പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഒരു ഉൾഭയത്തോടെയല്ലാതെ ആ വാക്കിനെ ഉൾക്കൊള്ളാൻ കാലങ്ങളായുള്ള പരീക്ഷാരീതികൾ നമ്മളെ പ്രാപ്തരാക്കിയിട്ടില്ല. കാലങ്ങളായി നിലവിലുള്ള പരീക്ഷകളിൽ മിക്കതും നമ്മുടെ ഓർമ്മയെ മാത്രം പരീക്ഷിക്കുന്നവയാണ്. നമ്മുടെ നൈപുണ്യം അളക്കുന്ന പരീക്ഷകൾ ഇന്നും തുലോം കുറവാണ്. നമ്മുടെ ഓർത്തു വയ്ക്കാനുള്ള കഴിവിനെ മാത്രം ആശ്രയിച്ചുള്ള പരീക്ഷാരീതിയുടെ ഉപജ്ഞാതാവായ ഫ്രെഡ്രിക് കെല്ലി തന്നെ “ഈ പരീക്ഷകൾ വളരെയധികം അപരിഷ്കൃതമായതിനാൽ അവ ഉപേക്ഷിക്കണം. എന്ന് പിന്നീട് തള്ളി പറഞ്ഞതാണ് എന്നതാണ് കൗതുകം.”

ഉന്നത പഠനത്തിലേക്കും ജോലിയിലേക്കും ഉള്ള ഒരു താക്കോലാണ് എന്നുള്ളത് കൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയും ആ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ വളരെ സമ്മർദ്ദത്തോടെയുമാണ് വിദ്യാർത്ഥികളും മാതാപിതാക്കളും ഒക്കെ പരീക്ഷകളെ നോക്കി കാണുന്നത്. ഫുൾ എ പ്ലസ് കിട്ടാത്തതിന് മകളെ അച്‌ഛൻ തല്ലിച്ചതച്ചു, പരീക്ഷയിൽ തോറ്റത്തിനാൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, എൻട്രൻസ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ നാം സ്ഥിരമായി മാധ്യമങ്ങളിൽ കാണുന്നതും മേൽപറഞ്ഞ സമ്മർദ്ദം മൂലമാണ്.

കോവിഡ് കാലം വിദ്യാഭ്യാസ ലോകത്തെ ആകെ മാറ്റി മറിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് പെട്ടെന്നു എല്ലാവരും മാറിയെങ്കിലും എല്ലാ പാഠഭാഗങ്ങളും പൂർണമായി വിജയകരമായി പഠിപ്പിച്ചു മനസിലാക്കിക്കാൻ സാധിച്ചു എന്ന് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ അവകാശപ്പെടാൻ സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഈ മാർച്ച്- ഏപ്രിലിൽ വരുന്ന പരീക്ഷകൾക്ക് അധിക സമ്മർദ്ദ ഭാരം ഉണ്ടാവും എന്നുറപ്പാണ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ പരീക്ഷയെക്കുറിച്ച് എഴുതാം എന്ന് ഞാൻ തീരുമാനിച്ചതും.

ഒന്ന് മുതൽ ഒമ്പത് വരെ

ഒന്നാം ക്ലാസുകാരനെ കൗഡ് കമ്പ്യൂട്ടിങ് വിദഗ്ധനാക്കാം എന്ന് പറഞ്ഞു പല ഓൺലൈൻ പഠന ആപ്പുകളും പരസ്യം ചെയ്യുന്ന കാലമാണിത്. ജനിക്കുമ്പോൾ തൊട്ടെ മക്കളെ ഡോക്ടറും എഞ്ചിനീയറും പോലീസും കളക്ടറും ആക്കാൻ നടക്കുന്ന മാതാപിതാക്കളെ ഭംഗിയായി വല വീശിപിടിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ഓൺലൈൻ വിദ്യഭ്യാസ വാണിഭക്കാർ. അവരുടെ മോഹന വലയത്തിൽ പെട്ടു പോകരുത്. കുട്ടിക്കാലം കുട്ടികൾക്ക് ആസ്വാദ്യമായിരിക്കണം. പഠനത്തിന്‍റെ കൂടെ കളിയും, ചിരിയും, ഓട്ടവും, ചാട്ടവും, മരംകേറ്റവും, വീണു കാലു മുറിയലും ഒക്കെ വേണം. കുറഞ്ഞ പക്ഷം ഒരു അഞ്ചാം ക്ലാസ് വരെയെങ്കിലും അത് അങ്ങനെ ആവുന്നതാണ് അവരുടെ സന്തുലിത വികസനത്തിന് സഹായകമാകുക.

anandam - exam

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വേനൽ പരീക്ഷകളുടെ ഉദ്ദേശ്യം അടുത്ത തരത്തിലേക്ക് അവരെ ഉയർത്തുക എന്നത് മാത്രമാണ് എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ റാങ്ക് മേടിച്ചില്ലെങ്കിലും പാസ്സ് ആയാൽ മതി എന്ന നിലപാട് സ്വീകരിച്ചാൽ മേൽപറഞ്ഞ സന്തുലിത വികസനവും സാധ്യമാവും കുട്ടി അടുത്ത തലത്തിലേക്ക് അനായാസം നടന്നു കേറുകയും ചെയ്യും. (മിക്ക സ്ക്കൂളുകളിലും മാർച്ച് പരീക്ഷയുടെ മാർക്ക് പ്രസിദ്ധപ്പെടുത്താറില്ല. അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയോ ഇല്ലയോ എന്ന് മാത്രമേ പറയാറുള്ളൂ എന്നും കൂടി ഓർക്കുക) മിക്കപ്പോഴും ഒരു എട്ടാം ക്ലാസ് ഒക്കെ കഴിയുമ്പോഴാണ് സ്കൂളുകൾ പിന്നെയും മാർക്ക് കുറവുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങുക. അതും പത്തിൽ ആരും തോറ്റ് സ്കൂളിന് ചീത്തപ്പേരുണ്ടാകാതിരിക്കാൻ. (അഡ്മിഷൻ കുറയും എന്നുള്ളത് കൊണ്ടാണ് കേട്ടോ, അല്ലാതെ പിള്ളേര് തോക്കണേലുള്ള ദണ്ണം കൊണ്ടൊന്നുമല്ല)

പത്തും പന്ത്രണ്ടും

പരീക്ഷയുടെ സമ്മർദ്ദം വിദ്യാർത്ഥികൾ ഏറ്റവുമധികം അനുഭവിക്കുന്ന രണ്ടു അവസരങ്ങളാണ് പത്തും പന്ത്രണ്ടും. എസ്എസ്എൽസി പരീക്ഷയെ എന്ത് കൊണ്ട് ഇത്രയും സമ്മർദ്ദത്തിലാണ്ടു എഴുതി എന്നും അതിലേറെ സമ്മർദ്ദത്തിൽ ഫലം കാത്തു നിന്നു എന്നും പിന്നീട് പത്തിരുപത് വർഷങ്ങൾക്കിപ്പുറം പലരും ചിരിച്ചു കാണാറുണ്ട്. കാരണം, ഒരു ഡിഗ്രി സമ്പാദിച്ചു കഴിഞ്ഞു ഒരു ജോലിക്കായി നിങ്ങൾ ശ്രമിക്കുമ്പോൾ ആരും തന്നെ നിങ്ങൾക്ക് പത്തിൽ എത്ര മാർക്ക് കിട്ടി പ്ലസ് ടുവിൽ എത്ര മാർക്ക് കിട്ടി എന്ന് നോക്കാറില്ല. പിന്നെന്തിനായിരുന്നു പത്തിലും പന്ത്രണ്ടിലും ഇക്കണ്ട പുകിലൊക്കെ?

അപ്പോ പറഞ്ഞു വരുന്നത് പത്തിലും പന്ത്രണ്ടിലും പഠിക്കണ്ട എന്നാണോ? അല്ല നമുക്ക് ഒരു ഉദാഹരണം നോക്കാം.

കേരളത്തിൽ മൊത്തം 5 ലക്ഷം പേര് എസ്എസ്എൽസി എഴുതുന്നുണ്ട് എന്ന് കരുതുക. (താരതമ്യപ്പെടുത്താനുള്ള ഒരു സാങ്കൽപിക കണക്ക് മാത്രമാണ് കേട്ടോ). ആ 5 ലക്ഷത്തിൽ നാലര ലക്ഷം പേർ പാസ് ആയി എന്നും കരുതുക. പന്ത്രണ്ടാം തരത്തിലേക്ക് ലഭ്യമായ ആകെ സീറ്റ് എന്നത് വെറും 2 ലക്ഷം മാത്രമാണ്. എന്നു വച്ചാൽ ജയിച്ചവരെക്കാൾ പകുതിയിലും താഴെയേ തുടർപഠനത്തിനുള്ള അവസരമുള്ളൂ. ആ നാലര ലക്ഷത്തിൽ അരലക്ഷം പേർ പല പല കാരണങ്ങളാൽ വിദ്യാഭ്യാസം തുടരണ്ട എന്ന് തീരുമാനിക്കുന്നു എന്ന് വയ്ക്കുക (വിവാഹം, വീട്ടിലെ ദാരിദ്യ്രാവസ്‌ഥ, വിദ്യാലയത്തിലേക്കുള്ള ദൂരം എന്നിങ്ങനെ) ബാക്കി ഉള്ള 4 ലക്ഷം പേരിൽ നിന്ന് രണ്ടു ലക്ഷം പേരിലേക്കെത്തുന്നത് പൂർണമായും മാർക്കിന്‍റെ മാത്രം അടിസ്‌ഥാനത്തിലാണ്. സംവരണ സീറ്റുകളിലും ഇതേ മാനദണ്ഡം പാലിച്ചാണ് അഡ്മിഷൻ. ഉദാഹരണത്തിന്, നിങ്ങൾ സ്പോർട്സ് ക്വോട്ടയിലാണ് അപേക്ഷിക്കുന്നതെങ്കിൽ ലഭിച്ച അപേക്ഷകരിൽ കൂടുതൽ മാർക്കുള്ളവരാണ് കേറി പോവുക. അവിടെയാണ് പത്തിലേയും പന്ത്രണ്ടിലെയും മാർക്കുകൾ സുപ്രധാനമാവുന്നത്, സമ്മർദ്ദമേറുന്നതും.

