ജീവിതയാത്രയിൽ കടന്നു വരുന്ന ഓരോ പഥികനും ഓരോ റോളുണ്ട്. എന്നാൽ ആ യാത്രയിൽ ചിലർ മാത്രം കൂടെ ഉണ്ടാകും. ചിലർ പെട്ടെന്ന് വിട്ടു പോകും മറ്റു ചിലർ അൽപം കൂടി കഴിഞ്ഞ്. മനസ്സിൽ നിന്ന് പോകുമ്പോൾ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നവരുണ്ട്. എന്നാൽ മറ്റു ചിലരുണ്ട്, അവർ വിട്ടു പോകുമ്പോൾ ജീവിതത്തിൽ നിങ്ങൾ ഇതു വരെ കണ്ടെത്തിയ സന്തോഷം ജീവിക്കാനുള്ള പ്രേരണ എല്ലാം തിരിച്ചെടുത്തു പോകും…

എന്നിട്ടും ജീവിതം ജീവിച്ചല്ലേ പറ്റൂ മരണത്തിലെത്തുന്നതു വരെ… കടന്നു പോയ നിമിഷങ്ങളെക്കുറിച്ചോർത്ത് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം. എന്നിട്ടും അതാണ് പലപ്പോഴും സംഭവിക്കുക.

റിയ വായനയുടെ ഇടവേളകളിലെപ്പോഴോ ചിന്തയിലേക്ക് വഴുതി വീണു. രണ്ടു മണിക്കൂറായി റിയ പുസ്‌തകം വായിക്കുന്നു. രോഹൻ അത് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിലെ നവീനങ്ങളായ തീയറികൾ പഠിക്കാൻ റിയയ്ക്ക് വലിയ താൽപര്യമാണ്. അവയിൽ പുതിയ കൺസെപ്റ്റുകൾ സൃഷ്‌ടിക്കാൻ രോഹനും മിടുക്കനാണ്. എന്നാൽ തിയറി വായിച്ചു പഠിക്കാൻ ഒട്ടും ഇഷ്‌ടമില്ലാത്തതിനാൽ അയാൾ അതിനുമെനക്കെടാറില്ല.

“ഒരു ബ്രേക്ക് എടുക്കാം? കുറേ നേരമായില്ലേ… നീ ക്ഷീണിച്ചെന്നു തോന്നുന്നു!” വായനക്കിടയിൽ റിയ പെട്ടെന്ന് നിശബ്‌ദയായതു കണ്ടപ്പോൾ രോഹനു ചോദിക്കാതിരിക്കാനായില്ല.

എന്നാൽ റിയയുടെ മുഖത്തു നിന്ന് ഭാവം കൊണ്ടു പോലും ഒരു മറുപടി ലഭിച്ചില്ല. എന്നു മാത്രമല്ല വിശ്വവിദ്യാലയ സ്റ്റേഷനിൽ നിന്ന് മെട്രോ ട്രെയിനിൽ കയറും വരെ അവർ തികച്ചും നിശബ്‌ദരായിരുന്നു.

“അങ്ങനെ കോളേജ് ലൈഫ് തീരാൻ പോണു.” രോഹൻ അൽപം ആവേശത്തോടെ അക്കാര്യം ഓർമ്മിച്ചു. റിയ തല കുലുക്കിക്കൊണ്ട്, സ്റ്റേഷനിലേക്ക് തിരക്കിട്ടു വരുന്ന യാത്രക്കാർക്ക് വഴി ഒഴിഞ്ഞു കൊടുത്തു.

ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും റിയയ്‌ക്ക് ഉള്ളിൽ കനത്ത ശൂന്യത അനുഭവപ്പെട്ടു. കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു. പ്രൈമറി ക്ലാസിലും ഹൈസ്‌ക്കൂളിലും ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിരിഞ്ഞതു പോലെ രോഹനെയും പിരിയേണ്ട സമയമായി. ജീവിതം കളിക്കുന്ന ഓരോ കളികൾ! പലപ്പോഴും ആ കളിയുടെ ഏറ്റവും മോശം ഇരയാവാനാണോ വിധി?

“ഈ തീയറി പാർട്ട് മുഴുവൻ പരീക്ഷയ്‌ക്കു വരുമെന്ന് തോന്നുന്നുണ്ടോ റിയയ്‌ക്ക്?” രോഹൻ ചോദിച്ചു.

“പഠിച്ചു വയ്‌ക്കാം. വന്നാൽ ഭയക്കേണ്ടതില്ലല്ലോ?”

റിയ അത്ര താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ട്രെയിനിന്‍റെ ജനാലയിലൂടെ അവൾ മിഴികൾ പുറത്തേക്ക് നീട്ടി. രോഹൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു. രോഹൻ തന്നെയാണ് വീണ്ടും ആ നിശബ്ദതയ്‌ക്കു വിരാമമിട്ടത്.

“റിയ ആർ യു ആൾറൈറ്റ്?”

