മേശപ്പുറത്ത് നിറചിരിയോടെയിരിക്കുന്ന ഒരു കുടന്നപ്പൂക്കൾ. അതിഥികളോടും നിങ്ങളോടു തന്നെയും ‘ഹാവ് എ നൈസ് ഡേ’ പറയുന്നില്ലേ അവ? ഫ്ളവർ പോട്ടിൽ പൂക്കളൊരുക്കുമ്പോൾ ശ്രദ്ധിക്കുക…

  • അലങ്കാര പുഷ്പങ്ങളുടെ നൈസർഗ്ഗിക സൗന്ദര്യവും ഫ്രഷ്നസ്സും നിലനിർത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളുണ്ട്. പൂക്കളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുന്നത്.
  • ബലവും നീളവുമുള്ള തണ്ടോടുകൂടിയ പൂക്കൾ വേണം അലങ്കാരങ്ങൾക്കായി തെരഞ്ഞെടുക്കാൻ.
  • ആരോഗ്യമുള്ള പൂക്കൾ മാത്രം മുറിച്ചെടുക്കുക.

റോസാപ്പൂവ്: മൊട്ടായിരിക്കുന്ന അവസ്ഥയിൽ മുറിച്ചെടുക്കാം. ഇതളുകൾ പാതി വിടർന്ന നിലയിലുള്ളതായാലും മതി.

ഫ്ലേഡിയോലസ്: ഏറ്റവും താഴത്തെ ഇതളുകൾ പൂർണ്ണമായും വിടർന്നിരിക്കുന്ന പൂക്കുല തെരഞ്ഞെടുക്കാം.

പാരിജാതം: താഴത്തെ രണ്ടുമൂന്ന് ഇതളുകൾ വിടർന്നിരുന്നാൽ നന്ന്.

ലില്ലിപ്പൂവ്: പാതി വിടർന്ന  അവസ്ഥയിൽ മുറിച്ചെടുക്കാം. കാർണേഷൻ, ഡയൻഥസ്, കാൻഡിടഫ്റ്റ്, ഫ്ളോക്ക്സ് പൂവ് മുതലായവ പൂർണ്ണമായും വിടർന്നശേഷം മുറിച്ചെടുക്കാം.

