ രീതിയിൽ സ്വന്തം ഇഷ്ടമനുസരിച്ച് യോജിച്ച നിറങ്ങൾ ബുദ്ധിപൂർവ്വം സമന്വയിപ്പിച്ച് പവര്‍ഫുൾ ലേഡി ഇമേജ് കരസ്ഥമാക്കാം.

തടിയും മിടുക്കും തോന്നിക്കാൻ

സുനിത ചേച്ചി എന്തു ധരിച്ചാലും നല്ല ചേലാണ്. പക്ഷേ പുള്ളിക്കാരിയണിഞ്ഞ അതേ തരത്തിലുള്ള ചുരിദാർ ഞാനിട്ടപ്പോൾ ഒരു ഭംഗിയും ഇല്ല. പ്രവീണയുടെ പരാതി.. ചിലപ്പോഴെങ്കിലും നിങ്ങളും ഉന്നയിച്ചിട്ടുണ്ടാവില്ലേ? ഭംഗി തോന്നുന്നത് സുനിത ചേച്ചിയുടെ കുറ്റമല്ല. അത് നിങ്ങളുടെ തന്നെയാണ്. കാരണം, ഓരോ ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പഠിക്കണം. തടി തോന്നിപ്പിക്കാനും നീളക്കൂടുതൽ തോന്നാനും തടി തോന്നാതിരിക്കാനും ഉയരം കുറവ് തോന്നിപ്പിക്കാനും വസ്ത്രങ്ങൾക്ക് ചില ഗുട്ടൻസ് ഉണ്ട്.

ശരീര ഷെയ്‌പിന് ക്ലോത്തിംഗ് ടെക്‌നിക്ക്

  • സ്വന്തം ഫിഗറിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളെ ഹൈലൈറ്റ് ചെയ്യുക.
  • ഏറ്റവും ഇണങ്ങുന്ന ലെംഗ്തിലുള്ള വേഷം തെരഞ്ഞെടുക്കാം.
  • ഒരേ നിറത്തിലുള്ള ഡ്രസ്സ് തെരഞ്ഞെടുക്കാം. ഉദാ: സാരി ബ്ലൗസ് അല്ലെങ്കിൽ സൽവാർ കമ്മീസ് എന്നിവ ഒരേ നിറത്തിലുളള്ളതായിരിക്കണം. ഇത് ഉയരം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും.
  • വളരെ നേർത്തതും നല്ല മെറ്റീരിയലിലുളളതുമായ ഡ്രസ്സുകൾ തെരഞ്ഞടുക്കാം.
  • ചെറിയ പ്രിന്‍റുകളുള്ള വസ്‌ത്രങ്ങൾ ഉയരക്കൂടുതൽ തോന്നിപ്പിക്കും.
  • പ്ലെയിൻ സാരികളും ഡ്രസ്സുകളും അണിയുന്നത് ഉയരവും ആകർഷണീയതയും തോന്നിപ്പിക്കാനുള്ള കുറുക്കു വഴികളാണ്.
  • ചെറിയ ബോർഡറുകളുള്ള സാരിയോ ഡ്രെസ്സോ തെരഞ്ഞെടുക്കാം.
  • ഡ്രസ്സിന്‍റെ ഒരു ഭാഗത്ത് കോൺട്രാസ്‌റ്റ് കളർ സ്‌റ്റൈൽ അവലംബിക്കാം. ടോപ്പ് ഒരു കളർ, ബോട്ടം മറ്റൊരു കളർ എന്ന രീതി വേണ്ട.
  • ഭംഗിയുള്ള നെക്ക് ഡിസൈനുകൾ വഴി വേഷം ആകർഷണീയമാക്കാം.
  • ഡ്രസ്സിന്‍റെ അതേ നിറത്തിലുള്ളതും വീതികുറഞ്ഞതുമായ ബെൽറ്റ് തെരഞ്ഞെടുക്കാം.
  • ലൈറ്റ് ആന്‍റ് ഡെലിക്കേറ്റ് ജ്വല്ലറി, ആകർഷണീയത പകരും.
  • പോയിന്‍റഡ് ഷൂ ധരിച്ചാൽ ഉയരം തോന്നിക്കും.

ഉയരക്കുറവ് തോന്നിപ്പിക്കാൻ

5 അടി 9 ഇഞ്ചിലധികമാണ് ഉയരമെങ്കിൽ സാധാരണയിലപേക്ഷിച്ച് ഉയരം നിങ്ങൾക്ക് ഉണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് നിർഭയം അവലംബിക്കാം. ഉയരക്കുറവ് തോന്നിപ്പിക്കാൻ വേഷത്തിൽ ചില സൂത്രപ്പണികൾ സ്വീകരിക്കേണ്ടി വരും.

