സ്വർഗ്ഗ രാജ്യത്തു നിന്നും പ്രണയത്തിന്‍റെ മഴത്തുള്ളികളെ പൈപ്പിൻ ചോട്ടിലേക്ക് എത്തിച്ച് റീബ മോണിക്ക ജോൺ മലയാളത്തിന്‍റെ സ്ക്രീനിൽ സജീവമാകുകയാണ്. പ്രമുഖ നടൻ ജയ്നൊപ്പം ജറുഗണ്ഡി എന്ന തമിഴ് ചിത്രം. റീബയുമായി ഒരു കോഫി ചാറ്റ്…

സിനിമാഭിനയത്തിലേക്ക് വന്നതെങ്ങനെയാണ്?

മിടുക്കി എന്ന റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം മോഡലിംഗും പരസ്യവും ധാരാളം ചെയ്‌തിരുന്നു. ഒരു പരസ്യം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ദിനേഷ് പ്രഭാകർ ജേക്കബിന്‍റെ സ്വർഗ്ഗരാജ്യത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അപ്പോൾ പ്രേമം ഒക്കെ ഹിറ്റായി നിൽക്കുകയാണ്. നിവിൻ പോളിക്കൊപ്പം നായികയായി അഭിനയിക്കാൻ കിട്ടിയത് ഒരു നല്ല ചാൻസാണെന്നു തോന്നി. പിന്നീട് മാസ്റ്റേഴ്സ് ചെയ്തു കഴിഞ്ഞ ശേഷമാണ് പൈപ്പിൻ ചോട്ടിലെ പ്രണയത്തിന്‍റെ സബ്ജക്ട് കേൾക്കുന്നത്. ഇഷ്‌ടപ്പെട്ടതു കൊണ്ട് അതും ചെയ്‌തു.

ഒരു കരിയർ എന്നുള്ള രീതിയിൽ പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്?

എനിക്ക് വിദേശത്ത് പോയി റിസർച്ച് ചെയ്യാനും അവിടെ ജോലി ചെയ്യാനുമാണ് താൽപര്യം. എംഎസ്സി അനാലറ്റിക്കൽ കെമിസ്ട്രിയിലാണ് ഞാൻ സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത്. പഠനത്തിനും നല്ലൊരു ജോലിക്കുമാണ് ഞാൻ മുൻ തൂക്കം കൊടുക്കുന്നത്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയും ചെയ്യും. നാളെ എന്താകുമെന്ന് കൃത്യമായി നമുക്ക് പറയാൻ പറ്റില്ല. സിനിമാഭിനയം ഞാൻ ആസ്വദിക്കുന്നുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്‌ത് സിനിമയിലെത്തിയ ആളല്ല ഞാൻ. യാദൃശ്ചികമായി സംഭവിച്ചതാണ്. 6 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത്.

മൊത്തത്തിൽ ഒരു ഓൾറൗണ്ടർ ആണല്ലോ?

ചിലരൊക്കെ അങ്ങിനെ പറയാറുണ്ട്. അല്ലെങ്കിലും ഒരു ഓൾ റൗണ്ടർ പട്ടം നല്ലതല്ലേ (ചിരിക്കുന്നു). പാട്ട്, ഡാൻസ് അങ്ങിനെ എനിക്ക് പറ്റാവുന്നതൊക്കെ ചെയ്യും ഇനി കായിക ഇനങ്ങളിലും കൂടി ഒരു കൈ നോക്കണം. സ്പോർടിസിലേക്കു വരുമ്പോൾ വളരെ വീക്കാണ്. ബാഡ്മിന്‍റണും, ക്യാരംസുമൊക്കെയാണ് പിടിച്ചു നിൽക്കാവുന്ന സംഗതികൾ. കരാട്ടേ, കുംഫൂ, കളരിപ്പയറ്റ് ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരാമെന്ന് ഓഫർ ചെയ്യുകയാണെങ്കിൽ അതും ഒരു കൈ നോക്കണം.

ബാംഗ്ലൂർ നഗരത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ അവിടുത്തെ എടുത്തു പറയാവുന്ന പ്രത്യേകതകൾ?