അവൾ പെട്ടെന്ന് മുഖം തിരിച്ച് അവനെ നോക്കി. ഒരു നേർത്ത ചിരി അവളുടെ ചുണ്ടിൽ വിടർന്നു. “നിനക്ക് എന്തു തോന്നി?” ഇതിനിടെ മെട്രോയുടെ വാതിലുകൾ തുറക്കപ്പെട്ടു. റിയയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷൻ. അവൾ രാജീവ് ചൗക്കിൽ ഇറങ്ങി. രോഹൻ തന്‍റെ യാത്ര തുടർന്നു. അയാൾക്ക് ആകെ വിഷമം തോന്നി. അയാൾ കണ്ണുകളടച്ചിരുന്നു.

രാത്രി ഒരുപാട് കഴിഞ്ഞിട്ടും റിയയ്‌ക്ക് ഉറക്കം വന്നില്ല. അവൾ ജാലകത്തിലൂടെ ആകാശം നോക്കി കിടന്നു. വെളുത്ത തുണിയിൽ നീല മഷിക്കുപ്പി തട്ടി തടവിയ പോലെ മേഘങ്ങൾ. കുഞ്ഞായിരുന്നപ്പോൾ എത്രയും വേഗം വലുതാവാനായിരുന്നു ആഗ്രഹം. വലുതായപ്പോഴാകട്ടെ കുട്ടിയായിരുന്നാൽ മതിയെന്നു തോന്നുന്നു.

ആകാശത്തേക്ക് മിഴി നട്ട് ഇരിക്കവെ അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ തിളങ്ങി നിന്നു. രോഹനോട് അതു തുറന്നു പറയണമെന്നുണ്ടായിരുന്നു. താൻ അയാളെ സ്നേഹിക്കുന്നു എന്ന സത്യം. ഓരോ പുലരിയിലും എഴുന്നേൽക്കുമ്പോൾ ആ മുഖം കണി കണ്ടുണരാൻ താൻ ആഗ്രഹിക്കുന്നു എന്ന സത്യം. അയാൾ ചിരിക്കുന്നത്, ദേഷ്യപ്പെടുന്നത്, മൂഡൗട്ട് ആകുന്നത്, ദേഷ്യം തോന്നുന്ന കുറുമ്പുകൾ കാണിക്കുന്നത് എല്ലാം. ദിവസവും കാണണം. ഈ ജീവിതത്തിന്‍റെ അന്ത്യം വരെ രോഹന്‍റെ കൂട്ടു വേണം.

കഴിഞ്ഞ ആറു വർഷമായി രോഹനോടുള്ള പ്രണയം ഒളിപ്പിച്ചു വച്ച മനസുമായി അവനോടു കൂട്ടുകൂടി നടന്നു. തുറന്നു പറഞ്ഞാൽ അയാൾ തന്‍റെ സ്നേഹം നിരാകരിക്കുമോ എന്ന ഭയത്തിൽ. റിയ വളരെ സീരിയസ് ടൈപ്പ് ആണ് പുറമേയ്ക്ക്. രോഹനാകട്ടെ അടിപൊളി സ്റ്റൈലും. വിപരീത ധ്രുവങ്ങൾ ആകർഷിക്കപ്പെടും എന്ന് കാവ്യാത്മകമായി പറയാം. അതല്ലാതെ ജീവിതത്തിൽ അത് വർക്ക്ഔട്ട് ആകുമോ? എക്കാലവും പരസ്‌പരം ആകൃഷ്ഠരായി കഴിയാം. ഒരുമിച്ച് ജീവിക്കാനല്ലാതെ… അവൾ ആലോചിച്ചു.

തേങ്ങൽ കുടുങ്ങിയ നെഞ്ചുമായി ആലോചനയിലാണ്ടിരിക്കുമ്പോൾ ഫോൺ ബെൽ മുഴങ്ങി. അത് രാത്രിയിലെ നിശബ്ദതയെ നിർവീര്യമാക്കി. അവൾ ഫോണിൽ തെളിഞ്ഞ പേരിലേക്ക് നോക്കി രോഹൻ! അവൾക്ക് ആ കോൾ എടുക്കാൻ അതിയായ മോഹം തോന്നി. അവൾ ഫോൺ എടുത്തില്ല. നെഞ്ചിൽ കുരുങ്ങിയ തേങ്ങൽ ഒരു അണയാപ്രവാഹമായി ഒഴുകിയാലോ… അവൾ ഭയന്നു. താൻ കരയുകയായിരുന്നുവെന്ന് അയാൾ മനസ്സിലാക്കും. എന്തു കാരണം പറയും ചോദിച്ചാൽ?

റിയ ഫോൺ സൈലന്‍റ് മോഡിലാക്കി ഉറങ്ങാൻ കിടന്നു. ഉറക്കം വളരെ വിദൂരത്താണെന്നറിഞ്ഞിട്ടും, അവൾ കാത്തു കിടന്നു. ഒരു പ്രാവശ്യം റിംഗ് ചെയ്‌തതല്ലാതെ ഫോൺ പിന്നെ വന്നുമില്ല.

