സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് തൈറോയ്ഡിസവുമായു ബന്ധപ്പെട്ട ഹൈപോതൈറോയിഡിസവും ഹൈപ്പർ തൈറോയ്ഡിസവും. സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ പല മാറ്റങ്ങളെ നേരിടേണ്ടി വരാം. അതുപോലെ അവരിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാം. സ്ത്രീ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ അസാധാരണമാണെങ്കിൽ അവ പല രോഗങ്ങൾക്കും കാരണമാകും. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകളിൽ തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത ഏറെയാണ്.
സ്ത്രീകളിൽ തൈറോയ്ഡ് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയിൽ നിന്നും മോചനം നേടാനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുമാണ് പ്രിസ്റ്റീൻ കെയറിലെ ഡോ. ശാലു വർമ്മ നിർദ്ദേശിക്കുന്നു.
എന്താണ് തൈറോയ്ഡ്
കഴുത്തിന്‍റെ താഴെയുള്ള ഭാഗത്തു കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ട്രയോഡൊത്രൊണിൻ (T3), തൈറോക്സിൻ (T4) എന്നിങ്ങനെ രണ്ടു പ്രധാന ഹോർമോണുകളെ സ്രവിപ്പിക്കുന്നു. ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ ഈ രണ്ടു ഹോർമോണുകളും നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ ഈ രണ്ട് ഹോർമോണുകളിൽ ഏതെങ്കിലും ഒരു ഹോർമോണിന്‍റെ ഉല്പാദനത്തിന്‍റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും.
ഹൈപർ തൈറോയ്ഡിസവും ഹൈപ്പോതൈറോയ്ഡിസവും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം ആവശ്യത്തിലധികം വരുമ്പോൾ ആ അവസ്ഥയെ ഹൈപ്പർ തൈറോയ്ഡിസം എന്നും തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം കുറയുന്ന അവസ്‌ഥയെ ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നു. ഈ രണ്ട് അവസ്‌ഥകളും അസാധാരണമാണ്. അതിനാൽ അവയ്ക്കു ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൈപർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും 10 മടങ്ങ് കൂടുതലായി കണ്ടുവരുന്നു. സ്‌ഥിതി വിവരക്കണക്കുകൾ പ്രകാരം, ഓരോ 8 സ്ത്രീകളിലൊരാൾക്കെന്ന നിലയിൽ തൈറോയ്ഡ് പ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത്, തൈറോയ്ഡ് തകരാറുകൾ പലപ്പോഴും ഓട്ടോ ഇമ്മ്യൂൺ റിയാക്ഷൻ മൂലമുണ്ടാകുന്നുവെന്നതാണ്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സ്ത്രീകളിൽ ഓട്ടോ ഇമ്മ്യൂൺ അവസ്‌ഥ പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ആർത്തവ ചക്രത്തിൽ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തൈറോയ്ഡ് ഹോർമോണുകൾ തമ്മിലുള്ള പ്രതിപ്രവർത്തനവും മൂലവും സ്ത്രീകളിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കൂടാതെ തൈറോയ്ഡൈറ്റിസ് (തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം), അയോഡിന്‍റെ കുറവും ആധിക്യവും ഹൈപ്പോതൈറോയ്ഡിസത്തിനും കാരണമാകും.
തൈറോയ്ഡ് പ്രശ്നങ്ങൾ എങ്ങനെ ബാധിക്കുന്നു
സ്ത്രീയുടെ പ്രത്യുൽപാദനവ്യവസ്ഥയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും തമ്മിൽ ശരിയായ താളക്രമം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. തൈറോയ്ഡ് ഗ്രന്ഥി അമിതമായിട്ടോ അല്ലെങ്കിൽ കുറവായിട്ടോ സക്രിയമാകുന്നത് വിവിധ ഹോർമോൺ തകരാറുകൾക്ക് ഇടവരുത്തും.
ആർത്തവം
തൈറോയ്ഡ് തകരാറുകൾ കാരണം ആർത്തവം നേരത്തെ വരികയോ വൈകുകയോ ചെയ്യും. ഇത് കൂടാതെ, തൈറോയ്ഡ് ഹോർമോണുകളുടെ കുറഞ്ഞതോ ഉയർന്നതോ ആയ ഉത്പാദനം ആർത്തവവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും. ക്രമരഹിതമായ ആർത്തവം, ആർത്തവത്തിന്‍റെ അഭാവം, അമിത രക്തസ്രാവം എന്നിവയ്ക്ക് ഇടവരുത്തും.