മെട്രോ പൊളിറ്റൻ സിറ്റിയായതു കൊണ്ട് ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും വരുന്ന ഒരു മിക്‌സഡ് ക്രൗഡിനെ എപ്പോഴും കാണാം. പലവിധത്തിലുള്ള സംസ്ക്കാരങ്ങൾ ഒന്നിച്ചു ചേരുന്നയിടം. സ്കൂളിൽ പഠിക്കുന്ന സമയത്ത് വിവിധ ഭാഷ സംസാരിക്കുന്നവരും പല ദേശക്കാരുമായ കുട്ടികളോട് ഇടപഴകാൻ സാധിച്ചിട്ടുണ്ട്. മികച്ച സ്കൂളുകളും കോളേജുകളുമുള്ള നഗരമാണ് ബാംഗ്ലൂർ. നൈറ്റ് ലൈഫ് എടുത്തു പറയേണ്ട ഒന്നാണ്. ഒരു ഫാമിലി സെറ്റപ്പിൽ വളർന്നതു കൊണ്ട് നൈറ്റ് പാർട്ടി എന്നുള്ള രീതിയിൽ ആസ്വദിച്ചിട്ടില്ലെങ്കിലും ആഘോഷങ്ങളൊക്കെ വരുമ്പോൾ വീട്ടുകാരും കസിൻസും സുഹൃത്തുക്കളുമൊക്കെയായി ലേറ്റ്നൈറ്റ് ഹാംങ് ഔട്ടുകൾക്ക് പോകാറുണ്ട്. ഒരുപാട് കുഞ്ഞ് കുഞ്ഞ് ഉദ്യാനങ്ങളും, വലിയ പാർക്കുകളും മാളുകളും ഒക്കെയുള്ള എന്‍റെ പ്രിയപ്പെട്ട ഗാർഡൻ സിറ്റിയാണ് ബാംഗ്ലൂർ. എവിടെ പോയാലും തിരിച്ച് ബാംഗ്ലൂർക്ക് വരണമെന്ന തോന്നൽ എന്നെ വിട്ട് പോകില്ല.

കുട്ടിക്കാലത്തെ അനുഭവങ്ങൾ എന്തൊക്കെയാണ്?

കുട്ടികളാകുമ്പോ പുറത്തു പോയി കളിക്കുന്നതിന് ആൺകുട്ടി, പെൺകുട്ടി എന്ന വേർതിരിവ് ഇല്ലല്ലോ. ബാംഗ്ലൂരാണ് ഞാൻ ജനിച്ച് വളർന്നത്. പപ്പ കസ്റ്റംസിലായതു കൊണ്ട് ജോലിയുടെ ഭാഗമായി പലയിടത്തേക്കും മാറി താമസിച്ചിട്ടുണ്ട്. കുറച്ചുനാൾ കൊൽക്കത്തയിലുണ്ടായിരുന്നു. പിന്നെ മമ്മയുടെ നാടായ പാലയിലേക്കുള്ള യാത്രകൾ. ഇങ്ങനെ പല സ്‌ഥലത്തേയും കൊച്ചു കൊച്ചു ഓർമ്മകൾ മനസ്സിലുണ്ട്. കൊൽക്കത്തയിലെ ദുർഗ്ഗാ പൂജയുടെ സമയത്തെ അവിടുത്തെ രീതികൾ, ആളുകൾ ഇതൊക്കെ മായാതെ മനസ്സിലുണ്ട്.

നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഒരാളുടെ പേരിൽ പോലീസിൽ പരാതി കൊടുത്തിരുന്നില്ലോ?

ആദ്യമൊക്കെ എനിക്ക് തന്നെ ഹാൻഡിൽ ചെയ്യാവുന്നതല്ലേ ഉള്ളൂ എന്ന് വിചാരിച്ച് അതത്ര സീരിയസ്സായി എടുത്തില്ല. പിന്നീട് സഹിക്കാവുന്നതിലുമപ്പുറം ആയപ്പോഴാണ് പോലീസിനെ അറിയിച്ചത്. അനേകം പെൺകുട്ടികൾക്കിത് സംഭവിക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടും പുറത്ത് പറയുന്നില്ല എന്നേയുള്ളൂ. നമ്മൾ നിശബ്ദത പാലിക്കുമ്പോഴാണ് ഇത്തരക്കാരെ കൂടുതൽ പ്രചോദിപ്പിക്കുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായാൽ എത്രയും വേഗം അടുത്ത സുഹൃത്തുക്കളേയോ വീട്ടുകാരേയോ അറിയിക്കുക. ഒരുപാട് താമസിച്ചാൽ നമുക്ക് തന്നെയാണ് ഡാമേജ് ഉണ്ടാകുന്നത്. നമ്മളെ സഹായിക്കാനാണ് ഇവിടെ നിയമവും പോലീസും ഉള്ളത്. ഐഡന്‍റിറ്റി വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്തവർ അക്കാര്യം പോലീസിനോടും മാധ്യമങ്ങളോടും സൂചിപ്പിക്കണം.

പൈപ്പിൻ ചോട്ടിലെ സിനിമ സെറ്റിലുണ്ടായ അനുഭവങ്ങൾ?

ഒരു തുരുത്തിലെ ജീവിതമാണ് ആ സിനിമ പറയുന്നത്. സിനിമയിൽ കാണിക്കുന്നതുപോലെ എറണാകുളം നഗരത്തിനടുത്തുള്ള ഒരു തുരുത്തിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നത്. അവിടെയുള്ള കുടുംബങ്ങൾ ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ വലഞ്ഞിരുന്ന നാളുകളുണ്ടായിരുന്നു. ഒരുപാടാളുകൾക്ക് ആ കഥ പറയാനുണ്ട്. അവിടുത്തെ ചേട്ടന്മാരും ചേച്ചിമാരും ഞങ്ങളോട് സ്നേഹത്തോടെയാണ് പെരുമാറിയത്. അവരുടെയൊക്കെ അടുക്കളയിൽ പോയി ആഹാരം കഴിക്കുക, പലരുടേയും ജീവിതകഥകൾ കേൾക്കുക ഇതൊക്കെ പുതിയൊരു മാനസികാനുഭവം നൽകി. വെയിലും മഴയുമൊക്കെ മാറി മാറി വന്ന സമയമായിരുന്നു. പക്ഷേ നാട്ടുകാർ നന്നായി ഷൂട്ടിംഗിനോട് സഹകരിച്ചു.

ജീവിതത്തിലെപ്പോഴെങ്കിലും കുടിവെള്ളത്തിനായി കാത്തു നിൽക്കേണ്ട അവസ്‌ഥ ഉണ്ടായിട്ടുണ്ടോ?

ഇതുവരെ അങ്ങിനെയൊരു അനുഭവം വന്നിട്ടില്ല. പക്ഷേ ഇപ്പോ അത് ആലോചിക്കുന്നുണ്ട്. അതിന്‍റെയൊരു ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാക്കുന്നത് പൈപ്പിൻ ചോട്ടിലെ പ്രണയം ചെയ്‌തപ്പോഴാണ്. ഓരോ ആളുകളുടേയും അനുഭവം കേൾക്കുമ്പോ നമ്മളൊക്കെ എന്ത് ഭാഗ്യം ചെയ്തവരാണെന്ന് തോന്നും.

റീബയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാ?

അങ്ങിനെ ചോദിച്ചാൽ… എനിക്ക് വളരെ അടുപ്പമുള്ള കുറച്ചു നല്ല കൂട്ടുകാരുണ്ട്. എന്നാലും ഇപ്പോൾ എന്‍റെ കൂടെയിരിക്കുന്ന ജൂവലിനെക്കുറിച്ചു പറയാം. ജൂവൽ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങളുടെ ഫാമിലി തമ്മിൽ നല്ല അടുപ്പത്തിലാണ്. സ്കൂൾ കാലം തൊട്ട് പത്തു പതിമൂന്നു വർഷമായി ജൂവൽ എന്‍റെ കൂടെ തന്നെയുണ്ട്. എന്‍റെ എല്ലാ കാര്യത്തിലും ജൂവലിന്‍റെ ഒരു പ്രസൻസുണ്ട്. മുമ്പ് സ്കൂൾ മാറിയൊക്കെ പോയിരുന്നു. വീണ്ടും കാണുന്ന സമയത്ത് ഞങ്ങൾക്ക് ട്രാക്കിലാകാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഫോണിൽ സംസാരിച്ചില്ലെങ്കിലോ കുറച്ചുനാൾ കാണാതിരുന്നാലോ ഞങ്ങളുടെ സൗഹൃദത്തിന് മാറ്റമൊന്നുമില്ല. ജൂവലുമായി എനിക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റും. ഒരുപാട് സിമിലാരിറ്റീസ് ഉണ്ട്. ഫണ്ണിയാണ്, ട്രാൻസ്പെരന്‍റാണ്, ഹോണസ്റ്റാണ് അങ്ങിനെയങ്ങിനെ. ജൂവൽ എന്‍റെയൊരു ബെസ്റ്റ് ബഡിയാണ്. (ഈ ക്വാളിറ്റീസൊക്കെ ജൂവൽ തന്നെ എന്നോട് പറയാൻ പറഞ്ഞതാണ്) ജൂവലിനേക്കാളും സ്മാർട്ട് ഞാൻ തന്നെയാണ്. അല്ലേ… ചിരിക്കുന്നു.

ജീവിതത്തിൽ പ്രണയാനുഭവങ്ങൾ…

എനിക്ക് പ്രണയം പറയാൻ തരത്തിൽ ഒരു സ്റ്റോറി പോലുമില്ല (ഓർത്തെടുക്കുന്നു…) ചിലരൊക്കെ അപ്രോച്ച് ചെയ്‌തിട്ടുണ്ട്. പക്ഷേ ഒരു റിലേഷനൊന്നും സംഭവിച്ചിട്ടില്ല. സെലിബ്രിറ്റി ക്രഷ്, ഇൻഫാച്ചുവേഷൻസ് ഇതൊക്കെ ഉണ്ടായിട്ടുണ്ട്. പരസ്പരം മ്യൂച്ചൽ ഫീലിംഗ് അങ്ങോട്ടുമിങ്ങോട്ടും തോന്നുന്ന ഒന്നാണല്ലോ പ്രണയം അതിതുവരെ ഉണ്ടായിട്ടില്ല. ഞാൻ പക്ഷേ വളരെ റൊമാന്‍റിക്കാണ്. എന്നെ മനസ്സിലാക്കുന്ന ഒരാൾ വരുമെന്ന് കരുതുന്നു. പ്രണയം പ്ലാൻ ചെയ്‌ത് കണ്ടുപിടിക്കില്ല അതൊരു കോയിൻസിഡൻസായി വരട്ടെ. അതല്ലേ മനോഹരം. പ്രണയം നല്ലൊരു ഫീലാണ്. പ്രണയിക്കുന്നവർ ആ സമയം എൻജോയ് ചെയ്യുക. (ജസ്റ്റ് ഗോ…ബി ഫാൾ ഇൻ ലവ്)

വീട്ടുകാർ സിനിമ കണ്ട് വിമർശിക്കാറുണ്ടോ?

അവരാണ് എന്‍റെ ഏറ്റവും വലിയ ക്രിട്ടിക്സ്. ഈ സീനിലെ അഭിനയം ശരിയായില്ല. അതിലെ ഔട്ട് ഫിറ്റ് യോജിക്കുന്നില്ല എന്നൊക്കെ നല്ല നല്ല വിമർശനങ്ങൾ അവർ പറയും. ഞാൻ അഭിനയിക്കുന്നത് അവർക്കിഷ്ടമാണ്. പപ്പ ഷാജി കസ്റ്റംസിലാണ്. മമ്മ മിനി ഞങ്ങളെയൊക്കെ മെരുക്കിയെടുക്കുന്നു. അനിയത്തി ലിബി. ഒരു അനിയനുണ്ട് ഷെയിൻ.

और कहानियां पढ़ने के लिए क्लिक करें...