ആമസോൺ ഇന്ത്യ ഫാഷൻ വീക്കിന്‍റെ ഹൈ-5 ഷോയിൽ എത്തിയ ശാലിനിയ്ക്ക് ഒരു മോഡലിന്‍റെ ലുക്ക് ആയിരുന്നു! സ്വയം ഡിസൈൻ ചെയ്ത ലളിതമായ ബ്രൗൺ ആന്‍റ് ഗ്രീൻ കോമ്പിനേഷൻ കോട്ടൻ സാരിയിൽ സുന്ദരമായ ഹെയർ സ്റ്റൈലിൽ ശാലിനി ജെയിംസ് ശ്രദ്ധാകേന്ദ്രമായി മാറി. ലോകപ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റും സുഹൃത്തുമായ അംബികാപിള്ളയുടെ കരം പിടിച്ച് ആത്മവിശ്വാസത്തിന്‍റേയും അഭിമാനത്തിന്‍റേയും പുഞ്ചിരിയോടെ റാമ്പിലെത്തിയപ്പോൾ ഉയർന്ന കരഘോഷം ലുക്കിന്‍റെ പേരിൽ മാത്രമല്ല ശാലിനി ചെയ്ത വർക്കുകൾക്ക് കിട്ടിയ അംഗീകാരം കൂടിയായിരുന്നു.
കേരളത്തിൽ നിന്ന് ആമസോൺ ഇന്ത്യ ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യത്തെ ഫാഷൻ ഡിസൈനർ ആണ് ശാലിനി ജെയിംസ്. “അതിന്‍റെ ഹാംഗ്ഓവർ ഇതുവരെയും എനിക്ക് മാറിയിട്ടില്ല.” ശാലിനി ചിരിക്കുന്നു. “ഡിസൈനർ എന്ന നിലയിൽ ധാരാളം ഓർഡറുകളും ലഭിച്ചു. ഫാഷൻ വീക്കുകൾ നല്ല പ്ലാറ്റ്ഫോമാണ്. അവിടെ ഡിസൈനർമാരും ബയേഴ്സും ഫാഷൻ മീഡിയയും എല്ലാം ഒത്തൊരുമിക്കുന്നു. ഇന്ത്യൻ ഫാഷന്‍റെ വളർച്ചയ്ക്ക് ഇന്ത്യയിൽ നടക്കുന്ന ഫാഷൻവീക്കുകൾ സഹായകമാണ്. ഫാഷൻ വീക്കിൽ ഡിസൈനർമാർക്ക് ലഭിക്കുന്ന പ്രോത്സാഹനം അവിശ്വസനീയമായതാണ്. അവസരങ്ങളും എക്സ്പോഷറും യഥേഷ്ടം.”
എന്നാൽ കൊറോണ കാലം ഫാഷൻ ഇൻഡസ്ട്രിയെ വല്ലാതെ തളർത്തി. അൺ സോൾഡ് ഒരുപാട് വന്ന സമയം. അതെല്ലാം സീസൺ പോലും നോക്കാതെ വിറ്റഴിക്കാൻ ശ്രമിക്കുകയാണ് പലരും. മാസ്ക് ഉണ്ടാക്കി വിറ്റാണ് ഒരുപാട് പേർ കൊറോണക്കാലം അതിജീവിക്കാൻ ശ്രമിച്ചത്. എന്തായാലും ഇ-കോമേഴ്‌സ് സീരിയസ് ആയി കണ്ടു തുടങ്ങാൻ കൊറോണ കാരണമായി. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കസ്റ്റമറിലേക്ക് എത്തേണ്ട കാലമാണ്.
