നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കണമെന്ന് പ്ലാൻ ചെയ്യുന്നത് മുന്നോട്ടുള്ള ജീവിതത്തെ സുഗമമാക്കാൻ ഏറ്റവും പ്രധാനമാണ്. രാവിലെ എഴുന്നേറ്റ് ഒരു പ്ലാനുമില്ലാതെ എന്തൊക്കെയോ ജോലികൾ ചെയ്ത് ആ ദിവസത്തിന് സമാപ്തി കുറിക്കുമ്പോൾ, താൻ ഇന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്‌തുവെന്ന വിലയിരുത്തൽ ചിലപ്പോൾ മനസിൽ ആശങ്ക നിറയ്ക്കാം. പല ജോലികളും ചെയ്ത് തീരാതെ അപ്പോഴും ബാക്കിയായി ഉണ്ടാകുമെന്നതാണ് ആ ആശങ്കയ്ക്ക് കാരണം. അല്ലെങ്കിൽ വ്യക്തമായ പ്ലാനിംഗില്ലാതെ ജോലികളെല്ലാം അപൂർണ്ണമായി ചെയ്ത് തീർത്തിരിക്കാം. രണ്ടായാലും മുന്നോട്ടുള്ള ജീവിതത്തിന് ഇത് ഒട്ടും അഭികാമ്യമല്ല. വ്യക്‌തമായ പ്ലാനിംഗും ടൈം മാനേജുമെന്‍റുമില്ലാത്ത ജീവിതം ഒരു വ്യക്‌തിയുടെ കാര്യക്ഷമതയില്ലായ്മയെയായിരിക്കും ചൂണ്ടിക്കാട്ടുക. ഓരോ ദിവസത്തിനും വേണം അടുക്കും ചിട്ടയും വ്യക്തമായ പ്ലാനിംഗും.
മുന്നോട്ട് ചിന്തിക്കുക
മനുഷ്യന് പരിമിതമായ മനഃശക്തിയാണ് ഉള്ളത്. ദിവസം എങ്ങനെയായിരിക്കണമെന്ന് രാവിലെ പ്ലാൻ ചെയ്യാനുള്ള ശ്രമം നടത്തുമ്പോൾ തന്നെ ഉള്ള ഇച്ഛാശക്തിയും താൽപര്യവും ചോർന്നു പോകുമെന്നതാണ് പ്രധാന പ്രതിസന്ധി. ഈ പ്രതിസന്ധിയെ അനായാസം മറികടക്കാം. പിറ്റേ ദിവസം എങ്ങനെ ആയിരിക്കണമെന്നത് തലേന്ന് രാത്രി തന്നെ പ്ലാൻ ചെയ്‌ത് കിടക്കുക. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ആ ദിവസത്തെ ടാസ്കുകൾ ഓരോന്നും ചെയ്യാൻ മാനസികമായും ശാരീരികമായും നിങ്ങൾ പൂർണ്ണ സജ്ജരായിരിക്കും. ആ ദിവസത്തെ പ്ലാൻ തലേ ദിവസം റെഡിയായിരിക്കുന്നതിനാൽ അതിനായി പ്രത്യേകം ചിന്തിച്ച് ടെൻഷനടിക്കേണ്ട കാര്യവുമില്ല. ദിവസത്തെ ഓരോ മിനിറ്റും നിശ്ചയിച്ച് വച്ചിരിക്കുന്നുവെന്നതാണ് ഈ പ്ലാനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാനിംഗ് കഠിനമായ തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിലാക്കാനും സഹായിക്കും. അതുപോലെ മികച്ച രീതിയിൽ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യും.
മോർണിംഗ് പവർഫുൾ
രാവിലെയാണ് ഏറ്റവും ശക്തമായ റൂട്ടീൻ പ്രാവർത്തികമാകുക. അത്തരം പ്രഭാത പ്രവർത്തികളെ സ്വീകരിക്കുന്നതിലൂടെ ആ ദിവസത്തെ പ്ലാൻ ചെയ്യാനുള്ള രൂപവും കാര്യക്ഷമതയും ഉറപ്പുവരുത്തുകയാണ് ചെയ്യുക. മാത്രവുമല്ല മോണിംഗ് റൂട്ടീൻ ആ ദിവസത്തിൽ ക്രിയാത്മകമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. മാത്രവുമല്ല പോസിറ്റീവായ മാനസികാവസ്‌ഥയിൽ നിന്നും അത് പ്രൊഡക്റ്റിവിറ്റിയിലേക്ക് നയിക്കും.
ഏത് പുതിയ ശീലവും പോലെ ഷെഡ്യൂൾ മാനേജ് ചെയ്യുന്നതിലൂടെ അതിന് സ്‌ഥിരത ലഭിക്കുന്നു. പുതിയ ശീലങ്ങൾ ഷെഡ്യൂളിൽ വളർത്തിയെടുക്കാം. ആ ശീലങ്ങൾ പാലിക്കുന്നതിലൂടെ സ്‌ഥിരത കൈവരിക്കാം. പുതിയ ശീലങ്ങളെ നിഷ്ഠയുള്ളതാക്കുന്നതിലൂടെ അവയെ സ്വന്തം മൂല്യങ്ങൾക്കും പ്രയോറിറ്റീസിനും അനുസൃതമാക്കാം.
മനസിനെയൊരുക്കിയെടുക്കാം
സമാനതലത്തിൽ ദിവസത്തെ പ്ലാൻ ചെയ്യാൻ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്ക് നിർണായകം തന്നെയാണ്. സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കും മുമ്പ് ദിവസം വിജയകരമാക്കാൻ ചെയ്യുന്ന പ്രവർത്തികളുടെ പരിണിതഫലം എന്തായിരിക്കുമെന്നത് പേപ്പറിൽ കുറിച്ചിടാം. അടുത്തതായി ആ ലക്ഷ്യത്തിലെത്താനുള്ള ചുവടുവയ്പുകൾ കുറിച്ചിടാം.
ആ ലക്ഷ്യത്തിലെത്താൻ ചുവടു വയ്പുകളിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കാം. ഇതിനിടെ ഏതാനും മിനിറ്റ് നേരം വിശ്രമമെടുത്ത ശേഷം വേണം പ്രവർത്തിയിൽ മുഴുകാൻ. മനസിനെ ഏകാഗ്രമാക്കാനിത് സഹായിക്കും. ഒരു ദിവസമാരംഭിക്കും മുമ്പെ മനസിനെയൊരുക്കിയെടുക്കാൻ ചുവടുവയ്പുകൾ കുറിച്ചിടുന്നത് മോണിംഗ് റൂട്ടിനിന്‍റെ ഭാഗമാക്കാം.