ചർമ്മം വൃത്തിയുള്ളതും സൗന്ദര്യമുള്ളതുമാകാൻ ആരാണ് ആഗ്രഹിക്കാത്തത്. കാരണം ഇത്തരത്തിൽ പരിചരിക്കുന്ന ചർമ്മം ആരോഗ്യവും തിളക്കവുമുള്ളതായിരിക്കും. ചർമ്മം ഹൈഡ്രേറ്റഡും തിളക്കവുമുള്ളതായിരിക്കാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഫേസ് സ്റ്റീമിംഗ് അഥവാ മുഖത്ത് ആവി കൊള്ളൽ. ഇത് വീട്ടിൽ തന്നെ അനായാസം ചെയ്യാവുന്ന ഒരു പ്രക്രിയയാണ്. അല്ലെങ്കിൽ പാർലറിൽ പോയി ചെയ്യിക്കാവുന്നതുമാണ്. ചർമ്മ സുഷിരങ്ങൾ തുറന്ന് അകത്ത് അടിഞ്ഞു കൂടിയ അഴുക്കിനെയും മെഴുക്കിനെയും പുറന്തള്ളി ചർമ്മത്തെ സുന്ദരവും തിളക്കവുമുള്ളതും ഹൈഡ്രേറ്റഡുമാക്കുകയാണ് ഇത് ചെയ്യുക.
ഒപ്പം രക്തയോട്ടം വർദ്ധിപ്പിച്ച് മുഖത്തിന് പുത്തൻ തിളക്കം നൽകുകയും ചെയ്യും.
എങ്ങനെ ഫേസ് സ്റ്റീമിംഗ് ചെയ്യാം
മുഖചർമ്മം ഹൈഡ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വെള്ളത്തിൽ തുല്യ അളവിൽ കാമോമൈൽ പൂക്കളും റോസാപ്പൂവിതളുകളും ഇട്ട് അതിൽ അല്പം നാരങ്ങാനീരും ചേർത്ത് 10 മിനിറ്റ് നേരം ആവി കൊള്ളാം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും.
എങ്ങനെയാണ് പ്രവർത്തിക്കുക
കാമോമൈലിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് മൂലികകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും മോചിപ്പിച്ച് ആരോഗ്യമുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ചർമ്മത്തിന് പുത്തൻ തിളക്കം പകരുകയും ചെയ്യും. റോസാപ്പൂവിതളുകളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കത്തെ നിലനിർത്തി ചർമ്മത്തിലെ ഈർപ്പത്തെ നഷ്ടപ്പെടാതെ പരിരക്ഷിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ നാരങ്ങാ നീര് ചർമ്മത്തെ ഡീറ്റോക്സ് ചെയ്യും.
തണുപ്പ് പകരാൻ
ചർമ്മത്തിന് നല്ല കുളിർമയും ആശ്വാസവും ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വെള്ളത്തിൽ കാമോമൈൽ ടീ ബാഗും കുക്കുംബർ കഷ്ണങ്ങളും ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിലും ചേർത്ത് 10- 15 മിനിറ്റ് നേരം ആവി പിടിക്കാം. മിനിറ്റുകൾക്കുള്ളിൽ തന്നെ ചർമ്മത്തിൽ നല്ല വ്യത്യാസം ഉണ്ടാകുന്നത് അറിയാൻ കഴിയും.
കുക്കുംബറിൽ ഉള്ള ഓക്സിഡന്‍റുകൾ ചർമ്മത്തിന് ഉടനടി തണുപ്പ് പകരും. ഇതുവഴി ചർമ്മത്തിലെ നീർവീക്കത്തെയും ചുവന്ന തിണർപ്പിനെയും നിശ്ശേഷം മാറ്റുകയും ചെയ്യും. കാമോമൈൽ ടീ യിൽ ആന്‍റി ഇൻഫ്ളമേറ്ററി മൂലികകൾ ഉള്ളതിനാൽ ചർമ്മത്തിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നത്തെ അകറ്റി ഹീലിംഗ് പ്രക്രിയയെ വേഗത്തിലാക്കും. എസ്സെൻഷ്യൽ ഓയിൽ ആകട്ടെ ചർമ്മ ഘടനയെ മെച്ചപ്പെടുത്തി ചർമ്മത്തിന് കുളിര് പകരും.
ഡീറ്റോക്സ് യുവർ സ്കിൻ
അഴുക്കും അന്തരീക്ഷ മലിനീകരണവും മൂലം ചർമ്മത്തിൽ കുരുക്കളും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം അവസ്‌ഥയിൽ സ്റ്റീം ചെയ്യുന്നത് ചർമ്മത്തെ ഡീറ്റോക്സ് ചെയ്യാൻ സഹായിക്കും. അതുവഴി ചർമ്മത്തിന് നൈസർഗികമായ തിളക്കം ലഭിക്കുകയും ചെയ്യും. ചൂട് വെള്ളത്തിൽ നാരങ്ങാ കഷ്ണങ്ങളും ഗ്രീൻ ടീ ബാഗും ഇട്ട് മുഖത്ത് ആവി കൊണ്ട് ഡീറ്റോക്സ് ചെയ്യാം. ഡീറ്റോക്സ് ചെയ്യുന്നതിലൂടെ ചർമ്മത്തിലെ പ്രശ്നങ്ങൾ മാറി കിട്ടും.
ഗ്രീൻ ടീയിൽ ടാനിൻ, ആസ്ട്രിജന്‍റ് ആയി പ്രവർത്തിച്ച് കണ്ണിന് ചുറ്റുമുള്ള വീക്കത്തെ ഇല്ലാതാക്കുന്നതിനൊപ്പം ചർമ്മത്തിന് മുറുക്കം പകർന്ന് ചെറുപ്പമുള്ളതാക്കുന്നു. നാരങ്ങാ കഷ്ണങ്ങൾ ഡീറ്റോക്സ് ചെയ്യുന്നതിനൊപ്പം പിഗ്മെന്‍റേഷനെ ഇല്ലാതാക്കും.