ഏത് പെൺകുട്ടിയേയും അലട്ടുന്ന പ്രശ്നമാണ് മുടിയുടെ തിളക്കമില്ലായ്മയും കട്ടികുറവും. എന്നാൽ അതിന് ഫലപ്രദമായ ചില പരിഹാര മാർഗ്ഗങ്ങളുമുണ്ട്. മുടി സുന്ദരവും കട്ടിയുള്ളതുമായി തീരും.
ആദ്യം സ്വന്തം ദിനചര്യ
ആഴ്ചയിൽ 3 തവണ ഗുണനിലവാരമുള്ള ഷാംപൂ ഉപയോഗിച്ചു മുടി വൃത്തിയാക്കാം. എന്നാൽ സൾഫേറ്റ് അടങ്ങിയ ഷാംപൂവിന്‍റെ തുടർച്ചയായ ഉപയോഗം മുടിക്ക് ദോഷമുണ്ടാക്കും. അതുകൊണ്ട് മുടിയുടെ ശരിയായ പരിചരണത്തിന് സൾഫേറ്റ് അടങ്ങാത്ത ഉത്പന്നം തെരഞ്ഞെടുക്കാം. ഇതിന് പുറമെ കണ്ടീഷണർ കൂടി ഉപയോഗിക്കാം. മുടിക്ക് ഈർപ്പവും പോഷണവും പകരുന്നതിന് കണ്ടീഷണർ മികച്ചതാണ്. മുടിയെ അത് പട്ടുപോലെ മൃദുലമാക്കും.
ഷാമ്പൂവും കണ്ടിഷണറും ഉപയോഗിക്കുമ്പോഴും മുടിയിൽ എണ്ണ പുരട്ടാൻ മറക്കരുത്. പണ്ടുകാലം തൊട്ടെ തലയിൽ എണ്ണ പുരട്ടുന്ന രീതിയുണ്ട്. മുടിക്ക് തിളക്കം പകരുന്നതിനൊപ്പം മുടിയുടെ വളർച്ചയ്ക്കും എണ്ണ സഹായകമാണ്. ആദ്യം 5-10 മിനിറ്റു നേരം തല സാധാരണ മസാജ് ചെയ്‌തശേഷം അൽപം എണ്ണ കയ്യിലെടുത്ത് തലമുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. മികച്ച ഫലത്തിന് വെളിച്ചെണ്ണയോ എള്ളെണ്ണയോ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം തലകഴുകുക.
വീട്ടിൽ തന്നെ സൗന്ദര്യ പരിചരണം
വളരെ കുറച്ച് മുടിയോ ചുരുണ്ട മുടിയോ ഉള്ളവർക്കു അവോക്കാഡോ - മുട്ട മാസ്ക്ക് മികച്ചതാണ്. അവോക്കാഡോയിൽ ആവശ്യമായ അളവിൽ കൊഴുപ്പും വിറ്റാമിൻ ഇ യുമുണ്ട്. എന്നാൽ മുട്ടയിലുള്ള പ്രോട്ടീൻ മുടിക്ക് ബലം പകരുന്നു. ഈ മാസ്ക്ക് മുടിയിൽ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകുക. മുടി മൃദുലമാകും. മുടി ചുരുളിച്ച കുറയും. മുടിയുടെ അഴകിനും ആരോഗ്യത്തിനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചികിത്സയുണ്ട്.
മുട്ട - അവോക്കാഡോ മിക്സിൽ ഇഞ്ചി സത്തും ചെമ്പരത്തി ഇല അരച്ചതും എള്ളെണ്ണയും ചേർക്കുക. വീട്ടിൽ തലേന്ന് രാത്രി ഇഞ്ചി സത്ത് തയ്യാറാക്കുക. അതിൽ ചെമ്പരത്തിയില അരച്ചത് ചേർത്ത് ഒരു രാത്രി വയ്ക്കുക. പിന്നീട് ഇതിൽ എള്ളെണ്ണ ഒഴിച്ച് മാസ്ക്ക് തയ്യാറാക്കാം. ഇത് തലയിൽ പുരട്ടുക. 45 മിനിറ്റിനു ശേഷം തല കഴുകുക. മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ 2-3 തവണ ചെയ്യുക.
റൂട്ട്സ് ലൈറ്റ് തെറാപ്പി
ഏറ്റവും നവീനമായ സാങ്കേതിക വിദ്യയാണിത്. റൂട്ട്സ് ലൈറ്റ് തെറാപ്പിയിൽ വളരെ തീവ്രത കുറഞ്ഞ പ്രകാശം ഉപയോഗിച്ചാണ് ചികിത്സ നടത്തുക. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ മുടിക്ക് കട്ടി പകരുന്നു. വേദന രഹിതവുമാണ്. ഒട്ടും പാർശ്വഫലങ്ങളില്ലാത്ത വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യയാണിത്. ഈ കുറഞ്ഞ ഊർജ്‌ജമുള്ള പ്രകാശം മുടി വേരുകളിൽ പ്രവേശിച്ച് അവയെ ഉത്തേജിപ്പിക്കുന്നു. അതോടെ മുടി വളർച്ച ത്വരിതമാകുന്നു.