ആണായാലും പെണ്ണായാലും ഒരുപോലെ കൊതിക്കുന്ന കാര്യമാണ് ബിസിനസ് ടൂര്‍. ബാങ്കോക്ക്, റഷ്യ, ചൈന, അമേരിക്ക, സൗത്ത് ആഫ്രിക്ക... രാജ്യങ്ങളുടെ പേര് പറഞ്ഞ് പേടിപ്പിക്കുകയൊന്നുമല്ല. കോർപ്പറേറ്റ് വനിത ശരണ്യയുടെ ബിസിനസ് യാത്ര ചാർട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വർക്ക്ഔട്ട് ചെയ്യാൻ സ്വതവേ മടിച്ചിയായ ശരണ്യയെ വീട്ടിലാണെങ്കിൽ അമ്മ പുറകേ നടന്ന് കുറച്ചൊക്കെ ചെയ്യിക്കും. യാത്രയിലാണെങ്കിൽ പിന്നെ പറയണ്ട. ഇഷ്ടാനുസരണം ജംഗ് ഫുഡ്, ഉറക്കം.
ഒരു വ്യായാമവും ഇല്ലാതെ ബിസിനസ് ടൂർ കഴിഞ്ഞ് തിരിച്ചെത്തിയ മകളെ കണ്ട് അമ്മ അന്തംവിട്ടുപോയി. പോയതിനേക്കാൾ ഫാറ്റി ആയി ശരണ്യ. പിന്നീടങ്ങോട്ട് ശരണ്യയിൽ ഓരോരോ ലൈഫ്സ്റ്റൈൽ രോഗങ്ങൾ സ്റ്റൈലായി തലപൊക്കാൻ തുടങ്ങി. ഓഫീസിന്‍റെ ഓരോ സ്റ്റെപ്പുകൾ നടന്നു കയറേണ്ടി വന്ന ഒരു ദിനം വളരെ സീനിയറായ കോശിസാർ ചുറുചുറുക്കോടെ ഓടിക്കയറി പോകുന്നതു കണ്ട് ശരണ്യ ഞെട്ടി. ഓരോ സ്റ്റെപ്പ് കയറും തോറും താൻ കിതയ്ക്കുന്നു. ഇപ്പോൾ ആൾക്ക് ഏതാണ്ടൊക്കെ പിടിത്തം കിട്ടിത്തുടങ്ങി വർക്ക്ഔട്ടിന്‍റെ ആവശ്യകത. അന്ന് തിരിച്ച് വീട്ടിലെത്തിയ ശരണ്യ പുതിയ ഒരു തീരുമാനത്തിലായിരുന്നു. യാത്രയിലായാലും താനിനി വർക്ക്ഔട്ട് സ്കിപ്പ് ചെയ്യില്ല. കുറച്ച് മനസ്സുവച്ചാൽ യാത്രയിലും നമുക്ക് വ്യായാമത്തെ കൂടെ കൊണ്ടുപോകാം. പക്ഷേ മനസ്സ് വയ്ക്കണം.
ചെറിയ സമയദൈർഘ്യം
വർക്ക്ഔട്ട് ചെയ്യുന്നതിന്‍റെ ആയാസം കുറയ്ക്കാൻ ഇടവിട്ടുള്ള വ്യായാമങ്ങൾ ഉപകരിക്കും. ടൂറിനിടയിൽ ചെയ്യാനും സാധിക്കും. ഇപ്പോൾ എല്ലാ ഹോട്ടലുകളിലും ജിം ഫെസിലിറ്റിയുണ്ട്. ട്രെഡ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ 30 സെക്കന്‍റ് നന്നായി ഓടിയശേഷം 15 സെക്കന്‍റ് റെസ്റ്റ് ചെയ്ത് വീണ്ടും ആവർത്തിക്കുക. ഇത്തരത്തിൽ 9 പ്രാവശ്യം ചെയ്യണം. ഇതിലൂടെ കലോറി എരിച്ചു കളയാനും സ്റ്റാമിന വർദ്ധിപ്പിക്കാനും സാധിക്കും.
കായിക ശക്‌തി
ഇനി അഥവാ ജിം ഫെസിലിറ്റി ഇല്ലാത്ത ഹോട്ടലുകളിലാണ് തങ്ങുന്നതെങ്കിൽ സ്കൗട്ട് ചെയ്തോ, പുഷ്ആപ്പ് ചെയ്തോ ഫ്രീ ഹാന്‍റ് എക്സർസൈസുകൾ ചെയ്തോ പ്രശ്നം പരിഹരിക്കാം.
യാത്രയിൽ യോഗ
യോഗ പ്രാക്ടീസ് ഉള്ളവരാണെങ്കിൽ യാത്രയിലാണെങ്കിൽ നിങ്ങൾ യോഗ സ്കിപ്പ് ചെയ്യരുത്. സുഖപ്രദമായ ഒരിടം കണ്ടെത്തി സൂര്യനമസ്കാരം, ട്രയാങ്കിൾ പോസ്, ബ്രിഡ്ജ് പോസ്, വാരിയർ പോസ് പോലുള്ള യോഗാഭ്യാസങ്ങൾ ചെയ്യാൻ ശ്രമിക്കുക. യാത്ര സ്ഥലമല്ലേ എന്നു കരുതി ധൃതിപിടിക്കരുത്. സാവധാനത്തിൽ തന്നെ ചെയ്യാൻ ശ്രമിക്കണം.
എയ്റോബിക്സ്
ധാരാളം യാത്ര ചെയ്യേണ്ട ജോലിയുള്ളവരാണെങ്കിൽ ഏറ്റവും സുഖപ്രദവും ഫലപ്രദവുമായ മാർഗ്ഗമാണ് എയ്റോബിക്സ്. വ്യായാമങ്ങളുടെ ഒരു ഡിവിഡി കയ്യിൽ കരുതുക. ഹോട്ടലിൽ ജിം ഫെസിലിറ്റിയുണ്ടെങ്കിൽ എളുപ്പമായി. ഇല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ഡിവിഡി ഉപകരിക്കും. ഹൃദയസംബന്ധമായ ക്ഷമത വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും.
ഔട്ട്ഡോർ വ്യായാമം
ടൂറിലാണെങ്കിലും പരിചയമുള്ള സ്ഥലമാണെങ്കിൽ പാർക്കിലോ ലോണിലോ പോയി ഓടുകയോ നടക്കുകയോ സൈക്കിളിംഗോ ചെയ്യാം. വർക്ക്ഔട്ട് ചെയ്യുന്നതിലൂടെ യാത്ര സംബന്ധമായ പ്രശ്നങ്ങളും പുറം വേദനയും കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങൾ നിഷ്പ്രയാസം തടയാൻ സാധിക്കും.