  • പൂർണ്ണമായും വിടർന്ന പൂക്കൾ വാങ്ങരുത്. കാരണം അവ ഏറെനേരം ഫ്രഷായിരിക്കുകയില്ല.
  • രാത്രിയിലോ വെളുപ്പിനോ പൂക്കൾ ഇറുത്തെടുത്താൽ ഏറെനേരം ഫ്രഷായിരിക്കും. പുറത്തുനിന്ന് വാങ്ങുന്ന പൂക്കൾ വെള്ളത്തിൽ മുക്കിവെയ്ക്കാം. പോളിത്തീൻ കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിന്‍റെ ഏറ്റവുമടിയിലായും സൂക്ഷിക്കാം.
  • നല്ല മൂർച്ചയുള്ള കത്തിയോ, കത്രികയോ ഉപയോഗിച്ച് വേണം പൂക്കൾ മുറിച്ചെടുക്കാൻ.
  • പൂക്കൾ മുറിച്ചെടുത്തയുടൻ വെള്ളത്തിലോ, 300 പി.പി.എം. സാന്ദ്രതയുള്ള സിട്രിക് ആസിഡ് കലർത്തിയ വെള്ളത്തിലോ മുക്കി വെയ്ക്കാം. തണ്ടിന്‍റെ മുക്കാൽഭാഗം മുങ്ങിയിരിക്കണം. ഉറപ്പുള്ള തണ്ടാണെങ്കിൽ അറ്റം ചതച്ച് വെള്ളം നിറച്ച പാത്രത്തിൽ കഴുത്തറ്റംവരെ മുക്കിവയ്ക്കാം.
  • ഉപയോഗിക്കും മുമ്പ് ഇലകളും വെള്ളത്തിൽ ഏതാനും മണിക്കൂറുകൾ മുക്കി വെയ്ക്കണം.
  • പുഷ്പങ്ങൾ അലങ്കരിച്ചു വെയ്ക്കുംമുമ്പ് ഫ്ളവർപോട്ടിൽ നേരിയ ചൂടുവെള്ളം നിറച്ചുവെയ്ക്കാം. തണ്ടിന്‍റെ മുകളറ്റം ഉണങ്ങാതിരിക്കും. വെള്ളം ശുചിയായിരിക്കാൻ അല്പം കരിക്കട്ടകളിട്ടു വെയ്ക്കാം. പിന്നീട് വേണമെങ്കിൽ പ്രിസർവേറ്റീവുകൾ ചേർക്കാം.
  • ഫ്ളവർപോട്ടിലെ വെള്ളം വൃത്തിയുള്ളതായിരിക്കണം. ദിവസവും മാറ്റുകയും വേണം. കൂടാതെ തണ്ടിന്‍റെ അറ്റം അല്പാല്പം മുറിച്ചുമാറ്റിക്കൊണ്ടിരുന്നാൽ പൂക്കൾ ഫ്രഷായിരിക്കും.
  • ഫ്ളവർപോട്ട് വൃത്തിയുള്ളതായിരിക്കണം. അല്ലെങ്കിൽ ബാക്ടീരിയകൾ, പൂപ്പൽ തുടങ്ങിയ സൂക്ഷ്മ ജീവാണുക്കൾ മൂലം തണ്ടുകൾ ചീഞ്ഞുപോകും. പൂക്കൾ വാടിപ്പോവുകയും ചെയ്യും.
  • മുറിച്ചെടുത്ത പൂക്കൾ കടുത്ത വെയിലോ, പ്രകാശമോ ഏല്ക്കാതെ സൂക്ഷിക്കണം.
  • ഫാനിന്‍റെ കാറ്റിലോ എയർകണ്ടീഷണറിന് എതിർവശത്തായോ പുഷ്പാലങ്കാരം വെയ്ക്കരുത്. പൂക്കൾ പെട്ടെന്ന് വാടും.
  • ഫ്ളവർപോട്ട് നല്ല തണുപ്പുള്ള ഇടങ്ങളിൽ വെയ്ക്കാം. പക്ഷേ, ശക്തിയേറിയ കാറ്റ് കൊള്ളിക്കരുത്. മുറിക്കുള്ളിലെ ചൂട് കുറഞ്ഞിരുന്നാൽ പൂക്കൾ ദിവസങ്ങളോളം ഫ്രഷായിരിക്കും.
  • സീനിയ, ഡാലിയ പോലെ അകം പൊള്ളയായ തണ്ടുകളുള്ള പൂക്കൾ മുറിച്ചെടുത്തയുടൻ തണ്ടുകളുടെ അറ്റം അരമിനിറ്റുനേരം തിളച്ചവെള്ളത്തിൽ മുക്കിവെയ്ക്കാം. പൂക്കളുടെ സൗന്ദര്യം ഏറെനാൾ സുരക്ഷിതമായിരിക്കാൻ ഇത് സഹായിക്കും.
  • റോസിന്‍റെയും ഹോളിഹോക്കിന്‍റെയും പോലെ ഉറച്ച തണ്ടുകളുടെ അഗ്രം രണ്ടു തുള്ളി നൈട്രിക് ആസിഡ് കലർത്തിയ വെള്ളത്തിൽ അരമിനിറ്റ് മുക്കിവയ്ക്കാം.
  • പോപ്പി പോലെയുള്ള പൂക്കളുടെ തണ്ടുകൾ മെഴുകുതിരിനാളത്തിൽ വെച്ച് 15 മിനിറ്റുനേരം കരിച്ചശേഷം അലങ്കാരങ്ങൾക്ക് ഉപയോഗിക്കാം.
  • പൂപ്പൽ, അണുക്കൾ എന്നിവയാണ് പൂക്കൾക്ക് ഭീഷണിയാകുന്നത്. ചെമ്പു നാണയമോ കുറഞ്ഞ അളവിൽ കോപ്പർ സൾഫേറ്റോ പൂപ്പാത്രത്തിലിട്ടുവെച്ചാൽ അണുക്കളുടെ ആക്രമണം ഉണ്ടാവുകയില്ല. ചെമ്പ് പൂപ്പാത്രത്തിലോ, വെള്ളിപ്പാ ത്രത്തിലോ പുഷ്പങ്ങൾ അലങ്കരിച്ചു വെയ്ക്കാം.
