നമ്മുടെ അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശ്. നിരവധി കണിക്കാഴ്ചകളൊരുക്കുന്ന പ്രകൃതി സുന്ദരമായ നാട് ആണ്. സ്വർണ്ണ വർണ്ണം നിറഞ്ഞ ഇവിടത്തെ സമുദ്ര തീരങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. അവധിക്കാലമെത്തുമ്പോൾ ആന്ധ്രപ്രദേശിലെ യാത്ര തെരഞ്ഞെടുക്കുന്നെങ്കിൽ ഈ സമുദ്ര തീരങ്ങളെ മറക്കണ്ട. അവിസ്മരണീയമായൊരു സായന്തനം ചെലവിടാൻ അനുയോജ്യമായ അഞ്ചു മനോഹര തീരങ്ങൾ.
രാമകൃഷണ ബീച്ച്
ആർകെ ബീച്ച് എന്ന പേരിൽ പ്രശസ്തമാണ് ആന്ധ്രപ്രദേശിലെ ഈ സമുദ്രതീരം. വിശാഖപട്ടണത്തിലെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ലൊക്കേഷൻ ആണിത്. കോമണ്ഡലം സമുദ്രതീരങ്ങളിൽ ഏറ്റവും വിശാലമാണ് ഇവിടം. സമുദ്ര സ്‌നാനത്തിനും വാട്ടർ സ്പോർട്സുകൾ ചെയ്യുന്നതിനും ഇവിടം അനുയോജ്യമാണ്. ഈ ബീച്ചിനോടു ചേർന്ന് വിനോദസഞ്ചാരത്തിന് യോജിച്ച നിരവധി സ്‌ഥലങ്ങളുണ്ട്. അക്വേറിയം, വിശാഖ മ്യൂസിയം, സബ്മറൈൻ മ്യൂസിയം, വാട്ടർ മെമ്മോറിയൽ തുടങ്ങിയ സങ്കേതങ്ങളും കാണാൻ കഴിയും.
യെരാദ ബീച്ച്
ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ സമുദ്ര തീരങ്ങളിൽ രണ്ടാമത്തെ സ്‌ഥാനം വഹിക്കുന്ന ബീച്ചാണ് യെരാദ. മലനിരകൾ അതിരിടുന്ന ഈ ബിച്ച് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട സമുദ്രതീരമാണ്. സ്വർണ്ണ വർണ്ണമുള്ള മണൽ നിറഞ്ഞ ബീച്ചും, പച്ചപ്പു നിറഞ്ഞ തീരപ്രദേശവും ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. ബ്ലാക്ക് മോസ് മലനിരകൾക്കു മുകളിൽ സ്‌ഥാപിച്ചിട്ടുള്ള ഡോൾഫിൻനോസ് ലൈറ്റ് ഹൗസ് മറ്റൊരു കാഴ്ചയാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.
കലിംഗപട്ടണം ബീച്ച്
ആന്ധ്ര പ്രദേശിലെ കലിംഗ പട്ടണം സമുദ്രതീരം, രാജഭരണത്തിന്‍റെ അവശേഷിപ്പുകൾ പ്രകടമാക്കുന്ന സുന്ദരമായ ഒരിടമാണ്. മനോഹരമായ ശൈലിയിലുള്ള ക്ഷേത്രങ്ങൾ, ബംഗ്ലാവുകൾ, പൂന്തോട്ടങ്ങളുമെല്ലാം ഈ പ്രദേശത്തെ നയനാനന്ദകരമാക്കുന്നു. ഈ സമുദ്രതീരം ഓപ്പൺ റോഡ് സീ എന്ന പേരിലും അറിയപ്പെടുന്നു. റോഡ്, സമുദ്രതീരങ്ങളിലേക്ക് എത്തി അവസാനിക്കുന്നതു കൊണ്ടാണിത്. സ്വർണ്ണ വർണ്ണത്തിലുള്ള വളരെ നേർത്ത മണൽതരികളാണ് ഈ ബീച്ചിന്‍റെ സൗന്ദര്യം. വിശ്രമമേളകൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ സമുദ്രതീരം.
ഋഷികോണ്ട ബീച്ച്
ചെറിയ ബീച്ചാണ് ഋഷികോണ്ട. എന്നാൽ ഒരു പരിധി വരെ വിജനവുമാണിവിടം. വിശാലമായ മണൽപ്പരപ്പും, സമുദ്രത്തിന്‍റെ മനോഹരമായ ദൂരക്കാഴ്ചയും ആണ് ഇവിടത്തെ സവിശേഷത. പുറമെ വളരെ ശാന്തവും നിർമ്മലവും പോലെ തോന്നുന്ന തിരമാലകൾ ആണിവിടെയെങ്കിലും അടിയൊഴുക്ക് കൂടുതലുള്ള ഇടമാണ്. കുളിക്കാൻ ഇറങ്ങാൻ അത്ര സുരക്ഷിതമല്ല. വെറുതെ കുറേനേരം കടൽ കണ്ട് സംസാരിച്ചിരിക്കാൻ ഏറ്റവും മികച്ച ബീച്ച് ആണിത്.
ഭീമുനിപട്ടണം ബീച്ച്
ശാന്തവും, നിർമലവുമായ ഒരു ബീച്ചാണ്.നിങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ആന്ധ്രപ്രദേശിലെ ഭീമുനി പട്ടണം അത്തരത്തിലൊന്നാണ്. കേരവൃക്ഷങ്ങളുടെ നീണ്ടനിര സമുദ്രതീരത്തെ മനോഹരമാക്കുന്നു.
ബീച്ചിൽ നിന്ന് അൽപം അകലെയായി ഡച്ച് ഖബറിസ്‌ഥാൻ, തന ക്ലോക്ക് ടവർ, ലൈറ്റ് ഹൗസ്, തടിയിൽ തീർത്ത വിഗ്രഹങ്ങളുടെ പ്രദർശനികൾ, ബുദ്ധ സന്ന്യാസികളുടെ ജീവിതശൈലി ഇങ്ങനെ പലതും കാണാനും കഴിയും.