മാതാപിതാക്കളെ സംബന്ധിച്ച് കുഞ്ഞുങ്ങളുടെ ശൈശവ കാലം ഏറ്റവും മനോഹരമായ ഒന്നാണ്. അവരുടെ കുഞ്ഞ് വികൃതികളും തമാശകളും കളിയും ചിരിയുമൊക്കെ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്. ഇതുപോലെ അതി മനോഹരമായ ഒന്ന് ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തന്നെ പറയാം.
കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിന് വികാസം പ്രാപിക്കുന്ന കാലഘട്ടവുമാണ് ശൈശവം. മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നതിനെ ആശ്രയിച്ചിരിക്കും. മുതിർന്ന പ്രായത്തിലുള്ള അവരുടെ സ്വഭാവ രൂപീകരണവും ബുദ്ധിശക്തിയും. കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വളർത്തുന്നതിന് സഹായകമായ ചില ടിപ്സുകളുണ്ട്. മാതാപിതാക്കൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയാണിത്.
കുഞ്ഞുങ്ങൾ ഏറെയിഷ്ടപ്പെടുന്ന കാര്യമാണ് കഥ കേൾക്കുകയെന്നത്
കുട്ടികൾ കുഞ്ഞായിരിക്കെ തന്നെ അവർക്ക് ചിത്രങ്ങളോടു കൂടിയ കഥ വായിച്ചു കൊടുക്കുക. കുഞ്ഞുങ്ങൾക്ക് അത് മനസിലായില്ലെങ്കിൽ കൂടിയും ഈ ശീലം ഭാഷ പഠിക്കാനുള്ള കഴിവ് അവരിൽ വളർത്തുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഇങ്ങനെ കഥകൾ വായിച്ച് കേൾക്കുന്ന കുഞ്ഞുങ്ങൾ പിന്നീട് വായനയിൽ കൂടുതൽ താൽപര്യം കാട്ടും. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കാൻ നല്ലൊരു വഴിയാണ് അവർക്ക് കഥകൾ വായിച്ചു കൊടുക്കുകയെന്നത്.
പഠനം വളരെ നേരത്തെയാക്കാം
കുട്ടികളെ വളരെ നേരത്തെ പഠിപ്പിച്ച് തുടങ്ങുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിവികാസം ശരിയായ രീതിയിലാക്കാൻ സഹായിക്കുമെന്നാണ് വിദ്ഗദ്ധർ പറയുന്നത്. കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, അവരിലെ സ്ട്രെസ് കുറയ്ക്കുക. നമ്പർ ഗെയിംസ്, മ്യൂസിക് എന്നിവ ഉപയോഗിച്ച് അവരോട് സംസാരിക്കുകയും പാട്ട് പാടുകയും ചെയ്യത് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക.
കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയം
കുഞ്ഞുങ്ങളെ വാത്സല്യക്കുന്നതും കൊഞ്ചിക്കുന്നതും അവരോടൊപ്പം കളിക്കുന്നതും അവരുടെ ബുദ്ധിശക്തിയെ വികസിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതൊന്നുമില്ലാതെ വളരുന്ന കുഞ്ഞുങ്ങളിൽ ശരിയായ ബുദ്ധിവികാസങ്ങൾ നടക്കാതെ വരുന്നു. ഡിപ്രഷന് അടിപ്പെടുകയും വളർച്ച മുരടിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധയും സ്നേഹവും പരിലാളനയും നൽകുക.
കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടം ശ്രദ്ധയോടെ തെരഞ്ഞെടുക്കാം
കുഞ്ഞുങ്ങളുടെ ബുദ്ധിശക്‌തി വളർത്താൻ ഉതകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ അവർക്കായി തെരഞ്ഞെടുക്കാം. കുഞ്ഞുങ്ങളുടെ ചിന്താശക്തിയെ ഉണർത്തുംവിധമുള്ള പല രീതിയിൽ പ്രയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ അവർക്ക് വാങ്ങി നൽകാം.
കുഞ്ഞുങ്ങളെ കളിക്കാൻ അനുവദിക്കാം
ബുദ്ധി വികാസത്തിനും ശാരീരികവും വൈകാരികവുമായ കഴിവുകൾ വളരാനും സാമൂഹ്യ ഇടപഴകലിനും കളികൾ കുഞ്ഞുങ്ങളെ സഹായിക്കും. അതുകൊണ്ട് അവർ വീടിനകത്തും പുറത്തും മതിവരുവോളം കളിക്കട്ടെ. ഓടുകയും ചാടുകയും ചെയ്യട്ടെ. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിലൂടെ ആശയങ്ങൾ കൈമാറാനും ഉൾക്കൊള്ളാനും പരസ്പരം മനസിലാക്കാനും പങ്ക് വയ്ക്കാനും അവർ പരിശീലിക്കുകയാണ് ചെയ്യുന്നത്.
കുഞ്ഞുങ്ങളെ നല്ല വായനക്കാരാക്കുക
വായനയോടുള്ള ഇഷ്ടം കുഞ്ഞുങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യും. കുഞ്ഞുങ്ങൾ സമർത്ഥന്മാരായി വളരാൻ ഏറ്റവും നല്ല മാർഗ്ഗമാണ് അവരിൽ വായനാശീലം വളർത്തുകയെന്നത്. വായനയിൽ നിന്നും അവനും /അവളും മനസിലാക്കുന്ന കാര്യങ്ങൾ കൂടുതൽ അറിവുകൾ നേടാൻ അവരെ പ്രാപ്തമാക്കും. വളരെ ചെറുപ്രായത്തിൽ വായിച്ച് തുടങ്ങുന്ന കുട്ടികൾക്ക് സ്ക്കൂൾ ഘട്ടമെത്തുന്നതോടെ കഠിനമായ വിഷയങ്ങൾ വളരെ വേഗം മനസിലാക്കാനും ഹൃദിസ്ഥമാകാനും കഴിയും.
