ജീവിതത്തിലേക്ക് വരുന്ന ആളെക്കുറിച്ചുള്ള സങ്കൽപ്പം പോലെ തന്നെയാണ് കല്ല്യാണക്കുറിയെക്കുറിച്ചുള്ള ചിന്തയും. അതിന്‍റെ സ്വഭാവം, നിറം, വലുപ്പം, വില, ഡിസൈൻ എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തമായിരിക്കണമെന്ന് പുതിയ തലമുറ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിവാഹം അറിയിക്കുകയെന്നുള്ളത് വധുവിന്‍റേയും വരന്‍റേയും മാത്രം കാര്യമല്ല, അത് കുടുംബത്തിന്‍റെ കൂട്ടായ പരിശ്രമം കൂടിയാണ്. വെഡിംഗ് കാർഡുകൾ തെരഞ്ഞെടുക്കുന്നത് ഇന്ന് സ്‌റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. വിവാഹനാളിന്‍റെ മധുരം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഉപകരിക്കുന്ന വെഡിംഗ് കാർഡുകൾ ഒരു നിധി പോലെ കരുതി വയ്‌ക്കാൻ ഒരുങ്ങിക്കോളൂ...
പുതിയ ട്രെന്‍റുകൾ
വിവാഹ ക്ഷണക്കത്തുകൾ പുതുരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിപണിയിൽ നടന്നു കൊണ്ടിരിക്കുന്നത്. വിവിധ ഡിസൈനുകളിലും ആകൃതിയിലും ഉള്ള കാർഡുകളിൽ ചിത്രങ്ങളും ആലേഖനം ചെയ്യാറുണ്ട്. കൈകൾ ബന്ധിപ്പിക്കുന്നത്, ആരാധനാമൂർത്തികൾ, ഹൃദയത്തിന്‍റെ ചിത്രം എന്നിവയൊക്കെ കാർഡുകളിൽ കാണാം.
വെഡിംഗ് കാർഡുകൾ തെരഞ്ഞെടുക്കാനും ക്ഷണിക്കാനുമായി കൂടുതൽ തുക ചെലവഴിക്കുന്ന ഒരു സമീപനം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കാർഡുകൾ തെരഞ്ഞെടുക്കാൻ ഇന്ന് മിക്ക ഷോപ്പുകളും ഓൺലൈൻ പോർട്ടലുകൾ ആരംഭിച്ചിരിക്കുന്നതിനാൽ വീട്ടിലിരുന്നു തന്നെ ഇവ യഥേഷ്‌ടം തെരഞ്ഞെടുക്കാം.
6 മുതൽ 250 രൂപ വരെ വില വരുന്ന കാർഡുകളുടെ വിപുലമായ ശേഖരമാണ് വിപണിയിലുള്ളത്. ഇതിൽ നിന്നും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാം. സാധാരണയായി ഹാന്‍റ് മെയ്‌ഡ്, ഫോറിൻ ആർട്ട് പേപ്പർ, ക്രോസ് പേപ്പർ എന്നിങ്ങനെ കാർഡുകൾ ലഭ്യമാണ്. പേപ്പറിന്‍റെ ഗുണനിലവാരത്തിനും ഡിസൈനിംഗിനും അനുസരിച്ച് ഇതിന്‍റെ വിലയിൽ വ്യത്യാസവും ഉണ്ടാവും.
10-15 സെന്‍റീ മീറ്റർ മുതൽ 25-30 സെന്‍റീ മീറ്റർ വരെ വലുപ്പമുള്ള കാർഡുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.
സിഡി കാർഡുകൾ
ഇ മെയിലിലും സിഡിയിലും വിവാഹ ക്ഷണക്കത്തുകൾ നൽകുന്ന രീതി ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇന്‍റർനെറ്റിന്‍റെ ഉപയോഗം കൂടിയതിനാൽ ഈ വിധത്തിൽ വിവാഹം ക്ഷണിക്കാൻ എളുപ്പമായിട്ടുണ്ട്. മെയിൽ വഴി കാർഡ് അയക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൂടാതെ സിഡിയിൽ കോപ്പി ചെയ്‌ത് കമ്പ്യൂട്ടറിൽ ഇട്ടാൽ വധുവിന്‍റേയും വരന്‍റേയും ചിത്രങ്ങളും പ്രൊഫൈലും ലഭ്യമാകുന്ന സംവിധാനവുമുണ്ട്. കൂടാതെ വിവാഹത്തെക്കുറിച്ചുളള്ള വിശദവിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. വിവാഹ സ്‌ഥലത്തേക്ക് എത്തിച്ചേരാനുള്ള റൂട്ട് മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ നൽകുവാനും സാധിക്കും.
ലോഗോ
വെഡിംഗ് ലോഗോ പതിച്ച വിവാഹ ക്ഷണക്കത്തുകളും ഇന്ന് സാധാരണമാണ്. ബിസിനസ്സ് മേഖലയിലുള്ളവരും വിദേശ മലയാളികളുമൊക്കെ ഇത് കൂടുതൽ ഉപയോഗിച്ചു വരുന്നു. കമ്പനികളുടെ ലോഗോയുമായി ബന്ധമുള്ള കാർഡുകളായിരിക്കും ഈ വിധം തയ്യാറാക്കുന്നത്. കാർഡിലും വിവാഹ വേദിയിലും വാഹനത്തിലുമെല്ലാം ഈ ലോഗോ പതിപ്പിച്ച് കാണാറുണ്ട്.
കാലം മാറിയപ്പോൾ കാർഡുകളിലും വൈവിധ്യവും ഒരുമയും പ്രൗഢിയും പ്രകടിപ്പിക്കുകയാണ് ഇപ്പോഴത്തെ ട്രെന്‍റ്. മറ്റു ക്ഷണക്കത്തുകളിൽ നിന്ന് വ്യത്യസ്‌തമായ രീതിയിൽ തങ്ങളുടെ കാർഡുകൾ രൂപകൽപന ചെയ്യുന്നതിനാണ് ഓരോരുത്തരും ശ്രദ്ധ ചെലുത്തുന്നത്.
ടെക്‌സ്‌ച്ചർ പെയിന്‍റിംഗുകൾ
ടെക്‌സ്‌ച്ചർ പെയിന്‍റിംഗുകൾ ഇന്നും കാർഡുകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി കാണുന്നു. നാലും അഞ്ചും ദിവസം നീളുന്ന വിവാഹത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർഡുകൾ ഇപ്പോൾ വിപണിയിൽ വന്നു കഴിഞ്ഞു. ഫോയിൽ പെയിന്‍റിംഗ് ഉൾപ്പെടെയുള്ള രീതികൾ കാർഡിൽ ആവിഷ്‌ക്കരിക്കുന്ന രീതിയും കേരളത്തിൽ സർവ്വ സാധാരണമാവുകയാണ്.