ഉദ്യോഗസ്‌ഥരായ വനിതകൾ ദിവസത്തിന്‍റെ പകുതി സമയം ചെലവഴിക്കുന്നത് ഓഫീസുകളിലാണ്. എന്നാലോ പലരും, പുറത്തേക്കു പോകാൻ മാത്രം കിടിലൻ വസ്‌ത്രങ്ങൾ സൂക്ഷിച്ചു വയ്‌ക്കും. ഓഫീസിൽ പോകുവാൻ എന്തെങ്കിലും ചവറ് മതി എന്നാണ് ചിന്തിക്കുക. ഇതു തന്നേയാണോ നിങ്ങളുടെയും ചിന്ത? എങ്കിൽ, സംഗതി അൽപം മാറ്റിപ്പിടിക്കാം. ഓഫീസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിലും നിങ്ങൾക്ക് ഫാഷൻ ചിക്ക് ആകാം. അതിനു വേണ്ടി ചില കാര്യങ്ങൾ ചെയ്‌താൽ വർക്ക് പ്ലെയ്‌സ് ഫാഷൻ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. പ്രൗഢവും മനോഹരവുമായ വസ്‌ത്രധാരണത്തിലൂടെ ഹായ് ഗംഭീരം! എന്ന് മറ്റുള്ളവർ പറയട്ടെ.
വർക്ക് പ്ലെയ്‌സ് ഫാഷന് തയ്യാറാകുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. എന്താണ് നിങ്ങളുടെ ജോലി? ഓഫീസിന്‍റെ സ്വഭാവമെന്ത്? ഇവയെക്കുറിച്ച് കൃത്യമായ ധാരണയോടെ ഫാഷനിലേക്ക് തിരിയാം.
ജോലി ചെയ്യുന്നതിന് പ്രത്യേക ഡ്രസ്സ് കോഡ് ഒരിടത്തും ആവശ്യമില്ല. എന്നാൽ ചില സ്‌ഥാപനങ്ങൾ അത് നിർദ്ദേശിക്കുകയോ, യൂണിഫോം ആവശ്യപ്പെടുകയോ ചെയ്യാറുണ്ട്. ഇത്തരം തടസ്സങ്ങളൊന്നുമില്ലാത്ത സ്‌ഥാപനത്തിലാണ് നിങ്ങൾക്ക് ജോലിയെങ്കിൽ പിന്നെ ഫാഷൻ പരിധികൾ നിങ്ങൾക്കു നിശ്ചയിക്കാം.
എന്നാൽ ഒരൊറ്റ രാത്രി പുലരുമ്പോഴേക്കും ഫാഷൻ ചിക്ക് ആകാമെന്ന വ്യാമോഹം വേണ്ട. പ്ലാൻ ചെയ്‌ത് ചേരുന്ന ഔട്ട്‌ഫിറ്റുകൾ സമയമെടുത്ത് കണ്ടെത്താം.
രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്നേത് ഡ്രസ് ധരിക്കണം എന്ന് ആധിപിടിച്ച് വാഡ്രോബിനെ ശപിച്ചുകൊണ്ട് നിൽക്കുന്നത് പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയുമില്ല.
ഫാഷനിസ്‌റ്റ് ആകുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. സുതാര്യമായതോ, കഴുത്ത് താഴ്‌ത്തി കട്ട് ചെയ്‌തോ ആയ വസ്‌ത്രങ്ങൾ ഓഫീസ് വാഡ്രോബിൽ നിന്ന് ഇന്ന് തന്നെ മാറ്റി വയ്‌ക്കുക. വളരെ അയഞ്ഞതും ഇട്ടാൽ യോജിക്കുന്നില്ലെന്ന് തോന്നുന്നതും ഒഴിവാക്കിക്കോളൂ. ഇത്രയും ചെയ്‌താൽ രാവിലത്തെ കൺഫ്യൂഷൻ കുറച്ചു മാറിക്കിട്ടും!
വൃത്തിയുള്ള, പ്രസന്‍റബിൾ ലുക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അപ്പോൾ ഫീൽഗുഡ് എന്ന് ഉറപ്പിച്ചു പറയാം. കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റു വന്ന ലുക്കുള്ള ഒരാൾ ഓഫീസിലുണ്ടെങ്കിൽ അത് മാത്രം മതി ഒരു ദിവസം മടുപ്പുളവാകാൻ.
ഒരാൾ പ്രതിഫലിപ്പിക്കുന്ന ഇമേജിന്‍റെ അടിസ്‌ഥാനത്തിലാണ് അയാളെ മറ്റുള്ളവർ വീക്ഷിക്കുന്നത്. മറ്റ് ഗുണങ്ങൾക്കൊപ്പം തന്നെ മികച്ച വസ്‌ത്രധാരണത്താൽ പ്രൊഫഷണൽ ഇമേജ് സൃഷ്‌ടിച്ചെടുക്കുന്നത് കരിയർ വളർച്ചയ്‌ക്ക് സഹായിക്കുമെന്നാണ് ഫാഷനിസ്‌റ്റുകൾ പറയുന്നത്.
ഓഫീസ് വിയറുകൾ തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യനോ, വെസ്‌റ്റണോ തെരഞ്ഞെടുക്കാം. ഇന്ത്യൻ വിയറുകൾ ആണ് ഇഷ്‌ടമെങ്കിൽ മനോഹരമായ കോട്ടൺ സാരികൾ, ലൈറ്റ് ബ്ലോക്ക് പ്രിന്‍റഡ് കലംകാരി കുർത്തകൾ ഇവ മികച്ച ലുക്ക് നൽകും. ക്രിസ്‌പ് ആന്‍റ ഷാർപ് സ്‌റ്റൈൽ. ഏതു വസ്‌ത്രമാണെങ്കിലും അതിൽ പെർഫെക്‌ഷൻ തോന്നിപ്പിക്കുക.
വെസ്‌റ്റേൺ സ്‌റ്റൈൽ ഇഷ്‌ടപ്പെടുന്നവർക്ക് അൽപം അയഞ്ഞ ട്രൗസറുകൾക്കൊപ്പം ഫോർമൽ ടോപ്പുകളും ഷർട്ടുകളും നല്ല ഓപ്‌ഷനാണ്. ഇത്തരം പാന്‍റുകൾ ആങ്കിൾ ലംഗ്‌തുള്ള കൂർത്തകൾക്കൊപ്പവും ഇണങ്ങും. എന്നാൽ സൈഡ് സ്ലിറ്റ് തീർച്ചയായും വേണം താനും.