അവരുടെ ഒരുമിച്ചുള്ള അവസാന ദിവസം ആയിരുന്നു ഇന്നലെ. ബിരുദ പരീക്ഷകൾ കഴിഞ്ഞു. ബാംഗ്ലൂർ ഐഐഎമ്മിൽ എംബിഎ ചെയ്യാനായി രോഹൻ ബാംഗ്ലൂർക്ക് പോവും. റിയ ഡൽഹിയിൽ നിയമം പഠിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം വിധിയെ പിന്തുടരുന്നതിനു മുമ്പേ, ഒരു വട്ടം കൂടി ക്ലാസ്മേറ്റുകൾ ഒത്തു കൂടാൻ തീരുമാനിച്ചു. ഭക്ഷണവും തമാശയും ആട്ടവും പാട്ടുമായി എല്ലാവരും ഒത്തുകൂടിയ വേളയിൽ രോഹൻ തന്‍റെ ഡിജിക്യാമിൽ ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.

റിയയ്ക്ക് ആ സമയം വളരെ അജ്ഞാതമായ ചില വികാരങ്ങളാണ് മനസ്സിൽ ഉണർന്നത്. രോഹന്‍റെ പെരുമാറ്റത്തിൽ അവൾക്ക് എന്തൊക്കെയോ വൈചിത്യ്രം തോന്നുന്നു. എല്ലാവരും ഭക്ഷണം കഴിച്ചും കളിച്ചും ചിരിച്ചും സ്നേഹം പങ്കിട്ടപ്പോൾ റിയ നിശബ്ദയായി. ചുണ്ടിൽ പുഞ്ചിരി വിടർത്താൻ ഇടയ്‌ക്കിടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അവൾക്ക് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. ആരും കാണാതെ ഒരു മുറിയിൽ അടച്ചിരുന്ന് കരയണം. അവളുടെ മുഖത്തെ നിസ്സഹായാവസ്‌ഥ കരൺ ശ്രദ്ധിച്ചു.

“ഏയ്, എന്തു പറ്റി?” രോഹന്‍റെ ബെസ്‌റ്റ് ഫ്രണ്ട് ആണ് കരൺ. അവൾ വിളറിയ ഒരു ചിരി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

മനസ്സ് പിടിവിട്ട ഒരു നിമിഷത്തിൽ രോഹന് അവൾ മെസേജ് അയച്ചു “എനിക്ക് സംസാരിക്കണം, പോകരുത്.” ആ മെസേജിന് അവൾ പ്രതീക്ഷിച്ച പോലെ ഒരു മറുപടി വന്നില്ല. എന്നാൽ അവളെ അയാൾ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. പരിപാടി കഴിഞ്ഞിട്ട് രോഹൻ പോയില്ല. അയാൾ കാത്തു നിൽക്കുന്നു.

“പറയൂ”.

അവൾക്ക് വാക്കുകൾ മുറിഞ്ഞുപോയി. പലതും തൊണ്ടയിൽ വന്നു നിൽക്കു ന്നു. പുറത്തേക്കു വരാൻ മടി.

“എനിക്ക്, അത് നമ്മൾ പിരിയും മുമ്പ് ചില കാര്യങ്ങൾ പറയണം എന്നു തോന്നി.”

“റിയ വരൂ…”

അയാൾ മുന്നോട്ടു നടക്കവേ അവൾ അയാളെ ആദ്യമായി കാണും പോലെ നോക്കി. മിസ് യു ബാഡ്ലി. അവളുടെ മനസ്സ് നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു.

“റിയ, എന്താ പറയാനുള്ളത്?”

അവൾ കണ്ണടച്ച്, ശ്വാസം ഉളളിലേക്ക് ആഞ്ഞു വലിച്ചു.

“ഐ ലവ് യു.”

രോഹൻ ഒന്നും പറഞ്ഞില്ല.

ഒരു നിമിഷം കടന്നു പോയി.

“എന്നും എപ്പോഴും, ആ സ്നേഹം ഉണ്ട്. നിർവചിക്കാനാവാത്ത ഒരു ഭാവം രോഹന് മുഖത്ത് നിറഞ്ഞു നിൽക്കുന്നു. അത് സന്തോഷമാണോ, സങ്കടമാണോ, പ്രണയമാണോ? ”

“ഇപ്പോൾ ഇതു പറയാൻ എന്താ?”

അവൾ ആകെ വിഷമിച്ചു. ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങൾ നിശബ്ദയായി റിയ.

“നമ്മൾ ഇന്ന് വേർപിരിഞ്ഞു പോകും മുമ്പ് എന്‍റെ മനസ്സ് തുറന്നു പറയണമെന്ന് തോന്നി. അതു പറയാതെ പോകുമ്പോഴുള്ള വീർപ്പുമുട്ടൽ മനസ്സിൽ കൊണ്ടു നടക്കാൻ വയ്യ.”

ഇത്രയും പറഞ്ഞിട്ട് റിയ അയാൾക്കു നേരെ കൈ നീട്ടി. അയാൾ യാന്ത്രികമായി ആ വിരലുകളിൽ സ്പർശിച്ചു. അവൾക്ക് ഹൃദയം അതികഠിനമായി വേദനിച്ചു. ഇനി രോഹനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും തീവ്രമായ വേദന സമ്മാനിക്കുമെന്ന് അവൾക്ക് തോന്നി. അവൾക്ക് മുന്നോട്ട് നടക്കണമെന്നുണ്ടായിരുന്നു. എന്നാൽ കാലുകൾ ബന്ധിക്കപ്പെട്ടപോലെ. എങ്കിലും കാലുകൾ വലിച്ചു വച്ച് അവൾ നടക്കാൻ ശ്രമിച്ചു.

