നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവൾ ദേവാനന്ദിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ ഡൽഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാൽ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാൾക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് വ്യക്‌തമായി. എന്നാലിപ്പോഴും അക്കാര്യത്തിൽ അയാളുടെ വീട്ടുകാർ എതിരാണത്രെ! അവർക്ക് കൃഷ്ണമോൾക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവർ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.

ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവർക്കു നൽകേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കൽ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ അവർ പറയുന്നത്രയും തുക ഞങ്ങൾക്ക് നൽകാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്‍റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുൽമോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.

നരേട്ടന്‍റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്‍റെ പ്രോപ്പർട്ടികൾ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്‌ഛന്‍റെ ബാങ്ക് ബാലൻസ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡൽഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാൽ അത് വിറ്റ് മകൾക്ക് സ്ത്രീധനക്കാശ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോൾ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പുഞ്ചാബി കർഷക ഫാമിലിയിൽപ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവർ. കൃഷ്ണമോൾ അക്കാര്യം ഓർമ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.

“എങ്കിൽ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവർക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”

“അന്നവർക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാൻ ദേവേട്ടൻ സമ്മതിച്ചുമില്ല. ഇന്നിപ്പോൾ  അക്കാര്യം പറഞ്ഞ് അവർ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.

ദേവേട്ടന്‍റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവരാണ് ദേവേട്ടന്‍റെ വീട്ടുകാർ. അവർ വിചാരിച്ചാൽ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാൻ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ കൊടുക്കേണ്ടിയിരുന്ന തുക മുഴുവൻ അവർ നൽകിയിട്ടുമില്ല. അതിന്‍റെ പേരിൽ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്‍റെ വീട്ടുകാർ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.

കൃഷ്ണമോൾ പറഞ്ഞു നിർത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഞങ്ങളെവളെ സഹായിക്കുമെന്ന് അവൾ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവൾ ഇപ്രാവശ്യം ഞങ്ങളെക്കാണാൻ വന്നത്. നേരത്തെ ഞാൻ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങൾ.

ഞങ്ങളിൽ നിന്നും അകലം സൂക്ഷിച്ചിരുന്ന ദേവാനന്ദിനെ നയരൂപത്തിൽ വിളിച്ചു വരുത്തി, ഞങ്ങളെ തൃപ്തിപ്പെടുത്താൻ അവൾ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. അവൾ പെട്ടെന്ന് കരഞ്ഞു കൊണ്ട് ഇങ്ങിനെ പറയാൻ തുടങ്ങി.

“ഇത്തവണ ഞാൻ മടങ്ങിച്ചെല്ലുമ്പോൾ കുറച്ചെങ്കിലും പണവും കൊണ്ട് ചെന്നില്ലെങ്കിൽ ദേവേട്ടന്‍റെ അമ്മയും സഹോദരിമാരും എനിക്കൊരു സ്വൈര്യവും തരില്ല. ദേവേട്ടൻ മലയാളിയായ എന്നെ വിവാഹം കഴിച്ചതു കൊണ്ടാണ് അവർക്കീ ഗതി വന്നതെന്നാണവരിപ്പോൾ പറയുന്നത്. അല്ലെങ്കിൽ അവർ പഞ്ചാബികളുടെ ഇടയിൽ നിന്ന് നല്ല പെൺകുട്ടികളെത്തന്നെ, കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ദേവേട്ടന് കിട്ടുമായിരുന്നുവത്രെ…”

കൃഷ്ണമോളുടെ വാക്കുകൾ എന്‍റേയും, നരേട്ടന്‍റെയും ഉറക്കം കെടുത്തി. രാത്രിയിൽ ഞങ്ങളൊരുമിച്ച് ആലോചിച്ചു. ബാങ്കിൽ നരേട്ടന്‍റെ ഓപ്പറേഷനു ശേഷമുള്ള അൽപം പൈസ ബാക്കി കിടപ്പുണ്ട്. അതിപ്പോൾ നൽകി ഈ പ്രശ്നം തൽക്കാലത്തേയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞങ്ങൾ കരുതി. ആ തുക ബാങ്കിൽ നിന്നുമെടുത്ത് കൃഷ്ണമോൾക്കു നൽകുമ്പോൾ അവൾ പറഞ്ഞു.

“ഇതുകൊണ്ട് ഒന്നുമാവില്ല മമ്മീ…”

“ബാക്കി പിന്നെ എപ്പോഴെങ്കിലും തരാം…” ഞങ്ങൾ പറഞ്ഞു. അങ്ങിനെ മൂന്നു ദിനങ്ങൾ കൂടി കടന്നു പോയി. മൂന്നാം ദിനം വൈകുന്നേരം ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെത്തി. വിവാഹത്തിന് കണ്ടതു പോലെ ഒരു പഞ്ചാബിയുടെ എല്ലാ രൂപഗുണവും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ. സാധാരണ പഞ്ചാബികൾ ചെയ്യുന്നതു പോലെ ഒരു ടർബനും അയാൾ തലയിൽ കെട്ടിയിരുന്നു. ഒരു ടാക്സി പിടിച്ചാണ് അയാൾ റയിൽവേ സ്റ്റേഷനിൽ നിന്നും വന്നെത്തിയത്. ടാക്സിയിൽ നിന്നിറങ്ങി ഞങ്ങളെക്കണ്ടയുടനെ അയാൾ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

“നമസ്തേ….” ഒരു മലയാളിയുടെ എല്ലാ ഭാവഹാവാദികളും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടാണ് ദേവാനന്ദ് അതു പറഞ്ഞത്. വിവാഹ ശേഷം ആദ്യമായിട്ടാണവൻ ഞങ്ങളുടെ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ഓരേയൊരു മരുമകൻ! ഞങ്ങൾ അവനെ സ്വീകരിക്കാൻ വേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു.