  • കോപ്പർ സൾഫേറ്റ്, പഞ്ചസാര എന്നിവ കലർത്തിയ വെള്ളത്തിൽ ഡാലിയ, ല്യൂപിൻ, സ്റ്റാക് എന്നിവ ദീർഘനേരം ഫ്രഷായിരിക്കും.
  • ഫ്ളവർ പോട്ടിലെ വെള്ളത്തിൽ അല്പം ഉപ്പോ ആസ്പിരിൻ ഗുളികയോ ഇട്ടുവെച്ചാൽ പൂക്കളുടെ ഫ്രഷ്നസ്സ് ദീർഘനേരം നിലനില്ക്കും.
  • പൂക്കൾ ദൂരസ്ഥലത്തേക്ക് കൊണ്ടു പോകേണ്ടി വരുമ്പോൾ ദ്വാരങ്ങളിട്ട കവറിലോ ന്യൂസ്പേപ്പറിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിലോ ഐസ് ബോക്സിലോ കുറച്ചുനേരം വെയ്ക്കാം.
  • ഡാലിയ, പോപ്പി തുടങ്ങിയ പൂക്കളുടെ തണ്ടുകളിലെ കറയകന്നശേഷം അഗ്രം തിളച്ചവെള്ളത്തിൽ കുറച്ചുനേരം മുക്കി വെയ്ക്കാം. പിന്നീട് അലങ്കാരങ്ങൾക്കായി ഉപയോഗിക്കാം.
  • എമറേലീസ് പൂക്കൾ അരമണിക്കൂർ നേരം പെപ്പർമിന്‍റ് (കർപ്പൂര തുളസിത്തൈലം) ലായനിയിൽ മുക്കി വെയ്ക്കാം. കാൽ ടീസ്പൂൺ പെപ്പർമിന്‍റ് തൈലം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്താണ് ഈ ലായനി തയ്യാറാക്കുന്നത്.
  • കാർണേഷൻ പൂക്കളുടെ തണ്ടുകളിൽ ഉണങ്ങിയ ഉപ്പ് തേക്കാം. പിന്നീട് രണ്ടു മൂന്ന് മിനിറ്റുനേരം തിളച്ച വെള്ളത്തിൽ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തിൽ പൂക്കളടക്കം മുക്കി വെയ്ക്കാം. ഇത് പൂക്കളുടെ ഫ്രഷ്നസ്സ് നിലനിർത്തും.
  • വെള്ളത്തിലായിരിക്കെ തന്നെ താമരപ്പുവിലും തണ്ടിലും ആൽക്കഹോൾ ഇഞ്ചക്ട് ചെയ്യാം. പിന്നീട് കഴുത്തറ്റംവരെ മുങ്ങിയിരിക്കത്തക്കവണ്ണം പൂവ് വെള്ളത്തിൽ മുക്കിവെയ്ക്കുകയോ തണ്ടിന്‍റെ അറ്റം മെഴുകുപയോഗിച്ച് സീൽ ചെയ്ത് വെയ്ക്കുകയോ ചെയ്യാം. മുറിച്ചെടുത്തയുടൻ പൂവ് വെള്ളത്തിൽ മുക്കിവെയ്ക്കണം.
  • ഗാർഡനേയയിൽ വെള്ളം തളിച്ചശേഷം അവയെ എയർടൈറ്റ് സെലോഫിൻ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെയ്ക്കാം. പൂവ് ഫ്രഷായിരിക്കും.
  • പ്ലം ബ്ലോസം പൂക്കളുടെ തണ്ട് അഞ്ചു മിനിറ്റുനേരം തിളച്ചവെള്ളത്തിൽ വെച്ചശേഷം തണുത്തവെള്ളത്തിൽ തണ്ടിന്‍റെ മുകളറ്റം വരെ മുക്കിവെയ്ക്കാം.
  • ആൽക്കഹോൾ ലായനിയിൽ ലില്ലി പൂക്കൾ രണ്ടു മിനിറ്റുനേരം മുക്കിവെച്ച ശേഷം പൂപ്പാത്രത്തിലെ വെള്ളത്തിൽ ഒരു നുള്ള് പുകയില ചേർത്ത് അലങ്കരിച്ചുവെയ്ക്കാം.
  • അലങ്കാര മുള രണ്ടുമിനിറ്റുനേരം തിളച്ച വിനാഗിരിയിൽ വെയ്ക്കാം. പിന്നീട് ഒരു മണിക്കൂർ നേരം തണുത്തവെള്ളത്തിൽ പൂർണ്ണമായും മുക്കിവെയ്ക്കുക.
  • പോൺസെറ്റിയ മൂന്നുമിനിറ്റുനേരം തിളച്ച വെള്ളത്തിൽ വെയ്ക്കുകയോ അഞ്ചുമിനിറ്റുനേരം ഹൈഡ്രോക്ലോറിക് ആസിഡ് സൊല്യൂഷനിൽ വെയ്ക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ മെഴുകുതിരിനാളം ഉപയോഗിച്ച് തണ്ടിന്‍റെ അഗ്രം കരിച്ച ശേഷം വെള്ളത്തിൽ മുക്കിവെയ്ക്കാം. പൂവ് മുറിച്ചെടുക്കേണ്ട തണ്ടിൽ നിന്നും ഏതാനും ദിവസം മുമ്പുതന്നെ ഇലകൾ നീക്കം ചെയ്തിരിക്കണം.
  • പൂക്കളുടെ ഫ്രഷ്നസ് നിലനിർത്താൻ സഹായകമായ രാസവസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ്.