“ഏയ്… എങ്ങോട്ട് പോകുന്നു. നീ…?”

രോഹൻ പെട്ടെന്ന് അവളെ കൈകളിൽ ചേർത്തു പിടിച്ചു നെഞ്ചോട് ചേർത്ത് ആശ്ലേഷിച്ചു.

“അങ്ങനെ എന്നെ വിട്ട് പോകാൻ പറ്റുമോ നിനക്ക്? ഇത്രയും കാലം ഇതു പറയാൻ ഞാനും ആഗ്രഹിച്ചു. പക്ഷേ എനിക്കും കഴിഞ്ഞില്ല.”

“ഇനി ഈ കണ്ണീർ വേണ്ട”. രോഹൻ അവളുടെ മിഴികൾ തുടച്ചു. തന്‍റെ എല്ലാ സ്വപ്നവും സഫലമായതു പോലെ അയാളുടെ ഹൃദയം ആഹ്ലാദം കൊണ്ട് തുടിച്ചു.

അവധി ദിനങ്ങളിൽ ബാംഗ്ലൂർ നിന്ന് ഡൽഹിയിലേക്ക് രോഹന് ഇടയ്‌ക്കിടെ വരാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒരു വരവിൽ അയാൾ റിയയെ വിളിച്ച് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞു. അവൾക്കും സന്തോഷമായി.

“എന്താ ഉണ്ടാക്കേണ്ടത്? നമുക്ക് കരണിനെയും നിഷയെയും വിളിക്കാം.” രോഹനും അത് സമ്മതമായി. അവർ നാലുപേരും റിയയുടെ റൂമിൽ ഒത്തുകൂടി.

ആ രാത്രി നാലുപേർക്കും അവിസ്മരണീയമായിരുന്നു. ഭക്ഷണം സ്വയം പാചകം ചെയ്‌ത് കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്‌തും അവർ നേരം പുലരും വരെ ഒരുമിച്ചു കൂടി. അന്ന് രോഹൻ അവൾക്ക് ഒരു പുതിയ ഡ്രസും വാങ്ങിയിരുന്നു. അടുത്ത കൂടിക്കാഴ്ചയിൽ ആ ഡ്രസ് ധരിച്ചു വരണമെന്ന ആഗ്രഹം രോഹൻ തുറന്നു പറഞ്ഞപ്പോൾ റിയ പുഞ്ചിരിയോടെ അതു സമ്മതിച്ചു.

അടുത്ത ആറുമാസത്തിനുള്ളിൽ വീണ്ടും അവർ കണ്ടു മുട്ടുമ്പോൾ റിയ ധരിച്ചത് രോഹൻ അന്ന് വാങ്ങിയ സൽവാർ കമ്മീസ് ആണ്. ആദ്യമായി ഒരുമിച്ച് സിനിമ കാണാൻ പോയ ദിനം കൂടിയായിരുന്നു അത്. ഒരു എന്‍റർടെയിന്‍റ്മെന്‍റ് ട്രിപ്പ് എന്നതിലുപരി പ്രണയത്തിന്‍റെ തീവ്രത അറിഞ്ഞ ദിവസം.

അവർ പരസ്‌പരം ഭ്രാന്തമായ സ്നേഹത്തിലേക്ക് ആണ്ടുപോയി. രോഹനില്ലാത്ത ജീവിതം റിയയെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അന്നു കണ്ടു മടങ്ങുമ്പോൾ റിയ അയാൾക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. രോഹൻ അത് കണ്ടപ്പോൾ അദ്ഭുതപ്പെട്ടു. അത്ര സുന്ദരമായിരുന്നു ആ കാർഡ്. അതുണ്ടാക്കാൻ റിയ എത്ര പാടുപെട്ടു കാണും.

“എത്ര ദിവസം?”

“അഞ്ച് ദിവസമെടുത്തു കാണും.” റിയ ചിരിച്ചു.

രോഹൻ അവളുടെ കൈകൾ കൈക്കുള്ളിലാക്കി. എന്നിട്ട് കുസൃതി ചിരിയോടെ അയാൾ മന്ത്രിച്ചു. “എനിക്ക് നിന്നോടൊപ്പം വയസ്സായാൽ മതി!”

രണ്ടു വർഷം എത്ര വേഗമാണ് കടന്നു പോയത്. രോഹന്‍റെ ഫൈനൽ ഇയർ പരീക്ഷയുടെ തലേന്നാണ് ആ സംഭവം.

പരീക്ഷാ കാലമായിരുന്നതിനാൽ ഫോൺ വിളികളും കുറഞ്ഞിരിക്കുകയാണ്. രോഹൻ തിരക്കിലാണെന്നറിയാവുന്നതു കൊണ്ട് അവൾ ഇടയ്‌ക്കിടെ വിളിച്ച് ശല്യപ്പെടുത്താനും പോയില്ല. രാത്രിയിൽ ഏറെ വൈകി ഒരു ഫോൺ കോൾ.

