55കാരി മിസിസ് റെയ്ച്ചലിന് ഇപ്പോഴും ഒരു ചെറുപ്പക്കാരിയുടെ ചുറുചുറുക്കും ഉത്സാഹവുമാണ്. അവർ ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കില്ല. രാവിലെ 5 മണിക്ക് എഴുന്നേൽക്കും. ഒരു ചെറുപ്പക്കാരിയുടെ ആവേശത്തോടെ ഓടി നടന്ന് വീട്ടിലെ ജോലികൾ ചെയ്തു തീർക്കും. അത്താഴം കഴിഞ്ഞാൽ ഉടൻ ഭർത്താവിനൊപ്പം കോളനി വഴികളിലൂടെ നടക്കാനിറങ്ങും. വീട്ടിൽ അവരും ഭർത്താവും മാത്രമേയുള്ളൂ. പെൺമക്കൾ രണ്ടും വിവാഹിതരായി ഭർത്തൃവീടുകളിൽ താമസിക്കുന്നു. മിസിസ് റെയ്ച്ചലിന്‍റെ വീട്ടിലെത്തുന്നവർ അവിടുത്തെ സജ്ജീകരണങ്ങളും അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും ഒക്കെ കണ്ട് അത്ഭുതപ്പെടാറുണ്ട്. ഈ പ്രായത്തിലും ആവർക്കിതെല്ലാം ചെയ്യാൻ കഴിയുന്നുവല്ലോ.
ആറു മാസം മുമ്പ് റെയ്ച്ചലിന്‍റെ സ്ഥിതി ഇതായിരുന്നില്ല. ഭർത്താവിന് ലഭിച്ച ഔദ്യോഗിക വസതിയിൽ വീട്ടുജോലികൾ ചെയ്യാൻ പരിചാരകർ തന്നെയുണ്ടായിരുന്നു. മിസിസ് റെയ്ച്ചൽ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ പോലും എഴുന്നേൽക്കുമായിരുന്നില്ല. എല്ലാം പരിചാരകർ യഥാസമയം എത്തിച്ചുകൊടുക്കും. ശാരീരികമായ അധ്വാനം ഇല്ലാത്തതുമൂലം അവരുടെ ശാരീരിക സ്ഥിതി അവതാളത്തിലായി. ശരീരത്തിൽ കൊഴുപ്പുകൂടി. ശാരീരികാസ്വാസ്ഥ്യങ്ങളും പെരുകി.
ഏറെ ക്ഷീണിതയായ അവർ ഡോക്ടറുടെ അടുത്തെത്തി. മരുന്ന് കഴിക്കുന്നതിനൊപ്പം ചെറുതായി വീട്ടുജോലികൾ കൂടി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നിട്ടും അസുഖങ്ങൾ കുറയുന്നില്ലെങ്കിൽ മറ്റ് ചികിത്സകൾ ആരംഭിക്കാമെന്ന് ഡോക്ടർ പറഞ്ഞു.
ഈ സംഭവം കഴിഞ്ഞിട്ടിപ്പോൾ 6 മാസമായി. ഇപ്പോൾ മിസിസ് റെയ്ച്ചലിന് സന്ധിവേദനയുമില്ല, ഒരു പ്രശ്നവുമില്ല. ഉദരവൈഷമ്യങ്ങളുമില്ല. മാത്രമല്ല, ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നുമില്ല. കേവലം 6 മാസം കൊണ്ട് 15 കിലോഗ്രാം തൂക്കവും കുറഞ്ഞു. ഡയബറ്റീസും പ്രഷറും നിയന്ത്രണവിധേയമായി. മുഖത്താകെയൊരു പ്രസരിപ്പ്. ശരീരത്തിന് മൊത്തത്തിൽ ഉണർവ്വും ഉത്സാഹവും.
മിസിസ് റെയ്ച്ചലിനെ പോലെ ഇത്തരം പ്രശ്നങ്ങളെ നിങ്ങളും അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അവരെപ്പോലെ വീട്ടുജോലികൾ ചെയ്തുനോക്കൂ. നിങ്ങളുടെ പലവിധ ശാരീരികാസ്വാസ്ഥ്യങ്ങളും പമ്പ കടക്കും. ഉള്ളിൽ ഉണർവ്വും ഊർജ്ജവും നിറയുന്നത് സ്വയമനുഭവിച്ചറിയാം. ഡോക്ടറുടെയടുത്ത് പോകേണ്ടിയും വരികയില്ല.
ഏതെങ്കിലും ഫിറ്റ്നസ് ക്ലാസിലോ ഫിസിയോതെറാപ്പിസ്റ്റിന്‍റെ മേൽനോട്ടത്തിലോ വ്യായാമം ചെയ്താലേ ശരിയാകുകയുള്ളൂ എന്ന ധാരണ പൊതുവേ ആളുകളിലുണ്ട്. ഇതിന്‍റെ പേരിൽ പലരും മടിച്ചിരിക്കാറുണ്ട്. ചിലർക്ക് സമയക്കുറവ് ഒരു പ്രശ്നമാകാം. ഇത്തരക്കാർക്ക് വീട്ടിലെ ജോലികൾ ചെയ്തും ബോഡിഫിറ്റ്നസ് നിലനിർത്താനാകും. പ്രത്യേകിച്ച് മറ്റ് വ്യായാമങ്ങളുടെ ആവശ്യവും വേണ്ടി വരികയുമില്ല.
ജോലികൾ സ്വയം ചെയ്യൂ
അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഡയബറ്റീസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കായി ഡോക്ടർമാർ പ്രത്യേകം ചില വ്യായമങ്ങൾ നിർദ്ദേശിക്കാറുണ്ട്. പക്ഷേ ഒരു ഫിറ്റ്നസ് കേന്ദ്രത്തിൽ പോകാനോ രാവിലെ പ്രഭാതസവാരിക്ക് പോകാനോ സമയമോ താൽപര്യമോ ഇല്ലെങ്കിൽ വിഷമിക്കണ്ടേതില്ല പകരം വീട്ടിലെ ജോലികൾ ചെയ്ത് ശരീരവും മനസ്സും ചുറുചുറുക്കുള്ളതാക്കി തീർക്കാം.
വീടുമുഴുവനും സ്വയം അടിച്ച് തുടച്ച് വൃത്തിയാക്കുക. നടുവേദനയും കോച്ചിപ്പിടുത്തവുമുള്ളവർക്ക് ഇത്തരം വ്യായാമങ്ങൾ ഗുണം ചെയ്യും. വീട്ടുജോലികൾ ചെയ്യുന്നതുവഴി ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയപ്പെടും. നടുവേദന ഡിസ്ക് പ്രൊലാപ്സ് അല്ലെങ്കിൽ സ്റ്റിനോസിസ് കൊണ്ടോ അല്ലെന്ന് ഉറപ്പുവരുത്തുക. അഥവാ അങ്ങനെയാണെങ്കിൽ ജോലി ചെയ്യാതിരിക്കുക. കാരണം അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.