ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ശാരീരാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ഇക്കാര്യത്തിൽ പരമ പ്രധാനമാണ്. രോഗങ്ങളിൽ നിന്നും മോചനവും സംരക്ഷണവും നേടാൻ സഹായിക്കുന്നതും എന്നാൽ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമായ ആ കൊച്ചു കാര്യങ്ങൾ ഏതൊക്കെയെന്നറിയാം.
പോസിറ്റീവായ കാഴ്ചപ്പാട്
ജീവിതത്തിൽ അസന്തുഷ്ടിയുളവാക്കുന്ന ചില കാര്യങ്ങൾ ഉണ്ടാകാം. ഇത്തരമവസരത്തിൽ പോസിറ്റീവായ മനോഭാവം ഉണ്ടാവുകയെന്നത് അസംഭവ്യമാണ്. എന്നാൽ മനസ്സു വച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഓർക്കുക. ഇത്തരം നെഗറ്റീവായ സാഹചര്യത്തെ നേരിടാനുള്ള ഉപായങ്ങൾ കണ്ടെത്തുക. എത്ര പ്രയാസകരവും കഠിനവുമായ സ്‌ഥിതിയാണെങ്കിൽ കൂടി മനഃശക്തിയും ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ മികച്ചൊരു ഭാവി സ്വപ്നം കാണുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ മസ്തിഷ്കത്തിൽ പരിഹാരത്തിനുള്ള സിഗ്നലുകൾ എത്തിച്ചേരും. പ്രതീക്ഷകൾ നിറയും. അതോടെ നാഡിവ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാകും. ശരീരം ആക്ടീവാകും. ശരീരത്തിലെ ഓരോ അവയവങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുക തന്നെ ചെയ്യും. അതോടെ ശരീരം പ്രതിരോധശേഷി ആർജ്ജിക്കും. ഇമ്യൂൺ സിസ്റ്റം ശക്തിയാർജ്ജിക്കും. ഏതൊരു അണുബാധയേയും രോഗത്തേയും ചെറുത്തു തോൽപിക്കാൻ ശരീരം സജ്ജമാകും.
ശാന്തവും പ്രസന്നവുമായ മനസ്
മനസ് ശാന്തമാക്കി വയ്ക്കുക. മനസ് അസ്വസ്ഥമാണെങ്കിൽ ആരെയെങ്കിലും പറ്റി മോശമായി ചിന്തിക്കുന്നുവെങ്കിൽ മോശം പദങ്ങൾ പ്രയോഗിക്കുന്നുവെങ്കിൽ ദേഷ്യപ്പെടുന്നുവെങ്കിൽ ഏതെങ്കിലും കാര്യത്തെ ചൊല്ലി ആശങ്കപ്പെടുന്നുവെങ്കിൽ നിങ്ങൾ ഉടനടി സ്വന്തം ശരീരത്തെയും മനസിനെയും സഹായിക്കുക. നല്ല ചിന്തകൾ ഉണ്ടാകട്ടെ. ഇത്തരത്തിൽ നിങ്ങൾക്ക് മറ്റുള്ളവരുടെ മനം കവരാൻ സാധിക്കും. ശരീരത്തിൽ ഗുഡ് ഹോർമോണുകൾ ഉണ്ടാകും.
ധാരാളം ചിരിക്കാം
ചിരിക്കാനുള്ള അവസരങ്ങൾ തേടുക. കൊച്ച് കൊച്ച് കാര്യങ്ങളിൽ മനസ് തുറന്ന് ചിരിക്കുക. മനസ് ഊർജ്ജസ്വലമായിരിക്കട്ടെ. ചെറിയ സ്വപ്നങ്ങൾ പൂവണിയുന്നതിന്‍റെ ആഹ്ലാദം ആഘോഷിക്കുക. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷിക്കുക. ഇത്തരത്തിൽ ശരീരത്തിൽ എൻഡോർഫിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകൾ രൂപപ്പെടുകയും ശരീരം ഊർജ്ജസ്വലവും ഉറപ്പുള്ളതാവുകയും ചെയ്യും.
സ്വയം ആക്ടീവാകുക
അലസമായ മനസ് ചെകുത്താന്‍റെ പണിപ്പുരയാണെന്ന് പറയാറില്ലെ. സദാ സമയവും ആക്ടീവായിരിക്കുന്നത് മനസിനെയും മസ്തിഷ്കത്തെയും റീചാർജ് ചെയ്യും. ഓഫീസ് ജോലി ചെയ്യുന്നതിനൊപ്പം വീട്ടിലെ ജോലികൾ കൂടി ചെയ്ത് പങ്കാളിയെ സഹായിക്കാം. മറ്റുള്ളവർക്കായി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. മനസിന് വളരെയധികം സന്തോഷവും ശുഭാപ്തി വിശ്വാസവും ഉണ്ടാകും.?ആന്തരികമായി ശാക്തീകരിക്കപ്പെടും.
നല്ല പുസ്തകങ്ങൾ വായിക്കുക
അനാവശ്യ വാക്ക് തർക്കങ്ങളിൽ അകപ്പെടാതിരിക്കാനും മൊബൈലിൽ വ്യർത്ഥമായി സമയം ചെലവഴിക്കാതിരിക്കാനും ഒഴിവ് സമയം മികച്ച രീതിയിൽ ചെലവഴിക്കുകയാണ് വേണ്ടത്. അത്തരം സമയങ്ങളിൽ മികച്ച പുസ്തകങ്ങൾ വായിക്കാം. ഓൺലൈനിലൂടെയും വായന നടത്താം. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ കൂടുതൽ അറിവുകൾ നേടാം. സ്വയം അപ്ഡേറ്റഡാകാം. ജോക്സ്, നല്ല പാട്ടുകൾ എന്നിവ കേൾക്കുക. മനസ് പ്രസന്നമാകും. സ്വന്തം ഹോബിയ്ക്കായി സമയം കണ്ടെത്തുക. ക്രിയേറ്റീവായ ആക്റ്റിവിറ്റികൾ ചെയ്യുന്നതിലൂടെ നിങ്ങളിലെ ഉറങ്ങി കിടക്കുന്ന വാസനകൾ പുറത്തു വരും. അത് കൂടുതൽ ആത്മവിശ്വാസം ഉണർത്തും. സ്വയം മതിപ്പു തോന്നും. ഇത്തരത്തിലുള്ള പോസിറ്റീവായ ചിന്ത ആന്തരികമായി നിങ്ങൾക്ക് ശക്തി പകരും.