ഇന്ത്യൻ ബൈ ചോയിസ് എന്ന ബ്രാന്‍റിൽ ശാലിനി ചെയ്യുന്ന ഡിസൈനുകൾ സെലിബ്രിറ്റികളുടെ പോലും മനം കവർന്നിരുന്നു. പരമ്പരാഗത വസ്ത്രമേഖലയോടും കലയോടും ഉള്ള അഭിനിവേശത്തിൽ നിന്നുള്ള ഡിസൈനുകളാണ് ശാലിനിയുടെ സൃഷ്ടികളെ വേറിട്ടു നിർത്തുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പ്രചോദനമാണ് ഇന്ത്യൻ ബൈ ചോയിസ് എന്ന തീം. എത്നിക് വിയറുകൾ ആധുനിക കൺസെപ്റ്റിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലാണ് ശാലിനിയുടെ മികച്ച ക്രിയേറ്റിവിറ്റി.
“റെഡി റ്റു വിയർ എത്നിക് വസ്ത്രങ്ങൾ എന്ന കൺസെപ്റ്റിന് മികച്ച പ്രതികരണമാണ്ലഭിച്ചത് .” വളരെയധികം പരീക്ഷണങ്ങൾ നടത്തിയശേഷമാണ് എത്നിക് റെഡി റ്റു വിയർ ശാലിനിയുടെ സിഗ്‍നേച്ചർ പ്രോഡക്റ്റായി മാറിയത്. എത്നിക് വിയറുകൾക്ക് ഗ്ലാമർ ടച്ച് നൽകാൻ ഇന്‍ഡോ വെസ്റ്റേൺ സ്റ്റൈലിൽ ആക്സസറീസ് കൂടി ഉൾപ്പെടുത്തിയാൽ സ്മാർട്ട് ലുക്ക് ലഭിക്കുമെന്ന ഫാഷൻ ടിപ്സ് കൂടി തന്‍റെ കസ്റ്റമർമാർക്ക് നൽകാൻ ശാലിനി മറക്കാറില്ല.
മുൻ ഫാഷൻ വീക്കിലും ശാലിനി അവതരിപ്പിച്ചത് ഇന്ത്യൻ ബൈ ചോയിസ് എന്ന പേരിലുള്ള കളക്ഷനുകളാണ്. ഇന്ത്യൻ ടെക്സ്റ്റൈലിനും ക്രാഫ്റ്റിനും ഊന്നൽ നൽകിക്കൊണ്ടുള്ള വർക്ക് മസലിപട്ടണത്തു നിന്നുള്ള കലംകാരി-ബഗ്രു ബ്ലോക്ക് പ്രിന്‍റ് ഉപയോഗിച്ചാണ് ഇതു ചെയ്തത്. “ഏതാണ്ട് 30 ലേറെ ഇന്ത്യൻ നിറങ്ങളുടെ സംഗമം നമുക്കുണ്ട്. ഗുലാബി, ഗജരി, കേസരി, ജാമുൻ, നീൽ, ഫിറോസി, അംബർ, രാമ, ബജ്റ, ബാദാമി, മെഹന്തി, ഹൽദി, കുങ്കുമം, കൃഷ്ണ, കോൾ ഇങ്ങനെ. ഇവ ഉപയോഗിക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. യഥാർത്ഥത്തിൽ നിറങ്ങളുടെ പേരിൽ പോലുമുള്ള വൈദേശികാധിപത്യത്തോടുള്ള ഒരു കലഹമാണിത്. വിദേശ ഫാഷനിസ്റ്റുകൾ ഉപയോഗിക്കുന്ന നിറങ്ങളിൽ പലതും എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഇന്ത്യൻ നിറങ്ങളുടെ സാദ്ധ്യത എന്‍റെ മനസ്സിനെ മോഹിപ്പിച്ചു. അങ്ങനെയാണ് നമ്മുടെ പരമ്പരാഗത നിറങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത്. ആ നിറങ്ങൾ മനസ്സിനെ പ്രചോദിപ്പിക്കുന്നു. ആശ്വസിപ്പിക്കുന്നു.”
