ചെറുപ്പം മുതലേ സ്വപ്നം കാണുന്ന ഒന്നാണ് വിവാഹ ദിനം. ഈ ദിനം എന്നും ഓർമ്മിക്കപ്പെടുന്നതിന് ചർമ്മം തിളക്കമുള്ളതും സുന്ദരവുമായിരിക്കണം. അതിന് വിവാഹത്തിന് മുന്നോടിയായുള്ള ചർമ്മ പരിപാലനം ആവശ്യമാണ്. വിവാഹത്തിന് മുമ്പുള്ള ചർമ്മ സംരക്ഷണം പതിവ് ചർമ്മ സംരക്ഷണ ദിനചര്യകൾക്ക് അപ്പുറമുള്ളതായതിനാൽ വളരെയധികം പരിശ്രമം ആവശ്യമായി വരും. ബ്രൈഡൽ സ്കിൻ കെയർ ദിനചര്യകൾ വീട്ടിൽ അനായാസം ചെയ്യാവുന്നതാണ്. ഭക്ഷണക്രമം, സൗന്ദര്യ പരിചരണ രീതികൾ തുടങ്ങിയ എല്ലാ വശങ്ങളും അതിൽ ഉൾക്കൊള്ളിക്കണം.
നല്ല മേക്കപ്പ് എന്നത് നല്ലൊരു പരിഹാരമാണ്. എന്നാൽ മുഖത്തെ സ്വാഭാവിക തിളക്കം ലുക്കിനെ മൊത്തത്തിൽ മാറ്റിമറിക്കും. അതൊരു പ്ലസ് പോയിന്‍റാണ്. പിന്നീട് വിവാഹ ആൽബത്തിലെ സ്വന്തം ചിത്രങ്ങൾ കാണുമ്പോൾ തന്നോടുതന്നെ സ്നേഹം തോന്നി പോകാം.
വിവാഹത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ചെയ്‌തു തുടങ്ങാം. വിവാഹത്തിന് 3 മാസം മുമ്പ് തുടങ്ങാവുന്ന വധുവിനുള്ള ചില സ്കിൻ - ഹെയർ, ബ്യൂട്ടി കെയർ ടിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ക്ലീനിംഗ്, ടോണിംഗ്, മോയ്സ്ച്ചറൈസിംഗ് (സിടിഎം)
വിവാഹത്തിന് മുമ്പുള്ള ചർമ്മ സംരക്ഷണ ദിനചര്യയിൽ പരമ പ്രധാനമായി ശ്രദ്ധിക്കേണ്ട അടിസ്‌ഥാന കാര്യങ്ങളാണിവ. എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും രാവിലെയും രാത്രിയും ചർമ്മ സംരക്ഷണ ദിനചര്യകൾ നിർബന്ധമായി പിന്തുടരണം. വൃത്തിയുള്ള ചർമ്മം, സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യും.
ടോണിംഗ്: ടോണിംഗ് ഒരു പരിധി വരെ സൂക്ഷ്മമായ വരകൾ കുറയ്ക്കുകയും സുഷിരങ്ങൾ മുറുക്കുകയും ചെയ്യുന്നു. മോയ്സ്ച്ചറൈസ് ചെയ്യുന്നതിലൂടെ സുഷിരങ്ങളിൽ ഈർപ്പം നിലനിർത്തി ചർമ്മത്തെ മൃദുലവും സ്നിഗ്ധവും ആക്കും. വിവാഹത്തിന് മുമ്പുള്ള ബ്രൈഡൽ റൂട്ടിനിൽ ഇവയൊന്നും ഇല്ലാതിരിക്കുന്നത് ചർമ്മ പരിപാലനത്തെ അപൂർണ്ണമാക്കും. നൈറ്റ് ക്രീം, നൈറ്റ് ജെൽ, ബ്രൈറ്റനിംഗ് സെറം എന്നിവ റൂട്ടിനിൽ ഉൾപ്പെടുത്തുക. പുറത്ത് പോകുന്നതിന് 20-30 മിനിറ്റ് മുമ്പെങ്കിലും സൺസ്ക്രീൻ നിർബന്ധമായും പുരട്ടിയിരിക്കണം.
എക്സ്ഫോളിയേഷൻ: വധുക്കൾക്കുള്ള ബ്യൂട്ടി റൂട്ടിനിൽ എക്സ്ഫോളിയേഷൻ നിർബന്ധമാണ്. കാരണം ഇത് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുകയും മൃതകോശങ്ങളിൽ നിന്ന് ചർമ്മത്തെ മുക്തമാക്കുകയും ചെയ്യുന്നു.
വീര്യം കുറഞ്ഞ എക്സ്ഫോളിയേറ്റർ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാം. എന്നാൽ വീര്യം കൂടിയവ ചർമ്മത്തിന് ദോഷം ചെയ്യും. അരിപ്പൊടി, ഗോതമ്പ് പൊടി, ഓട്ട്മീൽ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സ്ക്രബ്ബ് ഏറ്റവും മികച്ചതാണ്. ഇത് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം.
ഒരു കപ്പ് പഞ്ചസാര, അര കപ്പ് ഒലീവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്‌ത് മുഖത്തും ശരീരത്തിലും പുരട്ടി 2-3 മിനിറ്റ് സ്ക്രബ് ചെയ്‌ത് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.
ഫേസ് പായ്ക്ക്
മറ്റൊരു പ്രധാന കാര്യം ഫേസ്പായ്ക്കാണ്. വീട്ടിൽ മികച്ച ഫേസ് പായ്ക്കുകൾ തയ്യാറാക്കി ഉപയോഗിക്കാം.