“ഹലോ ദേവേട്ടാ…” എന്ന് പറഞ്ഞ് കൃഷ്ണമോളും അപ്പോഴേയ്ക്കും അകത്തു നിന്നും ഓടിയെത്തി. അവളുടെ കൈയ്യിലുണ്ടായിരുന്ന ടുട്ടുമോനെ അവൾ ദേവാനന്ദിനു നൽകി. പിന്നെ അയാളോടു ചേർന്നു നിന്നു കൊണ്ട് ഹിന്ദിയിൽ എന്തോ കളിവാക്കുകൾ പറഞ്ഞു. ഞാനപ്പോൾ കൈയ്യിൽ കരുതിയിരുന്ന ആരതി ഉഴിഞ്ഞ് അവരെ അകത്തേയ്ക്ക് ആനയിച്ചു. നരേട്ടൻ തന്‍റെ ക്യാമറയിൽ ആ ചിത്രങ്ങൾ പകർത്തി.

“ഔവർ ഹേർട്ടി വെൽക്കം ടു ഹോം മൈ സൺ…”

നരേട്ടൻ മരുമകനെ സ്വാഗതം ചെയ്ത് ഷേക്ക് ഹാന്‍റ് നൽകിക്കൊണ്ടു പറഞ്ഞു.

“വി ആർ സീയീംഗ് യൂ ഫോർ ദി ഫസ്റ്റ് ടൈം ആഫ്റ്റർ യൂ മാരിഡ് മൈ ഡോട്ടർ… വൈൽക്കം ടു ദി ഫാമിലി… ഹാവ് എ ബ്ലെസ്സ്ഡ് ഈവനിംഗ്…”

നരേട്ടൻ ദേവാനന്ദിന്‍റെ കൈകളിൽ പിടിച്ചു കുലുക്കി പുഞ്ചിരി തൂകി കൊണ്ടു വീണ്ടും പറഞ്ഞു. അതുകേട്ട് ദേവാനന്ദ് വികാര വിക്ഷുബ്ധതയോടെ കൃഷ്ണമോളെ നോക്കി. അടുത്ത ക്ഷണം ഞങ്ങളുടെ കാലുകളിൽ വീണ് മാപ്പപേക്ഷിക്കും മട്ടിൽ പറഞ്ഞു.

“ആപ് നേമുഛേ മാഫ് കീജിയേ… മൈംനേ ഗലത്കിയാ… മൈം ആപ് ലോഗോം കൊ ഗലത് സമത്സാ… ആപ് സബ് ഫൂൽ കർകേ മുഛേ ആശീർവാദ് ദേ ദോ…” (അങ്ങ് എനിക്കു മാപ്പു തരണം.. ഞാൻ തെറ്റു ചെയ്‌തു… ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ എല്ലാം മറന്ന് എന്നെ അനുഗ്രഹിച്ചാലും…) നരേട്ടൻ കുനിഞ്ഞ് ദേവാനന്ദിനെ പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“തും കുഛ് ഭീ ഗലത് നഹിം കിയാ. ഹം തും സേ ബഹുത് പ്രേം കർതാ ഹൈം…”

അതുകേട്ട് ദേവാനന്ദിന്‍റെ മുഖം വിടർന്നു. പിന്നെ അൽപ ദിവസങ്ങൾ കൊണ്ട് ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട മരുമകനായിത്തീർന്നു. മറ്റുള്ളവരെ കൈയ്യിലെടുക്കുവാൻ ദേവാനന്ദിനു പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾക്കു നഷ്ടമായ മകന്‍റെ സ്‌ഥാനം ദേവാനന്ദ് വീണ്ടെടുത്തു കൊണ്ട് ഞങ്ങളോട് ഇഴുകിച്ചേർന്നു.

പഞ്ചാബികൾക്ക് പൊതുവെയുള്ള ധീരതയും ആത്മാർത്ഥതയും അവനും ഉള്ളതു പോലെ ഞങ്ങൾക്കു തോന്നി.

ഒരാഴ്ച കടന്നു പോയത് ഞങ്ങളറിഞ്ഞില്ല. ആഹ്ലാദവും പൊട്ടിച്ചിരികളും ഞങ്ങളുടെ ഭവനത്തിലും വിരുന്നിനെത്തി. ദേവാനന്ദിനോടും, കൃഷ്ണമോളോടും ടുട്ടുമോനോടുമൊപ്പം ഞങ്ങൾ ഡൽഹിയിലെ ഗുരുദ്വാരയിലും, മറ്റും കറങ്ങി.

ഗുരുദ്വാരയിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നു. ഗുരുനാനാക്ക് ഗീതികൾ നിറഞ്ഞ ആത്മീയമായ ആ അന്തരീക്ഷത്തിൽ അലയടിച്ചു നിന്ന പ്രശാന്തത ഞങ്ങളെ ഹഠാദാകർഷിച്ചു. ദേവാനന്ദിനോടൊപ്പം ഞങ്ങളും അവിടെ പ്രാർത്ഥനാ നിരതരായി നിന്നു. അപ്പോൾ അവിടെ ഞങ്ങളെ തലോടിയിരുന്ന മന്ദമാരുതൻ ഇങ്ങിനെ മന്ത്രിക്കുന്നതായി തോന്നി.

ശാന്തിയുടെ ഈ തീരത്ത് നിങ്ങൾ തേടുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കും.

