ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരൽപം വൈൻ ആവാം അല്ലെ... തെറ്റിദ്ധരിക്കേണ്ട ഡ്രിങ്കായല്ല, മറിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരുഗ്രൻ ഫേഷ്യലാണെന്നു മാത്രം. ചോക്ലേറ്റ്, ഓറഞ്ച്, ഫ്രൂട്ട് ഫേഷ്യൽ പോലെ തന്നെ വൈൻ ഫേഷ്യലിനും ഇന്ന് പ്രിയമേറുകയാണ്. വൈൻ തെറാപ്പിയിൽ വൈൻ സ്പെഷ്യൽ, വൈൻ റാപ്പ്, വൈൻ ബാത്ത്, വൈൻ സ്ക്രബ്ബ് എന്നിങ്ങനെ പല സൗന്ദര്യ ചികിത്സാരീതികളുണ്ട്. ഇതിനായി റെഡ് വൈൻ, വൈറ്റ് വൈൻ, റോസ് വൈൻ എന്നിവയാണ് ഉപയോഗിക്കുന്നത്. വൈനിനൊപ്പം പലതരം ഔഷധികൾ, പൂക്കൾ, സുഗന്ധ തൈലങ്ങൾ ചേർക്കാറുണ്ട്.
രക്തചംക്രമണം വർദ്ധിപ്പിച്ച് പ്രായാധിക്യം തടഞ്ഞു നിർത്തുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. കറുത്ത മുന്തിരിയിൽ പ്രധാനമായും വിറ്റാമിൻ ഇ, ആന്‍റാസിനോസയ്‌ഡ്‌സ്, പോളിഫിനോൾ, പ്രോസിയാനിഡോർസ്, ആന്‍റി ഓക്സിഡന്‍റ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈൻ ആന്‍റിസെപ്റ്റിക്കാണെന്നതിനു പുറമേ ചർമ്മത്തിലുണ്ടാവുന്ന നീരും ചുളിവുകളും കുറയ്ക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കി ചർമ്മം മൃദുലകോമളമാക്കും. വൈൻ ഇഷ്‌ടമാണോ? എങ്കിൽ ചർമ്മത്തിന് വൈൻ വിരുന്നൊരുക്കി സുന്ദരിയാവാൻ ഒരുങ്ങിക്കോളു.
വൈൻ ഫേഷ്യൽ
വൈനിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്‌ത് മൃദുത്വം പകരുന്നതിനു വൈൻ ഫേഷ്യൽ അത്യുത്തമമാണ്. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് പല ചേരുവകൾ ചേർത്താണ് വൈൻ ഫേഷ്യൽ ചെയ്യുന്നത്.
റെഡ് വൈനിൽ പ്രായാധിക്യം തടയുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. വൈറ്റ് വൈൻ ഫേഷ്യൽ ചർമ്മം കൂടുതൽ ടൈറ്റാവുന്നതിനു സഹായിക്കുന്നു. ചർമ്മത്തിലെ രോമകൂപങ്ങൾ വൃത്തിയാക്കുമെന്നു മാത്രമല്ല മുഖക്കുരു ശല്യവും തടയുന്നു. സെൻസിറ്റിവ് സ്‌കിന്നിന് വൈനിൽ റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. വരണ്ട ചർമ്മക്കാർ വൈനിൽ ബദാം പേസ്‌റ്റ് ചേർത്ത് ഉപയോഗിക്കുന്നതും ഗുണകരമാണ്. എണ്ണമയമുള്ള ചർമ്മത്തിന് വൈനിൽ അലോവെര ജ്യൂസ് ചേർത്ത ഫേഷ്യൽ ചെയ്യുന്നതും ഉചിതമായിരിക്കും.
മറ്റു പ്രയോജനങ്ങൾ
- ചർമ്മം സ്നിഗ്ദ്ധവും തിളക്കമുള്ളതുമായി തീരും. മാനസിക സമ്മർദ്ദം അകറ്റുന്നതിനും ഉത്തമമത്രേ!
- മുഖത്തെ ചുളിവുകൾ പെട്ടെന്ന് അകറ്റാനാവും.
- ചർമ്മത്തിനാവശ്യമായ ഓക്സിജൻ നൽകും.
- വൈറ്റ് വൈനിലടങ്ങിയ ആൽഫാ ഹൈ ഡ്രോക്സിൻ ആസിഡുകൾ വരണ്ട ചർമ്മത്തിനു ഗുണകരമാണ്. ഇത് ചർമ്മത്തിനു മൃദുത്വം പകരും.
- എണ്ണമയമുള്ള ചർമ്മത്തിനു റെഡ് വൈൻ ഫേഷ്യലാണ് അനുയോജ്യം.
- ഔഷധഗുണങ്ങളടങ്ങിയിട്ടുണ്ടെന്നതിനാൽ നീരുവീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വൈൻ ഫേഷ്യൽ വീട്ടിൽ ചെയ്യാം
- മുഖം നന്നായി കഴുകിയ ശേഷം മോയ്സ്‌ചറൈസർ പു രട്ടുക. 5-7 മിനിറ്റിനുശേഷം പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക.
- മുഖത്ത് അഞ്ചുമിനിറ്റ് ആവി കൊള്ളിക്കണം. മുഖത്തെ രോമകൂപങ്ങൾ തുറക്കാനാണിത്.
- സ്റ്റീമിംഗിനു ശേഷം വൈൻ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കണം. മുഖത്ത് പതിയെ മസാജ് ചെയ്യുക. മുഖപേശികൾ റിലാക്സായ ശേഷം പഞ്ഞികൊണ്ട് മുഖം തുടയ്ക്കുക.
- ഇനി വൈൻ ഫെയ്‌സ് മാസ്ക‌് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.
ഫെയ്‌സ് മാസ്ക്ക് തയ്യാറാക്കുന്നതിന്
വരണ്ട ചർമ്മക്കാർക്ക്: 3 ടേബിൾ സ്‌പൂൺ റെഡ് വൈൻ, അര ടേബിൾ സ്‌പൂൺ അലോവെര ജെൽ, ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവ മിക്‌സ് ചെയ്യുക. ഇതിൽ രണ്ടു തുള്ളി ലാവൻഡർ ഓയിൽ ചേർത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.