ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യസങ്ങൾ മിക്കവരുടെയും ഉറക്കംകെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് പിന്നിലെ ഒരു കാരണം പിഗ്ന്‍റെഷൻ പ്രശ്നങ്ങളായിരിക്കാം. ചർമ്മത്തിന് നിറം പകരുന്ന മെലാനിൻ എന്ന പിഗ്മെന്‍റ് അമിതമായി ഉൽപാദിപ്പിക്കപ്പെടുമ്പൊഴാണ് ചർമ്മത്തിൽ കറുപ്പ് നിറം അഥവാ സ്കിൻ പിഗ്മെന്‍റേഷൻ ഉണ്ടാവുക.
അമിതമായി മെലാനിൻ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ ചർമ്മത്തിൽ പിഗ്മെന്‍റേഷൻ തകരാറുകൾ ഉണ്ടാകും. ഇതിനെ ഹൈപ്പർ പിഗ്മെന്‍റേഷൻ എന്നാണ് വിശേഷിപ്പിക്കുക. ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ, അടയാളങ്ങൾ, നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കാലക്രമേണ, ഇത് ചർമ്മത്തിന്‍റെ നിറത്തെ ബാധിക്കുകയും അസമമായ ചർമ്മനിറത്തിന് കാരണമാവുകയും ചെയ്യും. ഹൈപ്പർ പിഗ്മെന്‍റേഷൻ ഒരു ദോഷകരമായ അവസ്ഥയല്ലെങ്കിലും, മറ്റൊരു രോഗാവസ്‌ഥയുടെ സൂചനയായിരിക്കാം. അതിനാൽ, പിഗ്മെന്‍റേഷനിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുന്നത് ഉചിതമായിരിക്കും.
പിഗ്മെന്‍റേഷൻ എത്രവിധം
വ്യത്യസ്തതരം പിഗ്മെന്‍റേഷനുകൾ ഉണ്ട്. പിഗ്മെന്‍റേഷനുള്ള ചികിത്സാ തുടങ്ങുന്നതിന് മുമ്പായി അതിന്‍റെ സ്വഭാവവും കാരണങ്ങളും മനസ്സിലാക്കേണ്ടത് ആത്യാവശ്യമാണ്.
ഹൈപ്പോ പിഗ്മെന്‍റേഷൻ
ഹൈപ്പോ പിഗ്മെന്‍റേഷനിൽ, മെലാനിൽ ഉത്പാദനം കുറയുന്നതിനാൽ ചർമ്മത്തിന് നിറം നഷ്ടപ്പെടും. ഇത് വ്യക്തികളെ അവരുടെ ജനനം മുതൽ അല്ലെങ്കിൽ ജീവിതത്തിന്‍റെ പിന്നീടുള്ള ഘട്ടത്തിൽ ബാധിക്കാം. രോഗം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഹൈപ്പോ പിഗ്മെന്‍റേഷൻ ഉത്തേജിക്കപ്പെടാം.
ആൽബിനിസം: മെലാനിന്‍റെ അഭാവം മൂലമുണ്ടാകുന്ന അപൂർവ പാരമ്പര്യ രോഗമാണിത്. ഇത് ചർമ്മത്തിലും മുടിയിലും കണ്ണിലും പിഗ്മെന്‍റേഷന്‍റെ പൂർണ്ണമായ അഭാവത്തിന് കാരണമാകുന്നു. നിർഭാഗ്യവശാൽ, ആൽബിനിസത്തിന് ചികിത്സയില്ല.
വിറ്റിലിഗോ: പിഗ്മെന്‍റ് ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ചർമ്മത്തിൽ മിനുസമാർന്ന വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്ന ഒരു തരം ഹൈപ്പോ പിഗ്മെന്‍റേഷനാണ് വിറ്റിലിഗോ.
പിത്രിയാസിസ് ആൽബ: ഇരുണ്ട ചർമ്മമുള്ള കുട്ടികളിലാണ് പിത്രിയാസിസ് ആൽബ സാധാരണയായി കാണപ്പെടുന്നത്. മുഖത്ത് വെളുത്തതും ചെറുതായി പൊങ്ങിയതുമായ പാടുകൾ ഉൾപ്പെടുന്നു. പിത്രിയാസിസ് ആൽബയുടെ കാരണം അജ്ഞാതമാണെങ്കിലും ഇത് വരണ്ട ചർമ്മവുമായി ബന്ധപ്പെട്ടിരിക്കാം.
ഹൈപ്പർ പിഗ്മെന്‍റേഷൻ
ചുറ്റുമുള്ള ഭാഗത്തേക്കാൾ ഇരുണ്ടതായി മാറിയ ചർമ്മത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഹൈപ്പർ പിഗ്മെന്‍റേഷൻ. മുഖത്തോ ചർമ്മത്തിന്‍റെ വലിയ ഭാഗങ്ങളിലോ പിഗ്മെന്‍റേഷന്‍റെ ചെറിയ പാടുകളായി രൂപപ്പെടാം. മാത്രമല്ല ഇത് മുഴുവൻ ശരീരത്തേയും ബാധിച്ചേക്കാം.
ഹൈപ്പർ പിഗ്മെന്‍റേഷൻ വിവിധതരം
മെലാസ്മ: ഹോർമോൺ വ്യതിയാനം മൂലമോ ഗർഭധാരണം മൂലമോ അസമമായ മെലാനിൻ പിഗ്മെന്‍റേഷന്‍റെ ഉൽപാദനത്തിന്‍റെ ഫലമായി സംഭവിക്കുന്നതാണിത്. സൂര്യപ്രകാശം ഏൽക്കുന്നതും മെലാസ്മയുടെ കാരണമായി കണക്കാക്കുന്നു.
പുള്ളികൾ(ഫ്രക്കിൾസ്): വളരെ സാധാരണയായി സംഭവിക്കുന്ന പിഗ്മെന്‍റേഷനാണിത്. ചർമ്മത്തിൽ പാടുകൾ രൂപം കൊള്ളുന്നതിന് ജനിതകം ഒരു കാരണമാകാറുണ്ട്. ആവർത്തിച്ച് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചെറിയ ഡോട്ടുകളായി പ്രത്യക്ഷപ്പെടുകയും നല്ല നിറമുള്ള വ്യക്‌തികളിൽ വ്യാപകമാവുകയും ചെയ്യുന്നു.
സോളാർ ലെന്‍റിജൈനുകൾ: സൂര്യപ്രകാശം അധികമായി ഏൽക്കുന്നതിനാൽ കാലക്രമേണ രൂപംകൊള്ളുന്ന ഇത് ലിവർ സ്പോട്സ് പാടുകൾ അല്ലെങ്കിൽ സൺസ്പോട്ടുകൾ എന്നും അറിയപ്പെടുന്നു. സാധാരണയായി, ഇത് കൈകളിലും മുഖത്തും പ്രത്യക്ഷപ്പെടുന്നു.
പോസ്റ്റ്- ഇൻഫ്ളമേറ്ററി ഹൈപ്പർ പിഗ്മെന്‍റേഷൻ: മുഖക്കുരു, പൊള്ളൽ അല്ലെങ്കിൽ ഡെർമബ്രേഷൻ, കെമിക്കൽ പീൽസ്, ലേസർ മുതലായ തീക്ഷ്ണങ്ങളായ ക്ലിനിക്കൽ ചികിത്സകൾ കാരണം ഉണ്ടാകുന്നതാണിത്.