അതെ! മനഃശാന്തിയുടെ ഒരു അലകടൽ ഞങ്ങളെ വന്ന് പൊതിയുന്നതായി തോന്നി. ഭൗതികതയും തലം വിട്ട്, ആത്മീയതയുടെ തലങ്ങളിലേയ്ക്ക് ആ അന്തരീക്ഷം ഞങ്ങളോരോരുത്തരേയും ആവാഹിച്ചു കൊണ്ടു പോയി.

മനസ്സിന്‍റെ എല്ലാ ആകുലതകളും, വ്യഥകളും അകന്ന് പാപമുക്തമായ ഗംഗയിൽ മുങ്ങി നിവർന്നാലെന്ന പോലത്തെ അനുഭവം.

(ആപ് ലോഗ് കേരൾ സേ ആയേ ഹൈക്യാ?)… നിങ്ങൾ കേരളത്തിൽ നിന്നാണോ വരുന്നത്?… പ്രാർത്ഥനയിൽ മുഴുകി നിന്ന ഞങ്ങളോരുത്തരും ഞെട്ടി ഉണർന്ന് ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി. പ്രശാന്തമയമായ ആ അന്തരീക്ഷത്തിൽ ഘനഗംഭീരമായ ആ ശബ്ദം ഒരു ഇടിമുഴക്കം പോലെ തോന്നിച്ചു.

ഏതോ പ്രശാന്തമായ മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന അഭൗമമായ എന്തോ ഒന്നിന്‍റെ അനുരണനം പോലെ ആ ശബ്ദം ഞങ്ങളെ പിടിച്ചു നിർത്തി.

തലയിൽ ടർബൻ കെട്ടി, നരച്ചതായി തടവി ദിവ്യതേജസ്സോടെ അതാ ഒരു ഫക്കീർ മുന്നിൽ നിൽക്കുന്നു.

“ഗുരുജി ആപ് യഹാം…” ദേവാനന്ദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതു പോലെ കൈകൂപ്പിത്തൊഴുതു.

“ഹാം… മൈംഹും… ആപ് മേരേ സവാൽ കേ ജവാബ് ദോ… ” അദ്ദേഹം ചോദിച്ചു. ദേവാനന്ദ് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി നൽകി. “സിർഫ് മൈം ഹി സിക്ക് ഹും. ബാക്കി സബ് ലോഗ് കേരൾ സേ ഹൈം…

ഞങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടിട്ടാകാം അദ്ദേഹം അങ്ങിനെ ചോദിച്ചതെന്ന് ഞങ്ങൾക്കു തോന്നി. ഞാനും, കൃഷ്ണയും അപ്പോൾ മലയാളികൾ ധരിക്കുന്നതു പോലെ സാരിയാണ് ധരിച്ചിരുന്നത്.

തുടർന്നദ്ദേഹം ടൂറിസ്റ്റുകളായ ഞങ്ങൾക്ക് സ്വാഗതമോതി, ആ ഗുരുദ്വാരയുടെ പ്രാധാന്യത്തെക്കുറിച്ചും അവിടത്തെ പ്രത്യേക മതാനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു തന്നു. ദേവാനന്ദൊഴിച്ച് ഞങ്ങളെല്ലാവരും കൗതുകത്തോടെ അതുകേട്ടു നിന്നു. ദേവാനന്ദിന് ചിരപരിചിതമായിരുന്നു ആ ഗുരുദ്വാരയും, അവിടത്തെ പൂജാവിധികളും. ആ ഫക്കീറിനെയുമെല്ലാം. ഡൽഹിയിലായിരുന്നപ്പോൾ ദേവാനന്ദ് മിക്കവാറും അവിടെ പോകാറുണ്ടായിരുന്നുത്രെ.

“അദ്ദേഹം ദിവ്യനായ ഒരു ഫക്കീറാണ്. പലപ്പോഴും അദ്ദേഹം പ്രവചിച്ചിട്ടുള്ളതെല്ലാം ശരിയായി വന്നിട്ടുണ്ട്.” ദേവാനന്ദ് പറഞ്ഞു.

മടങ്ങിപ്പോരുമ്പോൾ ടുട്ടുമോനെക്കണ്ട് അദ്ദേഹം പറഞ്ഞു.“ ഈ പൈതൽ നിങ്ങളുടെ മരിച്ചു പോയ മകന്‍റെ പുനഃർജന്മമാണ്.”

നരേട്ടനും എനിക്കും ഇതിൽപ്പരം ആഹ്ലാദമുണ്ടാകാനില്ല. പിന്നീട് ഞങ്ങൾക്കദ്ദേഹം ചില മധുര പലഹാരങ്ങൾ പ്രസാദമായി നൽകി. വീണ്ടും വരുവാനാവശ്യപ്പെട്ട് യാത്രാമംഗളമോതി.

അവിടെ നിന്ന് തിരികെ പ്പോരുമ്പോൾ ഞങ്ങളെല്ലാവരും ആ ഗുരുദ്വാരയുടെ ആത്മീയമായ പരിവേഷത്താലാകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും അങ്ങോട്ടു പോകുവാനുള്ള ഒരുപ്രേരണ ഞങ്ങളുടെ ഉള്ളിലുണ്ടായി.

