17 സ്റ്റൈലിംഗ് ടിപ്സ്

ലുക്കിൽ അടിമുടി മാറ്റം വരുത്തി സൂപ്പർ ഡ്യൂപ്പർ ഫാഷനബിളാകാൻ തയ്യാറായിക്കോളൂ. എങ്ങനെയെന്നല്ലേ? റെഗുലർ ഔട്ട് ഫിറ്റിൽ കിടിലനൊരു ചേഞ്ച് വരുത്തി അണിഞ്ഞു നോക്കൂ. ഒപ്പം ചുവടെ കൊടുത്തിരിക്കുന്ന സ്റ്റൈലൻ രീതികളും ഫോളോ ചെയ്ത് നോക്കൂ…. വൗ വണ്ടർഫുൾ! എന്ന് നിങ്ങൾക്കും സ്വയം തോന്നും.

1. ഫുൾസ്ലീവ് കാഷ്യൽ ഷർട്ട്, ടീഷർട്ട് അല്ലെങ്കിൽ ടോപ്പ് ആണ് അണിയുന്നതെങ്കിൽ അതിന്‍റെ കൈ 2-3 ഫോൾഡാക്കി ത്രീഫോർത്ത് സ്ലീവാക്കുക. ഇതുപോലെ ത്രീഫോർത്ത് സ്ലീവാക്കാം. വളരെ നിസാരമായ കാര്യമാണെങ്കിലും ഇത് നിങ്ങൾക്ക് റിച്ച് ഫാഷനബിൾ ലുക്ക് നൽകും.

2. ഷോർട്സ്, ടീഷർട്സ് എന്നിവയുടെ സ്ലീവ്സ് പോലെ ജീൻസ്, ജെഗ്ഗിൻസ്, പാന്‍റ് എന്നിവ റഗുലർ സ്റ്റൈലിൽ ധരിക്കുന്നതിന് പകരം ബോട്ടം ശരിയായി ഫോൾഡ് ചെയ്ത് സിംഗിൾ അല്ലെങ്കിൽ ഡബിൾ കഫ് തയ്യാറാക്കാം. സ്പോർട്ടി ഫാഷൻ ലുക്ക് കിട്ടാൻ ഈ സ്റ്റൈൽ യോജിച്ചതാണ്.

3. ടീഷർട്ട്, ഷർട്ട്, ഷോർട്ട്, ലോംഗ് എന്നീ ഡ്രസ്സിനൊപ്പം ജാക്കറ്റ് അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജാക്കറ്റ് ധരിക്കുന്നതിന് പകരം ജാക്കറ്റ് വെറുതെ ചുമലുകളിൽ ഹാംഗ് ചെയ്‌തിട്ട് സ്ലീവ്സ് ഫ്രീയായിടുക. ഈ ന്യൂ സ്റ്റൈൽ ആരേയും ആകർഷിക്കും.

4. ഹ്യൂജ് സൈസിനൊപ്പം സ്മോൾ സൈസ് ഔട്ട് ഫിറ്റ് കോംബിനേഷനും ഫാഷനബിൾ ലുക്ക് നൽകും. ഉദാ: ക്രോപ് ടോപ്പിനൊപ്പം പലാസോ, ഷോർട്ട് ഷർട്ടിനൊപ്പം ലെയേഡ് ഷർട്ട്, ഷോർട്സിനൊപ്പം ഓവർസൈസ് ടോപ്പ്, ഷോർട്ട് ഡ്രസ്സിനൊപ്പം നീ അല്ലെങ്കിൽ ആംഗിൾ ലെംഗ്ത് ജാക്കറ്റ് അല്ലെങ്കിൽ ഷ്രഗ് കൂളായി അണിയാം.

5. ഇനി ഫുൾവൈറ്റ് ലുക്കിലും ഏറെ ഫാഷനബിളാകാം. ഉദാ: വൈറ്റ് ജീൻസിനൊപ്പം വൈറ്റ് ഷർട്ട് അണിഞ്ഞാൽ ലുക്ക് സൂപ്പറായി. ഒപ്പം വൈറ്റ് ഫൂട്‍വിയറും വൈറ്റ് ഹാൻഡ് ബാഗും കൂടി ക്യാരി ചെയ്‌താൽ പിന്നെ പറയാനുണ്ടോ? എന്നാൽ വാച്ച്, ഇയർറിംഗ്സ്, നെക്ക് പീസ്, കഫ് തുടങ്ങി ബാക്കിയുള്ള ആക്സസറീസ് കളർഫുൾ ആയിരിക്കും.

6. ഫാഷനബിളാകാൻ മറ്റൊരു ചെപ്പടി വിദ്യയുമുണ്ട്. വൈറ്റ്- ബ്ലാക്ക്, ഗ്രീൻ-റെഡ് തുടങ്ങിയ കോമൺ കോമ്പിനേഷൻ ധരിക്കുന്നതിന് പകരം അൺകോമൺ ഷെയിഡ്സ് കോംബിനേഷൻ ട്രൈ ചെയ്യാം. ഉദാ: ബേബി ബ്ലൂവിനൊപ്പം ഡീപ്യെല്ലോ, ഇൻഡിഗോ, പ്ലം മസ്റ്റാറ്റ് ഷെയിറ്റ്, പർപ്പിൾ- റെഡ്, ഡാർക്ക് ബ്ലൂ- ഡീബ്ലൂ, ഓറഞ്ച് – യെല്ലോ തുടങ്ങിയ കോംബിനേഷനുകൾ ഈസിയായി ക്യാരി ചെയ്‌തോളൂ. വാട്ട് എ കൂൾ യാർ എന്ന് കൂട്ടുകാർ ആർത്തുവിളിക്കും.

7. പ്രിന്‍റഡ് ഔട്ട്ഫിറ്റിനൊപ്പം സിംഗിൾ ഷെയ്ഡ് വിയർ കോംബിനേഷൻ നിങ്ങളെ മിസ് ബ്യൂട്ടിഫുള്ളാക്കും. ഉദാ: പ്ലെയിൻ വൈറ്റ് ടോപ്പിനൊപ്പം പ്രിന്‍റഡ് സ്കർട്ട് അണിഞ്ഞു നോക്കൂ. അതുപോലെ പ്രിന്‍റഡ് പാന്‍റിനൊപ്പം പ്ലെയിൻ വൈറ്റ്, ഓഫ് വൈറ്റ് അല്ലെങ്കിൽ യെല്ലോ ഷർട്ട്, പ്രിന്‍റഡ് ഡ്രസ്സിനൊപ്പം സിംഗിൾ ഷെയ്ഡ് എന്നിവയും ട്രൈ ചെയ്യാം.

8. ഡിഫറന്‍റ്  ഔട്ട് ഫിറ്റിനൊപ്പം സ്കാർഫ്, സ്റ്റോൾ, ഷോൾ കോംബിനേഷൻ സൂപ്പർ കളർഫുൾ ലുക്ക് നൽകും. ഉദാ: വെസ്റ്റേൺ ടോപ്പ് അല്ലെങ്കിൽ ടീ ഷർട്ടിനൊപ്പം സ്കാർഫ് കഴുത്തിലൂടെ ചുറ്റിയിട്ട് സ്റ്റൈലിഷാകാം. ഇന്ത്യൻ ട്യൂണിക്ക് – കുർത്തിക്കൊപ്പം സ്റ്റേൾ വൺസൈഡായി തോളിൽ തൂക്കിയിട്ടു നോക്കൂ. സാരിയാണെങ്കിൽ ഷാൾ രണ്ട് ശത്തുമായി ഇട്ട് കവർ ചെയ്‌തുനോക്കൂ. സൂപ്പർ… അല്ലേ.

9. ബെൽറ്റ്, നോട്ട്, റിബൺ എന്നിവ പേഴ്സണാലിറ്റിയെ സ്റ്റൈലിഷ് ആക്കും. ഉദാ: സ്കിന്നി ജീൻസിനൊപ്പം തിൻ ബൈൽറ്റ് അണിയുന്നത്. ഷോർട്സ് അല്ലെങ്കിൽ ലോംഗ് ഡ്രസ്സിന് മുകളിൽ ബ്രോച്ച് ഉള്ള ബെൽറ്റ് ധരിക്കാം. സ്കർട്ട് പലാസോയ്ക്ക് ഒപ്പം റിബൺ കെട്ടാം. ബോൾഡ് ഷെയിഡ്സിലുള്ള ബെൽറ്റ് തെരഞ്ഞെടുക്കാം. ഇത് പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യും.

10. സ്വന്തം പേഴ്സണാലിറ്റിയ്ക്ക് ഫാഷനബിൾ ടച്ച് പകരാൻ കൈവശം റൗണ്ടഡ് ഹാറ്റും കൂടി വയ്‌ക്കുക. ഔട്ട്ഡോർ, ട്രാവലിംഗിനും മറ്റും പോകുമ്പോൾ ഹാറ്റും കൂടി അണിയൂ. എന്നാൽ ഹാറ്റ് ധരിക്കുമ്പോൾ മുടി ലൂസായിയിടാം. ഒന്നുകൂടി സ്റ്റൈലിസ്റ്റ് ലുക്ക് കിട്ടാൻ ഹാറ്റ് അൽപം ക്രോസാക്കി അണിയുക.

11. ഹെയർ സ്റ്റെലിംഗിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾ കൂടുതൽ സ്റ്റൈലിഷ് ആകും. അതിനായി ഹെയർ സ്റ്റൈലിംഗും കട്ടിംഗും നടത്തി ഫാഷനബിളാകാം. സ്റ്റൈപ്പ്, ലെയർ അല്ലെങ്കിൽ ഫ്രണ്ട് ബാംഗ്സ് ഉള്ള ഹെയർ കട്ട് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ മുടി ഹൈ പോണിയാക്കി കെട്ടി വയ്ക്കാം. മുടിയിൽ മാസിബണ്ണും തയ്യാറാക്കാം. സ്വന്തം ഹെയർസ്റ്റൈൽ ദീർഘ സമയം ഫാഷനബിളായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കളറിംഗ് ചെയ്യാം. അതിനുശേഷം ഹെയർ സ്ട്രെയിറ്റ് ചെയ്യുകയോ കേൾ ചെയ്യുകയോ ആവാം.

12. ഔട്ട് ഫിറ്റുമായി യോജിക്കുന്ന ബിഗ്സൈസ് ഇയർറിംഗ്സ്, ലോംഗ് നെക്ക്പീസ്, സ്റ്റൈലിഷ് ഹാൻസഡ് കഫ്, ഡൾസിൽവർ ഫിഗൽ റിംഗ്, ഹാൻഡ് ഹാർനെസ്, ഹെഡ്ഗിയർ തുടങ്ങിയ ട്രെൻഡി ആക്സസറീസിൽ ഏതെങ്കിലുമൊന്ന് സ്റ്റൈൽ സ്റ്റേറ്റ്മെൻറാക്കാം.

13. ഹെയർ ബാൻഡ്, ഹ്യൂജ് ഹെയർ ക്ലിപ്പ്, ക്യൂട്ട് ബക്കിൾ, സ്മാർട്ട് ഹെയർ പിൻ, ഹെയർ ബോ എന്നിവയും ഫാഷനബിൾ ലുക്കിന് ധാരാളമാണ്. പക്ഷ ഒരു കാര്യം ശ്രദ്ധിക്കണം. സ്വന്തം ഔട്ട്ഫിറ്റിന് യോജിച്ചതാവണം ആക്സസറീസ്.

14. ഔട്ട്ഫിറ്റിന്‍റെ സ്റ്റൈലിംഗിലും ആക്സസറീസിലും മാത്രമല്ല മേക്കപ്പിലും വേണം സ്മാർട്ട് ട്രിക്സ് അതുവഴി പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യാം. സ്മോക്കി ഐ മേക്കപ്പ്, ഡസ്ക്കി ഐഷാഡോ, നാച്ചുറൽ ഷെയിഡ് ബ്ലഷ് ഓൺ, ചുണ്ടുകളിൽ ടച്ച് ചെയ്യാൻ ബോൾഡ് ഷെയ്ഡിലുള്ള മാറ്റ് ലിപ്സ്റ്റിക്ക് എന്നിവയൊക്കെ അതിൽ ഉൾപ്പെടാം.

