ഉദ്യോഗസ്ഥകളെ സംബന്ധിച്ച് ഗർഭകാലം ഏറെ ടെൻഷൻ പിടിച്ച സമയമായിരിക്കും. ജോലി ചെയ്യുന്നതിനൊപ്പം ഗർഭസ്‌ഥ ശിശുവിന്‍റെ ആരോഗ്യവും ശ്രദ്ധിക്കണമല്ലോ. അതിനുള്ള 5 ഹെൽത്തി ടിപ്സ് വായിച്ചറിയാം.
ഒരു ദിവസത്തിന് ഇങ്ങനെ തുടക്കം കുറിക്കുക
രാവിലെ എഴുന്നേറ്റാലുടൻ ജനാലകളും വാതിലുകളും തുറന്നിടുക. പ്രഭാതത്തിലെ ശുദ്ധമായ കുളിർക്കാറ്റ് നിങ്ങളുടെ ശരീരത്തേയും മനസ്സിനേയും ഫ്രഷാക്കും. രാത്രി മുഴുവനുമുള്ള മുറിക്കുള്ളിലെ വായു പുറന്തള്ളപ്പെടുകയും ചെയ്യും. രാവിലെ എഴുന്നേറ്റാലുടൻ ചായ കുടിക്കുന്ന ശീലമുള്ളവരായിരിക്കും മിക്കവരും. ചായയ്ക്ക് പകരമായി ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.
ആന്‍റി ഓക്സിഡന്‍റ് സമ്പന്നമായ ഗ്രീൻ ടീ നിങ്ങൾക്ക് ഊർജ്ജം പകരും. പാൽ ചേർത്ത ചായ കുടിക്കുന്നത് ഹാനികരമാണ്. മോണിംഗ് വാക്കിന് പുറത്ത് പോകാൻ കഴിയാത്തവരാണെങ്കിൽ വീട്ടിൽ തന്നെ 5-10 മിനിറ്റ് നടക്കുക. എത്ര വൈകിയുണർന്നാലും വ്യായാമം മുടക്കരുത്. സമയമില്ലെങ്കിൽ 10 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യുക. അതുകൊണ്ട് പ്രയോജനങ്ങൾ മാത്രമേയുണ്ടാകൂ. വ്യായാമം ചെയ്യുന്നതിലൂടെ തളർച്ച കുറയും, ഒപ്പം രക്‌ത സഞ്ചാരം ശരിയായ രീതിയിലുമാകും.
ഹെൽത്തി ഡയറ്റ് എപ്പോൾ, എവിടെ?
ഗർഭകാലത്ത് ഡയറ്റ് ബാലൻസ്ഡും ഹെൽത്തിയുമായിരിക്കണം. ഉദ്യോഗസ്‌ഥകൾ ഗർഭകാലത്ത് വീട്ടിലെയും ഓഫീസിലെയും ജോലിത്തിരക്കുകൾ കാരണം ശരിയായവണ്ണം കഴിച്ചെന്ന് വരില്ല. ജോലി സമയത്ത് എങ്ങനെ കഴിക്കുമെന്നാവും അവർ പരാതി പറയുക. ഈ ചിന്ത തൽക്കാലം മാറ്റി വയ്‌ക്കുക. നിങ്ങൾ ഗർഭിണിയാണെന്നും അമ്മയ്ക്കും ഗർഭസ്‌ഥ ശിശുവിനും പോഷണം ആവശ്യമാണെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കുമല്ലോ. അതുകൊണ്ട് ടെൻഷൻ ഫ്രീയായി കഴിക്കുക. ലഞ്ച് കൂടാതെ ഇടനേരങ്ങൾക്കായുള്ള സ്നാക്സും കയ്യിൽ കരുതുക. ആപ്പിൾ, വാഴപ്പഴം, മറ്റ് പഴങ്ങൾ, മിക്‌സഡ് സാലഡ്, ഡ്രൈഫ്രൂട്ട്സ്, ഹൽവ തുടങ്ങിയവ വെവ്വേറെ കരുതാം. ജോലിക്കിടയിൽ അൽപാൽപമായി കഴിക്കുക. ചെറിയ ഇടവേളകളിലായി എന്തെങ്കിലും ഹെൽത്തി ഡയറ്റ് കഴിക്കാൻ ശ്രദ്ധിക്കുക.
ഇഷ്ടം പോലെ വെള്ളം കുടിക്കുക
ഓഫീസിലാണെങ്കിലും ഗർഭിണികൾ ഇഷ്‌ടം പോലെ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നതിൽ യാതൊരു പിശുക്കും വേണ്ട. ഇതിന് പുറമെ ധാരാളം ജ്യൂസ്, സൂപ്പ്, ഷേക്ക്, ഗ്രീൻ ടീ എന്നിവ കുടിക്കാം. ഓഫീസിൽ ഗ്രീൻ ടീ തയ്യാറാക്കാനുള്ള സൗകര്യമില്ലെങ്കിലും വീട്ടിൽ നിന്നും ഗ്രീൻ ടീ പൗച്ചും ഫ്ളാസ്കിൽ ചൂട് വെള്ളവും കൊണ്ടു വന്ന് ആവശ്യമുള്ളപ്പോൾ ഗ്രീൻ ടീ തയ്യാറാക്കി കുടിക്കാം.
രാത്രിയിൽ നിർബന്ധമായും ഒരു ഗ്ലാസ് പാൽ കുടിക്കണം. പാൽ ഇഷ്ടമല്ലെങ്കിൽ പനീർ ഡയറ്റിൽ ഉൾപ്പെടുത്താം. കുറഞ്ഞത് ഒരു തവണയെങ്കിലും സൂപ്പ് കഴിക്കുക. ഒന്നിനും നേരമില്ലെന്ന ധാരണ പൊതുവെ ഉദ്യോഗസ്‌ഥകളായ സ്ത്രീകൾക്കുണ്ട്. ഈ ധാരണ തിരുത്തുക.
ഓരോ ജോലിയും മാനേജ് ചെയ്യാൻ ശീലിക്കുക. സൂപ്പ് തയ്യാറാക്കാൻ സമയമില്ലെങ്കിൽ വീട്ടിൽ മറ്റംഗങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ സൂപ്പ് തയ്യാറാക്കാൻ അവരോട് ആവശ്യപ്പെടാം. അൽപം കൂടുതൽ സൂപ്പ് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ഇത് 2-3 ദിവസം ഉപയോഗിക്കാം. സ്വയം തയ്യാറാക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചില ജോലികൾ ഒഴിവാക്കി സൂപ്പ് തയ്യാറാക്കുക. സാഹചര്യമനുസരിച്ച് മാനേജ് ചെയ്യാൻ ശീലിക്കുക.
വിശ്രമവേളകൾ കണ്ടുപിടിക്കുക
ആവശ്യത്തിലധികമുള്ള ഓട്ടപ്പാച്ചിലുകൾ തളർച്ചയുണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തെയത് പ്രതികൂലമായി ബാധിക്കും. ഓഫീസിൽ ഒരെയിരുപ്പ് ഇരിക്കുക, കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുക എന്നിവ ഗർഭകാലത്ത് ഉചിതമല്ല. ഇതിന് പുറമെ യാത്ര ബുദ്ധിമുട്ടുകളും. ഓഫീസിലേക്ക് വരുന്ന വേളയിലും വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ട്രാഫിക്ക് ബ്ലോക്കിൽ പെടുക, പൊടി, പുക, തിരക്കുകൾ എന്നിവ ഗർഭസ്‌ഥ ശിശുവിന്‍റെ ആരോഗ്യത്തിന് ദോഷകരമാണ്. ഇത്തരം സാഹചര്യങ്ങൾ ഗർഭകാലത്ത് ബ്ലീഡിംഗ് ഉണ്ടാകാനും അകാല പ്രസവം ഉണ്ടാകാനും ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജോലിയുടെ കൂടുതൽ ഉത്തരവാദിത്തം സ്വന്തം തലയിലേറ്റരുത്. മൂന്നാമത്തെയും നാലാമത്തെയും മാസത്തെയും വീക്കെൻഡിലെ അവധിക്ക് പുറമെ ഇടയിലൊരു ദിവസം അവധിയെടുക്കാം. ഏഴാം മാസം ഒരു ദിവസം കൂടുതൽ അവധിയെടുക്കാം.
ഉദ്യോഗസ്‌ഥകളായ സ്ത്രീകളിൽ അടിക്കടി ഗർഭഛിദ്രം ഉണ്ടാകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് പിന്നിലുള്ള പ്രധാന കാരണം വിശ്രമമില്ലാത്ത ജോലിയാണ്. ഗർഭകാലത്ത് ഗർഭസ്ഥ ശിശുവിന് മേലുള്ള ഉത്തരവാദിത്തം പൂർണ്ണമായും നിർവഹിക്കുക. ആരോഗ്യമുള്ള ശരീരവും മനസ്സിനുമൊപ്പം ഗർഭസ്‌ഥ ശിശുവിനെ പുറത്തെ ആരോഗ്യമുള്ള ഇടത്തേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം അമ്മയ്ക്കാണ്. അതിനുള്ള കാര്യങ്ങൾ കൃത്യതയോടെ ചെയ്യാം.
സുഖനിദ്ര ആവശ്യം
സുഖകരമായ ഗാഢനിദ്ര എല്ലാവർക്കും ആവശ്യമാണ്. ഗർഭിണികൾക്ക് പ്രത്യേകിച്ചും. എത്രയൊക്കെ ജോലിയുണ്ടായാലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കമാവശ്യമാണ്. ഓഫീസ് ജോലി വീട്ടിലേക്ക് കൊണ്ടു വരരുത്, ഉറങ്ങാൻ കൃത്യമായ സമയം നിശ്ചയിക്കുക. ഏകദേശം 10 മണിയോടു കൂടി ഉറങ്ങുക. ഇത് കർശനമായും പാലിച്ചിരിക്കണം. അതിന്‍റെ പേരിൽ എന്തെങ്കിലും ജോലി പാതിവഴിക്ക് ഇട്ടാലും കുഴപ്പമില്ല. പിറ്റേദിവസം ആ ജോലി മുഴുമിക്കാം. എന്നാൽ പാതിയായ ഉറക്കം പിറ്റേന്ന് ഉറങ്ങാനാവില്ലല്ലോ. കാരണം രാവിലെ എഴുന്നേറ്റ് വീണ്ടും അടുത്ത റൂട്ടീൻ തുടങ്ങേണ്ടതല്ലേ. അതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല.
ഇക്കാര്യങ്ങൾക്കൊപ്പം പരമ പ്രധാനമായ മറ്റൊന്നു കൂടിയുണ്ട്. സന്തോഷത്തോടെയിരിക്കുകയെന്നത്. ഇതിന്‍റെ ഫലം ഗർഭസ്‌ഥ ശിശുവിൽ കാണാൻ കഴിയും.