വ്യായാമം – കല
കുട്ടികളെ കുഞ്ഞ് വ്യായാമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാം. എക്സർസൈസ് ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ വർദ്ധിപ്പിച്ച് പുതിയ കോശങ്ങൾ രൂപീകരിക്കാൻ സഹായിക്കും. മികച്ച മാനസിക നിലയുണ്ടാക്കാനും കുട്ടികളെ സ്‌ഥിരോത്സാഹികളാകാനും ആത്മവിശ്വാസമുള്ളവരായി വളരാനും വ്യായാമങ്ങൾ ചെയ്യുന്നത് സഹായിക്കും. താൽപര്യമുള്ളവരെ കളരി, കുങ്ഫു, കരാട്ടേ മുതലായ അയോധന മുറകളും പരിശീലിപ്പിക്കുക. ബുദ്ധിശക്തിയും കായിക ശേഷിയും ഏകാഗ്രതയും വർദ്ധിക്കും.
കുഞ്ഞുങ്ങളിലെ സർഗ്ഗാത്മകമായ കഴിവുകളെ വളർത്തിയെടുക്കുകയെന്നുള്ളതും തുല്യ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. ചില കുട്ടികൾക്ക് ജന്മനാലെ തന്നെ കലാപരമായ കഴിവുകൾ ഉള്ളവരായിരിക്കാം. അതിനാൽ കുഞ്ഞുങ്ങളെ കുഞ്ഞുപ്രായത്തിൽ തന്നെ പെയിന്‍റിംഗ് ചെയ്യാനും, സംഗീതം പരിശീലിക്കാനും സാഹിത്യ രചനകൾ നടത്താനും പ്രേരിപ്പിക്കാം. അതിനായി നിർലോഭമായ പ്രോത്സാഹനം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവണം. സംഗീതം പരിശീലിക്കുന്ന കുഞ്ഞുങ്ങളിൽ ബ്രെയിൻ ഡവലപ്മെന്‍റ് അതിവേഗത്തിൽ നടക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
ടിവി – മൊബൈൽ
കുഞ്ഞുങ്ങളെ 2 വയസ്സു വരെ ടിവി, മൊബൈൽ സ്ക്രീനുകളിൽ നിന്നും അകറ്റി നിർത്തുന്നതാണ് നല്ലത്. ടിവി പരിപാടികൾ കാണുന്ന ശീലം മറ്റുള്ള ആക്ടിവിറ്റീസുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയുള്ളൂ. ഒരിടത്ത് ചടഞ്ഞു കൂടിയുള്ള ഇരുപ്പ് അവന്‍റെ കായികവും മാനസികവുമായ ആക്ടിവിറ്റീസുകൾ കുറയ്ക്കും. ഒപ്പം സോഷ്യലൈസിംഗ് തീരെ ഇല്ലാതെ വരികയും ചെയ്യും. അതിനാൽ ടിവി, സ്മാർട്ട് ഫോൺ, ടാബ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ കുഞ്ഞുങ്ങൾ അധികസമയം ചെലവഴിക്കുന്നത് കുറയ്ക്കുക.
കുഞ്ഞുങ്ങൾ കൊച്ച് സാഹസികരാകട്ടെ
കുട്ടികൾ ചെറിയ റിസ്കുകൾ ഏറ്റെടുക്കട്ടെ. അവർ നിലത്ത് വീഴുകയോ പരീക്ഷകളിൽ പരാജയപ്പെടുകയോ ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നീങ്ങാൻ അവരെ പ്രേരിപ്പിക്കുക. പരാജയങ്ങളോ റിസ്കുകളോ അഭിമുഖീകരിക്കാത്ത കുഞ്ഞുങ്ങൾ ചെറിയ പരാജയങ്ങളിൽ പോലും തളർന്നു പോകും.
പ്രശ്നങ്ങൾ സ്വയം പരിഹരിക്കട്ടെ
ഉത്തരങ്ങൾ അവർ സ്വയം കണ്ടെത്തിക്കോളും. അതവരിലെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. പിന്നീട് വലിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവർ സ്വയം പരിഹാരം കണ്ടെത്തിക്കോളും.
വീട്ടുജോലികളിൽ കുട്ടികളെ ഉൾപ്പെടുത്തുക
ജോലിയെത്ര ദുഷ്ക്കരമാണെങ്കിലും കുട്ടികൾ ചെയ്യാൻ ശ്രമിച്ചു കൊള്ളട്ടെ. അവന്‍റെ കഠിനമായ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക. കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യത്തിൽ മോശം പദപ്രയോഗങ്ങൾ നടത്തുക, നെഗറ്റീവായ കാര്യങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അരുത്. അവന് /അവൾക്ക് മുന്നിൽ മാതാപിതാക്കൾ എപ്പോഴും റിയൽ ഹീറോസ് ആയിരിക്കണം.
കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക
കുട്ടികൾ ചെയ്യുന്ന കഠിന പ്രവർത്തികൾ മനസ് തുറന്ന് പ്രോത്സാഹിപ്പിക്കുക. അത്തരം പ്രവർത്തികളിൽ കുട്ടി അർപ്പിച്ച ശ്രദ്ധയും ജാഗ്രതയും എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കാം.