ജോലി തിരക്കൊഴിഞ്ഞ് ഒരൽപ സമയം എല്ലാം മറന്ന് ഇഷ്‌ടപ്പെട്ട കുറേ പാട്ടുകൾ കേൾക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അല്ലെങ്കിൽ കൊതി തീരെ സ്വയം മറന്ന് നൃത്തം ചെയ്യാൻ, പാട്ട് പാടാൻ… അതുമല്ലെങ്കിൽ ഒരു അവധിയെടുത്ത് വീട്ടിലെ സ്വച്ഛമായ അന്തരീക്ഷത്തിലിരുന്ന് ഉഗ്രനൊരു പെയിന്‍റിംഗ് ചെയ്യാൻ മനസ്സിൽ തോന്നിയിട്ടുണ്ടോ? ഇങ്ങനെ ഒത്തിരിയൊത്തിരി ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. മോഹങ്ങൾ എത്ര ചെറുതായാലും അത് യാഥാർത്ഥ്യമാക്കുന്നതിലൂടെ വലിയൊരു സന്തോഷം തിരിച്ചു പിടിക്കാനാവും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും ഈ സന്തോഷവും ഉത്സാഹവും സ്വാധീനിക്കും. ഓരോ ദിവസവും പുതിയതായി തോന്നിത്തുടങ്ങുന്നത് തന്നെ എത്ര മനോഹരമായ കാര്യമാണ്. ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ എത്ര തിരക്കു പിടിച്ച ജീവിതമായാലും അവർ എല്ലാറ്റിനും ആവശ്യമായ സമയം കണ്ടെത്തും. “അയ്യോ ഒന്നിനും സമയമില്ലെന്ന” പരിഭവത്തിന് ഇത്തരക്കാരുടെ ജീവിതത്തിൽ സ്‌ഥാനമുണ്ടായിരിക്കുകയില്ല.

സ്വന്തം ആവശ്യത്തിന് സമയം കണ്ടെത്തുന്നുവെന്ന് വീട്ടിലുള്ളവർ കുറ്റപ്പെടുത്തിയേക്കാം. അതിനൊന്നും ചെവി കൊടുക്കേണ്ട. ആരും എന്തും പറഞ്ഞോട്ടെ സ്വന്തമിഷ്ടങ്ങൾ കൂടി ദിനചര്യയുടെ ഭാഗമാക്കുക.

നല്ല ഉറക്കം

സ്ത്രീകൾ എപ്പോഴും പരാതിപ്പെടുന്ന ഒരു കാര്യമാണ് ഉറക്കം കിട്ടുന്നില്ലെന്ന്. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. വീട്ടിലെ ജോലിത്തിരക്ക്, കുട്ടികൾ, വൈകിയുളള രാത്രി ഭക്ഷണം, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിങ്ങനെ കുറേയേറെ കാരണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് എല്ലാ ജോലിയും കൃത്യസമയത്ത് ചെയ്‌ത് തീർത്ത് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക. പകൽ സമയത്ത് സമയം കിട്ടുകയാണെങ്കിൽ സ്വീകരണ മുറിയിലെ സോഫയിലോ ബെഡ്റൂമിലോ ഇത്തിരി നേരം ഉറങ്ങാം. ചെറുമയക്കത്തിനു പോലും നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാനാവും.

ഷോപ്പിംഗ് ലിസ്‌റ്റ് തയ്യാറാക്കുക

അടുക്കള ജോലിക്കിടയിലാകും അടുക്കളയിലെ വസ്തുക്കളും മറ്റും തീർന്നിരിക്കുന്ന കാര്യം അറിയുക. ആ സമയത്താകും ഭർത്താവിനെയോ മറ്റാരെയെങ്കിലുമോ സാധനം വാങ്ങാൻ കടയിലേക്ക് അയക്കുക. അതുകൊണ്ട് ജോലി കഴിഞ്ഞുള്ള സമയത്ത് അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. ഇത് സമയ ലാഭമുണ്ടാക്കുമെന്ന് മാത്രമല്ല പണവും ലാഭിക്കാം.

