മഴക്കാലത്ത് കേശ സംരക്ഷണം അൽപ്പം പ്രയാസമേറിയ കാര്യമാണ്. ഈർപ്പമുള്ള കാലാവസ്‌ഥയിൽ മുടി വല്ലാതെ വരണ്ടതാകാറുണ്ട്. അതുപോലെ താരൻ, മുടിപൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ സാധാരണമായി കണ്ടുവരാറുണ്ട്.
എന്നാൽ ചില ചിട്ടയായ സിംപിൾ റൂട്ടീനിലൂടെ ഈ പ്രശ്നങ്ങളെയകറ്റി മുടിയുടെ ആരോഗ്യവും അഴകും വീണ്ടെടുക്കാം.
- ഫ്രിസി ഹെയറിന് ആഴ്ചയിലോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴോ തലയിൽ ഹെയർ മാസ്കിടാം. 2 വാഴപ്പഴം (ചെറുതാണെങ്കിൽ) ആവശ്യമായ അളവിൽ തേൻ ചേർത്ത് മഷ് ചെയ്‌ത് തലയിൽ 30 മിനിറ്റ് നേരം പുരട്ടിയിരിക്കുക.
- വരണ്ട മുടിയാണെങ്കിൽ 2 ടേബിൾ സ്പൂൺ തൈരും ഒരു മുട്ടയും ചേർത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ശേഷം നെല്ലിക്കപ്പൊടി, തേൻ, ഫ്ളാക്സ്സീഡ് ജെൽ എന്നിവ മിക്‌സ് ചെയ്ത് തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക.
- വരണ്ട മുടിയ്ക്ക് മികച്ചൊരു പരിഹാരമാണ് കയ്യോന്നിയും ചെമ്പരത്തിപ്പൂവ്- ഇല താളിയും. ചെമ്പരത്തി അരച്ചതും തൈരും ചേർത്ത് തലയിൽ അപ്ലൈ ചെയ്‌ത് 30 മിനിറ്റിനു ശേഷം കഴുകി കളയാം.
- 2 ടേബിൾ സ്പൂൺ റീഠ (സോപ്പ് കായ) പൗഡറും ചീവയ്ക്കയും അരലിറ്റർ വെള്ളത്തിൽ ഇട്ട് പിറ്റേന്ന് രാവിലെ തല കഴുകാൻ ഉപയോഗിക്കുക. ശേഷം നല്ലൊരു ഹെയർ കണ്ടീഷണർ ഉപയോഗിച്ച് തല കഴുകാം.
- നനഞ്ഞ മുടി ചീകരുത്, മുടി ഉണങ്ങിയ ശേഷം നന്നായി ചീകി മുടി മെയിന്‍റയിൻ ചെയ്യാം. അതുപോലെ മുടി ടവ്വലിൽ കൂട്ടിപ്പിടിച്ച് പരസ്പരം ഉരസി തുടയ്ക്കുന്നത് ശരിയല്ല.
- അമിതമായി തല ഷാംപൂ ചെയ്യുന്നതും അമിതമായി ഹെയർ സ്റ്റൈലിംഗ് ഉൽപന്നങ്ങൾ പ്രയോഗിക്കുന്നതും താരന് കാരണമാകും. മുടി കൊഴിയുകയും ചെയ്യും.
അന്തരീക്ഷ മലനീകരണം
ഈർപ്പത്തിന്‍റെ സാന്നിധ്യം മുടിയുടെ തിളക്കവും പോഷണവും നഷ്ടപ്പെടുന്നതിന് കാരണമാകും. അത്തരത്തിൽ മാലിന്യങ്ങൾ നിറഞ്ഞ മഴവെള്ളം നനഞ്ഞാൽ തലയിൽ ഫംഗൽ ഇൻഫക്ഷൻ സൃഷ്ടിച്ച് മുടിവേരുകളെ ദുർബലാമാക്കാം. അതുവഴി മുടി കൊഴിയാം.
പോഷക സമ്പുഷ്ടമായ ഭക്ഷണം
പ്രോട്ടീൻ, മിനറൽസ്, കാത്സ്യം റിച്ച് ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മുടി ഹെൽത്തിയും ഇടതൂർന്നതുമാകും. ഒപ്പം ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം. ഡ്രൈ നട്സ് പതിവായി കഴിക്കുക.
മഴ നനഞ്ഞാൽ മുടി കഴുകണം
മഴ നനയേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ വീട്ടിലെത്തിയ ശേഷം മുടി നന്നായി കഴുകുക. മൈൽഡ് ഷാംപൂവോ ഹെർബൽ ഷാംപൂവോ ഉപയോഗിച്ച് മുടി കഴുകണം. ശേഷം നന്നായി തുടച്ച് ഡ്രൈയാക്കാം.
നനഞ്ഞ മുടി കെട്ടരുത്
നനഞ്ഞ മുടി കെട്ടരുത്. മുടി ഉണങ്ങിയ ശേഷം ചീകി കെട്ടി വയ്ക്കാം. നനഞ്ഞ മുടി വലിക്കുകയും പിടിക്കുകയും ചെയ്യുന്നത് മുടി വേരുകളെ ദുർബലമാക്കും. മുടി കൊഴിയാനത് ഇടയാക്കും.
നെല്ലിക്ക മാസ്ക്
നെല്ലിക്ക പൊടി (അരച്ചത്) നാരങ്ങാനീര്, അലോവേര ജെൽ എന്നിവ ഓരോ സ്പൂൺ വീതമെടുത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടി 30-40 മിനിറ്റിനു ശേഷം കഴുകി കളയുക.