15. ഡിഫറന്‍റ് ടൈപ്പിലുള്ള അട്രാക്ടീവ് നെയിൽ ആർട്ട് പരീക്ഷിക്കാം. നീണ്ട നഖങ്ങളിൽ പ്ലെയിൻ ബ്ലാക്ക്, വൈറ്റ് സിൽവർ ഗോൾഡൻ അല്ലെങ്കിൽ ബോൾഡ് ഷെയിഡുകളായ റെഡ്, പിങ്ക്, ഓറഞ്ച്, ബ്ലൂ എന്നീ നിറങ്ങളുടെ മാറ്റ് ഫിനിഷ് നെയിൽ പോളിഷ് നിങ്ങളെ ഫാഷൻ ഐക്കണാക്കും.

16. ഫാഷനബിൾ ലുക്കിന് ഔട്ട്ഫിറ്റിന് മാച്ചിംഗ് ആക്കുന്ന ആക്സസറീസിന് പകരം മാച്ചിംഗ് അല്ലാത്ത ഫുട്‍വിയർ അണിയാം. ഉദാ: ജീൻസിനൊപ്പം മോസ്ഡി, ഷോട്സിനൊപ്പം ഗ്ലേഡിയേറ്റർ സാൻഡിൽ ലെഗ്ഗിൻസിനൊപ്പം പെൻസിൽ ഹീൽ സാൻഡിൽ എന്നിവ ട്രൈ ചെയ്യാം. മിസ്ഡ് മാച്ചിന്‍റെ  ഈ കോംബിനേഷൻ നിങ്ങളെ കൂടുതൽ ആകർഷകയാക്കും.

17. റെഗുലർ വാച്ചിന് പുറമെ ബിഗ് സൈസ് സ്പോർട്ടി, ഗോൾഡൻ, സിൽവർ, മെറ്റൽ അല്ലെങ്കിൽ ജ്വല്ലഡ് വാച്ച് അണിഞ്ഞ് എല്ലാവരുടെയും ആകർഷണ കേന്ദ്രമാകാം. ജെൻറ്സ് വാച്ച് അണിയുന്നതും ഡിഫറന്‍റ്  ലുക്ക് നൽകും.

40തിലും 20ന്റെ തിളക്കം

പ്രായം തോന്നുന്നേയില്ല… ചർമ്മത്തിന് എന്തൊരു തിളക്കമാണ് എന്നിങ്ങനെയുള്ള പ്രശംസാ വാക്കുകൾ കേൾക്കാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. എന്നാൽ മുതിർന്ന പ്രായക്കാരായ സ്ത്രീകൾക്ക് കൗമാരക്കാരുടേതുപോലെ യുവത്വം തുളുമ്പുന്ന ലുക്കും ‌റ്റൈലും ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്ഡേറ്റ് ചെയ്ത വാർഡ്രോബ്, സ്മാർട്ട് സ്‌കിൻ കെയർ, കിടിലൻ സ്റ്റൈലിംഗ് സെൻസ് എന്നിവയൊക്കെ അതിന് പിൻബലമായി ആവശ്യമാണ്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലെ കാണപ്പെടാനും, തിളങ്ങുന്ന ചർമ്മവും ട്രെൻഡി ഫാഷൻ ലുക്കും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം പുതുക്കലിനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. അതിനാൽ പ്രായത്തെ റിവേ ഴ്സ് ഗിയറിലാക്കുന്ന സീക്രട്ട് സ്റ്റൈ ലിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.

ഫാഷൻ ഗെയിം കൃത്യമായി മനസ്സിലാക്കണം

കൗമാരക്കാരുടെ ഫാഷൻ സെൻസ് ഇപ്പോൾ ജീൻസിലും ടീ-ഷർട്ടുകളിലും മാത്രം ഒതുങ്ങുന്നതല്ല. ക്രോപ്പ് ടോപ്പുകൾ, കോർഡുകൾ, ഓവർസൈസ് ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ക്യൂട്ട് സ്കേർട്ടുകൾ എന്നിവയ്ക്കൊപ്പം നിരവധി ട്രെൻഡി ടോപ്പുകളും നിറഞ്ഞ അവരുടെ ഫാഷൻ സെൻസുമായി കിടപിടിക്കുന്നതിന് നിങ്ങളുടെ വാർഡ്രോബിലും സമാനമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.

കോർഡ് സെറ്റുകൾ: ഈ ലുക്ക് ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. സ്നീക്കറുകൾക്കൊപ്പം മെസ്സിയായ ഒരു ഹെയർ ബണ്ണും കൂടിയായാൽ ഈ സ്റ്റൈലിംഗിലൂടെ കൂടുതൽ ചെറുപ്പമാകാം.

ഓവർസൈസ്‌ഡ് ടീസ്

ഇത് ജെൻ ഇസഡിന്‍റെ പുതിയ യൂണിഫോമാണ്. സുഖകരവും വളരെ സ്റ്റൈലിഷും കൂടിയായ ഒന്ന്. എന്ത് ധരിക്കണമെന്ന് ആശയക്കുഴപ്പമുള്ളപ്പോൾ ലളിതമായ ഓവർസൈസ്‌ഡ് ടീ-ഷർട്ട് നിങ്ങളെ സ്റ്റൈലിഷും ചെറുപ്പവുമാക്കും.

മോണോക്രോം ലുക്ക്

ഒരേ നിറത്തിലുള്ള വസ്ത്രധാരണം ഉയരക്കൂടുതൽ തോന്നിപ്പിക്കാനും മെലിഞ്ഞതുമായ ഒരു ലുക്കും നൽകും. ഇതിലൂടെ ശരീരഭാരം സ്റ്റൈലിൽ മറയ്ക്കാനും കഴിയും. കൂടാതെ ഏത് സ്‌ഥലത്തും വേറിട്ടുനിൽക്കാൻ കഴിയും. അത് ഓഫീസായാലും സുഹൃത്തിന്‍റെ പാർട്ടിക്കായാലും ശരി.

ലെയറിംഗ്

കൗമാരക്കാർ ലെയറിംഗിൽ വിദഗ്ധരാണ്. നിങ്ങളുടെ പഴയ വസ്ത്രത്തിന് ജീവൻ നൽകാനോ സ്വന്തം ‌റ്റൈലിംഗ് ഗെയിമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനോ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും ലൈറ്റ്‌വൈയ്റ്റ് ജാക്കറ്റുകൾ, ഷഗ്ഗുകൾ വലിപ്പമേറിയ ഡെനിം ഷർട്ടുകൾ എന്നിവ ലെയറിംഗിനായി കൈവശം വയ്ക്കുക.

ചർമ്മ സംരക്ഷണം എന്ന രഹസ്യവിദ്യ

മധുര 17-ന്‍റെ തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസ് ഡിപ്പ് മുതൽ റെറ്റിനോൾ വരെ ചർമ്മ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങൾ സ്വന്തമാക്കാം. ഒപ്പം ചർമ്മത്തിന്‍റെ ദൃഢത നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനായി സോളിഡ് സ്കിൻ കെയർ പിന്തുടരാം.

ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസ് ഡിപ്പ്

മുഖം ഐസ് വെള്ളത്തിൽ മുക്കി ദിവസം ആരംഭിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും മുഖത്തിന്‍റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തൽക്ഷണം ഉണർവും പുതുമയും നൽകുകയും ചെയ്യും.

റെറ്റിനോൾ

25 വയസ്സിനുമുകളിൽ പ്രായമുണ്ടങ്കിൽ റെറ്റിനോളിനെ നിങ്ങൾക്ക് ഉറ്റ ചങ്ങാതിയാക്കാം. നേർത്ത വരകൾ, പിഗ്മെന്‍റേഷൻ, മങ്ങൽ എന്നിവ കുറച്ച് ചർമ്മത്തിന് സൗന്ദര്യവും ദൃഢതയും പകരും. ഒരു ഡെർമറ്റോളജിസ്‌റ്റിനെ കണ്ട് ചർമ്മാരോഗ്യം വർദ്ധിപ്പിക്കാനുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ആരായാം. മുമ്പ് ഒരിക്കലും റെറ്റിനോൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടിയ ശേഷം അത് ആരംഭിക്കാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ ഈ 0.3% റെറ്റിനോൾ ഉപയോഗിക്കാം. മുഖത്ത് ഉണ്ടാകുന്ന ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

സൺസ്ക്രീൻ

വീട്ടിലായാലും പുറത്തായാലും എസ്‌പിഎഫ് 50 സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. ഇത് അകാല വാർദ്ധക്യത്തെ തടയും.

ജലാംശം നൽകുന്ന ടോണറുകളും സിറമുകളും

ഹൈലൂറോണിക് ആസിഡും നിയാസിനാമൈഡ് ആസിഡും അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തെ ശക്‌തിപ്പെടുത്തുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

മേക്കപ്പ് ഗെയിം

ലെസ്സ് ഈസ് മോർ എന്ന നിലയിലാണ് കൗമാരക്കാരുടെ മേക്കപ്പ്. വളരെ സൂക്ഷ്മവും ഭംഗിയുള്ളതുമാണ് അത്. കനത്ത ബേസും ഇല്ല. കടുത്ത ലിപ്‌സ്‌റ്റിക്കും ഇല്ല. ചർമ്മനിറത്തിനു അനുസരിച്ചുള്ള ബേസും റോസ് നിറമുള്ള കവിളുകളും ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാർ. അത്തരത്തിൽ മേക്കപ്പ് ട്രിക്കുകൾ അവലംബിക്കാം.

ടിന്‍റെഡ് മോയ്സ്ചറൈസർ അല്ലെങ്കിൽ ബിബി ക്രീം

ചർമ്മത്തെ മനോഹരവും ഈവൻ ടോണിലുമുള്ളതാക്കാൻ കനത്ത ഫൗണ്ടേഷൻ ആവശ്യമില്ല. പ്രകൃതിദത്തവും ശ്വസിക്കാൻ കഴിയുന്നതുമായ ബേസ് ചർമ്മത്തെ കൂടുതൽ ചെറുപ്പമാക്കും. ടിന്‍റഡ് മോയ്‌സ്‌ചറൈസർ, ബിബി അല്ലെങ്കിൽ സിസി ക്രീം അതിനായി തെരഞ്ഞെടുക്കാം.

ബ്ലഷ്, ഹൈലൈറ്റർ

പൗഡർ ബ്ലഷ് പുരട്ടുന്നത് എളുപ്പമാണെങ്കിലും ക്രീം ബ്ലഷ് ഉപയോഗിക്കുന്നത് കവിളുകൾക്ക് സ്വാഭാവികമായ തിളക്കം പകരും. പുരട്ടി കുറച്ച് സമയത്തിന് ശേഷം ക്രീം ബ്ലഷ് മുഖത്ത് നന്നായി സെറ്റ് ആകും. ഈ ഉൽപ്പന്നം ചർമ്മത്തിൽ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആർക്കും പറയാനും കഴിയില്ല. അത്രത്തോളം സ്വാഭാവികതയാണ് ഇത് പകരുന്നത്.

പുരികങ്ങൾ

കട്ടിയുള്ളതും വൃത്തിയായി ബ്രഷ് ചെയ്തതുമായ പുരികങ്ങൾ മുഖത്തിന് പുതുമയുള്ളതും നിർവചിക്കപ്പെട്ടതുമായ രൂപം നൽകുന്നു.

തിളങ്ങുന്ന ചുണ്ടുകൾ

ന്യൂഡ്, തവിട്ട് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ലിപ് ഗ്ലോസ് നിങ്ങളുടെ ലുക്കിനെ കൂടുതൽ പുതുമയുള്ളതാക്കും. എന്നാൽ ഗ്ലോസിന് ടച്ചപ്പ് ആവശ്യമാണെന്ന കാര്യം ഓർക്കുക. അതിനാൽ പഴ്‌സിൽ പ്രസ്‌തുത ഷേഡ് കരുതുക. ആവശ്യമുള്ളപ്പോഴേല്ലാം ചുണ്ടുകൾക്ക് തിളക്കം പകരാൻ കഴിയും.

ഹെയർ സ്റ്റൈലിംഗ്

ചുറുചുറുക്കും യുവത്വവും നിറഞ്ഞ ലുക്കുകളായ ട്രെയ്റ്റ്, സ്ലീക് ഹെയർ സ്‌റ്റൈൽ അൽപ്പം പഴയതായി കാണപ്പെട്ടേക്കാം.

ലൂസ് വേവ്സ്

മുടിയുടെ വേവ് സ്റ്റൈൽ നിങ്ങളെ കൂടുതൽ ചെറുപ്പമുള്ളതായി കാട്ടും. മുടിയ്ക്ക് സ്വാഭാവികമായ രീതിയിൽ അലകളുള്ളതാണെങ്കിൽ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്വാഭാവിക തരംഗങ്ങൾ വർദ്ധിപ്പിക്കാൻ പഠിക്കുക. ഇനി മുടി സ്ട്രെയ്റ്റാണെങ്കിൽ പോലും വിഷമിക്കേണ്ട. മുടി കഴുകിയ ശേഷം ബ്ലോ ഡ്രയറിന്‍റെ സഹായത്തോടെ മുടിയിൽ തരംഗങ്ങൾ സൃഷ്ടിക്കാം. ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് ഈ ഹെയർ സ്‌റ്റൈൽ നിലനിർത്താൻ കഴിയും. ഉറങ്ങുമ്പോൾ സാറ്റിൻ ഹെയർ ക്യാപ്പും തലയിണയും ഉപയോഗിക്കുക. കൂടാതെ മുടി ബൺ സ്റ്റൈലിൽ കെട്ടി വച്ചു ഉറങ്ങുക. ടച്ചപ്പ് ഇല്ലാതെ തന്നെ ഏതാനും ദിവസം മുടിയിൽ ബൗൺസ് നിലനിൽക്കും.

ഹാഫ് ബൺ അല്ലെങ്കിൽ മെസ്സി ബൺ

കൗമാരക്കാരുടെ വൈബ് പകരുന്ന സ്റ്റൈലിംഗ് ആണിത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഹാഫ് മെസ്സി ബൺ പരീക്ഷിക്കാം. ഒരു പ്രത്യേക സ്‌റ്റൈലുമായി അവർ സ്വയം ബന്ധിക്കുന്നില്ല എന്നതാണ് കൗമാരക്കാരുടെ സ്റ്റൈലിംഗിന്‍റെ അടിസ്ഥാനം. മറിച്ച് എല്ലാ ദിവസവും അവർ പരീക്ഷണം നടത്തുന്നു. അപ്രകാരം എല്ലാ ദിവസവും വ്യത്യസ്ത‌മായ ഹെയർ സ്‌റ്റൈൽ നിങ്ങളും സ്വീകരിക്കുക.

ക്ലോ ക്ലിപ്പുകളും ഫങ്കി ഹെയർ ബാൻഡുകളും

ഇവ ട്രെൻഡി മാത്രമല്ല, ഫേസ് ലിഫ്റ്റും ചെയ്യുന്നു. കർട്ടൻ ബാഗുകൾ അല്ലെങ്കിൽ സോഫ്റ്റ് ലെയറുകൾ, ഫെയ്‌സ് ഫ്രെയിമിംഗ് ലെയറുകൾ മുഖത്തെ മെലിഞ്ഞതും ചെറുപ്പവുമാക്കുന്നു.

ജീവിതശൈലി മാറ്റങ്ങൾ

ആന്തരികമായ തിളക്കമാണ് യഥാർത്ഥ തിളക്കമെന്ന വസ്‌തുത മറക്കാതിരിക്കുക. സൗന്ദര്യം പുറത്തു നിന്ന് മാത്രമല്ല അത് ഉള്ളിൽ നിന്നും ഉണ്ടാകേണ്ടതുമാണ്.

ജലാംശം: ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.

ഉറക്കം: കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. ഇത് മുഖത്തെ ചെറുപ്പമായി കാണിക്കുന്നു.

ഭക്ഷണക്രമം: പഴങ്ങൾ, സാലഡുകൾ, വിത്തുകൾ, അവോക്കാഡോ, നട്‌സ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു.

വ്യായാമം: യോഗ, നൃത്തം, എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ശരീര പോസ്‌ചർ മെച്ചപ്പെടുത്തുകയും ശരീരത്തെ ടോൺ ചെയ്യുകയും ചെയ്യുന്നു.

സ്റ്റൈലിംഗ് സെൻസ്: സ്റ്റൈലിഷ് ആയി കാണപ്പെടാൻ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം ധരിക്കേണ്ട ആവശ്യമില്ല. ശരിയായ സ്റ്റൈലിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് വസ്ത്രവും ഹൈ എൻഡ് ഫാഷനാക്കി മാറ്റാം.

ശരിയായ ആക്സസറികൾ: ഹൂപ്പ് കമ്മലുകൾ, ഡെലിക്കേറ്റ്സ് ചെയിനുകൾ, ലെയേർഡ് ബ്രേ‌സ്ലെറ്റുകൾ എന്നീ ഘടകങ്ങൾ ലുക്കിനെ സമ്പൂർണ്ണമാക്കും.

ബാഗുകൾ പാദരക്ഷകൾ: ഒപ്പം ട്രെൻഡി സ്ലിംഗ് ബാഗും സ്റ്റൈലിഷ് സ‌ീക്കറുകളും കൂടിയാകുമ്പോൾ കൂടുതൽ ചെറുപ്പമാകും.

നഖങ്ങൾ: ഗ്രൂം ചെയ്‌ത നഖങ്ങളും പ്രകൃതിദത്തമോ പേസ്‌റ്റൽ നെയിൽ നിറങ്ങളോ ഉപയോഗിക്കുന്നത് ട്രെൻഡി ലുക്ക് നൽകും.

സുഗന്ധം: ഉയർന്ന ക്വാളിറ്റിയിലുള്ള ഫ്ളവർ പെർഫ്യൂം ഉപയോഗിക്കുന്നത് ദിവസത്തെ മുഴുവനും മനോഹരവും ഹൃദ്യവുമാക്കും. ഒപ്പം ലുക്കിനെയും ആകർഷകമാക്കും.

സോഷ്യൽ മീഡിയ ഫിൽട്ടറല്ല മനോഭാവം പ്രധാനമാണ്. ഇന്നത്തെ ലോകത്ത് മനോഹരമായി കാണപ്പെടുന്നത് മാത്രം പോരാ സോഷ്യൽ മീഡിയയിലെ സാന്നിധ്യവും പ്രധാനമാണ്. സെൽഫികളിൽ നല്ല വെളിച്ചവും സ്വാഭാവിക ഭാവങ്ങളും പ്രധാനമാണ്. ആത്മാർത്ഥവും ഒപ്പം പിന്നണിയിലെ വൈബുകളുമുള്ള ഫോട്ടോകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു. ട്രെൻഡി ശബ്ദങ്ങളുടേയും പ്രസക്തമായ ഉള്ളടക്കത്തിന്‍റെയും റീലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കൗമാരക്കാരെപ്പോലെ ആവേശം സൃഷ്‌ടിക്കാൻ കഴിയും.

ദേ ഡെനിം സാരീ…

ജീൻസിന് പുറമേ ഡെനിം സ്‌കർട്ടുകൾ, ഷോർട്ട്സ്, ടോപ്പുകൾ എന്നിവ യുവാക്കൾക്കിടയിൽ ഫാഷൻ ലോകത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. കുട്ടികളും മുതിർന്നവരും എല്ലാവരും ഡെനിം തുണികൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് ഫാഷനബിളും സ്റ്റൈലിഷും ആകാറുണ്ട്. എന്നാൽ ഇപ്പോൾ ഡെനിം സാരിയാണ് പുതിയ താരം. ഡെനിം സാരി പുതുതലമുറയുടെ ആദ്യ ചോയ്സ് ആയി മാറിയിരിക്കുന്നു. പരമ്പരാഗത സാരിയിൽ നിന്ന് വ്യത്യസ്തമായി ഈ ആധുനിക ഡെനിം സാരി ജെൻസിക്ക് വളരെ ഇഷ്ടമാണ്. മറ്റു സാരികളെ അപേക്ഷിച്ച് ഡെനിം സാരിയുടെ ചില പ്രത്യേകതകൾ നമുക്ക് നോക്കാം.

ധരിക്കാൻ എളുപ്പം

സാരി ധരിക്കുന്നത് വ്യക്തിത്വത്തെ സവിശേഷമാക്കുന്നു. ഇക്കാലത്ത് പുതുതലമുറയിലെ സ്ത്രീകൾ പോലും സാരി ധരിക്കാൻ ഇഷപ്പെടുന്നു. പക്ഷേ സാരി ധരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതും ആയതിനാൽ അത് ധരിക്കാൻ മടിക്കുന്നു. എന്നാൽ ഡെനിം സാരികൾ അടിസ്ഥാനപരമായി റെഡി- ടു- വെയറാണ്. ഇതു ധരിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല സമയമെടുക്കുന്നില്ല.

പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും മിശ്രിതം

ഡെനിം പേലുള്ള ആധുനിക തുണിത്തരങ്ങളിൽ എംബ്രോയിഡറി, ബ്ലോക്ക് പ്രിന്‍റ്, കലംകാരി, ബന്ധാനി തുടങ്ങിയ പരമ്പരാഗത പ്രിന്‍റുകൾ ഉപയോഗിച്ച് പാച്ച് വർക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാൽ ഈ സാരികൾ പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും തികഞ്ഞ മിശ്രിതമാണ്. കാരണം അവയ്ക്ക് ആധുനികവും പരമ്പരാഗതവുമായ ഒരു ലുക്ക് നൽകാൻ കഴിയും.

തുണിയുടെ പ്രത്യേകത

പരമ്പരാഗത സാരികൾ വളരെ ലോലമായതിനാൽ അവയ്ക്ക് അധിക പരിചരണം ആവശ്യമാണ്. പലപ്പോഴും ഷിഫോൺ, ബനാറസി തുടങ്ങിയ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച സാരികൾ ചെറിയ അശ്രദ്ധമൂലം കേടാകുന്നു. മറുവശത്ത്, ഡെനിം സാരികൾ പരുക്കൻ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമില്ല. ഡെനിം ദീർഘകാലം നില നിൽക്കുന്നതും, പുനരുപയോഗിക്കാവുന്നതും, ആധുനികവുമായ തുണിത്തരമാണ്.

വ്യക്തിത്വത്തിന് പുതിയ രൂപം

ഈ സാരികൾ പരുക്കനും കടുപ്പമുള്ളതുമായ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ധരിക്കുന്നയാൾക്ക്, ‌സ്റ്റൈ ലിഷും അതുല്യവുമായ രൂപം ലഭിക്കുന്നു. ഇത് ആൾക്കൂട്ടത്തിൽ അവരുടേതായ ഐഡന്‍റി സൃഷ്ടിക്കാൻ സഹായിക്കുന്നു.

മാച്ചിംഗ് എളുപ്പം

ഡെനിം സാരികൾ സ്ന‌ീക്കേഴ്‌സ്, ഷൂസ്, ബൂട്ട്സ്, ക്രോപ്പ് ടോപ്പുകൾ, ബ്ലൗസുകൾ, ജാക്കറ്റുകൾ തുടങ്ങിയവയുമായി എളുപ്പത്തിൽ ജോടിയാക്കാം. പരമ്പരാഗത സ്വർണ്ണാഭരണങ്ങൾക്ക് പകരം, ഡയമണ്ട്, ഓക്സിഡൈസ്ഡ് ലൈറ്റ് ആഭരണങ്ങളാണ് നല്ലത്.

ഈ കാര്യങ്ങൾ കൂടി

കട്ടിയുള്ള തുണിത്തരങ്ങൾക്ക് പകരം നേർത്ത നെയ്‌ത തുണികൊണ്ടുള്ള സാരി വാങ്ങുക. കാരണം കട്ടിയുള്ള ഡെനിം ഭാരം കൂടുതലാണ്. നേർത്ത നെയ്‌ത ഡെനിം ഭാരം കുറവാണ് ഇത് ധരിക്കാൻ എളുപ്പമാണ്..

റെഡി ടു വെയർ സാരി വാങ്ങുകയാണെങ്കിൽ ബ്ലൗസിന്‍റെ ഫിറ്റിംഗിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. കാരണം ആകർഷകമായ രൂപത്തിന് ബ്ലൗസിന്‍റെ ഫിറ്റിംഗ് സാരിയെപ്പോലെ പ്രധാനമാണ്.

ഇരുണ്ട നിറത്തിൽ ഒരാൾ മെലിഞ്ഞതായി കാണപ്പെടും. ഇളം നിറത്തിൽ തടിച്ചതായി കാണപ്പെടും. അതിനാൽ ഒരു സാരി വാങ്ങുമ്പോൾ സ്വന്തം വ്യക്‌തിത്വം മനസ്സിൽ വയ്ക്കുക.

പരമ്പരാഗത എംബ്രോയിഡറി അല്ലെങ്കിൽ പാച്ച് വർക്ക്, ക്ലാസിക്, ബോംബർ, വെ‌സ്റ്റേൺ സാരികൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ടമുള്ള ഏത് സാരിയും വാങ്ങാം.

ഡെനിം സാരികളുടെ തുണി കട്ടിയുള്ളതിനാൽ ഭാരമുള്ള ആക്‌സസറികൾ ധരിക്കുന്നത് ഒഴിവാക്കുക.

ഹൈ ഹീൽ- ബൂട്ട്, പെൻസിൽ ഹീൽ ഷൂസ് എന്നിവ ഡെനിം സാരിയിൽ വളരെ സ്റ്റൈലിഷ് ലുക്ക് നൽകും. ഒരിക്കൽ ധരിച്ച ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് ഹാംഗറിൽ തൂക്കിയിടുക. ഓരോ ഉപയോഗത്തിനു ശേഷവും ഡ്രൈ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.

വണ്ണം തോന്നിപ്പിക്കാത്ത വസ്ത്രധാരണം

ഹൊ ഈ നശിച്ച വണ്ണം കാരണം ഒരു മോഡേൺ വേഷം പോലും ട്രൈ ചെയ്യാൻ കഴിയുന്നില്ലല്ലോ… തടിയുള്ളവരിൽ ഭൂരിഭാഗം പേരും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ചും പുറമേക്ക് തള്ളി നിൽക്കുന്ന വയറാണ് ഈ സങ്കടത്തിനുള്ള പ്രധാന കാരണം. ചിലർ വ്യായാമം ചെയ്‌ത് വണ്ണം നിയന്ത്രിക്കുമെങ്കിലും മറ്റ് ചിലർക്കതിന് കഴിയാതെ പോകുന്നു. ഈ സാഹചര്യത്തിൽ മനസ്സിനിണങ്ങിയ വേഷം അണിയുകയെന്നത് അവരെ സംബന്ധിച്ച് പേടിസ്വപ്‌നമായി മാറുന്നു.

വണ്ണം കുറയ്‌ക്കാനാവുന്നില്ലെങ്കിൽ ഉചിതമായ വസ്‌ത്രധാരണത്തിലൂടെ സ്വന്തം ലുക്കിൽ മാറ്റം വരുത്തണം. അമിതവണ്ണക്കാർക്കായി സവിശേഷ രീതിയിൽ ഡ്രസ് ഡിസൈൻ ചെയ്യുന്ന ചെന്നൈയിലെ ഫാഷൻ ഡിസൈനർ ടീന വിൻസെന്‍റ് പറയുന്നതിങ്ങനെ.

“അമിതവണ്ണക്കാർ സ്വന്തം ഉയരം, ഭാരം, നിറം എന്നിവയനുസരിച്ച് വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ വണ്ണം വിദഗ്‌ദ്ധമായി മറയ്‌ക്കാനാവും. ഒപ്പം പ്രായത്തെയും മറയ്‌ക്കാം.”

സ്‌കർട്ടും ഗാഗ്രയും

നിങ്ങളുടെ വ്യക്‌തിത്വത്തെ മികച്ചതാക്കാനോ വികലമാക്കാനോ കഴിയുന്ന വേഷമാണ് സ്‌കർട്ടും ഗാഗ്രയും. നല്ല ഉയരവും മാംസളമായ ശരീരവുമുള്ളവർ കുറുകെ വരകളുള്ള ഗാഗ്രയ്‌ക്കൊപ്പം അരക്കെട്ടു വരെ ഇറക്കമുള്ള കൈ ഇറക്കം കുറഞ്ഞതുമായ ചോളി ധരിക്കാം. സ്‌ട്രെയിറ്റ് കട്ട് സ്‌കർട്ടും അൽപം ഇറുക്കമുള്ള ടീ ഷർട്ടും ജാക്കറ്റും അണിയുകയാണെങ്കിൽ ശരീരത്തിൽ തള്ളിനിൽക്കുന്ന മാംസളമായ ഭാഗങ്ങൾ ഷെയ്പായി തോന്നിക്കും.

ട്യൂണിക് ടോപ്പ് ആന്‍റ് ജാക്കറ്റ്

ട്യൂണിക്കും ടോപ്പും ഇപ്പോഴത്തെ ഫാഷൻ ട്രെന്‍റാണ്. വണ്ണവും അൽപം കുടവയറുമുണ്ടെങ്കിൽ വൈഡ് നെക്കുള്ള ടോപ്പ് അണിയുന്നത് അനുയോജ്യമായിരിക്കും. അല്ലെങ്കിൽ നെക്കിന്‍റെ ആകൃതി അൽപം ഇറങ്ങിയതോ ചതുര ഷെയ്‌പ് ഉള്ളതോ ആവാം. സ്ലീവ്‌ലെസ് ടോപ്പ് ഒഴിവാക്കുക.

ടോപ്പ് തെരഞ്ഞെടുക്കുമ്പോൾ നെക്കിൽ ഡിസൈനർ ലേസുകളുള്ളവയായാൽ ഏറെ നന്ന്. പൊതുവെ ഡിസൈനർ ലേസ് വസ്‌ത്രത്തിന് താഴെ അരികിലായാണ് തുന്നിപിടിപ്പിക്കുക. എന്നാൽ ഇത് ടോപ്പിന് മുകൾഭാഗത്തായാൽ കാണുന്നവരുടെ ശ്രദ്ധയകലും. ടോപ്പ് അമിതമായി ലോംഗോ ഷോർട്ടോ ആവരുത്. മുട്ടറ്റം വരെ ലെങ്‌തുള്ള ടോപ്പായാൽ ശരീരഭാഗങ്ങൾ ശരിയായ വണ്ണം മറഞ്ഞിരിക്കും.

അമിതമായി ഇറുക്കമുള്ള ടോപ്പ് അണിയരുത്. അത്തരം വേഷങ്ങൾ അണിയാൻ താൽപര്യമുണ്ടെങ്കിൽ ശരീരത്തിന് ഷെയ്‌പ് പകരുന്ന ജാക്കറ്റ് ടോപ്പിന് മുകളിൽ അണിയാം.

അനാർക്കലി സ്യൂട്ട്, കുറുകെ വരകളുള്ള ഗാഗ്ര, എ കട്ടുള്ള കുർത്തി എന്നിവയൊരിക്കലും ധരിക്കരുത്. കുർത്തിയായാലും ടോപ്പായാലും തെരഞ്ഞെടുക്കുന്ന ഫാബ്രിക്ക് പ്രധാനമാണ്. ജോർജറ്റ്, ഷിഫോൺ, ലൈക്ര, സിൽക്ക്, കോട്ടൺ എന്നിവയിൽ നല്ല ഷെയ്‌പിൽ ട്യൂണിക്കോ ടോപ്പോ വാങ്ങിക്കുകയോ തയ്‌പിച്ചെടുക്കുകയോ ചെയ്യാം.

വെസ്‌റ്റേൺ ഫാഷനുകൾ അണിയുന്നവരാണെങ്കിൽ ലെതർ, ഡെനിം അല്ലെങ്കിൽ ഫ്‌ളക്സിബിൾ മെറ്റീരിയലിലുള്ള ജാക്കറ്റ് സ്‌കർട്ടിനൊപ്പം അണിയാം. തടിച്ച കാലുകളുള്ള നല്ല ഉയരമുള്ളവർ പെൻസിൽ സ്‌കർട്ടും മുട്ടിന് താഴെ കിടക്കുന്ന ജാക്കറ്റും ധരിക്കാം. ഈ രണ്ട് ഫാഷനുകളും വയറിനെ മറയ്‌ക്കുന്നതൊപ്പം വ്യക്‌തിത്വത്തിന് തിളക്കമേകുന്നു.

ജീൻസ് അല്ലെങ്കിൽ പാന്‍റ്

ഓരോരുത്തരുടേയും വ്യക്‌തിത്വത്തെ മാറ്റിമറിയ്‌ക്കുന്ന തരം വേഷമാണ് ജീൻസ്. എന്നാൽ സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കനുസരിച്ച് ജീൻസ് ധരിച്ചില്ലെങ്കിൽ അത് വ്യക്‌തിത്വത്തെ വികലമാക്കും.

തടിച്ച തുടകളാണെങ്കിൽ ജീൻസ് ടൈറ്റായതോ സ്‌ട്രെയിറ്റായതോ തെരഞ്ഞെടുക്കാം. ഒപ്പം ഫാബ്രിക് കട്ടിയുള്ളതോ സ്‌ട്രെച്ചബിളോ ആകണം. കട്ടിയുള്ള ഫാബ്രിക് ശരീരത്തിനോട് അമർന്നിരിക്കുകയാണെങ്കിൽ വയറും അരക്കെട്ടും ഒതുക്കമുള്ളതാക്കും.

അരക്കെട്ടിൽ അമർന്നിരിക്കുന്ന ബൂട്ട്‌ലാഗ് ജീൻസോ (ബെൽബോട്ടം) അല്ലെങ്കിൽ ഫോർമൽ പാന്‍റോ അണിയാം. എന്നാൽ അമിത വലിപ്പമുള്ള ബെൽബോട്ടം ധരിക്കരുത്. അതണിഞ്ഞാൽ നിങ്ങൾക്ക് ഒന്നുകൂടി വണ്ണം തോന്നിപ്പിക്കും. നിങ്ങളുടെ ജീൻസോ പാന്‍റോ എ ഷെയ്‌പിൽ വരണം. ലോ വെയ്‌സ്‌റ്റ് ജീൻസ് വാങ്ങരുത്. അത് വണ്ണം തോന്നിപ്പിക്കും.

ഷെയ്‌പ് വിയർ

അസാധാരണമായ വണ്ണമുള്ള ശരീരത്തിന് ആകർഷണീയത പകരുന്ന വേഷമാണ് ഷെയ്‌പ് വിയർ. വസ്‌ത്രത്തിനടിയിൽ അണിയുന്നതാണിത്. എന്നാൽ ഇത് അടിവസ്‌ത്രമല്ല. തുടവണ്ണത്തെക്കുറിച്ച് ശരിയായ ആകൃതി പകരുന്നു ഷെയ്‌പ് വിയർ. ഇത് ധരിച്ച ശേഷമാണ് അതിന് മീതെ സ്‌കർട്ടോ മറ്റോ ധരിക്കുക. അതിനാൽ ശരീരവണ്ണം പുറമേക്ക് പ്രകടമാവുകയില്ല. ഉദരത്തെ ഒതുക്കി നിർത്തുന്ന ഷെയ്‌പ് വിയറുമുണ്ട്. ഒപ്പം അരക്കെട്ടിൽ നിന്നും തുടങ്ങി തുടകൾ വരെ ഒതുക്കുന്നവയുമുണ്ട്.

ഷെയ്‌പ് വിയർ എന്നും ധരിച്ചില്ലെങ്കിലും വിശേഷാവസരങ്ങളിൽ ധരിക്കാം. ശരീരത്തിന് ഒതുക്കമുണ്ടാക്കി ആകർഷണീയത പകരുന്നതിന് ഇത് സഹായകമാണ്. ഒപ്പം സ്വന്തം വ്യക്‌തിത്വത്തെ തിളക്കമുള്ളതാക്കുന്നു.

ശരീരാകർഷണീയത കൂട്ടാൻ ധാരാളം പണം ചെലവഴിക്കേണ്ടതില്ല. മറിച്ച് സ്വന്തം ശരീരത്തിനനുസരിച്ച് വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുകയോ വസ്‌ത്രങ്ങൾ വാങ്ങുകയോ ചെയ്യാം. എപ്പോൾ ഷെയ്‌പിംഗ് നടത്തിയാലും സ്വന്തം ഉയരത്തിനും വണ്ണത്തിനും അനുസരിച്ചുള്ള വസ്‌ത്രങ്ങളും നിറങ്ങളും തെരഞ്ഞെടുക്കുക.

ദീപാവലിക്ക് സ്റ്റൈലിഷ് ലുക്ക്‌

സന്തോഷവും ഉത്സാഹവും ഊർജവും നിറഞ്ഞ സമയമാണ് ഉത്സവകാലം. വീട് അലങ്കാരങ്ങളാൽ തിളങ്ങുക മാത്രമല്ല, പുതുവസ്ത്രം അണിഞ്ഞ് സന്തോഷത്തോടെയാണ് നമ്മൾ ഉത്സവം ആഘോഷിക്കുന്നത്. ഈ അവസരങ്ങളിൽ ഗ്ലാമർ വർദ്ധിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.

റോയൽ ബ്ലൂ, പാരറ്റ് ഗ്രീൻ, ഡാർക്ക് മെറൂൺ, ചുവപ്പ്, കടും പിങ്ക് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ധരിക്കാം.

ചുരിദാറും ബന്ധാനി ദുപ്പട്ടയും അല്ലെങ്കിൽ ബ്രൈറ്റ് കുർത്തിയും ധരിക്കാം, ലൈറ്റ് മേക്കപ്പോടുകൂടി വലിയ കമ്മലുകൾ ധരിക്കാം.

ഫ്യൂഷൻ (ഇന്ത്യൻ- വെസ്റ്റേൺ) രൂപത്തിന് ബ്ലിംഗ് ടോപ്പോടുകൂടിയ പ്രിന്റഡ് സിൽക്ക് പാവാട ധരിക്കാം, ഒപ്പം, ഒരു ദുപ്പട്ടയും ആവാം.

പരമ്പരാഗത ലുക്ക്‌ ഫീൽ ചെയ്യുന്ന പാശ്ചാത്യ സ്റ്റൈൽ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് ലോങ്ങ്‌ ഗൗണും പരീക്ഷിക്കാം, ജിമുക്കി കമ്മൽ, നാടൻ സിൽവർ നെക്ക്പീസും ധരിക്കാം.

പ്ലെയിൻ ജോർജറ്റോ ഷിഫൻ സാരിയോ ഉള്ള കോൺട്രാസ്റ്റ് കളർ ബ്ലൗസ് ധരിക്കുക. ഹെവി വർക്ക് ബ്ലൗസ് ധരിക്കുമ്പോൾ ഇത് നിങ്ങളുടെ ലുക്ക് ബാലൻസ് ചെയ്യും. ഒരു ചോളിയാണ് ധരിക്കുന്നതെങ്കിൽ, വീതിയുള്ള ബോർഡർ സാരി ധരിക്കുക.

ലളിതമായ ബോർഡറുള്ള ലളിതമായ സ്യൂട്ടിന് മുകളിൽ ദുപ്പട്ട ധരിക്കാം, ഒരു ക്ലാസിക് റിസ്റ്റ് വാച്ചും ക്ലച്ചും ജോടിയാക്കാം. പ്ലാസോ പാന്റിനൊപ്പം ദുപ്പട്ടയും ധരിക്കാം.

പ്ലെയിൻ റോ സിൽക്ക് ബ്ലൗസോ മറ്റൊരു നിറത്തിലുള്ള ചോളിയോ ഉപയോഗിച്ച് നിങ്ങൾക്ക് ലെഹംഗ ധരിക്കാം. ലെഹംഗയ്ക്ക് മുകളിൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ട ധരിക്കുക. കുറച്ചു ആഭരണങ്ങൾ ധരിക്കുകയും പാർട്ടി ക്ലച്ച് ഉപയോഗിക്കുകയും ചെയ്യുക.

നീല കാജൽ മുകളിലെയും അകത്തെയും ലാഷ്‌ലൈനിൽ പുരട്ടുക, ഐഷാഡോ ഒട്ടും പ്രയോഗിക്കരുത്, എന്നാൽ ഈർപ്പമുള്ള കാലാവസ്ഥയിൽ പടരാത്ത സ്മഡ്ജ് പ്രൂഫ് കാജൽ നിങ്ങൾക്ക് പ്രയോഗിക്കാം.

നോർമൽ ലുക്കിന് കവിളിൽ പീച്ച് നിറമുള്ള ബ്ലഷ് പുരട്ടുക, പിങ്ക് ബ്ലഷ് പ്രയോഗിക്കുന്നത് ഒഴിവാക്കുക.

നല്ല നിറമുള്ള ലിപ്സ്റ്റിക് പുരട്ടാൻ മറക്കരുത്, വേണമെങ്കിൽ ന്യുഡ് ഷേഡ് ലിപ്സ്റ്റിക് പുരട്ടാം. ലിപ്സ്റ്റിക്ക് നിറം ചുണ്ടിൽ നിലനിർത്താൻ, ലിപ് ഗ്ലോസ് പുരട്ടുക. മാറ്റ് ഓറഞ്ച് അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക് നല്ലതാണ്.

സാരിക്ക് നൽകാം മോഡേൺ ടച്ച്

നിത്യവും സാരി ധരിക്കുന്നത് സ് ത്രീകൾക്ക് അത്ര സൗകര്യപ്രദമോ എളുപ്പമോ അല്ല. എന്നാൽ ആഘോഷങ്ങൾ വരുമ്പോൾ എല്ലാ സ്ത്രീകളുടെയും ആദ്യ ചോയ്‌സ് സാരിയാണ്. സാരികൾ വർഷങ്ങളായി സൗന്ദര്യത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രതീകമാണ്. മാത്രമല്ല എല്ലാ ഉത്സവങ്ങൾക്കും പരിപാടികൾക്കും അനുയോജ്യവുമാണ്. എന്നാൽ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന ഫാഷനനുസരിച്ച് സാരിയിൽ പല ട്രെൻഡുകളും കണ്ടുവരുന്നുണ്ട്. പരമ്പരാഗത സാരിയിൽ ഒരു ആധുനിക ടച്ച് ചേർത്ത് നിങ്ങളെ സ്‌റ്റൈലിഷും ട്രെൻഡിയും ആക്കി നോക്കിയാലോ?

ഫാഷൻ ഡിസൈനർ പ്രഗതി നാഗ്പാൽ (ലേബൽ മസ്‌താനി) പറയുന്നു. “ഉത്സവ സീസണിൽ എല്ലാ സ്ത്രീകൾക്കും തികച്ചും അനുയോജ്യമെന്ന് തോന്നുന്ന ഒരേയൊരു വസ്ത്രമാണ് സാരി. എന്നാൽ ഫാഷൻ മാറുന്ന തനുസരിച്ച് സാരിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഇ പ്പോൾ ഫ്യൂഷൻ സാരികളുടെ ട്രെൻഡ് കണ്ടുവരുന്നു.

ഇൻഡോ- വെസ്‌റ്റേൺ പാന്‍റ് സ്‌റ്റൈൽ സാരി

പരമ്പരാഗത ഇന്ത്യൻ പാശ്ചാത്യ വസ്ത്രങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ഇൻഡോ-വെസ്‌റ്റേൺ വസ്ത്രമാണിത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ഇഷപ്പെടുന്ന ഫാഷനബിൾ സ്ത്രീകൾക്ക് പാന്‍റ് സ്റ്റൈൽ സാരി അനുയോജ്യമാണ്. ഈ ശൈലിയിൽ സാധാരണ പാവാടയ്ക്ക് മുകളിൽ സാരി ഉടുക്കുന്നതിനു പകരം പാന്‍റ്സിനോ ലെഗ്ഗിൻസിനോ മുകളിൽ സാരി ഉടുക്കുന്നത് ഉൾപ്പെടുന്നു.

ഇത് ഒരു സ്റ്റൈലിഷ് ഫ്യൂഷൻ ലുക്ക് സൃഷ്ടിക്കുന്നു. സ്ത്രീകൾ ഇത് വളരെ ഇഷ്ടപ്പെടുന്നു. പാന്‍റ്, സാരി, ടോപ്പ് എന്നിവ ആണ് ഈ രീതിയിൽ സ്‌റ്റൈൽ ചെയ്യാൻ ആവശ്യമായ വസ്ത്രങ്ങൾ സാരി ചുറ്റിയ ശേഷം പല്ലു തോളിൽ പിൻ ചെയ്ത് വയ്ക്കുന്നു. പിന്നെ സാരിക്കും പാന്‍റിനും ചേരുന്ന ഷോർട്ട് സ്ലീവ്‌ലെസ് ടോപ്പ് നന്നായിരിക്കും.

സ്റ്റൈലിഷ് ധോത്തി സാരി

വിവിധ നിറങ്ങളിലും പാറ്റേണുകളിലും ഡിസൈനുകളിലും ഇത് വിപണിയിൽ ലഭ്യമാണ്. ധോത്തി സാരി ധരിക്കാൻ വളരെ സ്റ്റൈലിഷ് ആയി തോന്നും. ഈ സാരിക്ക് കീഴിൽ പാവാട ധരിക്കില്ല പകരം നിങ്ങൾക്ക് ലെഗ്ഗിംസോ ഇറുകിയ പൈജാമയോ ധരിക്കാം. ഈ സ്റ്റൈലിൽ സാരി ഒരു ധോത്തി പോലെയാണ് ഡിസൈൻ ചെയ്തിരിക്കു ന്നത്. കാലുകൾക്കിടയിലൂടെ പ്ലീറ്റുകൾ എടുത്ത് തോളിലൂടെ പല്ലു മുന്നോട്ട് പിൻ ചെയ്യാം.

ലെഹംഗ സ്റ്റൈൽ സാരി

സാരിയുടെ ശൈലിയും ലെഹങ്കയും സമന്വയിപ്പിക്കുന്ന ആധുനിക ശൈലിയാണ് ലെഹംഗ സ്റ്റൈൽ ഡെയ്സിംഗ്. ഇടതു തോളിൽ പല്ലു സാരി ഉടുക്കാം.

ഗൗൺ ‌സ്റ്റൈൽ സാരി

ഫ്ളോർ ലെങ്‌ത് ഇൻഡോ- വെസ്റ്റേൺ സാരി നിങ്ങൾക്ക് പരീക്ഷിക്കാം. എ കട്ട് ഗൗണാണ് ഇതിനുള്ളത്. ഇതിനു മുകളിൽ ഗൗണിന് ചേരുന്ന സാരി പല്ലു തോളിൽ ടക്ക് ചെയ്ത് അരയിൽ ബെൽറ്റ് ഇട്ടാൽ സ്റ്റൈലിഷ് ലുക്ക് കിട്ടും.

സ്ലിറ്റ് കട്ട് സ്റ്റൈൽ സാരി

ഉയർന്ന സ്ലിറ്റ് നൽകിയ ആധുനികവും ട്രെൻഡിയുമായ റെഡിമെയ്‌ഡ് സാരികൾ വിപണിയിൽ ലഭ്യമാണ്. ഈ സാരി കൂടുതൽ ആകർഷകമാക്കണമെങ്കിൽ പല്ലു തോളിൽ പിന്നോട്ട് പിൻ ചെയ്ത് വയ്ക്കുക. സാരി ഉടുക്കാൻ അറിയാത്തവർക്ക് തയ്ച്ച സ്റ്റൈലിഷ് എലൈൻ സാരികൾ വിപണിയിൽ നിന്ന് ലഭിക്കും. അവ ഉടുക്കാൻ വളരെ എളുപ്പമാണ്.

പ്ലീറ്റഡ് സാരികൾ

പരമ്പരാഗത രീതിയിൽ സാരി ധരിക്കുന്നത് ആസ്വദിക്കുന്നുണ്ടെങ്കിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധുനിക പ്ലീറ്റിംഗ് ടെക്നിക്ക് ഉപയോഗിച്ച് നിർമ്മിച്ച സാരികൾ നല്ലതാണ്. പല്ലു ഓഫ് സെന്‍ററിൽ വയ്ക്കുക. അത് ചരിഞ്ഞിരിക്കട്ടെ. ഗ്ലാമറസ് ലുക്ക് വർദ്ധിപ്പിക്കാൻ പല്ലു ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുക.

ജാക്കറ്റ് സ്റ്റൈൽ സാരി

ഇപ്പോൾ ഇത്തരത്തിലുള്ള സാരികൾ ട്രെൻഡിലാണ്. ഇതിൽ സാരി മൊത്തത്തിൽ ഒരു ട്രെയ്‌സ് പോലെയാണ്. സാരിക്ക് മുകളിൽ ഹെവി ലുക്ക്, ബ്രോക്കേഡ്, സിൽക്ക്, റോ സിൽക്ക് എംബ്രോയ്ഡറി ജാക്കറ്റുകൾ ധരിക്കുന്നു. അതേസമയം ലളിതമായ ലുക്കിന് ഷിഫോൺ പ്രിന്‍റഡ് സിൽക്ക്, മാൽ കോട്ടൺ ഷഗ്ഗുകൾ എന്നിവയ്ക്ക് മുൻഗണന നൽകാം.

ട്രെൻഡി കോർഡ് സെറ്റുകൾ

എങ്ങനെ പെട്ടെന്ന് സ്‌റ്റൈലിഷ് ആയി മാറുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. കാരണം സീസണുകളുടെ മാറ്റത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കൂടി കഴിയുന്ന വസ്ത്രങ്ങൾ ധരിക്കണം.

പ്രത്യേകിച്ച് തണുപ്പുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ. ഫാഷൻ ലോകത്ത് “കോർഡ് സെറ്റ്” ഈ വെല്ലുവിളിക്ക് ഒരു മികച്ച പരിഹാരമാണ്. കോർഡ് സെറ്റുകൾ ധരിക്കാൻ സുഖകരം മാത്രമല്ല വളരെ ട്രെൻഡിയും സ്റ്റൈലിഷും ആയി കാണിക്കുകയും ചെയ്യും.

എന്താണ് കോർഡ് സെറ്റ്

മുകളിലും താഴെയും ഒരേ തുണിയിലും ഡിസൈനിലും തയ്ക്കുന്ന വസ്ത്രങ്ങൾ ആണ് കോർഡ് സെറ്റുകൾ ഈ സെറ്റുകൾ എല്ലാവർക്കും യോജിക്കും. ഇത് സ്റ്റൈലിഷും ഫാഷനബിളും ആണ്.

ശൈത്യകാലത്ത് കോർഡ് സെറ്റ്

സുഖസൗകര്യങ്ങളുടേയും ആധുനികതയുടേയും ഒരു മിശ്രിതം ആണ് കോർഡ് സെറ്റ്.

മെറ്റീരിയലിനനുസരിച്ച് സ്റ്റൈലിഷായി തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. തണുപ്പിൽ നിന്ന് സംരക്ഷിക്കുന്ന കമ്പിളി, കോട്ടൺ തുടങ്ങിയ ചൂടുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചും കോർഡ് സെറ്റ് തയ്ക്കാം.

ആക്സസറികൾ കുറച്ചു മതി

കോഡ് സെറ്റുകൾ സ്റ്റൈൽ ചെയ്യാൻ കൂടുതൽ ആക്‌സസറികൾ ആവശ്യമില്ല. ഒരു നല്ല ജാക്കറ്റ് ബൂട്ട് എന്നിവ മാത്രം മതി.

മിനിമലിസ്‌റ്റ് ലുക്ക്

കോർഡ് സെറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്നത്തെ ഫാഷനിൽ വളരെ പ്രചാരമുള്ള മിനിമലിസ്‌റ്റ് രൂപം ലഭിക്കും. അധികം ചമയങ്ങൾ ഇഷ്ടപ്പെടാത്തവർക്കും ലളിതമായ രീതിയിൽ സ്റ്റൈലിഷ് ആയി കാണാൻ ആഗ്രഹിക്കുന്നവർക്കും ഈ ഫാഷൻ ട്രെൻഡ് സവിശേഷമാണ്. സ്റ്റൈലിഷ് ആയി മാറാൻ അൽപ്പം ബുദ്ധിമുട്ടാണ് എന്ന് തോന്നുവർക്ക് കോർഡ് സെറ്റ് ഒരു മികച്ച പരിഹാരം തന്നെയാണ്.

കോർഡ് സെറ്റുകൾ എങ്ങനെ ധരിക്കാം

ലെയറിംഗിനൊപ്പം : സ്‌റ്റൈലിഷ് കോട്ടുകൾ നീണ്ട ജാകറ്റുകൾ അല്ലെങ്കിൽ ഷാളുകൾ എന്നിവ ഉപയോഗിച്ച് ലെയർ ചെയുക. ഇത് തണുപ്പിൽ നിന്ന് സംരക്ഷിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ രൂപവും വ്യത്യസ്ത‌മായിരിക്കും.

ഷൂസിന്‍റെ തിരഞ്ഞെടുപ്പ്

ആങ്കിൾ ബൂട്ട്, സ്‌നീക്കറുകൾ അല്ലെങ്കിൽ ഹീൽഡ് ബൂട്ടുകൾ വളരെ മനോഹരമായി കാണപ്പെടുന്നു. ഫോർമൽ ലുക്ക് വേണമെങ്കിൽ ഹീൽസ് തിരഞ്ഞെടുക്കുക. അതേ സമയം കാഷ്വൽ ലുക്കിന് സ്നീക്കറുകൾ മികച്ച ഓപ്ഷനാണ്.

സ്‌കാർഫ്

സ്റ്റൈലിഷ് ആയി കാണുന്നതിന് വേണമെങ്കിൽ കോർഡ് സെറ്റിനൊപ്പം ഒരു സ്കാർഫ് ധരിക്കുക. ഇത് ലുക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും.

കമ്പിളി സെറ്റുകൾ തണുത്ത കാലാവസ്‌ഥയ്ക്ക് കാശ്മ‌ീർ അല്ലെങ്കിൽ കമ്പിളികോർഡ് സെറ്റുകൾ വളരെ സുഖകരവും ഊഷ്‌മളവുമാണ്. ഓഫീസ് മുതൽ കാഷ്വൽ ഔട്ടിംഗ് വരെ ഈ സെറ്റുകൾ അനുയോജ്യമാണ്.

വുവെൻ സെറ്റുകൾ

ശൈത്യ കാലത്ത് നെയ്‌ത കോർഡ് സെറ്റുകൾ വളരെ നല്ലതാണ്. ഫാബ്രിക് ഭാരം കുറഞ്ഞതും ധരിക്കാൻ സുഖകരവുമാണ്.

ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റ്

ഈ കേർഡ് സെറ്റ് ഏത് തരം ഫിസിക്കൽ ജോലിക്കും അനുയോജ്യമാണ്. കൂടാതെ കാഷ്വൽ ഔട്ടിംഗിന് അനുയോജ്യമാണ്. ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റുകൾ ആക്റ്റീവ് ലുക്കും നൽകുന്നു.

ബോളിവുഡ് സ്റ്റൈൽ ഒന്ന് പരീക്ഷിച്ചാലോ

വിശേഷാവസരങ്ങളിൽ പൊതുവെ എല്ലാവരും തന്നെ വേറിട്ട രീതിയിൽ വസ്ത്രം ധരിക്കാനാവും ഏറെ താൽപര്യം പുലർത്തുക. ഏത് ലുക്ക് സ്വീകരിക്കണം എന്നതിനെക്കുറിച്ച് മുൻകൂട്ടി തന്നെ തീരുമാനിക്കപ്പെടും. അതിനുള്ള റഫറൻസുകൾ ഫാഷൻ ലോകത്തു യഥേഷ്ട‌ം ലഭ്യവുമാണ്. എന്നാൽ അത്തരം ഫാഷനുകൾ അവരെ മനോഹരവും സ്‌റ്റൈലിഷും ആക്കുമോ എന്ന സംശയം ഉയരാം. എന്തുകൊണ്ട് ഇത്തവണ ബോളിവുഡ് നടിമാരുടെ സ്റ്റൈലിഷ് ലുക്ക് സ്വീകരിച്ചുകൂടാ.അവരെപ്പോലെ വിശേഷാവസരങ്ങൾക്കായി ആകർഷകവും പരമ്പരാഗത വസ്ത്ര സങ്കൽപത്തിലൂന്നിയുമുള്ള ഫാഷൻ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് നിങ്ങൾക്കും ഒരു സ്റ്റൈലിഷ് ഐക്കൺ ആകാം…

മികച്ചതും മനോഹരവുമായ അത്തരം അഞ്ച് ബോളിവുഡ് നടിമാരുടെ സ്റ്റൈലിംഗ് വിശേഷങ്ങൾ അറിയാം..

കരീനയുടെ റോയൽ ലുക്ക്

അടുത്തിടെ നടി കരീന കപൂർ ഖാൻ ക്ലാസിക് റോയൽ ശൈലിയിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്ക് സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. ചുവന്ന ബാന്ധനി പ്രിൻറ് ദുപ്പട്ടയ്ക്കൊപ്പം സബ്യാസാചി ഡിസൈൻ ചെയ്ത ഗോൾഡൻ ബോർഡറുള്ള ക്ലാസിക് റെഡ് കളറിലുള്ള കുർത്ത സെറ്റ് കരീനയ്ക്ക് വേറിട്ട സ്‌റ്റൈൽ ആണ് പകർന്നത്.

സ്ലീക്ക് ബണ്ണിൽ സ്റ്റൈൽ ചെയ്‌തിട്ടുള്ള ഹെയറാണ് കരീന ഈ ലുക്കിനായി സ്വീകരിച്ചത്. ഒപ്പം കണ്ണുകൾക്ക് ബ്രൗൺ സ്മോക്കി ഇഫക്റ്റും പകർന്നു. ന്യൂഡ് ലിപ്സ്റ്റിക്ക്, ചുവന്ന ബിന്ദി, കാതിൽ സ്റ്റൈൽ സ്സ്റ്റേറ്റ്‌മെന്‍റ് ഗോൾഡൻ കമ്മലുകളും അണിഞ്ഞുള്ള കരീനയുടെ ലുക്ക് അങ്ങേയറ്റം രാജകീയമായിരുന്നു. ഔട്ട് ഫിറ്റിനൊപ്പം ഗോൾഡൻ ഹിൽസാണ് കരീന അണിഞ്ഞത്.

കിയാരയുടെ ടൈംലെസ് ബ്യൂട്ടി

ഒരു ആഘോഷവേളയിൽ കിയാര ധരിച്ച വസ്ത്രം അവരുടെ ലാളിത്യവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു. മനീഷ് മൽഹോത്ര രൂപകൽപന ചെയ്ത‌ ഗോൾഡൻ ഓഫ് വൈറ്റ് അനാർക്കലിയിലാണ് താരം മിന്നി തിളങ്ങിയത്.

കൈത്തറി ബനാറസ് സിൽക്കും ടിഷ്യൂ ഓർഗാൻസയും കൊണ്ട് തയ്യാറാക്കിയതായിരുന്നു അനാർക്കലി. ജറി വർക്കും ഗജറേയും കൊണ്ടലങ്കരിച്ച വസ്ത്രം മൊത്തത്തിൽ ഫെസ്‌റ്റീവ് ലുക്ക് നൽകി. കരിമഷി എഴുതിയ കണ്ണിണകളും ലൈറ്റ് മേക്കപ്പും കാതിൽ റെഡ് ഡ്രോപ്പ് ഇയർ റിംഗും അണിഞ്ഞുള്ള അവരുടെ സ്റ്റൈലിംഗ് താരതമ്യങ്ങൾക്ക് അപ്പുറമാണ്.

അനന്യയുടെ പാർട്ടി ലുക്ക്

ഫാഷനെ കുറിച്ച് പറയുമ്പോൾ അനന്യ പാണ്ഡെയെ കുറിച്ച് പറയാതിരിക്കാനാവില്ല. തരുൺ തഹിലിയാനി രൂപകൽപ്പന ചെയ്ത ഗോൾഡൻ-ബ്രോൺസ് സാരിയിലാണ് അനന്യ തിളങ്ങിയത്. സാരിക്കൊപ്പം ജ്വല്ലറി ബ്ലൗസാണ് താരം ധരിച്ചത്. ഇത് ലുക്കിന് വേറിട്ട ശൈലി നൽകി. തുറന്ന ഹെയർ സ്റ്റൈലും എക്സ്ക്ലൂസീവ് ആഭരണങ്ങളും വളകളും സ്റ്റേറ്റ്‌മെന്‍റ് റിംഗ്‌സും പച്ച നെക്ലേസും അനന്യയെ മനോഹാരിയാക്കി. മിനിമൽ മേക്കപ്പിനാണ് താരം ഈ സ്‌റ്റൈലിംഗിൽ മുൻഗണന നൽകിയത്.

ഡയാനയുടെ പെർഫെക്റ്റ് ലുക്ക്

നടി ഡയാന പെന്‍റി എല്ലായ്പ്പോഴത്തേയും പോലെ ഫെസ്റ്റീവ് ലുക്കിൽ മികച്ചു നിന്നു. ഹെവി എംബ്രോയ്‌ഡറി കൊണ്ട് അലങ്കരിച്ച അനിത ഡോംഗ്രെയുടെ വെങ്കല കുർത്തയായിരുന്നു അവരുടെ വേഷം. അതിന്‍റെ കൂടെ പോട്ടലിയും മോസറിയും അതെ നിറത്തിലുള്ള കളർ പാലറ്റുമായി യോജിക്കുന്നതായിരുന്നു. ഇത് ലുക്കിനെ തീർത്തും കോംപ്ലിമെന്‍റ് ചെയ്യുന്നതായി. പിങ്ക് റോസ് ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിംഗ് അവരുടെ രു പത്തിന് മൃദുലമായ സ്‌പർശം നൽകി. തിളക്കമാർന്ന മേക്കപ്പും സ്‌റ്റേറ്റ്‌മെന്‍റ് കമ്മലുകളും ഡയാനയെ ഏറെ സുന്ദരിയാക്കി.

സാറയുടെ ക്ലാസിക് ലുക്ക്

നടി സാറാ അലി ഖാന്‍റെ ഫെസ്റ്റീവ് ലുക്കും അത്യധികം ആകർഷകമായി രുന്നു. വിന്‍റേജ് ബ്രോക്കേഡ് സാരിയിൽ നിന്ന് മയൂർ ഗിരോത്ര ഡിസൈൻ ചെയ്തെടുത്ത മൾട്ടികളർ ലെഹങ്കയ്ക്കൊപ്പം ടിഷ്യൂ സിൽക്ക് ദുപ്പട്ടയും അണിഞ്ഞുള്ള സാറയുടെ ലുക്ക് ഫാഷൻ പ്രേമികളെ ആകർഷിച്ചു. പച്ച നിറത്തിലുള്ള കമ്മലുകൾ, ചോക്കർ നെക്ലേസ്, റോസ് ഫ്ളവർ അണിഞ്ഞുള്ള ലൈറ്റ് ബേബി ഹെയർസ്റ്റൈലിംഗും സാറയുടെ ലുക്കിന് ക്ലാസിക് ടച്ച് നൽകി. മാസ്മരികമായ കണ്ണുകളും ന്യൂഡ് ലി‌പ്സും സാറയുടെ ലുക്കിനെ സന്തുലിതമാക്കി.

ഫെസ്‌റ്റിവ് പാർട്ടി സീസണിലെ ഈ കാഴ്ച്‌ചകൾ തീർച്ചയായും പരമ്പരാഗതവും ആധുനികവുമായ ഫാഷൻ സങ്കൽപ്പത്തെ സന്തുലിതമാക്കുകയാണ്. അങ്ങനെയെങ്കിൽ ഈ ബോളിവുഡ് സുന്ദരിമാരുടെ ലുക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതെല്ലാം തന്നെ കസ്‌റ്റമൈസ്‌ഡ് ഡിസൈനുകളാണ്. സ്വന്തം ഇഷ്ട‌ങ്ങൾ കൂട്ടിച്ചേർത്തു നൂതനമായ ഫാഷൻ ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞു ഇനി ആർക്കും ആഘോഷങ്ങളിലെ താരറാണിയാകാം.

കൂൾ ലുക്കിന് ജെൻസി

കംഫർട്ടബിൾ, ക്ലാസിക്, ട്രെൻഡി എന്നിവയുടെ സങ്കലനമാണ് ജെൻ ഇസഡ് ഫാഷന്‍റെ അന്തഃസന്ത. ഫാഷനെ പുതിയ ഒരു കാഴ്ചപ്പാടിൽ നോക്കി കാണുന്നവരാണ് പുതു തലമുറ. ദൈനംദിന വസ്ത്രങ്ങൾക്ക് പുതിയൊരു സ്റ്റൈൽ ‌സ്റ്റേറ്റ്‌മെന്‍റ് പകരാൻ ഇഷ്‌ടപ്പെടുന്നു ഇക്കൂട്ടർ. ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. ജെൻ ഇസഡുകാരെപോലെ ട്രെൻഡി ലുക്ക് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ പുതുതലമുറയുടെ പ്രിയപ്പെട്ട ഫാഷൻ ട്രെൻഡുകളും സ്റ്റൈലിംഗ് വിദ്യകളും ഒന്ന് പരീക്ഷിച്ചു നോക്കാം.

ക്ലോവ് സോക്‌സിനൊപ്പം സ്‌മാർട്ട് ലുക്ക്

ജിം സ്പോർട്സ് ഷൂകൾക്കോ അല്ലെങ്കിൽ ഓഫീസ് ലോഫറുകൾക്കൊപ്പമോ കണങ്കാൽ വരെ നീളമുള്ള സോക്‌സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽ തലമുറക്കാർ. എന്നാൽ ഈ പ്രവണതയ്ക്ക് തീർത്തും എതിരാണ് ജെൻസി അഥവാ ജെൻ ഇസഡുകാർ. നീളമുള്ള സോക്സുകൾ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട ആക്സസറികളിൽ ഒന്നാണ്. ഇവ രണ്ടും കംഫർട്ടബിൾ തന്നെ. ജിമ്മിനുള്ള ലെഗ്ഗിംഗ്‌സായാലും ഓഫീസ് ഫോർമലായാലും നീളമുള്ള സോക്‌സുകൾ തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. ഈ സോക്‌സുകൾക്ക് ഒപ്പം വലിപ്പം കൂടിയ ഹൂഡികളോ ടീ-ഷർട്ടുകളോ ധരിച്ചു സ്‌റ്റൈൽ ചെയ്യാം. അല്ലെങ്കിൽ മിനി സ്കർട്ടുകളും ഷോർട്ട്സും ഉപയോഗിച്ച് കളർ പ്രിന്‍റ് സോക്‌സുകളെ സ്‌റ്റൈൽ ചെയ്യാം.

മോം ജീൻസിന്‍റെ റെട്രോ വൈബ്

മോം ജീൻസിനോട് വലിയ ഭ്രമമുള്ളവരാണ് ജൻ ഇസഡുകാർ. സുഖകരമാണെന്ന് മാത്രമല്ല ഇത് റെട്രോ വൈബും നൽകും. ഒപ്പം ക്രോപ്പ് ടോപ്പോ ബ്രെയ്‌സ്‌ലറ്റോ ഉപയോഗിച്ച് സ്‌റ്റൈലും ചെയ്യാം. ടക്ക്-ഇൻ ഷർട്ടിനൊപ്പം ഈ ഹൈ വെയ്‌സ്‌റ്റ് ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കും പകരാം. കൂടുതൽ ഭംഗി നൽകുന്നതിന് വൈറ്റ് സ്‌നീക്കറുകളും ലൈറ്റ് ആഭരണങ്ങളും ഇതിന് ഒപ്പം അണിയാം.

ബോയ്ഫ്രണ്ട് ജീൻസ്

ബോയ്ഫ്രണ്ട് ജീൻസിന്‍റെ ബാഗി ഫിറ്റും സൗകര്യങ്ങളും അതിനെ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട കാഷ്വൽ ചോയിസാക്കി മാറ്റുന്നു. ഫിറ്റഡ് ടീ-ഷർട്ടിന്‍റെയോ ബോഡിസ്യൂട്ടിന്‍റെയോ കോൺട്രാസ്‌റ്റ് ലുക്ക് ബോയ്‌ഫ്രണ്ട് ജീൻസിനൊപ്പം പരീക്ഷിച്ചുനോക്കാം. ലെയറിംഗിനായി കൂടെ ഡെനിം ജാക്കറ്റോ ഫ്ളാനൽ ഷർട്ടോ ഉപയോഗിക്കാം. ഗ്ലാമർ ടച്ച് നൽകാൻ ഹീൽസോ സ്ലൈഡറുകളോ ഉപയോഗിച്ച് ഇത് പെയർ ചെയ്യാം.

ക്ലാസി ലുക്കിന് മോണോക്രോം സ്‌റ്റൈൽ

മോണോക്രോം ലുക്ക് അതായത് ഒരേ നിറത്തിലുള്ള വ്യത്യസ്‌ത ഷേഡുകൾ സംയോജിപ്പിക്കുന്ന സ്റ്റൈലിംഗ് ജെൻ ഇസഡിന്‍റെ ഏറ്റവും മികച്ച ട്രെൻഡുകളിൽ ഒന്നാണ്. ഇതിൽ നിറങ്ങൾക്ക് പരിധിയില്ല എന്നതാണ് ഹൈലൈറ്റ്. പിങ്ക്, പർപ്പിൾ, പച്ച, നീല എന്നീ വ്യത്യസ്‌ത ഷേഡുകൾ ഒരുമിച്ച് സ്റ്റൈൽ ചെയ്യാം. എന്നാൽ ഒരു സമയം ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാവൂ എന്നകാര്യം പ്രത്യേകം ഓർമ്മിക്കുക. കമ്മലുകൾ മുതൽ ടോപ്പ്, ജാക്കറ്റ്, ഷൂസ്, പഴ്‌സ് വരെ എല്ലാം ഒരേ നിറത്തിലുള്ളതായിരിക്കണം. ബ്ലാക്ക്, വൈറ്റ്, ബെയ്ജ് അല്ലെങ്കിൽ ഗ്രേ പോലുള്ള അടിസ്‌ഥാന നിറങ്ങളിൽ ഒരു മോണോക്രോം ലുക്ക് സ്വീകരിക്കാം. വ്യത്യസ്‌ത ടെക്സചറുകൾ ചേർത്ത് സ്വന്തം ലുക്ക് രസകരമാക്കാം.

ജെൻ ഇസഡ് നിഷ്പക്ഷ നിറങ്ങളാണ് ഇഷ്ട‌പ്പെടുന്നത്

ജെൻ ഇസഡ് ഫാഷനിൽ ബെയ്‌ജ്, ടാൻ, ഒലിവ് ഗ്രീൻ, ഗ്രേ തുടങ്ങിയ ന്യൂട്രൽ നിറങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ന്യൂട്രൽ നിറമുള്ള ടോപ്പുകൾ ബ്രൈറ്റ് ബോട്ടമിനൊപ്പം സംയോജിപ്പിച്ചോ അല്ലെങ്കിൽ ക്രോപ്പ് ടോപ്പുകളുമായി പൊരുത്തപ്പെടുന്ന ന്യൂട്രൽ സ്‌കർട്ടുകളും ഷോർട്ട്സുകളും സംയോജിപ്പിച്ചോ സ്‌റ്റൈലിഷും കംഫർട്ടബിളുമായ ലുക്ക് സൃഷ്‌ടിക്കാൻ കഴിയും. മോഡേൺ ലുക്ക് പകരാനായി ന്യൂട്രൽ ബ്ലേസറും ലൈറ്റ് ആഭരണങ്ങളും അണിയാം.

ലോംഗ് ലെംഗ്ത് ഔട്ട് ഫിറ്റ്സ്

ലോംഗ് ജാക്കറ്റുകൾ, ട്രെഞ്ച് കോട്ടുകൾ, ഷാക്കറ്റുകൾ, വലിപ്പമേറിയ ഹൂഡികൾ, വസ്ത്രങ്ങൾ എന്നിവ ജെൻ ഇസഡ് വാർഡ്രോബിലെ ഒരു പ്രധാന ഭാഗമാണ്. “കംഫർട്ട് വിത്ത് സ്റ്റൈൽ” എന്നതാണ് ജെൻ ഇസഡിന്‍റെ മുദ്രാവാക്യം. അതുകൊണ്ടാണ് ജെൻ ഇസഡ് ലോംഗ് ഓവർ സൈസ്ഡ് വസ്ത്രങ്ങൾ ഇഷ്‌ടപ്പെടുന്നത്.

ക്രോപ്പ് ടോപ്പ്- ഹൈ വെയ്‌സ്‌റ്റ് ജീൻസിനൊപ്പം ഒരു ഓവർസൈസ് ജാക്കറ്റ്, ലളിതമായ ബ്ലാക്ക് ട്രെഞ്ച് കോട്ടോ അല്ലെങ്കിൽ വീതിയുള്ള ലെഗ് പാന്‍റ്സ്, ഒരു ടർട്ടിൽ നെക്ക് എന്നിവ നിങ്ങൾക്ക് ധരിക്കാം. സ്‌നീക്കറുകളും ബോൾഡ് ബെൽറ്റും ഉപയോഗിച്ച് ലോംഗ് ഡ്രസ്സിനെ സ്‌റ്റൈൽ ചെയ്യാം. ക്രോപ്പ് ടോപ്പിനും മോം ജീൻസിനുമൊപ്പം ഓവർ സൈസ് ലോംഗ് കാർഡിഗൻ ജോടിയാക്കാം.

ജെൻ ഇസഡ്- ഫാഷൻ ഗുണങ്ങൾ

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. സ്‌റ്റൈലായി ബജറ്റ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ തലമുറയുടെ പ്രത്യേകത. ഈ ലുക്കിൽ കംഫെർട്ടിന്‍റെയും സ്റ്റൈലിന്‍റെയും സന്തുലിതാവസ്‌ഥ ദൃശ്യമാണ്. കൂടാതെ മിനിമലിസത്തെ പ്രോത്സാഹിപ്പിക്കുകയും ‌സ്റ്റൈലിഷ് ലുക്ക് സൃഷ്ടിക്കുന്നതിന് കുറച്ച് കാര്യങ്ങൾ എങ്ങനെ സംയോജിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സ്വന്തം വാർഡ്രോബിൽ വിലയേറിയ ബ്രാൻഡുകൾ ഉൾപ്പെടുത്തുക മാത്രമല്ല സുസ്‌ഥിര ഫാഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്‍റ്.

മിതവ്യയ ഷോപ്പിംഗും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ മുന്നിലാണ്. മികച്ച രീതിയിൽ എങ്ങനെ ത്രിഫ്റ്റ് ഷോപ്പിംഗ് നടത്താമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും ജെൻ -ഇസഡിൽ നിന്ന് സ്വീകരിക്കാം.

ട്രെൻഡുകളെ മാത്രമല്ല സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കും വ്യക്തിത്വത്തിനും അനുസരിച്ച് സ്റ്റൈലിംഗിൽ മാറ്റം വരുത്താനും ജെൻ ഇസഡുകാർ ശ്രദ്ധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ ഫാഷൻ മോഡേണും കംഫർട്ടബിളും റ്റൈലിഷും ആക്കാൻ കഴിയും. ജെൻ ഇസഡ് സ്‌റ്റൈലിംഗ് ടിപ്സുകൾ സ്വീകരിക്കുന്നതിലൂടെ ഡെയ്‌ലി വിയറുകളിൽ പുതുമയുള്ളതും ട്രെൻഡിയുമായ സ്‌പർശം കൊണ്ടുവരാൻ കഴിയും. പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്. ജെൻ ഇസഡ് ശൈലി സ്വീകരിച്ച് സ്വന്തം വാർഡ്രോബ് അപ്ഡേറ്റ് ചെയ്‌ത് എല്ലാ ദിവസവും പുതിയ ലുക്ക് പരീക്ഷിക്കൂ.

ഒറിജിനൽ പട്ട് വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും

നൂറ്റാണ്ടുകളായി ഇന്ത്യൻ വധുവരന്മാരുടെ പാരമ്പര്യ വിവാഹ വേഷം സിൽക്കിലാണ് തയ്ക്കുന്നത്. ഇന്ത്യൻ വിവാഹസങ്കല്പം തന്നെ പട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വസ്ത്രങ്ങളുടെ റാണിയായി പട്ട് വസ്ത്രങ്ങളെ വിശേഷിപ്പിക്കുന്നത്. പട്ടിനെപ്പോലെ ഒരേസമയം ലാളിത്യവും പ്രൗഢിയും എടുത്തുകാട്ടുന്ന വസ്ത്രം വേറെ ഏതുണ്ട്? മറ്റ് കൃത്രിമ വസ്ത്രങ്ങളെ അപേക്ഷിച്ച് സിൽക്ക് വസ്ത്രങ്ങൾ നാച്ചുറലും ഇക്കോ ഫ്രണ്ട്ലിയുമാണ്.

എന്താണ് സിൽക്ക്

പട്ടുനൂൽ പുഴുക്കളാൽ നിർമ്മിക്കപ്പെടുന്ന കൊക്കുണിൽ നിന്നാണ് പട്ടുനൂൽ തയ്യാറാക്കപ്പെടുന്നത്. പ്രകൃതിദത്തമായ തിളക്കവും മൃദുലതയും, നിറം പകരാനുള്ള അനുകൂല സാഹചര്യവും ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും പകരുന്ന സവിശേഷതയും ആകർഷകമായ വൈവിധ്യങ്ങളും സിൽക്കിന്‍റെ ചില പ്രധാന സവിശേഷതകളാണ്.

പട്ടുനൂൽ ഇനങ്ങൾ

മൾബറി ഇലകൾ ഭക്ഷിക്കുന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നും എല്ലായിനത്തിലും പെട്ട പട്ട് ഉല്പാദിപ്പിക്കാൻ കഴിയണമെന്നില്ല. മൾബറി പുഴുക്കളിൽ നിന്നല്ലാതെയും പട്ടുല്‌പാദിപ്പിക്കുന്നുണ്ട്. മൾബറി സിൽക്ക്, ടസ്സർ സിൽക്ക്, മുംഗാ സിൽക്ക്, ഏരി സിൽക്ക് എന്നിവയാണ് മറ്റ് പ്രധാന സിൽക്ക് ഇനങ്ങൾ.

വളരെ ലൈറ്റും സോഫ്റ്റുമാണ് മൾബറി സിൽക്ക്. വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം പട്ടുവസ്ത്രങ്ങളും മൾബറി സിൽക്ക് ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ടസ്സർ, ഏരി, മുംഗാ തുടങ്ങിയവ റോ സിൽക്കിൽ പെടുന്നവയാണ്.

ഫാഷനബിൾ സിൽക്ക്

പട്ടുനൂൽ വസ്ത്രം നിർമ്മിക്കുന്ന വിപുലമായ കൈത്തറി കേന്ദ്രങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാഞ്ചീപുരം, മൈസൂർ, ധർമ്മാവരം, ബനാറസ് തുടങ്ങിയവ ഇന്ത്യയുടെ പാരമ്പര്യ സിൽക്ക് നെയ്ത്തു കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളിൽ തയ്യാറാക്കപ്പെടുന്ന പട്ടുസാരികൾ അതിന്‍റെ മേന്മ കൊണ്ടും കരവിരുതു കൊണ്ടും ഏറെ പ്രശസ്തമാണ്.

 

സിൽക്ക് ഷർട്ട്, ടൈ, സ്കാർഫ് തുടങ്ങിയവയാണ് പുരുഷന്മാർക്കിടയിലെ ഹോട്ട് ക്രെയ്സ്. ഇന്ന് ഗൃഹാലങ്കാരങ്ങൾക്കായും സിൽക്ക് തുണിത്തരങ്ങൾ ഉപയോഗിക്കുന്നത് ഫാഷനാണ്. സിൽക്ക് കർട്ടൻ, കുഷ്യൻ കവർ, ബെഡ് കവർ, ബെഡ് ഷീറ്റുകൾ, ടോപ് കവർ, ടേബിൾ ക്ലോത്ത് എന്നിവ വ്യത്യസ്‌തങ്ങളായ ഡിസൈനുകളിലും വിലയിലും ലഭ്യമാണ്.

സിൽക്കിന്‍റെ സംരക്ഷണം

സിൽക്ക് തുണിത്തരങ്ങൾ കഴുകാൻ ഹാർഡ് വാട്ടറോ ഡിറ്റർജന്‍റുകളോ ഉപയോഗിക്കാൻ പാടില്ല. ഡ്രൈക്ലീനിംഗാണ് അനുയോജ്യമായ മാർഗ്ഗം. എന്നാൽ റോ സിൽക്ക്, ചൈന സിൽക്ക്, ഇന്ത്യൻ സിൽക്ക്, പോംഗി, ശാൻതുംഗ്, ടസ്സർ എന്നിവ വീട്ടിൽത്തന്നെ കഴുകാവുന്നതാണ്. അവ കഴുകിയ ശേഷം ഒരു ടവലിൽ പൊതിഞ്ഞു വെയ്ക്കാം. തുണിയിൽ നിന്നും പരമാവധി ഈർപ്പം കളയാൻ വേണ്ടിയാണിത്. ഏറ്റവുമൊടുവിലായി തുണി കഴുകിയെടുക്കുന്നതിനായ് സിട്രിക് ആസിഡിന്‍റെയോ അസറ്റിക് ആസിഡിന്‍റെയോ ഏതാനും തുള്ളികൾ തണുത്ത വെള്ളത്തിൽ ചേർക്കാം.

അയൺ ബോക്സിൽ ചൂട് ക്രമപ്പെടുത്തി വേണം സിൽക്ക് തുണികൾ ഇസ്തിരി ചെയ്തെടുക്കാൻ. ഇസ്‌തിരിയിടും മുമ്പ് തുണിയിൽ വെള്ളം തളിക്കേണ്ടതില്ല. വെള്ളത്തുള്ളികൾ വീണ് സിൽക്ക് വസ്ത്രത്തിൽ പാടുകൾ വീഴും. അഥവാ തുണി നനഞ്ഞിരിക്കുകയാണെങ്കിൽ അത് തിരിച്ചിട്ട് ഇസ്തിരിയിടാം.

സ്റ്റോറേജ്

സിൽക്ക് വസ്ത്രങ്ങൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതിരിക്കും. ഒരിക്കലും പ്ലാസ്‌റ്റിക്‌ സഞ്ചിയിലോ ബോക്സിലോ സൂക്ഷിക്കരുത്.

തുണിയിൽ പാടുകൾ വീഴാനും കീടങ്ങൾ കയറിക്കൂടാനും ഇതിടയാക്കും. കുറച്ചു നാൾ കഴിഞ്ഞ് സിൽക്ക് വസ്ത്രങ്ങൾ തിരിച്ചും മറിച്ചും മടക്കി വയ്ക്കുക. സിൽക്ക് വസ്ത്രങ്ങൾക്കിടയിൽ പാറ്റ ഗുളികകൾ കടലാസിൽ പൊതിഞ്ഞ് വയ്ക്കാം. ദീർഘകാലമായി സിൽക്ക് വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അവ അല്‌പനേരം കാറ്റേല്ക്കുന്നതിനായി വിരിച്ചിടാം.

മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് സിൽക്ക് വസ്ത്രങ്ങൾ വിലയേറിയവയാണ്. അതുകൊണ്ട് സിൽക്ക് തുണിത്തരങ്ങൾ എപ്പോഴും വിശ്വസ്ത‌മായ കടകളിൽ നിന്നും വാങ്ങുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें