ബിരിയാണിയുടെ കാര്യം പറയുമ്പോൾ ആളുകൾക്ക് നോൺ വെജ് ബിരിയാണി കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ വെജിറ്റേറിയൻ ബിരിയാണി അത്ര ആസ്വദിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ന് സോയ ബിരിയാണിയെക്കുറിച്ച് നിങ്ങളോട് പറയുന്നത്, ട്രൈ ചെയ്തു നോക്കു… ഈ വെജ് ബിരിയാണി കഴിക്കാൻ മടി ഉണ്ടാവില്ല.
ചേരുവകൾ:
ബസ്മതി അരി- 1 1/2 കപ്പ്
സോയാബീൻ- 1 കപ്പ്
സവാള- 1 (അരിഞ്ഞത്)
തൈര്- 2 ടീസ്പൂൺ
ചുവന്ന മുളകുപൊടി- 2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
ബിരിയാണി മസാല- 1 ടീസ്പൂൺ
എണ്ണ- 2 ടീസ്പൂൺ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
പുതിനയില- 1/4 കപ്പ് (അരിഞ്ഞത്)
മല്ലിയില- 1/4 കപ്പ് (അരിഞ്ഞത്)
ഗ്രാമ്പൂ- 3 എണ്ണം
കറുവപ്പട്ട- 1 കഷണം
ഉപ്പ്- രുചിക്കനുസരിച്ച്
തയ്യാറാക്കുന്ന വിധം:
ആദ്യം സോയാബീൻ ചൂടുവെള്ളത്തിൽ 1/2 മണിക്കൂർ കുതിർത്ത് വച്ച ശേഷം തിളപ്പിക്കുക. ഇതിനുശേഷം സോയാബീൻ തണക്കാൻ വയ്ക്കുക.
ഇത് തണുക്കുമ്പോൾ, സോയാബീന്‍റെ വെള്ളം പിഴിഞ്ഞ് കളയുക, ചുവന്ന മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് 15 മിനിറ്റ് മൂടി വയ്ക്കുക. ഇനി തവ അല്ലെങ്കിൽ നോൺസ്റ്റിക് പാൻ ചൂടാക്കി അതിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് സോയാബീൻ നന്നായി വറുത്ത് മാറ്റി വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, കായം, ഗ്രാമ്പൂ എന്നിവ ചേർക്കുക. ഒരു മിനിറ്റിനു ശേഷം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക. ഇതിനു ശേഷം ഉള്ളി ചേർത്ത് ഗോൾഡൻ നിറം ആകുന്നത് വരെ വഴറ്റുക.
ഉള്ളി വറുത്തു കഴിയുമ്പോൾ അതിലേക്ക് പുതിന ചേർത്ത് മുപ്പത് സെക്കൻഡ് വഴറ്റുക. ഇതിനുശേഷം തൈര്, ചുവന്ന മുളക്, മഞ്ഞൾ, ബിരിയാണി മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ശേഷം പാനിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച ശേഷം അരിയും മല്ലിയിലയും ഇതിലേക്ക് ചേർത്ത് ഇളക്കുക. അതിനു ശേഷം പാൻ മൂടി മീഡിയം തീയിൽ വേവിക്കുക.
അരി പകുതി വേവാകുമ്പോൾ അതിലേക്ക് സോയാബീൻ ഇട്ട് മൂടി വെച്ച് 6- 7 മിനിറ്റ് മീഡിയം ഫ്ലെയിമിൽ വേവിക്കുക. ഗ്യാസ് ഓഫ് ചെയ്ത് അൽപം കഴിഞ്ഞ് ചൂടോടെ സെർവ് ചെയ്യാം.