മടക്കയാത്രയിൽ എല്ലാവരും ക്ഷീണിതരായിരുന്നുവെങ്കിലും ഉള്ളിൽ ഒരു പ്രത്യേക ഉന്മേഷം തുടിച്ചിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം തികച്ചും അന്വർത്ഥമാണെന്ന് ആ യാത്രയിൽ ഞങ്ങൾക്കും ബോദ്ധ്യമായി. അതോടെ ദേവാനന്ദ് എന്ന പഞ്ചാബി മരുമകനോടു തോന്നിയിരുന്ന അകൽച്ചയുടെ അവസാനത്തെ തരിമ്പും അപ്രത്യക്ഷമായി. വീട്ടിൽ മടങ്ങിയെത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഏതോ ഗിരിശൃംഗങ്ങളിൽ തപസ്സു ചെയ്തെത്തിയ മുനിയുടെ പ്രശാന്തത മനസ്സിനെ ആവരണം ചെയ്‌തിരുന്നു.

“എത്ര പ്രശാന്തമായ സ്‌ഥലം. അല്ലേ മീരാ… മനസ്സിനെ പിടിച്ചു നിർത്തുന്ന ആത്മീയ പരിവേഷം… ഏറെ നാളുകൾക്കു ശേഷം മനസ്സിൽ ശാന്തി വന്നു നിറയുന്നു. പ്രത്യേകിച്ച് ആ ഫക്കീറിനെ കാണുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കുകയും ചെയ്‌ത ശേഷം…” നരേട്ടൻ ഒരു നിമിഷനേരത്തേയ്ക്ക് വാചാലനായി.

“അതെ നരേട്ടാ… ഞാനും അതനുഭവിച്ചറിയുന്നു… രാഹുൽ മോന്‍റെ വേർപാടിനു ശേഷം ഏറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ ആകുലതകളിൽ നിന്നും മുക്തി നേടിയതു പോലെ.” ഞാൻ മെല്ലെ പ്രതിവചിച്ചു.

“ശരി…ശരി… രണ്ടു ദിവസം കഴിഞ്ഞ് ഇനി ഗുരുവായൂർക്ക് പോകാനുള്ളതാണ്. ആ തിരുസന്നിധിയിലെത്തുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ കുറെക്കൂടി ആശ്വാസം വന്നു നിറയും.”

“ശരിയാണ് നരേട്ടാ… ഇങ്ങനെ കുറെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് നമ്മുടെ ഒരാവശ്യമായി ഇപ്പോൾ തോന്നുന്നു. ഇനിയും മക്കൾ തിരികെ പോയാലും നമുക്കൊന്നിച്ച് അങ്ങനെയൊരു യാത്ര പുറപ്പെടാം. അനേകം തീർത്ഥ ഭൂമികൾ സന്ദർശിച്ച്…. തീർത്ഥസ്നാനം ചെയ്‌ത്. ഒരു പക്ഷേ ഈ ജന്മത്ത് നാമറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ പാപകർമ്മങ്ങളും കഴുകിക്കളഞ്ഞ്… അങ്ങിനെ ഒരു യാത്ര കഴിയുമെങ്കിൽ ഗംഗയിൽ ഒരു പുണ്യസ്നാനം കൂടി ചെയ്‌തു കഴിയുമ്പോൾ ഈ ജന്മത്തിലെ എല്ലാ പാപ കർമ്മങ്ങൾക്കും ദോഷ പരിഹാരമാകുമെന്ന് എനിക്കു തോന്നുന്നു.”

മറ്റേതോ അലൗകികമായ ലോകത്തിൽ നിന്നെന്നപോലെ എന്‍റെ ശബ്ദമപ്പോൾ ശാന്തവും ദീപ്തവുമായിരുന്നു. സത്യത്തിൽ അങ്ങിനെയൊരു യാത്രയ്ക്കായി എന്‍റെ ഹൃദയം ഏറെ നാളായി തുടി കൊട്ടിയിരുന്നു. ആത്മാവിന്‍റെ ആഴങ്ങളെ വലയം ചെയ്‌തിരുന്ന അസ്വസ്ഥതയുടെ മുകുളങ്ങളെ പറിച്ചെറിയാനുള്ള ആവേശം എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്നു. പോരാത്തതിന് രാഹുൽ മോന്‍റെ ആത്മശാന്തിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം. അവനു വേണ്ടി ഗംഗയുടെ പുണ്യതീരങ്ങളിൽ ഒരു ബലിയിടൽ.

കാലത്തിന്‍റെ കൈവഴികളിലൂടെ ഒരു പൊങ്ങു തടി പോലെ ഒഴുകി പോകുമ്പോഴും ശാന്തിയുടെ തീരം പ്രാപിക്കാനാവാതെ ആ പൊങ്ങുതടി എവിടെയാണ് പൊട്ടിത്തകരുക എന്ന് പലപ്പോഴും ഞാനോർത്തിരുന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ എന്‍റെ ആ നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു.

ആത്മശാന്തിയ്ക്കായി ഞങ്ങൾ തുടരുവാൻ നിശ്ചയിച്ചിരുന്ന ആ യാത്രകൾ… അവ എന്നേയ്ക്കുമായി ഞങ്ങൾക്കുപേക്ഷിയ്ക്കേണ്ടി വരുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുരുദ്വാരയിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അന്നും, പിറ്റേന്നും അതിന്‍റെ പിറ്റേന്നും ഞങ്ങൾ ടുട്ടുമോന്‍റെ കളിചിരികളിൽ മുഴുകി കഴിഞ്ഞു. അവന്‍റെ അവ്യക്‌തമായ വാമൊഴികളിൽ ഞങ്ങൾ സ്വർഗ്ഗം കണ്ടു. രാഹുൽ മോന്‍റെ മുഖസാദൃശ്യവും, ഫക്കീറിന്‍റെ വാക്കുകളും ആ കുരുന്നിനെ വേർപിരിയാനാവാത്ത വിധം ഞങ്ങളോടടുപ്പിച്ചു.

