ശരീരത്തിലെ ടോക്സിനുകളെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ പുറന്തള്ളാൻ ഡീറ്റോക്സ് ഡ്രിങ്കുകൾ മികച്ചതാണ്. ദൈനംദിന ജീവിതത്തിൽ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഡീറ്റോക്സ് ഡ്രിങ്കുകൾ കുടിക്കുന്നത് ശീലമാക്കൂ.
- കുക്കുംബർ- മിന്‍റ് ഡീറ്റോക്സ് ഡ്രിങ്ക്
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനൊപ്പം ശരീരത്തിന് മൊത്തത്തിൽ റിഫ്രഷ്മെന്‍റ് പകരുന്ന ഒരു ഡീറ്റോക്സ് പാനീയം. തയ്യാറാക്കാനും എളുപ്പം. ഒരു വലിയ ജാറിൽ കുക്കുംബർ സ്ലൈസാക്കിയതും ഫ്രഷ് പൊദീനയിലയും ഇട്ട് ജാറ് നിറച്ച് തിളപ്പിച്ചാറ്റിയ വെള്ളവും ഒഴിച്ച് ഏതാനും മണിക്കൂർ നേരം അടച്ച് വയ്ക്കുക. ശേഷം മുഴുവൻ ദിവസവും ഈ വെള്ളം കുടിക്കുക. കുക്കുംബറിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾക്ക് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരത്തെ ഹൈഡ്രേറ്റാക്കാനും കഴിയും.
- ലെമൺ - ജിഞ്ചർ ഡീറ്റോക്സ് ഡ്രിങ്ക്
നാരങ്ങയും ഇഞ്ചിയും ശരീരഭാരം നിയന്ത്രിക്കാൻ ഫലവത്താണെന്ന കാര്യം പൊതുവെ എല്ലാവർക്കും അറിവുള്ളതാണ്. അതുപോലെ ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന മൂലിക ഉദര വൈഷമ്യങ്ങൾക്കും ദഹനത്തിനും ഉത്തമമായ പരിഹാരമാണ്. വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. അതുപോലെ ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ് നാരങ്ങാ. ഇവ രണ്ടും ചേർത്തുള്ള ഡ്രിങ്ക് കുടിക്കുകയും ഒപ്പം കൃത്യമായ വർക്കൗട്ടും കൂടിയാൽ ശരീരത്തിൽ അദ്ഭുതങ്ങളായ മാറ്റങ്ങൾ സംഭവിക്കും.
ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ പകുതി നാരങ്ങാനീരും ഒരിഞ്ച് വലിപ്പമുള്ള ഇഞ്ചിയുടെ സത്തും ചേർത്ത് എന്നും രാവിലെ കുടിച്ചു നോക്കൂ. മധുരം വേണമെന്നുള്ളവർക്ക് വളരെ നിയന്ത്രിതമായ അളവിൽ തേൻ ചേർക്കാം.
- കറുവാപ്പട്ട - തേൻ
ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ അര സ്പൂൺ കറുവാപ്പട്ട പൗഡറും മുക്കാൽ സ്പൂൺ തേനും ചേർത്ത് മിക്‌സ് ചെയ്യുക. ഒരൽപ്പം നാരങ്ങാനീരും ചേർത്ത് കുടിച്ചാൽ മികച്ച ഫലം ലഭിക്കും. വിശപ്പിനെ നിയന്ത്രിക്കുന്നതിന് മികച്ചതാണ് കറുവാപ്പട്ട.
- ഗ്രീൻ ടീ
ഗ്രീൻ ടീയുടെ ഗുണങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ഫാറ്റ് ബേണിംഗിനും ഹൃദയാരോഗ്യത്തിനും മസ്തിഷ്ക പ്രവർത്തനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും ബാഡ് ബ്രത്ത് തടയാനും പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യത്തിനുമൊക്കെ മികച്ച ഒരു ഡ്രിങ്കാണിത്. ചായ, കാപ്പി എന്നിവയ്ക്ക് പകരമായി ഗ്രീൻ ടീ ശീലമാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും. ഒപ്പം ദിവസം മുഴുവൻ എനർജറ്റിക്കുമാകാം. ഗ്രീൻ ടീ ഒരു കലോറി ഫ്രീ ഡ്രിങ്കാണ്. ഗ്രീൻ ടീയിലുള്ള കാറ്റേചിൻസും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിലെ ഫ്രീ റാഡിക്കൽസിന്‍റെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നു.
- മല്ലി വെള്ളം
അസംഖ്യം ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്ന ഒരു ഡ്രിങ്കാണിത്. പൊട്ടാസ്യം, അയൺ, മഗ്നീഷ്യം, കാത്സ്യം, ഫോളിക് ആസിഡ് അടക്കം ധാരാളം പോഷകങ്ങളുമുള്ള മല്ലിയ്ക്ക് നമ്മുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ നല്ലൊരു പങ്ക് നിർവഹിക്കാനാവും.
3 കപ്പ് വെള്ളത്തിൽ 2 ടീസ്പൂൺ മല്ലി ചേർത്ത് തിളപ്പിച്ച് അരിച്ച് ഇളം ചൂടോടെ കുടിച്ച് നോക്കൂ. ദിവസം മുഴുവനും എനർജറ്റിക്കായിരിക്കാൻ ഈ പാനീയം മികച്ച ഒന്നാണ്. നിത്യേനയല്ലാതെ ഇടയ്ക്കിടയ്ക്ക് ഈ പാനീയം കുടിക്കാം. മല്ലിയില ഉപയോഗിച്ചും ജ്യൂസ് തയ്യാറാക്കി കുടിക്കാം.