“ടെക്സ്റ്റൈലുകളുടേയും ക്രാഫ്റ്റുകളുടേയും ഉറവിടാണ് ഇന്ത്യ. ഈ വിഭവങ്ങൾ ഫാഷൻ ഇൻഡസ്ട്രിയിൽ പ്രചോദനമാകാറുണ്ട്. സ്വന്തം കഴിവ് പ്രയോഗിച്ച് ഇവയ്ക്ക് കൂടുതൽ തിളക്കം നൽകുകയാണ് ഡിസൈനർമാർ. 20 വർഷത്തോളമായി ഞാൻ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നിട്ടും അക്ഷയഖനി പോലെ തോന്നുകയാണ് ഇന്ത്യൻ ടെക്സ്റ്റൈൽ വൈവിദ്ധ്യം…” ശാലിനിയുടെ ഈ ആശയങ്ങൾ ഫാഷൻ മേഖലയെ മാത്രമല്ല സെലിബ്രിറ്റികളേയും ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂഡൽഹിയിൽ അംബികപിള്ളയുടെ സലൂൺ സ്റ്റോർ സ്റ്റൈൽ ലോഫ്റ്റിന്‍റെ ലോഞ്ചിംഗിൽ വച്ചാണ് ബോളിവുഡ് സുന്ദരി സോനം കപൂർ തന്‍റെ ആ ഇഷ്ടം വെളിപ്പെടുത്തിയത്. ഏതു ഡിസൈനറുടെ വസ്ത്രമാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് ശാലിനി ജെയിംസ് എന്നായിരുന്നു ഉത്തരം. ശുദ്ധവായു ശ്വസിക്കുന്നതുപോലെ എന്നാണ് ശാലിനിയുടെ വസ്ത്രങ്ങളെ സോനം വിശേഷിപ്പിച്ചത്. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സൺ സുനിൽ സേത്തി അടക്കം പല പ്രമുഖരും ശാലിനിയുടെ ഡിസൈനുകൾ ഇഷ്ടപ്പെട്ടു വാങ്ങുകയുണ്ടായി.
“ശരിക്കും ഒരു റീജിയണൽ പ്ലെയർ മാത്രമാണ് ഞാൻ ഈ രംഗത്ത്. എങ്കിലും കോട്ടണിൽ ഇത്രയും വർക്കുകൾ ഡിസൈനർമാർ അധികം ചെയ്യാറില്ല. അതുകൊണ്ടാവും എന്‍റെ ഡിസൈനുകൾ ശ്രദ്ധിക്കപ്പെട്ടത്.” “സോനം കപൂർ എനിക്ക് മെയിൽ അയച്ചു. എന്‍റെ കളക്ഷനുകളെ അനുമോദിച്ചു കൊണ്ടുള്ള മെയിൽ ആയിരുന്നു അത്.” മുംബൈയിൽ ഒരു പരിപാടിയിൽ ശാലിനി ഡിസൈൻ ചെയ്ത മനോഹരമായ ചുവന്ന വസ്ത്രത്തിലാണ് സോനം വന്നത്. “കേരളം വിട്ട് മറ്റൊരു സ്ഥലത്ത് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നതിൽ എന്‍റെ സുഹൃത്തായ അംബിക പിള്ളയുടെ സഹായം എടുത്തു പറയേണ്ടതുണ്ട്” ശാലിനി പറയുന്നു.
ഇംഗ്ലീഷ് ബിരുദത്തിനു ശേഷം ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നാണ് ശാലിനി ഫാഷൻ ഡിസൈനിംഗ് പഠിച്ചത്. പിന്നീട് 2002 ൽ വീട്ടിൽ മന്ത്ര എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചു. ഫാഷൻ രംഗത്ത് തന്നെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഷീല ജെയിംസിന്‍റെ മകളാണ് ശാലിനി. ഡിസൈൻ പറ്റേണുകൾ വരയ്ക്കാൻ മാത്രമല്ല എഴുതാനും ഇഷ്ടമാണ് ശാലിനിയ്ക്ക്. ഒപ്പം നൃത്തവും അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ശാസ്ത്രീയ നൃത്തത്തിലാണ് കൂടുതൽ താൽപര്യം. അതുകൊണ്ട് വർഷങ്ങളായി കുച്ചിപ്പുടി പരിശീലിക്കുന്നുണ്ട്.