നരേട്ടൻ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം അനുഭവിക്കുന്നത് ഞാൻ കണ്ടു. നരേട്ടന്‍റെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികൾ ആ വീടിനുള്ളിൽ മുഴങ്ങി. ഒരുപക്ഷേ അണയാറായ ഒരു ദീപത്തിന്‍റെ ആളിക്കത്തലായിരുന്നു അതെന്ന് ഞാൻ വൈകിയാണറിഞ്ഞത്. ഒരുപക്ഷേ അന്നതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഏറെ കരുതൽ നൽകുമായിരുന്നല്ലേ?… എങ്കിൽ ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ നിന്നും നരേട്ടനെ പറിച്ചെടുക്കാൻ ഒരു ശക്തിക്കുമാകുമായിരുന്നില്ല. ഒരു മാടപ്രാവിന്‍റേതു പോലെ നിർമ്മലമായ ആ സ്നേഹത്തെ ഞാൻ കൈക്കുമ്പിളിലൊതുക്കി നിർത്തുമായിരുന്നു. ഒരു ശക്തിക്കും വിട്ടുകൊടുക്കാതെ… കൂടുതൽ ഇറുകെപ്പുണർന്ന് അപ്പോഴേയ്ക്കും കാലം എന്നെ അതിനു പ്രാപ്തയാക്കിയിരുന്നു.

മറ്റൊരാളെ വിവാഹം കഴിച്ച്, ചാരിത്യ്രഭംഗം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ആത്മാർത്ഥ പ്രേമം എന്നത് കേവലം ശാരീരികമായ ഒരാകർഷണമല്ല, മറിച്ച് ആത്മാവിന്‍റെ ലയിച്ചു ചേരലാണെന്ന് അദ്ദേഹമറിഞ്ഞിരുന്നു. നരേട്ടന്‍റെ ഹൃദയവും എന്നോടുള്ള വികാരങ്ങളും എത്രമാത്രം നിർമ്മലമാണെന്ന് തിരിച്ചറിഞ്ഞ കാലം തൊട്ട് ഞാനദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കാൻ പരിശ്രമിച്ചിരുന്നു. ആ പരിശ്രമം വിജയപഥത്തിലെത്തിയ നാളുകളിലൊന്നിൽ മരണം ഒരു കഴുകനെപ്പോലെ പറന്നെത്തി എന്‍റെ കൈക്കുമ്പിളിൽ നിന്ന് ആ ഹൃദയത്തെ കൊത്തിയെടുത്ത് പറന്നു കഴിഞ്ഞിരുന്നു. അതെ… നരേട്ടനും… ഫഹദ്സാറും… രണ്ടുപേരും എനിക്കു പകർന്നു നൽകിയത് ആത്മാർത്ഥ പ്രണയത്തിന്‍റെ ദീപ്തജ്വാലകളായിരുന്നു. ലോകത്തിൽ രണ്ടു പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വന്ന ചുരുക്കം ചില സ്ത്രീകൾക്കു മാത്രം ലഭിച്ചിട്ടുള്ള ആ സൗഭാഗ്യം. പക്ഷേ ആ ഭാഗ്യം ദൗർഭാഗ്യമാക്കി മാറ്റി ഈശ്വരൻ എന്നിൽ നിന്നും അടർത്തിയെടുത്ത്, അവരിരുവരേയും എനിക്കു നഷ്ടപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.

അതെ! അന്ന് രണ്ടുനാളുകൾ കഴിഞ്ഞ് ഒരു പുലർ കാലത്ത്, കേരളത്തിലേയ്ക്കുള്ള ഫ്ളൈറ്റിൽ, ഞങ്ങൾ ഗുരുവായൂർക്ക് യാത്ര പുറപ്പെട്ടു. നരേട്ടന്‍റെ മടിയിൽ ടുട്ടുമോൻ ഉല്ലാസവാനായിരുന്നു. അവൻ തന്‍റെ പിഞ്ചിളം കാൽ നരേട്ടന്‍റെ നെഞ്ചത്തമർത്തി കുതിച്ചു കൊണ്ടിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയ്ക്കിടയിൽ അവൻ അവ്യക്തമായി അപ്പൂപ്പാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ദേവാനന്ദ് ചിരിച്ചു കൊണ്ട് ഇംഗ്ലീഷിൽ തിരുത്തി കൊടുത്തു ഗ്രാൻഡാ പാ എന്ന്.

യാത്രയ്ക്കിടയിൽ മുഴുവൻ സമയവും അവൻ നരേട്ടന്‍റെ കൈകളിൽ തന്നെയായിരുന്നു. ഇത്രയധികസമയം അവനെ കൈകളിലെടുത്തു ലാളിക്കുന്നത് നരേട്ടന്‍റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരിയ്ക്കലും വേർപിരിയാനാവാത്ത വിധം ആ ഹൃദയങ്ങൾ ഒട്ടിച്ചേർന്നു കഴിഞ്ഞുവെന്ന് ആർക്കും ഊഹിക്കാനാവുമായിരുന്നു.

“അവന് പപ്പായെത്തന്നെ മതിയല്ലോ… ഇനി ഞങ്ങളുടെ ഒപ്പം അവൻ വരികയില്ലെന്നു വരുമോ?…” കൃഷ്ണമോൾ സംശയം പ്രകടിപ്പിച്ചു.