ഇലകൾ ഉപയോഗിക്കാം

ആകർഷകങ്ങളായ വലിയ ഇലകൾ പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കും മുമ്പ് സാന്ദ്രത കുറഞ്ഞ ഉപ്പ് ലായനിയിൽ മുക്കിവെയ്ക്കുക. കൈനാ, വയലറ്റ്, ക്ലേഡിയം ഹൈഡ്രേഞ്ചിയ, വാഴച്ചെടി എന്നിവയുടെ ഇലകൾ തണുത്തവെള്ളത്തിൽ ഏതാനും മണിക്കുറുകൾ മുക്കിവെയ്ക്കണം.

ജല പുഷ്പങ്ങളുടെ സംരക്ഷണം

വാട്ടർ പ്ലാന്‍റർ: കനത്ത തണ്ടോടുകൂടിയ ചെടികൾ ഉപയോഗിക്കുമ്പോൾ താഴത്തെ യറ്റും ചതയ്ക്കുകയോ മുറിച്ചയുടൻ ഉപ്പ് വെള്ളത്തിൽ മുക്കിവെയ്ക്കുകയോ ചെയ്യാം. കുറച്ചുകഴിഞ്ഞ് ആ ഭാഗം കരിച്ചു. കളയാം. ചില പൂക്കളുടെ തണ്ടുകൾ തിളച്ച വെള്ളത്തിൽ മുക്കിവെയ്ക്കുന്നതും ഗുണം ചെയ്യും.

ചെറിയ തണ്ടുകൾ കുറച്ചുസമയം മാത്രം തിളച്ചവെള്ളത്തിൽ വെയ്ക്കുക. തണ്ടിന്‍റെ അറ്റം കരിക്കുമ്പോൾ നനഞ്ഞ ന്യൂസ്പേപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് പൂക്കൾ പൊതിഞ്ഞുവയ്ക്കാൻ മറക്കരുത്.

വാട്ടർ ലില്ലീസ്: ജല പുഷ്പമായ വാട്ടർ ലില്ലി രാവിലെ തന്നെ മുറിച്ചെടുക്കുന്നതാണ് നല്ലത്. അതിനുശേഷം പൂവിന്‍റെ പൊള്ളയായ തണ്ടിനെ മെഴുകുപയോഗിച്ച് അടച്ചശേഷം വെള്ളത്തിൽ മുക്കി വെയ്ക്കാം. പൂവിതളുകൾ രാത്രിയിലും പുതുമയോടെയിരിക്കാൻ ഈ രീതി സഹായിക്കും.

ട്യൂലിപ്സ്: ട്യൂലിപ്സ് പോലെയുള്ള പൂക്കളുടെ തണ്ടുകളുടെ വെളുത്തഭാഗം മുറിച്ചുമാറ്റാം. കാരണം, ട്യൂലിപ്സ് പൂക്കൾ തണ്ടിന്‍റെ പച്ചയായ ഭാഗത്തിലൂടെ ജലം വലിച്ചെടുക്കും.

മാർക്കറ്റിൽ നിന്നുവാങ്ങിയ ട്യൂലിപ്സ് വളയാൻ അനുവദിക്കരുത്. പൂവിന്‍റെ അറ്റത്തുനിന്നും ഒരിഞ്ചുതാഴെയായി പിന്നു കൊണ്ട് ദ്വാരമിട്ടശേഷം പൂക്കളുടെ അഗ്രഭാഗം ഒരു പേപ്പറുപയോഗിച്ച് പൊതിഞ്ഞു വെയ്ക്കാം. ഇനി ഏതാനും മണിക്കൂർ വെള്ളത്തിൽ മുക്കിവെയ്ക്കണം. പൂക്കൾ ഫ്രഷായിരിക്കും…

और कहानियां पढ़ने के लिए क्लिक करें...