  • ഒരേ നിറത്തിലുള്ള വേഷം വേണ്ട.
  • തോള് ചരിച്ച് നടക്കാതിരിക്കുക.
  • താഴോട്ട് വരകളുള്ള ഡ്രസ്സുകൾ അണിയരുത്.
  • മുന്നിൽ സ്‌ട്രെയിറ്റ് ബട്ടനുകളുള്ള വേഷം വേണ്ട.
  • സ്‌റ്റൈലിഷായ ഫാഷനുകൾ അവലംബിക്കാം.

എന്ത് ധരിക്കാം

  • ഒരേ സമയം രണ്ടും മൂന്നും നിറങ്ങളുള്ള ഡ്രസ്സണിയാം.
  • റെഡ് ഷർട്ട്, ബ്ലാക്ക് സൽവാർ, മൾട്ടി കളേഡ് ദുപ്പട്ടാ അല്ലെങ്കിൽ റെഡ് ടീഷർട്ട്, റെഡ് ബെൽറ്റ്, ബ്ലാക്ക് ട്രൗസർ, യെല്ലോ ജാക്കറ്റ്… ഇത്തരം വേഷങ്ങൾ അണിയാം. പല നിറങ്ങളിലുള്ള കോമ്പിനേഷൻ ഉയരം കുറച്ചു കാട്ടും.
  • ബ്രൈറ്റ് നിറങ്ങളിലുള്ള ഡ്രസ്സുകൾ ധരിക്കാം.
  • ലൂസ് ഫിറ്റിംഗിലുള്ള ഡ്രസ്സുകൾ എലഗന്‍റ് ലുക്ക് പകരും.
  • ഡബിൾ ബ്രസ്‌റ്റഡ് ഷർട്ടുകൾ, ടോപ്‌സ്, ജാക്കറ്റുകൾ എന്നിവ ഉയരക്കാരെ സംബന്ധിച്ച് അനുഗ്രഹീത വേഷങ്ങളാണ്.
  • ബോൾഡ് ഡിസൈനുകളുള്ള ഷോൾ, സാരി, ഡ്രസ്സുകൾ എന്നിവയും ഇത്തരക്കാർക്ക് നന്നായി ഇണങ്ങും.
  • വലിയ പാറ്റേണുകളും പ്രിന്‍റുകളുള്ളവയും ധൈര്യമായി തെരഞ്ഞെടുക്കാം.
  • കുറുകെ വരകളുള്ള വേഷങ്ങൾ ഉയരക്കുറവ് തോന്നിക്കാൻ സഹായിക്കും.
  • ഹെവി ബോൾഡ് ജ്വല്ലറി ഉയരക്കാർക്ക് ഇണങ്ങും.
  • ഏത് സൈസിലും ഷെയ്‌പിലുമുള്ള ബെൽറ്റുകൾ ഇണങ്ങും.
  • കോൺട്രാസ്‌റ്റ് കളർ ലെയറുകളും പ്രിന്‍റുകളും ഉയരക്കാരുടെ വേഷവിധാനത്തെ ആകർഷകമാക്കും.

സ്ലിം ലുക്കിന്

സ്ലിം ആന്‍റ് സ്‌മാർട്ട് ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. എന്നാൽ എല്ലാവർക്കും ആകർഷകമായ ശരീരഘടന കിട്ടണമെന്നുമില്ല. അല്‌പം തടിച്ച ശരീരപ്രകൃതം ആകർഷണീയതയ്‌ക്ക് തടസ്സമായി തീരണമെന്നുമില്ല.

  • ഒരേ സമയം വ്യത്യസ്‌ത നിറങ്ങളിലുള്ള വേഷമണിയരുത്. അത് വണ്ണം തോന്നിപ്പിക്കും.
  • അമിതമായി ഇറുക്കമുള്ള വേഷങ്ങൾ അരുത്. ശരീരഭാഗങ്ങൾ തള്ളി നിൽക്കുന്ന പ്രതീതി സൃഷ്‌ടിക്കും.
  • ഒരേ നിറത്തിലുള്ള സാരിയും ബ്ലൗസ്സും ഷർട്ടും ജീൻസും സൽവാറും കമ്മീസും ധരിക്കാം.
  • താഴോട്ട് വരകളുള്ള (സ്‌ട്രൈപ്‌സ്) ഡിസൈനുകൾ ശരീരം സ്ലിമ്മായി തോന്നിപ്പിക്കും.
  • വളരെ ലൈറ്റായ ഷെയ്‌ഡിലുള്ള വേഷങ്ങൾ ധരിക്കുന്നത് വണ്ണം തോന്നിപ്പിക്കും. പകരം മീഡിയം, ഡാർക്ക് ഷെയ്‌ഡിലുള്ളവ തെരഞ്ഞെടുക്കാം.
  • അരക്കെട്ടിനെ എടുത്തുകാട്ടും വിധമുള്ള ഡിസൈനുകൾക്ക് പകരം കംഫർട്ടബിൾ സൈസിലുള്ള വേഷങ്ങൾ ചൂസ് ചെയ്യാം.
  • ഒരേ കളറിന്‍റെ പല ഷെയ്‌ഡുകൾ ട്രൈ ചെയ്‌തു നോക്കാം.
  • ജീൻസു പോലെയുള്ള വേഷങ്ങളാണ് ധരിക്കുന്നതെങ്കിൽ ഹിപ്പ് ഏരിയാ കവർ ചെയ്യുന്ന തരത്തിലുള്ള ജാക്കറ്റോ ലോംഗ് ഗൗണോ ധരിച്ച് സ്‌റ്റൈലിഷാകാം.

ഉയരം കൂട്ടാൻ

അഞ്ചടിയിൽ താഴെ ഉയരമുള്ളവരെ സംബന്ധിച്ച് പൊക്കം തോന്നിപ്പിക്കണമെന്നത് ഒരാഗ്രഹമായിരിക്കുമല്ലോ? ഉയരം തോന്നിപ്പിക്കാൻ നീളൻ വസ്‌ത്രങ്ങൾ അണിയുകയും നീളമുള്ള ചെരിപ്പ് ധരിക്കുകയും വേണ്ട. വസ്‌ത്രധാരണ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

  • കടും നിറങ്ങളിലുള്ള വസ്‌ത്രം ധരിക്കാതിരിക്കുക.
  • യോജിക്കാത്ത ഇറക്കമുള്ള ഫാഷനബിൾ വേഷങ്ങൾ ധരിക്കേണ്ടതില്ല.
  • കുറുകെ വരയുള്ള വസ്‌ത്രങ്ങൾ ഒഴിവാക്കാം.
  • വീതിയേറിയ ബോർഡറുള്ള സാരിയൊഴിവാക്കാം.
  • കട്ടികൂടിയതും വീതിയേറിയതുമായ ആഭരണങ്ങൾ വേണ്ടേ വേണ്ട.
  • വലിയ പ്രിന്‍റുള്ള വസ്‌ത്രങ്ങളും ഒഴിവാക്കുക.

വണ്ണം കൂട്ടാൻ

  • ഒരേ നിറത്തിലുള്ള വേഷം ധരിക്കരുത്. അത് നിങ്ങളെ ഒന്നുകൂടി മെലിഞ്ഞതാക്കും.
  • വെർട്ടിക്കൽ സ്ട്രൈപ്‌സ്, പ്ലീറ്റുകൾ വേണ്ട.
  • അമിതമായി ഇറുക്കമുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്.
  • ലൈറ്റ്, ബ്രൈറ്റ് കളറുകൾ ഇത്തരം ശരീര പ്രകൃതക്കാർക്ക് ഏറെ ഇണങ്ങും.
  • വലിയതും ബോൾഡായതുമായ ഡിസൈനുകൾ സെലക്‌റ്റ് ചെയ്യാം.
  • ഹെവി ഫാബ്രിക്കുകൾ ഇണങ്ങും.
  • കോൺട്രാസ്‌റ്റ് കളറുകൾ, പ്രിന്‍റുകൾ, പാറ്റേണുകൾ എന്നിവ പരീക്ഷിക്കാം.
  • ഒരു സൈസ് വലുതായ ഔട്ട് ഫിറ്റുകൾ തെരഞ്ഞെടുക്കാം.
  • പല ലെംഗ്തുകളിലുള്ള ഷർട്ടുകൾ, ടോപ്‌സ്, സ്‌കർട്ടുകൾ പരീക്ഷിച്ചു നോക്കാം. ശരീരത്തിന് വണ്ണം തോന്നിപ്പിക്കുക മാത്രമല്ല ഷോർട്ട് ലുക്ക് നൽകുകയും ചെയ്യും.
  • തീം ജ്വല്ലറി നിങ്ങൾക്കേറെ ഇണങ്ങും.
  • വേഷവിധാനത്തിൽ രാജസ്‌ഥാനി, പഞ്ചാബി തുടങ്ങിയ സ്‌റ്റൈലുകൾ പരീക്ഷിച്ചു നോക്കാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें