ഇന്ന് സ്മാർട്ട് ഫോൺ കൈവശമില്ലാത്തവർ ചുരുക്കമാണ്. സ്മാർട്ട് ഫോൺ എല്ലാവരേയും സംബന്ധിച്ച് ഏറ്റവും ആവശ്യമായ ഘടകമായി മാറിയിരിക്കുകയാണ്. പക്ഷേ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ചിലപ്പോൾ ചിലർക്ക് തലവേദനയായി മാറാറുമുണ്ട്. കാരണം ഭൂരിഭാഗം പേർക്കും അതിന്‍റെ ബേസിക്ക് ഫീച്ചറുകളില്ലാതെ അതിലപ്പുറമുള്ള കാര്യങ്ങൾ അറിയില്ലെന്നതാണ് സത്യം. എന്നാൽ സ്മാർട്ട് ഫോണിലെ ചില ഫീച്ചറുകളെപ്പറ്റി അറിഞ്ഞിരുന്നാൽ ഫോൺ ഹാംഗ് ആകുക വൈറസ് അറ്റാക്ക് ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ സ്മാർട്ടായി ഒഴിവാകാനാകും. ബഹുഭൂരിഭാഗംപ്പേരും ഇക്കാര്യത്തിൽ അജ്ഞരാണെന്നതാണ് പ്രശ്നം.
ഉദാഹരണത്തിന് ഒരു ക്ലൈന്‍റിന് ഒരു അതാവശ്യ മെയിൽ അയക്കുന്ന സമയത്ത് ഫോൺ ഹാംഗ് ആയി പോവുകയോ അതുമല്ലെങ്കിൽ ഏതെങ്കിലും അത്യാവശ്യ മെസേജ് വായിക്കുന്ന സമയത്ത് മെസേജ് ബോക്‌സ് തുറക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ദേഷ്യവും എത്രമാത്രമായിരിക്കും. ഈ പ്രശ്നത്തിനുള്ള കാരണം വൈറസാണ്. ഇന്‍റർനെറ്റിൽ ഓരോ സെക്കന്‍റിലും പുതിയ വൈറസ് രൂപം കൊള്ളുമെന്നതാണ് അതിശയമുണർത്തുന്ന കാര്യം. ഇതേ വൈറസ് തന്നെയാണ് മൊബൈലിൽ പ്രവേശിച്ച് പ്രശ്നക്കാരനായി മാറുന്നത്. മൊബൈലിന്‍റെ സ്പീഡ് കുറച്ച് ഫോൺ ഹാംഗ് ആക്കുന്നത്. എന്നാൽ ചില മുൻകരുതലുകൾ സ്വീകരിക്കുന്ന പക്ഷം വൈറസുകളിൽ നിന്നും മൊബൈലിനെ പൂർണ്ണമായും സംരക്ഷിക്കാനാവും.
സിസ്റ്റം അപ്ഡേറ്റ്
ഫോണിൽ എപ്പോഴെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം അപഡേറ്റിന്‍റെ ഡയലോഗ് ബോക്‌സായി വരികയാണെങ്കിൽ അത് കണ്ടില്ലെന്ന് നടിക്കരുത്. മറിച്ച് സെറ്റിംഗിലെ സിസ്‌റ്റം അപ്ഡേറ്റിൽ ചെന്ന് നിങ്ങളുടെ ഫോണിനായി ഏതെങ്കിലും പുതിയ സിസ്റ്റം സോഫ്റ്റ്‍വെയർ ലഭ്യമാണോയെന്ന് പരിശോധിക്കുക. അഥവാ ഉണ്ടെങ്കിൽ അതിൽ ലേറ്റർ അല്ലെങ്കിൽ നൗ എന്ന ബട്ടൺ കൊടുത്തിട്ടുണ്ടാവും. നിങ്ങൾ നൗ ബട്ടൺ അമർത്തുകയാണ് വേണ്ടത്. വേണമെങ്കിൽ അപ്ഡേറ്റ് എന്ന ലൈറ്റ്സ് വായിച്ചു നോക്കാവുന്നതാണ്. ഈ പുതിയ സോഫ്റ്റ് വെയർ വഴി നിങ്ങളുടെ ഫോണിന് ഏതെല്ലാം തരത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുമെന്ന് അതിൽ നിന്നും മനസ്സിലാക്കാനാവും. അൺനോൺ സോഴ്സ് ആപ്പ് ഓഫാക്കുക. സ്മാർട്ട് ഫോണിലെ സെറ്റിംഗിൽ പോയി സെക്യൂരിറ്റി സിസ്‌റ്റം ക്ലിക്ക് ചെയ്യുക. ഇതിൽ ഡിവൈസ് അഡ്മിനിസ്ട്രേഷൻ എന്ന പേരുള്ള ഓപ്ഷൻ കാണാം. അതിൽ അൺനോൺ സോഴ്സ് ഓപ്ഷനുണ്ട്. നിങ്ങളുടെ ഫോണിൽ അൺനോൺ സോഴ്സ് ബട്ടൺ ഓൺ ആണെങ്കിൽ യാതൊരു കാരണവുമില്ലാതെ നിങ്ങളുടെ ഫോണിൽ ധാരാളം ആപ്സ് ഡൗൺലോഡ് ആകാം. അതുകൊണ്ട് ഈ ബട്ടൺ ഓഫാക്കിയിടുക. ഇത് ഓഫാക്കുക വഴി ഫോണിൽ വെരിഫൈഡ് അല്ലാത്ത ആപ്സ് ഇൻസ്റ്റോൾ ആവുകയില്ല.
സ്ക്രീൻ ലോക്ക് ഉപയോഗിക്കുക
സാധാരണ മൊബൈൽ ഫോൺ പോലെ സ്മാർട്ട് ഫോണിലും സ്ക്രീൻ ലോക്ക് സിസ്റ്റമുണ്ട്. സ്മാർട്ട് ഫോണിൽ പലതരത്തിലുള്ള ലോക്ക് സിസ്റ്റമായിരിക്കും ഉണ്ടാവുക. ഉദാ: പാറ്റേൺ ലോക്ക്, പിൻലോക്ക്, ഡ്രാഗ് സ്ക്രീൻ ലോക്ക് മുതലായവ. ഇവയിൽ ഏതെങ്കിലും ഓപ്ഷൻ ഉപയോഗിച്ച് സ്ക്രീൻ ലോക്ക് ചെയ്യാനാവും. ഇതിനായി സെറ്റിംഗ്സിൽ പോയി സ്മാർട്ട് ഫോണിൽ കൊടുത്തിരിക്കുന്ന സ്ക്രീൻ ലോക്ക് എനേബിൾ ചെയ്യാം.
ആന്‍റി വൈറസ് ഇൻസ്റ്റോൾ ചെയ്യാം
കമ്പ്യൂട്ടർ – ലാപ്ടോപ്പ് പോലെ സ്മാർട്ട് ഫോണിനും ആന്‍റി വൈറസ് ഉണ്ട്. സ്മാർട്ട് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെന്ന് ഫ്രീ ആന്‍റി വൈറസ് ഡൗൺലോഡ് ചെയ്യാം. വെരിഫൈഡ് ആയതും നല്ല റിവ്യൂ ഉള്ളതും ആയിരിക്കണം ആപ്പ്. റിവ്യൂ പരിശോധിക്കാൻ ആപ്പിൽ കൊടുത്തിരിക്കുന്ന നക്ഷത്രങ്ങൾ നോക്കുക. കുറേ സ്‌റ്റാറുകള്‍ കിട്ടിയിട്ടുള്ള ആന്‍റി വൈറസ് തെരഞ്ഞെടുക്കാം. ഫോൺ സ്കാൻ ചെയ്യിക്കാം. വൈറസ് ഉണ്ടെങ്കിൽ ഡിലീറ്റായി കൊള്ളും.
ബ്ലുടൂത്ത് ഓഫാക്കി വയ്‌ക്കുക
സ്മാർട്ട് ഫോണിലെ മികച്ച ഒരു ഓപ്ഷനാണ് ബ്ലുടൂത്ത്. ഇത് ശരിയായ വണ്ണം ഉപയോഗിക്കണമെന്നു മാത്രം. അല്ലെങ്കിൽ ഇത് അപകടകാരിയായി മാറാം. മറ്റുള്ളവരുടെ ഫോണിൽ നിന്നും വിവരങ്ങൾ സ്വീകരിക്കാനായി ഇത് ഓൺ ചെയ്യാറുണ്ട്. എന്നാൽ ഉപയോഗ ശേഷം അത് ഓഫാക്കിയിടാൻ മറന്നുപോകും. ഈ മറവി നിങ്ങൾക്ക് വലിയൊരു അപകടം വരുത്തി വയ്‌ക്കാം. കാരണം ബ്ലുടൂത്ത് വഴി ആർക്കും നിങ്ങളുടെ മൊബൈലിൽ പ്രവേശിച്ച് ഏത് വിവരവും ചോർത്തിയെടുക്കാനാവും.
ഇത് മാത്രമല്ല, നിങ്ങളുടെ വ്യക്‌തിപരമായ ചിത്രങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിങ്ങളുടെ സോഷ്യൽ നെറ്റ്‍വർക്ക് അക്കൗണ്ട് വരെ ഉപയോഗിക്കാനാവും.
ഓപ്പൺ വൈഫൈ ഹോട്ട് സ്പോട്ട് ഉപയോഗിക്കരുത്
ഇന്ന് മിക്കയിടങ്ങളിലും വൈഫൈ സൗകര്യം ലഭ്യമാണ്. ചിലപ്പോൾ പാസ്വേഡ് ഇല്ലാതെ തന്നെ വൈഫൈ മൊബൈലുമായി കണക്റ്റഡാകുകയും ചെയ്യും. പക്ഷേ ഇതപകടമാണ്. ഫ്രീ ഇന്‍റർനെറ്റ് ലഭ്യമാകുമെന്ന അത്യാഗ്രഹത്താൽ ഓപ്പൺ വൈഫൈ ഹോട്ട്സ്പോട്ടുമായി ഫോൺ കണക്‌റ്റ് ചെയ്യരുത്. ഇങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങളുടെ ഫോണിൽ വൈറസ് പ്രവേശിച്ച് ഫോൺ ഹാക്ക് ചെയ്യപ്പെടാം.
പോപ് അപ്പ് ഓപ്ഷൻ ബ്ലോക്ക് ചെയ്യുക
മിക്കപ്പോഴും ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന അവസരങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ പോപ്പ് അപ്പ് ഓപ്പൺ ആയി വരാറുണ്ട്. ഉപയോക്താവ് അറിയാതെ അതിൽ ക്ലിക്കും ചെയ്യാം. ഇതുവഴി ഫോണിൽ അനായാസം വൈറസ് പ്രവേശിക്കാം. അതുകൊണ്ട് ഫോണിലെ ബ്രൗസർ സെറ്റിംഗിൽ കയറുക അവിടെ സൈറ്റ് സെറ്റിംഗിൽ ഓപ്ഷൻ ലഭ്യമാകും. പോപ്പ് അപ്പ് ബ്ലോക്ക് ചെയ്യുക. ഒപ്പം ക്യാമറ മൈക്രോഫോൺ ഓപ്ഷൻ ആസ്ക്ക് ഫസ്‌റ്റ് ഓപ്ഷൻ ഓൺ ചെയ്‌തിടാം. അങ്ങനെ ചെയ്‌താൽ വെബ്സൈറ്റ് നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നത് തടയപ്പെടും.
ഇ-മെയിൽ അറ്റാച്ച്മെന്‍റ് തുറക്കുന്നത് ഒഴിവാക്കുക
മെയിൽ ബോക്‌സിൽ ധാരാളം സ്പാം മെയിൽസ് വരാം. പലപ്പോഴും അതിനുള്ളിലെ അപകടമറിയാതെ അത്തരം മെയിലുകൾ പലരും തുറന്നു നോക്കിയെന്നും വരും. ഇത്തരം മെയിലുകളിൽ അറ്റാച്ച്മെന്‍റ് ഫയലുകളും ഉണ്ടാകും. ആകർഷകങ്ങളായ ഓഫറുകളായിരിക്കും അത്തരം മെയിലുകളിൽ ഉണ്ടാവുക. വാസ്‌തവത്തിൽ അവയെല്ലാം തന്നെ വ്യാജ വിവരങ്ങളായിരിക്കും. വൈറസ് അറ്റാക്ക് ഉണ്ടാവുകയും ചെയ്യും. അതിനാൽ അത്തരം അജ്‌ഞാത മെയിലുകൾ ഓപ്പൺ ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. വിശ്വസനീയമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മെയിൽ അറ്റാച്ചുമെന്‍റുകൾ തുറന്ന് പരിശോധിക്കാവൂ.