“അതെ… അവനിനി എന്‍റെ കൂടെത്തന്നെയുണ്ടാകും. നിങ്ങൾ അവനെ എന്‍റടുത്ത് നിർത്തിയിട്ടു പൊയ്ക്കോളൂ… ഞങ്ങൾ അവനെ നോക്കി വളർത്തിക്കോളാം… നരേട്ടന്‍റെ വാക്കുകൾ കേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അത് നല്ല കാര്യമാണല്ലോ പപ്പാ… എനിക്കും ദേവേട്ടനും സുഖമായി ഓഫീസിൽ പോയി വരാം…”

“അതെ, അങ്ങനെ തന്നെ മതി എനിക്കിനി ഇവനില്ലാതെ ജീവിയ്ക്കാൻ പറ്റുകയില്ല…”

ആ വാക്കുകൾ യഥാർത്ഥത്തിലുള്ളതായിരുന്നു. നരേട്ടന് ഒരിയ്ക്കലും അവനെ വേർപിരിയാൻ കഴിയുമായിരുന്നില്ല. അവനെ കണ്ടതു മുതൽ രാഹുൽമോന്‍റെ നഷ്ടം ഞങ്ങൾ രണ്ടുപേരും മറന്നു തുടങ്ങിയിരുന്നു. ഇനിയുമൊരു വേർപാട്… അത് എന്നെക്കാളേറെ നരേട്ടന് അസഹ്യമാകുമെന്നു തോന്നി. കൃഷ്ണമോൾ പകുതി കാര്യമായും, പകുതി തമാശയായും ആ വാക്കുകളെ ചിരിച്ചു തള്ളി. എന്നാൽ അവളുടെ ഉള്ളിന്‍റെ ഉള്ളിൽ ഒരു നിമിഷത്തേയ്ക്കെങ്കിലും അത്തരമൊരു മോഹം ഉടലെടുത്തു കാണുമെന്ന് എനിക്കറിയാമായിരുന്നു.

ഓഫീസിലെ തിരക്കുള്ള ജോലിയ്ക്കിടയിൽ പലപ്പോഴും കുഞ്ഞിന്‍റെ കാര്യം അവർക്കൊരു ബാധ്യതയാകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു വേലക്കാരിയെ കിട്ടാനില്ലാത്ത അവസരങ്ങളിൽ. പലപ്പോഴും ലീവെടുത്ത് അവർ മാറി മാറി നിന്ന് കുഞ്ഞിനെ നോക്കേണ്ടി വരാറുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ച് കൃഷ്ണമോൾ പറഞ്ഞു.

“എങ്കിൽ പപ്പയും മമ്മിയും ഡൽഹിയിലെ വീട് വിറ്റ് ഞങ്ങളുടെ കൂടെ പോരൂ… പപ്പ റിട്ടയർ ചെയ്‌തല്ലോ. മമ്മിയും വോളന്‍ററി റിട്ടയർമെന്‍റ് എടുക്കൂ… നമുക്കെല്ലാവർക്കും കൂടി ബാംഗ്ലൂരിൽ ഒരു ഫ്ളാറ്റു വാങ്ങി സുഖമായി കഴിയാം.” അവൾ നേരത്തെ മറ്റെന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.

അവളുടെ ഭർത്താവിന്‍റെ കൂട്ടുകുടുംബത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം ചിലപ്പോൾ സ്വന്തമായി ഒരു ഫ്ളാറ്റു വാങ്ങി അങ്ങോട്ട് മാറുക എന്നുള്ളതായിരിക്കാം. അതിനുവേണ്ടി പണം സംഘടിപ്പിക്കുവാൻ വേണ്ടിയായിരിക്കണം അവൾ വീടു വിൽക്കുവാൻ ആവശ്യപ്പെടുന്നത്. കൃഷ്ണമോളുടെ വാക്കുകൾ കേട്ട് നരേട്ടൻ പറഞ്ഞു.

“അതെ… അതു ശരിയാണ്. അതിനെപ്പറ്റി ഗൗരവമായിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. തിരിച്ച് ഡൽഹിയിലെത്തട്ടെ… നമുക്ക് ഒരു തീരുമാനത്തിലെത്താം.”

ആ വാക്കുകൾ എന്നിലൊരു നടുക്കമുളവാക്കി. അപ്പോൾ എന്‍റെ ജോലി. ഡൽഹിയിലെ മറ്റു കാര്യങ്ങൾ എല്ലാമുപേക്ഷിക്കുകയോ… എന്താണ് നരേട്ടൻ ഉദ്ദേശിക്കുന്നത്.

വീടു വിറ്റു കിട്ടുന്ന പണത്തിൽ ഒരു ഭാഗം സ്ത്രീധനമായി ദേവാനന്ദിന്‍റെ വീട്ടുകാർക്കു കൊടുക്കുവാനും ബാക്കി പണം ഫ്ളാറ്റു വാങ്ങാനുപയോഗിക്കുവാനുമായിരിക്കും അവളുടെ പ്ലാൻ. അങ്ങിനെയെങ്കിൽ ഞങ്ങൾ തികച്ചും വഴിയാധാരമായതു തന്നെ. എന്‍റെ മനസ്സു പറഞ്ഞു. ഏതായാലും ഇപ്പോൾ അതേപ്പറ്റി ഒരു ചർച്ചവേണ്ടെന്നു നരേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ഞാൻ തീരുമാനിച്ചു.

ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെ മെല്ലെ എയർപോർട്ടിലേയ്ക്ക് താണിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ജീവിതത്തിൽ അനിശ്ചിതമായ പലതും ഞങ്ങളെ പിന്നിട്ടു കൊണ്ടിരുന്ന വെൺമേഘങ്ങളിൽ ഉപേക്ഷിച്ച് സുനിശ്ചിതമായ മറ്റൊരു യാത്ര തുടരുവാൻ ഞങ്ങൾ പ്രേരിതരായി.

എങ്കിലും എന്‍റെ മനസ്സപ്പോൾ എന്തിനെന്നറിയാതെ തുടിച്ചു കൊണ്ടിരുന്നു. അജ്ഞാതമായ ഏതോ അസ്വാസ്‌ഥ്യങ്ങളിലേയ്ക്ക് ഹൃദയം വഴുതി വീഴുന്നതു പോലെ.

ഞങ്ങളുടെ ഫ്ളൈറ്റ് നെടുമ്പാശേരിയിൽ താണിറങ്ങുമ്പോൾ അസന്തുഷ്ടമായ ഒരു ഭൂതകാലം മുന്നിൽ ഇതൾ വിടരുന്നതായി എനിക്കനുഭവപ്പെട്ടു. ഓർമ്മകളിൽ മനസ്സ് കൈവിട്ട് പോകുന്നതു പോലെയും.

ഒരു നിമിഷം മനസ്സു പതറിയോ? ഇനിയങ്ങോട്ട് ഏതോ ദുരനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നതായി മനസ്സു പറഞ്ഞു.

മരവിച്ച മനസ്സുമായി തളർന്നിരിയ്ക്കുമ്പോൾ ആ അനൗൺസ്മെന്‍റ് ഒഴുകിയെത്തി. ഞങ്ങളുടെ ഫ്ളൈറ്റ് കേരളമെന്ന മനോഹര ഭൂപ്രദേശത്തെ പുൽകുകയാണെന്ന അനൗൺസ്മെന്‍റ്…

നെടുമ്പാശേരിയിൽ ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെമെല്ലെ ഒരു കഴുകനെ പ്പോലെ താണിറങ്ങി എയ്റോഡ്രോമിലെ പുൽപ്പരപ്പിൽ തൊട്ടയുടനെ ഒരു ദീർഘശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഇതാ വീണ്ടും ഒരിയ്ക്കൽ കൂടി ഉപേക്ഷിക്കപ്പെട്ട പലതും എന്നിൽ ഉയർന്നെഴുന്നേൽക്കുവാൻ തുടങ്ങുന്നു.

ഇവിടെ ഈ മണ്ണിലുറങ്ങുന്ന എന്‍റെ സ്വപ്നങ്ങൾ. കൈവിടാനാകാതെ മുറുകെപ്പിടിക്കാൻ തുനിഞ്ഞ ബന്ധങ്ങൾ… ബന്ധനങ്ങൾ എല്ലാമെല്ലാം ഓർമ്മയുടെ ആവനാഴിയിൽ വീണ്ടും വീണ്ടും വന്നു നിറയാൻ തുടങ്ങുന്നു. വേണ്ട ഒന്നുമോർക്കേണ്ട… ആ ഓർമ്മകൾ ഒരു പക്ഷേ വീണ്ടുമൊരിക്കൽ കൂടി മനസ്സിനേയും ശരീരത്തേയും ചുട്ടുപൊള്ളിച്ചേക്കാം. താനിന്നൊരമ്മയാണ്… ഭാര്യയാണ്… അതിലുപരി ഒരു മുത്തശ്ശിയായി കഴിഞ്ഞവളാണ്. നരേട്ടനിലും എന്‍റെ കുടുംബത്തിലും മാത്രം ഒതുങ്ങേണ്ടവൾ. സ്നേഹത്തിന്‍റെ ആ സുവർണ്ണ ബലികുടീരം ഈ മണ്ണിലും എന്‍റെ മനസ്സിലും മാത്രം ഉറങ്ങിക്കിടക്കട്ടെ…

ഒരിയ്ക്കലും ഉണരാതെ…

“വാഹ്…. ബ്യൂട്ടിഫുൾ പ്ലേസ്…”

ദേവാനന്ദ് ചുറ്റിനും നോക്കി അത്ഭുതത്തോടെ പ്രതിവചിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത്. കേരളത്തിന്‍റെ രൂപഭംഗിയിൽ മനം മയങ്ങിയെന്ന പോലെ ദേവാനന്ദ് അൽപനേരം നിന്നു. പിന്നെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഞങ്ങൾ ഓരോരുത്തരേയും, പിന്നെ എല്ലാവരെയും ഒന്നിച്ചു നിർത്തിയും, മോനോടൊപ്പം മാത്രമായിട്ടും, അങ്ങിനെ നിരവധി ഫോട്ടോകൾ നെടുമ്പാശേരി എയർപോർട്ടിന്‍റെ പശ്ചാത്തലത്തിൽ ദേവാനന്ദ് എടുത്തു. എല്ലാം കഴിഞ്ഞ് ടാക്സി കാറിലേയ്ക്കു കയറും മുമ്പ് നരേട്ടൻ പറഞ്ഞു.

“മോനോടൊപ്പം എടുത്ത ആ ഫോട്ടോകളിൽ ചിലത് ഞങ്ങൾക്ക് വേണം. ഞങ്ങളുടെ ആൽബത്തിൽ സൂക്ഷിക്കാൻ.”

ഭൂതകാലത്തിന്‍റെ നനുത്ത പ്രകാശം സ്ഫുരിക്കുന്ന ആ സ്മരണകളെ ഒരു കുഞ്ഞിനെയെന്ന പോലെ തൊട്ടുതലോടുമ്പോഴോർത്തു, ആൽബത്തിൽ സൂക്ഷിയ്ക്കുവാനായി നരേട്ടൻ ചോദിച്ചു വാങ്ങിയ ആ ഫോട്ടോകളുടെ അവകാശി ഇന്ന് ഞാൻ മാത്രമാണ്.

എന്നെന്നും ഒരു വിഷാദസ്മിതം വിരിയിച്ചു കൊണ്ട്, ഉണരുന്ന ഓർമ്മകളെ തഴുകാനായി മാത്രം ഞാനാഫോട്ടോകൾ ഇന്നും സൂക്ഷിക്കുന്നു. ഒരു നിധി പോലെ.

പ്രൊഫ. മീരാ നാരായണൻ തലയിണയ്ക്കിടയിൽ താൻ സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ വലിച്ചെടുത്തു. ഹോസ്പിറ്റലിലേയ്ക്കു പോരുമ്പോൾ ഞാൻ ഒരു നിധി പോലെ കൈയ്യിലെടുത്ത ഏതാനും വസ്തുക്കളിലൊന്ന് ആ ആൽബമായിരുന്നു. ഉണരുന്ന ഓർമ്മകളെ ഹൃദയത്തോട് ചേർത്തു തഴുകാൻ. ഒരു കാലഘട്ടത്തിന്‍റെ മരിയ്ക്കാത്ത മധുര സ്മരണകളിലൂടെ ജീവിതത്തെ വീണ്ടും വീണ്ടും പുണരാൻ. എനിക്കതതാവശ്യമായിരുന്നു.

പക്ഷേ ഇന്നിപ്പോൾ ആ ഓർമ്മകൾ, ചിലപ്പോഴെങ്കിലും അണയാതെ കിടന്ന ഒരു കനൽ പോലെ എന്‍റെ മനസ്സിനെ ചുട്ടു പൊള്ളിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഒറ്റപ്പെടലിന്‍റെ ഈ തുരുത്തിൽ ഒരു നനുത്ത പച്ചപ്പായി ആ ഓർമ്മകൾ പെയ്തിറങ്ങിയെങ്കിൽ എന്ന് ഞാനറിയാതെ ആഗ്രഹിച്ചു പോകുന്നു. അതിനുവേണ്ടിയാണ് ആ ഓർമ്മകളെ വീണ്ടും വീണ്ടും ഞാനിന്നു ഹൃദയത്തിലിട്ടു താലോലിക്കുന്നത്. വീണ്ടും ഓർമ്മകളുടെ താഴ്വരയിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുമ്പോൾ.

“മാഡം, ഈ ഇഞ്ചകഷ്‌ൻ ഒന്നെടുത്തോട്ടെ… ആ വലതുകരം ഒന്നു നീട്ടിത്തരൂ…” ഹിന്ദിയിലുള്ള അഭ്യർത്ഥന കേട്ട് ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി. തൂവെള്ള ഡ്രസ്സണിഞ്ഞ് ഒരു വിശുദ്ധയെപ്പോലെ പുഞ്ചിരി തൂകി നിൽക്കുന്ന സിസ്റ്റർ.

ഒരു മായിക സ്വപ്നത്തിൽ നിന്നുണർന്നാലെന്നപോലെ വർത്തമാന കാലത്തിന്‍റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വീണ്ടും. വലതുകരം സിസ്റ്ററിനു നേരെ നീട്ടിപ്പിടിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. ആ ഒരു വേദന പോലും സഹിയ്ക്കാനുള്ള ത്രാണിയപ്പോൾ ഇല്ലെന്നു തോന്നി. അൽപ സമയത്തിനുള്ളിൽ ആ പാദപതനം അകന്നകന്നു പോയി. ഇറുകെപ്പൂട്ടിയ മിഴിയ്ക്കുള്ളിൽ ഓർമ്മകൾ വീണ്ടും തിരയിളകി.

പ്രകൃതി രമണീയത  നിറഞ്ഞ സ്‌ഥലങ്ങൾ പിന്നിട്ടു കൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. പച്ചത്തഴപ്പാർന്ന മലനിരകളും, പാടവരമ്പുകളും വരമ്പത്തു പറന്നിറങ്ങുന്ന വെള്ള കൊക്കുകളും, ഇടയിലൂടൊഴുകുന്ന കൊച്ചു പുഴകളും. അവയിൽ നിറഞ്ഞു നിൽക്കുന്ന ആമ്പലും കൂമ്പിയതും വിടർന്നതുമായ താമരപ്പൂക്കളം, എല്ലാ കൂടിച്ചേർന്ന് ഒരു സുന്ദര സുരഭില ഭൂപ്രദേശം ഞങ്ങളുടെ കണ്മുന്നിൽ വിരിഞ്ഞു വന്നു. പ്രകൃതിയുടെ കാൻവാസിൽ ആരോ വരച്ചിട്ട സുന്ദര ചിത്രം പോലെ… ദേവാനന്ദ് അവയെല്ലാം കണ്ടാസ്വദിച്ചിരുന്നു.

ഇടയ്ക്ക് പാടവരമ്പത്തു നിന്നും കൂട്ടത്തോടെ പറന്നുയരുന്ന കൊറ്റികളെ നോക്കി അയാൾ ആനന്ദതുന്ദിലനായി പറയുന്നതു കേൾക്കാമായിരുന്നു.

“വാഹ്… ദിസീസ് റിയലി ഗോഡ്സ് ഓൺ കൺട്രി… ഹൗ ബ്യൂട്ടി ഫുൾ ഈസ് ദിസ് വണ്ടർ ഫുൾ പ്ലോസ്…”

“വാഹ്… വാഹ്…” പലപ്പോഴും അത്തരം ചില അതിശയോക്തികളും ദേവാനന്ദ് തുടരെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. അതെല്ലാം കേട്ട് തെല്ലഹങ്കാരത്തോടെ കൃഷ്ണമോൾ പറയുന്നുണ്ടായിരുന്നു “ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

(തുടരും)

और कहानियां पढ़ने के लिए क्लिक करें...