ആരാണ് വിളിക്കുന്നതെന്നു പോലും നോക്കാതെ അവൾ ഫോൺ ചെവിയോടു ചേർത്തു.

“ഹേ, റിയ,”

അത് രോഹനല്ലല്ലോ… അവൾ അപ്പോഴാണ് ശബ്‌ദം ശ്രദ്ധിച്ചത്.

“കരൺ?” എന്താ ഈ സമയത്ത്?”

“രോഹൻ… രോഹന് ഒരു അപകടം പറ്റി.” അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

“രോഹന് എന്തു പറ്റി?” റിയയുടെ സ്വരത്തിലും പരിഭ്രമം നിറഞ്ഞു. “ആശുപത്രിയിലാണ്. രോഹൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു. രണ്ട് സർജറി വേണ്ടി വന്നു. ഐസിയുവിലാണ്.” റിയയ്ക്ക് ശരീരം തളരുന്നതായി അനുഭവപ്പെട്ടു. അവൾ കരണിനോട് തന്നെയും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചെന്നെങ്കിലും ഐസിയുവിലായതിനാൽ കാണാൻ കഴിഞ്ഞില്ല. രോഹന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറിയപ്പോഴും റിയയ്ക്ക് കാണാൻ കഴിഞ്ഞില്ല. അവൾക്കും പരീക്ഷയായിരുന്നു. ബാംഗ്ലൂരിൽ പോയി രോഹനെ കാണാൻ അവളുടെ അച്ഛനമ്മമാരും സമ്മതിച്ചില്ല. എങ്കിലും കരണും രോഹന്‍റെ കുടുംബവും അവൾക്ക് എല്ലാ വിവരങ്ങളും കൈമാറാൻ തയ്യാറായത് റിയയ്ക്ക് ആശ്വാസമായി.

കാലുകളിൽ മൾട്ടിപ്പിൾ ഫ്രാക്ചർ ഉള്ളതിനാൽ ഡോക്ടർ ആറുമാസത്തോളം ബെഡ്റെസ്റ്റ് നിർദ്ദേശിച്ചു. പരസഹായമില്ലാതെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും വയ്യ. എംബിഎയുടെ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഒരു വർഷം നഷ്‌ടമാവുകയും ചെയ്‌തു.

വേദനയുടെയും കഷ്‌ടപ്പാടിന്‍റെയും ദിനങ്ങൾ. അതു രോഹന്‍റെ പെരുമാറ്റത്തിലും നിഴലിക്കുന്നു. റിയയ്‌ക്ക് വലിയ വിഷമം തോന്നിയെങ്കിലും രോഹനെ ഒരു വാക്കു കൊണ്ടുപോലും നോവിക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ അവൾ നിശബ്ദം സഹിച്ചു. എപ്പോഴും തമാശ പറയുന്ന, എല്ലാറ്റിനെയും നിസ്സാരമായി കാണാൻ ഇഷ്‌ടപ്പെട്ടിരുന്ന രോഹൻ. സ്വന്തം ശരീരത്തിന്‍റെ സ്വാതന്ത്യ്രം നഷ്‌ടപ്പെട്ടതോടെ ആ പഴയ രോഹൻ ഇല്ലാതായി. അയാൾ മിക്കവാറും നിശബ്ദനായിരുന്നു. റിയ അയാളെ സന്തോഷിപ്പിക്കാൻ കഴിവതും ശ്രമിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക് ആശുപത്രിയിൽ വരുമ്പോൾ തമാശ സംഭവങ്ങൾ പറഞ്ഞ് രോഹനെ ചിരിപ്പിക്കാൻ ശ്രമിക്കും. പക്ഷേ അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലും വിടരാറില്ല.

“രോഹന് സിനിമ കാണണോ?”

വേണം, പക്ഷേ തീയറ്ററിൽ മതി. ഡിവിഡി പ്ലേയറിലല്ല.”

“അഞ്ചു മാസം കൂടി കഴിഞ്ഞാൽ കാണാമല്ലോ…” അവൾ സങ്കടം പുറത്തു കാട്ടാതെ ചിരിച്ചു. “ഞാൻ തോറ്റുപോയി റിയ… എല്ലാവരും മുന്നേറുന്നു. എല്ലാ അർത്ഥത്തിലും. ഞാൻ എന്തു ചെയ്യും? എന്നെക്കൊണ്ട് ഇനി എന്തിനു കൊള്ളാം…?”

അയാളുടെ നിരാശ വാക്കുകളായി. ആ കണ്ണുകൾ നിറഞ്ഞില്ല. പക്ഷേ ചുവന്നു കലങ്ങി.

“സാരമില്ല, ഒരു വർഷം കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഞാനില്ലേ കൂടെ… ലവ് യു ഡിയർ…”

അയാൾ തല കുലുക്കി. പിന്നെ കുറേനേരം കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു.

“ഐ ലവ് യു ടൂ… റിയ… ഈ ജീവിതം മുഴുവനും…” റിയ അയാളുടെ കൈ വിരലുകൾ മെല്ലെ ചുണ്ടോടു ചേർത്തു.

“എനിക്ക് തനിച്ചിരിക്കണം.” അയാൾ റിയയെ നോക്കാതെ പറഞ്ഞു.

“നീ കുറച്ചു നേരം പുറത്തിരിക്കൂ.” റിയയുടെ കണ്ണുകളിൽ സങ്കടത്തുള്ളികൾ പൊഴിയാൻ കാത്തു നിന്നു. പക്ഷേ അവൾ അയാൾക്ക് മുഖം കൊടുക്കാതെ ബെഡ് ഷീറ്റ് ശരിയാക്കി, ടിവി ഓൺ ചെയ്‌ത് റിമോട്ട് കൺട്രോൾ രോഹന്‍റെ കൈയ്ക്കടുത്തു വച്ച് പുറത്തേക്കിറങ്ങി.

“നീ ആ വാതിൽ അടച്ചേക്ക്. അമ്മയോട് പറഞ്ഞേക്ക് ഒരു വിസിറ്ററേയും ഇപ്പോൾ ഇങ്ങോട്ട് വിടണ്ട എന്ന്.”

“ടേക്ക് കെയർ…” അവൾ സങ്കടം ഉള്ളിലൊതുക്കി പുറത്തേക്ക് നടന്നു. ഒരാഴ്ച കടന്നുപോയി. റിയയ്‌ക്ക് രോഹനെ കാണാനോ ഫോണിൽ സംസാരിക്കാനോ കഴിഞ്ഞില്ല. അവൾ ഓരോ പത്തുമിനിട്ടിലും ഫോൺ ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഒരു മെസേജ് എങ്കിലും… ഒന്നും വന്നില്ലെന്ന് മാത്രമല്ല, അവർ അയാളുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്!

ആശുപത്രിയിൽ ചെന്നപ്പോൾ, അയാൾ ആരെയും കാണാൻ സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് അമ്മ വിലക്കി. അല്ലെങ്കിൽ ഉറക്കത്തിലാണെന്ന് പറയും. റിയ ശരിക്കും തകർന്നു പോയി. കരണിനെയും രോഹൻ അടുപ്പിക്കുന്നില്ല.

കുറേ ദിവസങ്ങൾക്കു ശേഷം റിയ അയാളുടെ ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അവളെ അതിശയിപ്പിച്ചു കൊണ്ട് അയാൾ ഫോൺ എടുക്കുകയും ചെയ്‌തു.

“ഹലോ…”

“ഹായ് രോഹൻ…” അവളുടെ ശബ്ദം വിറച്ചു.

“ഹായ് റിയ, ഹൗ ആർ യു?”

“എന്‍റെ കാര്യം വിട്… വാട്ട് എബൗട്ട്യു…”

“സുഖം” അയാൾ അൽപനേരം നിശബ്ദനായി.

“എനിക്ക് രോഹനെ കാണാൻ തോന്നുന്നുണ്ട്. ഞാൻ വരട്ടെ…” അവൾ വികാരത്തള്ളലിൽ വിതുമ്പി. നിശബ്ദതയായിരുന്നു മറുപടി.

“രോഹൻ…!”

“വേണ്ട റിയ… ആം ഫൈൻ നൗ. പിന്നെ നീ എന്തിനാ വരുന്നേ?”

“എനിക്ക് കാണണം രോഹൻ. ഞാൻ അങ്ങോട്ടു വരാം. എന്തായാലും നിന്‍റെ പെണ്ണല്ലേ.” അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

“നമുക്ക് ഈ ബന്ധം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല.” അയാൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു. “നമുക്ക് പിരിയാം.”

അവൾ ഞെട്ടിപ്പോയി. എന്താണ് ഈ മനംമാറ്റത്തിനു കാരണം? അവൾ എത്ര നിർബന്ധിച്ചിട്ടും രോഹൻ ഒന്നും വിട്ടു പറഞ്ഞില്ല.

“ഭാവിയിൽ കുറേ കാര്യങ്ങൾ നേടാനുണ്ട്. ചില കമ്മിറ്റ്മെൻസുണ്ട്. അതിനിടയിൽ ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല.” അയാൾ അവളെ വിട്ടു പോയി. എന്നത്തേക്കുമായുള്ള പിരിയലാണെന്ന് വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.

വർഷങ്ങൾ കടന്നു പോയി. രോഹൻ മുംബൈയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഉന്നത നിലയിലാണ്. വല്ലപ്പോഴുമൊക്കെ റിയയ്ക്ക് മെസേജ് അയക്കും. അയാളുടെ ജീവിതത്തിൽ താൻ വേണ്ട എന്ന് തോന്നിയെങ്കിൽ ഇനി അതേ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുന്നതിൽ എന്താണ് അർത്ഥം? ഇനി എന്നെങ്കിലും അങ്ങനെ തോന്നിയാൽ സ്വീകരിക്കാൻ റിയ തയ്യാറുമാണ്.