ആഗ്രഹങ്ങൾ സഫലീകരിക്കുക

എന്തെങ്കിലും ഹോബികളും ഇഷ്‌ടങ്ങളുമൊക്കെ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ? പക്ഷേ വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, ഉദ്യോഗം തുടങ്ങിയ തിരക്കുകളിൽപ്പെട്ട് സ്വന്തം ഇഷ്‌ടങ്ങളേയും ഹോബികളെയും ചിലർ കൈവിട്ടിട്ടുണ്ടാകും. അതോടെ കുറേ കഴിയുമ്പോൾ ജീവിതം വിരസ പൂർണ്ണമാകും. ചിലർ നഷ്ടപ്പെട്ട സമയത്തെയോർത്ത് മാനസിക പിരിമുറുക്കത്തിന് അടിപ്പെടുകയും ചെയ്യും. കലാപരമായ കഴിവുകളുള്ളവർ അത് പരിപോഷിപ്പിക്കാൻ ശ്രമിക്കണം. ചിത്രരചനയിൽ കമ്പമുള്ളവർ ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്‌ത് ചുമരുകളിൽ ഭംഗിയായി അണിനിരത്താം. കൂട്ടുകാരുടെ ജന്മദിനത്തിനോ വിവാഹ വാർഷികത്തിനോ ഇത്തരം പെയിന്‍റിംഗുകൾ സമ്മാനിക്കുകയും ചെയ്യാം. വേണമെങ്കിൽ സ്വന്തം ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കാം. കൃഷി, പൂന്തോട്ട നിർമ്മാണം എന്നിവയിൽ താൽപര്യമുള്ളവർ അതിന് സമയം കണ്ടെത്തി ചെയ്യുക. അത്തരം പ്രവർത്തനങ്ങൾ ശരീരത്തിനും മനസ്സിനും പകരുന്ന പോസിറ്റീവ് എനർജി വിവരണാതീതമായിരിക്കും.

സ്വപ്നം കാണുക

ഉറങ്ങുമ്പോൾ മാത്രമുള്ളതല്ല സ്വപ്നങ്ങൾ, ഉണർന്നിരിക്കുമ്പോഴും സ്വപ്നങ്ങൾ കാണുക. അതിനുള്ള അവകാശവും സ്വാതന്ത്യ്രവും എല്ലാവർക്കുമുണ്ടല്ലോ. സീറോ ഫിഗർക്കാരിയായിരുന്ന കരീന കപൂർ കുഞ്ഞുണ്ടായ ശേഷം വർദ്ധിച്ച ശരീരഭാരമായ 90 കിലോ കുറയ്‌ക്കുന്ന കാര്യത്തെപ്പറ്റി ടിവിയിൽ പറയുകയുണ്ടായി. അങ്ങനെയാണെങ്കിൽ കരീനയെപ്പോലെ നിങ്ങൾക്കും അതിന് കഴിയില്ലേ? അതിന് വേണ്ടത് ദൃഢനിശ്ചയത്തിന്‍റെ പിൻബലം മാത്രമാണ്. ഒപ്പം നിരന്തരമായ പരിശ്രമവും ക്ഷമയും. ഒന്ന് ട്രൈ ചെയ്‌തു നോക്കൂ. തീർച്ചയായും ഫലം ലഭിക്കും.

ആശയവിനിമയം

കൂട്ടുകാരിയോടോ, ബന്ധുവിനോടോ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ബന്ധങ്ങൾ ഊഷ്മളമാക്കാൻ അൽപം റിസർവ് ആകാം. ഒരൽപ സമയം അവർക്കായി മാറ്റി വയ്‌ക്കു. അവരോട് ഫോൺ ചെയ്‌ത് സംസാരിക്കാം. അല്ലെങ്കിൽ ഇമെയിൽ- വാട്സാപ്പ് സന്ദേശമയക്കാനോ ശ്രമിക്കുക. പിണക്കം നിമിഷനേരം കൊണ്ട് അലിഞ്ഞ് ഇല്ലാതായി ബന്ധം ഊഷ്മളമാവും. മാന്യത കാത്തുസൂക്ഷിക്കുന്ന പെരുമാറ്റം മികച്ച വ്യക്‌തിത്വത്തിന്‍റെ അടയാളമാണ്. കൂട്ടുകാരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന വാക്ക് പ്രയോഗങ്ങൾ അരുത്. കൂട്ടുകാരുമൊത്ത് ഔട്ടിംഗുകൾക്ക് സമയം കണ്ടെത്താം. ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുമൊത്ത് ദൂരയാത്രകൾക്ക് പുറപ്പെടാം. സിനിമ, എക്സിബിഷനുകൾ, ഷോപ്പിംഗ് തുടങ്ങിയ നേരം പോക്കുകൾക്കായി ഉറ്റ സുഹൃത്തുക്കളെ ഒപ്പം കൂട്ടാം.

