വരണ്ട ചർമ്മം ഇല്ലാതാക്കാൻ മിക്കവരും പലതരം മാസ്കുകൾ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ അതിന്‍റെ ഫലം കുറിച്ച് നേരമെ നീണ്ടു നിൽക്കൂ. ചർമ്മത്തിന് ദീർഘകാലം ഈർപ്പവും സ്നിഗ്ദ്ധതയും പകരുന്ന ചില ഹോം നാച്ചുറൽ മാസ്കുകൾ.
അലോവേര ഫേസ്മാസ്ക്
ശരീരത്തിനും ചർമ്മത്തിനും ഗുണമേകുന്നതും ധാരാളം ഔഷധഗുണമുള്ളതുമായ ഒന്നാണ് അലോവേര അഥവാ കറ്റാർ വാഴ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് മുഖത്തുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റും. അലോവേര ഉപയോഗിക്കുക വഴി മുഖത്ത് ഈർപ്പം ഉണ്ടാകും. ഒപ്പം പോഷണവും ലഭിക്കും. ഇതു കൊണ്ടുള്ള മാസ്ക് തയ്യാറാക്കുന്നതിന് കറ്റാർവാഴയുടെ ജെൽ ആവശ്യമാണ്. കറ്റാർവാഴ ജെല്ലിൽ കുക്കുംബർ ജ്യൂസ് ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുക. അൽപ്പ സമയം കഴിഞ്ഞ് മുഖം കഴുകാം. ചർമ്മത്തിന്‍റെ വരൾച്ചയകലും ഒപ്പം ചർമ്മത്തിനത് ഗ്ലോ പകരും.
അവോക്കാഡോ ഫേസ്മാസ്ക്
പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രദം തന്നെയാണ്. പഴങ്ങൾ കഴിക്കുക വഴി ആരോഗ്യം മികച്ചതായും മുഖത്ത് നല്ല തിളക്കവുമുണ്ടാകും. പോഷകമൂല്യം നിറഞ്ഞതാണ് അവോക്കാഡോ. അത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തും. ഡ്രൈ, ഡാമേജ് ആയ ചർമ്മത്തെ നീക്കി ചർമ്മത്തിന് ഇത് മൃദുത്വം പകരും. അവോക്കാഡോ ഫേസ് മാസ്ക് തയ്യാറാക്കാൻ 2 സ്പൂൺ നന്നായി ഉടച്ച അവോക്കാഡോയിൽ ഒരു സ്പൂൺ തേൻ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മിക്‌സ് ചെയ്യണം മുഖം വൃത്തിയാക്കിയ ശേഷം ഈ മാസ്ക് അപ്ലൈ ചെയ്യാം. 10 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം കൊണ്ട് മുഖം കഴുകാം.
സ്ട്രോബറി ഫേസ്മാസ്ക്
ചർമ്മം മൃദുലമാകുക മാത്രമല്ല മറിച്ച് തിളക്കമുള്ളതായി കാണപ്പെടാനും സ്ട്രോബറി മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വരൾച്ചയെ അകറ്റും. ഇത് ഉപയോഗിക്കുക വഴി ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഡെഡ് സെൽസിനെ നീക്കം ചെയ്യും. സ്ട്രോബറി ഫേസ് മാസ്ക് തയ്യാറാക്കാൻ 2-3 സ്പൂൺ സ്ട്രോബറി പൾപ്പ് എടുത്തതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഓട്സ് ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 20 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. ആഴ്ചയിൽ മാസ്ക് 2 തവണ അപ്ലൈ ചെയ്യുക.
പപ്പായ ഫേസ്മാസ്ക്
ആരോഗ്യത്തിനും അഴകിനും പപ്പായ മികച്ചതാണ്. ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് അഴക് നിലനിർത്തുന്നതിനും മികച്ചതാണ്. ചർമ്മത്തിലുള്ള ഡെഡ് സെല്ലുകളെയും പാടുകളെയും നീക്കം ചെയ്യാനിത് സഹായിക്കും. പപ്പായ മാസ്കിനായി ഒരു കപ്പ് പപ്പായ പൾപ്പെടുക്കുക. ഇതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് മുഖത്ത് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം മുഖം കഴുകാം. ആഴ്ചയിൽ 2 തവണ ഈ മാസ്കിടാം.
ബനാന - സാൻഡൽ ഫേസ്മാസ്ക്
ബനാന ഫേസ്മാസ്ക് ചർമ്മം വരളുന്നത് തടയാൻ മികച്ചതാണ്. ചർമ്മത്തിനിത് തിളക്കവും പകരും. അതുപോലെ ചുളിവുകളും അകറ്റും. ചർമ്മത്തിന് മുറുക്കവും ലഭിക്കാനിത് സഹായിക്കും. ബനാന ഫേസ്മാസ്ക് തയ്യാറാക്കാനായി നല്ലവണ്ണം പഴുത്ത പഴം നന്നായി ഉടച്ചെടുക്കുക. അതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഒലീവ് ഓയിൽ, അര സ്പൂൺ സാൻഡൽ പൗഡർ ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ഈ മാസ്ക് മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളം കൊണ്ട് വാഷ് ചെയ്യാം.