അവൾ നിയമം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിരുന്നു. രോഹൻ പോയതോടെ ചിതറിത്തെറിച്ച ജീവിതത്തെ ഒരു വിധത്തിൽ പിടിച്ചു നിർത്തുന്നത് പ്രൊഫഷനാണ്. രോഹൻ വിട്ടുപോയതിന്‍റെ സംഘർഷം മനസിൽ നിന്ന് വിട്ടൊഴിയാൻ വർഷങ്ങൾ എടുത്തു. പുരുഷൻ ജീവിക്കുന്നത് മറവിയിലൂടെയാണ്. സ്ത്രീ ഓർമ്മകളിലൂടെയും. ടി.എസ് ഇലിയടിന്‍റെ വാചകം ഇടയ്ക്കിടെ അവൾ ഓർമ്മിക്കും.

എത്ര മറക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്‌തിയോടെ ഓർമ്മകൾ തന്നെ പിന്തുടരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. വിവാഹം കഴിക്കാൻ അച്ഛനമ്മമാർ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. പ്രൊഫഷന്‍റെ പേരു പറഞ്ഞ് എല്ലാം ഒഴിവാക്കി. രോഹൻ അല്ലാതെ മറ്റൊരാളെ എങ്ങനെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടും? അവൾ അതിനെക്കുറിച്ച് ആലോചിക്കാൻ പോലും ഇഷ്‌ടപ്പെട്ടില്ല. രോഹന്‍റെ വിവാഹം കഴിഞ്ഞതായി ഒരിക്കൽ നിഷ മെസേജ് അയച്ചിരുന്നു. നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് അതോടെ അടഞ്ഞ അധ്യായമായി.

റിയ താമസിയാതെ ചെന്നൈയ്ക്ക് പ്രൊഫഷൻ മാറ്റി. രോഹന്‍റെ ഓർമ്മകൾ വേട്ടയാടുന്ന നഗരത്തിൽ നിന്നൊരു രക്ഷപ്പെടൽ. പിന്നെ അച്ഛനമ്മമാരുടെ സമ്മർദ്ദം ഒഴിവാക്കണം. ഇതിനുള്ള വഴിയായിരുന്നു അത്. പുതമകളില്ലാത്ത, ലളിതമായ ജീവിതം. സ്വന്തം ജീവിതം റിയ കണ്ടുപിടിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായിരുന്നു റിയയുടെ ഇടപെടലുകൾ. അവൾ ക്ലൈന്‍റുകളോടു മാത്രം സംസാരിച്ചു. 8 വർഷം കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ചെന്നൈയിൽ അത്യാവശ്യം നല്ല പേരുള്ള വക്കീലാവാൻ റിയയ്‌ക്കു കഴിഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഒരു വിവാഹമോചന കേസ് റിയയുടെ വക്കാലത്തിനെത്തി. ജ്യോതി എന്ന സ്ത്രീയുടേതാണ് പെറ്റീഷൻ. വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി. ഇപ്പോൾ ഭർത്താവിൽ നിന്ന് നിയമപരമായി ബന്ധം വേർപെടുത്തണം.

“എന്‍റെ ഭർത്താവും ഇതിനു തയ്യാറാണ്.” മ്യൂച്വൽ പെറ്റീഷനാണ്. ഫോർമാലിറ്റിക്ക് എന്തൊക്കെയാണെന്നു വച്ചാൽ ചെയ്യൂ.” അവർ പറയുന്നത് ശ്രദ്ധാപൂർവ്വം റിയ കേട്ടു.

“ഒ.കെ. മിസിസ് ജ്യോതി. പക്ഷേ ഒരു കാര്യം അറിയണം. നിങ്ങൾ വേർപിരിയാൻ എന്തു കൊണ്ട് തീരുമാനിച്ചു.” അവർ അല്പം മടിയോടെ റിയയെ നോക്കി.

“ഡോക്ടറോടും വക്കിലിനോടും നുണ പറയരുതെന്നാണ്.” റിയ പുഞ്ചിരിയോടെ അവരെ ഓർമ്മിപ്പിച്ചു.

“എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഭാവിവരൻ മറ്റൊരു പെണ്ണിന്‍റെ കൂടെ ഒളിച്ചു പോയി. വിവാഹത്തിനു ദിനങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഉണ്ടായ നാണക്കേട് ഒഴിവാക്കാനാണ് കുടുംബ സുഹൃത്തിന്‍റെ മകനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. അദ്ദേഹവും എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്നെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിവാഹത്തിന് സമ്മതിച്ചതാണ്.” ഒ.കെ അതു നല്ല കാര്യമാണല്ലോ. എന്നിട്ടിപ്പോൾ എന്ത് സംഭവിച്ചു.

“സത്യം എന്തെന്നു വച്ചാൽ ഞാനോ, അദ്ദേഹമോ പരസ്‌പരം സ്നേഹിച്ചില്ല എന്നതാണ്. അദ്ദേഹത്തെ ഞാൻ എക്കാലവും ബഹുമാനിക്കുന്നു. പക്ഷേ…”

“എന്താണ്?”

“അദ്ദേഹം മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് എന്നെ സ്നേഹിക്കാൻ അദ്ദേഹത്തിനു കഴിയാതെ വന്നത്. എനിക്കു വേണ്ടി ഇത്രയും വർഷം സഹിച്ചില്ലേ, ഞാനും അങ്ങനെ തന്നെ.”

“ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ പോലും ഇല്ല. ഒരു വീട്ടിൽ കഴിയുന്ന അപരിചിതരെ പോലെയാണ് ഞങ്ങൾ.”

“ഇനിയും വയ്യ! എത്രയും വേഗം നടപടിയിലേക്ക് പോകണം?എന്നാണ് എന്‍റെ ആഗ്രഹം.”

റിയ ആലോചനയോടെ അവരെ നോക്കി. ശരി എനിക്കു കഴിയുന്നത് ചെയ്യാം. കുറച്ചു വിവരങ്ങൾ കൂടി വേണം.”

നിങ്ങളുടെ മുഴുവൻ പേര്?

“ജ്യോതി ശർമ്മ”

ഭർത്താവിന്‍റെ?

“രോഹൻ ശർമ്മ”

റിയ ഒന്നു പകച്ചു. അവൾ ജ്യോതിയെ സൂക്ഷിച്ചു നോക്കി. ഇത് രോഹന്‍റെ ഭാര്യയാണോ?

“ഭർത്താവിന്‍റെ വീട്?”

“രോഹൻ ഡൽഹിയിലായിരുന്നു. ഇപ്പോൾ ചെന്നൈയിലേക്ക് താമസം മാറ്റി.”

ജ്യോതി ഇത് പറയുമ്പോൾ റിയയുടെ ഹൃദയത്തിൽ മുള്ളുകൾ തറയ്‌ക്കുന്നതു പോലെ വേദനിച്ചു. ജീവിതം തന്നോട് എന്തു കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്? ഇത്രയും വർഷങ്ങൾക്കു ശേഷം. അതും ഏകയായുള്ള ജീവിതത്തോട് പൊരുത്തപെട്ടതിനു ശേഷം.

“ഇനി എന്തെങ്കിലും?” ജ്യോതിയുടെ ചോദ്യത്തിന് റിയയ്ക്ക് മറുപടി പറയാനായില്ല. ഏതാനും നിമിഷത്തെ നിശബ്ദതയ്‌ക്കു ശേഷം അവൾ ചോദിച്ചു.

“നിങ്ങൾക്ക് ഒന്നുകൂടി ശ്രമിച്ചു കൂടെ. ഒരു കൗൺസിലിംഗ്?”

“വേണ്ട മാഡം. ഇനി ഒന്നും വേണ്ട.”

ഈ കേസ് ഏറ്റെടുക്കാൻ തനിക്കു കഴിയില്ല. കാരണം പറയാനും വയ്യ.

“ഒ.കെ. എനിക്ക് കുറേയെറെ വർക്കുകൾ ഉണ്ട്. ഞാൻ ഇത് മറ്റൊരാൾക്ക് റഫർ ചെയ്യാം. ബുദ്ധിമുട്ടില്ലല്ലോ…” ജ്യോതി ശരി എന്ന മട്ടിൽ തലയാട്ടി. പരിചയത്തിലുള്ള മറ്റൊരു വക്കീലിന് കത്തെഴുതി ഫയൽ കൊടുത്തു വിട്ടു റിയ. അവൾ കസേരയിൽ നിന്നെഴുന്നേറ്റു. ഇന്ന് ഇനി ഒരു ജോലിയും ചെയ്യാൻ പറ്റില്ല.

രാത്രിയിൽ ബീച്ചിലേക്ക് തുറക്കുന്ന ജനാലയ്ക്കരികിൽ റിയ പുറത്തേക്ക് നോക്കി. ഉറങ്ങാൻ കഴിയുന്നില്ല. തിരമാലകൾ ഒന്നിനു പിന്നാലേ വന്നു പോകുന്നത് അവൾ നോക്കി നിന്നു.

രോഹനോട് പ്രണയം വെളിപ്പെടുത്തുന്നതിനു മുമ്പ് മനസിൽ തോന്നാറുള്ള വേദനയും വിചിത്രമായ മനോനിലയും വീണ്ടും തന്നെ ചൂഴുന്നുവോ?. ജീവിതം തനിക്ക് ഒരിക്കലും പച്ചപ്പുൽത്തകിടി പോലെ സുഖകരമായ പാതയായിരുന്നില്ല. കല്ലും മുള്ളും ചവിട്ടി കാൽ വേദനിച്ചു തഴമ്പിച്ചു. ജീവിതത്തിന്‍റെ കളികളിലെ ഇരയായി മാറാൻ ഇനി തന്നെ വിട്ടു കൊടുക്കണോ?

സ്നേഹം ഒരിക്കലും വിഷമിപ്പിക്കില്ല. എന്നാൽ നിരാശയും വഞ്ചനയും വേദനിപ്പിക്കും. വേർപിരിയലുകളും വേദനിപ്പിക്കുന്നുണ്ടാകും. ജീവിതാവസാനം വരെ സ്നേഹിക്കുമെന്ന് താൻ രോഹന് വാക്ക് കൊടുത്തതാണ്. തിരിച്ചും തനിക്ക് ആ വാക്ക് ലഭിച്ചിരുന്നു. രണ്ടുപേരും ആ വാക്ക് പാലിച്ചുവല്ലോ… അവൾ നിശ്വാസത്തോടെ ജനലഴികളിൽ മുഖം ചേർത്തു. അപ്പോൾ കടൽ ശാന്തമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...