പിറ്റേ ദിവസത്തേക്കുള്ള പ്ലാനിംഗ്

ഉദ്യോഗസ്‌ഥകളായിട്ടുള്ളവർ സ്വന്തം പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിറ്റേ ദിവസത്തെ മുഴുവൻ വർക്ക് ഷെഡ്യൂളും പരിശോധിക്കുക. അവ അപ്ഡേറ്റ് ചെയ്യുക. അതിൽ തന്നെ ഫോക്കസ് ചെയ്യുക. ഏറ്റവും ആവശ്യമുള്ളതായ വർക്കിന് പ്രാഥമിക പരിഗണന നൽകാം. ഇത്തരത്തിൽ എല്ലാം ശരിയായ രീതിയിൽ ക്രമീകരിക്കുന്നതിന് സ്വന്തമായി പ്രത്യേകം സമയം കണ്ടെത്തേണ്ടി വരും. 24 മണിക്കൂറിൽ കുറച്ച് സമയം സ്വന്തം കാര്യത്തിനായും കണ്ടെത്താൻ ശ്രമിക്കൂ, നിങ്ങൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റി മെച്ചപ്പെടും.

ലുക്കിൽ ശ്രദ്ധിക്കുക

വസ്ത്രധാരണത്തിലും വേണം ശ്രദ്ധ. വെറുതെ കയ്യിൽ കിട്ടുന്ന എന്തെങ്കിലും എടുത്ത് അണിയുന്ന രീതി അവസാനിപ്പിക്കുക. വസ്‌ത്രധാരണത്തിൽ സ്വന്തമായ ചില ഫാഷനുകൾ ക്രിയേറ്റ് ചെയ്യാം. ഡ്രസ്സിന് ഇണങ്ങുന്ന കോസ്റ്റ്യൂം ജ്വല്ലറി തെരഞ്ഞെടുക്കുക. അതുപോലെ മാച്ചിംഗ് ചെരുപ്പോ ഷൂസോ തെരഞ്ഞെടുക്കാം. ഒഴിവ് സമയത്ത് ജ്വല്ലറി ബോക്‌സ് പരിശോധിച്ച് ആഭരണ കളക്ഷനുകൾ നോക്കുക. ഒടിഞ്ഞതോ നിറം മങ്ങിയതോ ആയ ആഭരണങ്ങൾ ഒഴിവാക്കുക. മേക്കപ്പ് ബോക്‌സിൽ ആവശ്യമായ വസ്‌തുക്കൾ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ആവശ്യമായ ഹെയർ ആക്സസറീസുകൾ ഒരു ബോക്‌സിൽ ക്രമീകരിച്ച് വയ്‌ക്കാം.

പിറ്റേന്ന് അണിയേണ്ട വസ്‌ത്രങ്ങളും ആക്സസറീസുകളും മറ്റും തലേന്ന് എടുത്ത് തയ്യാറാക്കി വയ്‌ക്കുക. നിങ്ങളുടെ വേഷവിധാനം വ്യക്‌തിത്വത്തെ തിളക്കമുള്ളതാക്കുന്നതിനൊപ്പം ജോലിയിലുടനീളം സന്തോഷകരമായ അവസ്‌ഥയുണ്ടാക്കും. കൂടുതൽ ആത്മവിശ്വാസം പകരും. ഷോപ്പിംഗിന് പോകുമ്പോൾ മനസ്സിനിഷ്‌ടപ്പെട്ട വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുക. ഇട്ടുനോക്കി ശരിയായ ഫിറ്റിംഗിലുള്ളതാണോയെന്ന് ഉറപ്പു വരുത്തി വാങ്ങുക.

മികച്ച വസ്‌ത്രധാരണം പോലെ പ്രധാനമാണ് സൗന്ദര്യ പരിചരണവും. സൗന്ദര്യം ശരിയായ രീതിയിൽ പരിപാലിക്കുക. അതിനു വേണ്ടി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുകയോ, വീട്ടിൽ സ്വയം ചെയ്യുകയോ ആവാം. കൈകളും കാലുകളും സുന്ദരമാക്കുന്നതിന് മാനിക്യൂറും പെഡിക്യൂറും ചെയ്യാം. എന്നിട്ട് മാറ്റം സ്വയം വിലയിരുത്തുക. അത് തരുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. നിങ്ങൾ ജീവിതത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ച് തുടങ്ങുന്ന നിമിഷങ്ങളായി പിന്നീട്….

और कहानियां पढ़ने के लिए क्लिक करें...