“ബർത്ത്ഡേ പാർട്ടി കഴിഞ്ഞുള്ള വരവാണെന്ന് തോന്നുന്നു. മുടിയിൽ ഗ്ലിറ്ററിംഗ്സും പൊടിയും ഒക്കെയുണ്ടല്ലോ?” മുടിയിലെ താരൻ കണ്ടാണ് കൂട്ടുകാരികൾ അർത്ഥം വെച്ചുള്ള ഈ കമന്‍റ് പാസാക്കിയത് എന്ന് രമ്യയ്ക്ക് പിടികിട്ടി.
താരൻ പ്രശ്നം രൂക്ഷമായുള്ളവർ ഡ്രസ്സിംഗിനും മേക്കപ്പിനും ശേഷം മുടി സ്റ്റൈലാക്കാൻ നിക്കണ്ട. ഇതുപോലെ കുറേ കൊള്ളിവാക്കുകൾ കേൾക്കേണ്ടി വരും. മുടി വേരുകളുടെ ആരോഗ്യത്തിലും വൃത്തിയിലും ശ്രദ്ധ നൽകുന്നില്ലെങ്കിൽ സ്കാൽപിൽ മൃതചർമ്മം രൂപപ്പെട്ട് തുടങ്ങും. വെളുത്ത് പൊടിപൊടി ആയി അടർന്നു വീഴുന്ന മൃതചർമ്മമാണ് താരൻ. മുടികൊഴിച്ചിൽ, മുടിക്ക് കട്ടി കുറയുക തുടങ്ങിയ കേശ സംബന്ധമായ പ്രശ്നങ്ങൾ താരൻ മൂലമാണ് ഉണ്ടാകുന്നത്.
ഡ്രൈ സ്കാൽപ്
മഞ്ഞുകാലമാണ് അല്ലെങ്കിൽ മഴക്കാലമാണ്, ചൂടുവെള്ളത്തിൽ മുടി കഴുകി കളയാം... എന്നൊന്നും കരുതല്ലേ. സംഗതി കുഴയും. ചൂട് വെള്ളത്തിൽ കഴുകിയ മുടിയിൽ ഷാംപൂ പുരട്ടുന്നത് ശിരോ ചർമ്മം കൂടുതൽ വരണ്ടതാക്കും. മുടിയിലെ സ്വാഭാവിക എണ്ണമയവും നഷ്ടമാകും. ബ്ലോ ഡ്രൈ ഉപയോഗവും സ്കാൽപ്പിനു ദോഷം ചെയ്യും. ഡ്രൈനെസ്സ് ഒഴിവാക്കുന്നതിന് ലീപ് ഇൻ കണ്ടീഷണർ ഉപയോഗിക്കുക. ഇത് സ്കാൽപ്പിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും.
താരനെ തുരത്തേണ്ടേ
ഗുണ നിലവാരമുള്ള ആന്‍റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് താരന്‍റെ ശല്യം ഒഴിവാക്കാനാകും. താരൻ ശല്യം രൂക്ഷമാകുന്നു എങ്കിൽ സ്കിൻ എക്സ്പെർട്ടിന്‍റെ ഉപദേശം തേടാം.
മുടി ഭംഗിയാക്കാൻ ചെയ്യുന്ന പല കെമിക്കൽ ട്രീറ്റ്മെന്‍റുകളും ശിരോ ചർമ്മത്തിന് ദോഷം വരുത്തുന്നവയാണ്. ഇത്തരം സാഹചര്യത്തിൽ മുടി വേരുകൾ ദുർബലമായി പൊട്ടിപോകാതിരിക്കാൻ സ്കാൽപ്പിൽ ആലോവേര ജോൽ പുരട്ടുക. വിറ്റാമിൻ ഓയിൽ ക്യാപ്സ്യൂൾ നല്ലൊരു സ്കാൽപ്പ് കണ്ടീഷണറാണ്.
ഓയിൽ മസാജ്
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി വേരുകളിൽ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഗുണകരമാണ്. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിക്കും. പേശികൾക്ക് മതിയായ വിശ്രമവും ലഭിക്കും. കേശ വളർച്ച ത്വരിതപ്പെടുത്തും. മുടിയ്ക്ക് തിളക്കവും ആരോഗ്യവും കൈവരാനും ഇത് സഹായകമാണ്.
ഡയറ്റ്
പ്രോട്ടീൻ, മിനറൽസ്, വിറ്റാമിൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പാൽ, ധാന്യങ്ങൾ, പഴങ്ങൾ പച്ചക്കറികൾ ഇവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഡാമേജ് സ്കാൽപ്പ്
മുടിയ്ക്ക് കട്ടി കുറയുക, മുടി കൊഴിച്ചിൽ, മുടി സാവകാശം മാത്രം വളരുക ഇവയൊക്കെ സാധാരണ പ്രശ്നങ്ങളാണ്. ഈവി സ്കാൽപ്പ്, പീലിംഗ് സ്കാൽപ്പ്, താരൻ എന്നിവ മുടിയെ ബാധിക്കുന്ന രൂക്ഷ പ്രശ്നങ്ങളാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണം, ധ്യാനം, യോഗ, വ്യായാമം എന്നിവയ്ക്കൊപ്പം ഗുണ നിലവാരമുള്ള കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ആഴ്ചയിൽ ഒരിക്കൽ ശിരോ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി എക്സ്ഫോളിയേഷൻ സ്ക്രബ് ഉപയോഗിക്കുക. ഹെയർ സ്പാ മാസത്തിൽ ഒരിക്കൽ ചെയ്യുന്നത് ഉപയോഗപ്രദമായിരിക്കും.
ശരിയായ കേശ സംരക്ഷണം
- മുടി പതിവായി കഴുകുക. അഴുക്ക് അടിഞ്ഞു കൂടാൻ അനുവദിക്കരുത്.
- നീന്തലിന് ശേഷം മുടി ഷാംപൂ ചെയ്യാൻ മറക്കരുത്. ക്ലോറിന്‍റെ അംശം കളായിനിത് ഉപകരിക്കും.
- കഴിവതും വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. പുറത്ത് പോകുന്ന അവസരത്തിൽ സൂര്യപ്രകാശം സ്കാൽപ്പിൽ നേരിട്ട് ഏൽക്കാതിരിക്കാൻ സ്കാർഫ് അല്ലെങ്കിൽ കുട ഉപയോഗിക്കാം.
- ശിരോ ചർമ്മം എണ്ണമയം ഉള്ളതാണെങ്കിൽ ദിവസവും എണ്ണ പുരട്ടേണ്ട ആവശ്യമില്ല.
- നല്ല ബ്രാന്‍റഡ് ഹെയർ ബ്രഷ് ഉപയോഗിക്കുക.