ആയതിനാൽ ആ സമ്മർദ്ദം കുറയ്ക്കാനും മാർക്കിന്‍റെ കടമ്പയിൽ മുന്നിട്ട് നിൽക്കാനും ഒരു വർഷം മുമ്പ് തന്നെ ചിട്ടയായി പഠിച്ചു തുടങ്ങി. അന്നന്നത്തെ വിഷയങ്ങൾ അന്നന്ന് തന്നെ പഠിച്ചു, സംശയങ്ങളുണ്ടെങ്കിൽ നിവർത്തിച്ചു പോയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. പരീക്ഷ സഹായികളും മിക്ക ദിനപത്രങ്ങളിലും വരുന്ന പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം എഴുതാം തുടങ്ങിയ പംക്തികൾ വായിക്കുന്നതും സഹായകമാകും.

anandam - exam

ഡിഗ്രി, പിജി

നേരത്തെ പറഞ്ഞ സാങ്കൽപിക കണക്കു പ്രകാരം 2 ലക്ഷം പേരാണ് പ്ലസ് ടുവിന് ചേർന്നതെങ്കിൽ ഒരു ലക്ഷത്തോളം സീറ്റുകളാണ് ബിരുദത്തിനു ഉണ്ടാവുക. അത് തന്നെ ബിരുദാനന്തര ബിരുദത്തിലേക്കെത്തുമ്പോ വെറും 20000 ആവും. വീണ്ടും മാർക്കിന്‍റെ മികവിലാണ് ഭൂരിഭാഗം അഡ്മിഷനും (ഉയർന്ന ഡൊണേഷൻ കൊടുത്തുള്ള മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളും ഉണ്ട്, പക്ഷേ അവ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉതകില്ല എന്ന് മാത്രം)

സ്കൂളുകളിൽ പരക്കെ കണ്ടു വരുന്ന ഡിസിപ്ലിനിങ്ങും യൂണിഫോം സിസ്റ്റവും ഒക്കെ ഏറെക്കുറെ ഇല്ലാതാവുന്നു എന്നതാണ് കലാലയങ്ങളെ ആകർഷണീയമാക്കുന്നത്. ഈ ആകർഷണീയതയ്ക്കൊപ്പം കുറച്ചു കൂടി തുറന്ന പരസ്പര സമ്പർക്കം, കലാലയ രാഷ്ട്രീയം, സൗഹൃദം, യാത്രകൾ എന്നിങ്ങനെ പലതും ചേരുമ്പോൾ കോളേജുകൾ പഠനത്തിൽ നിന്നും ഒരുപടി മുന്നിൽ നിന്ന് ജീവിതവുമായി താരതമ്യം പ്രാപിക്കുന്നു. എന്നിരിക്കലും ചില കുട്ടികളും അതിന്‍റെ വർണശബളതയിൽ മയങ്ങി പഠനത്തിൽ നിന്ന് പിന്നോക്കം പോവുക പതിവാണ്. സ്കൂളിൽ നിന്ന് കോളേജ് ജീവിതത്തെ വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകമെന്നത് (നിങ്ങൾ സ്വയം തെരഞ്ഞെടുത്ത) ഐച്ഛിക വിഷയത്തിൽ നിങ്ങൾക്ക് ആഴത്തിലുള്ള പഠനം (ബിരുദം, ബിരുദാനന്തര ബിരുദം) സാധ്യമാക്കുന്നു എന്നതാണ്. എന്ന് വെച്ചാൽ ആ മൂന്ന്, അഞ്ച് വർഷക്കാലം കൊണ്ട് നിങ്ങൾ നേടുന്ന അറിവ് നിങ്ങളുടെ തൊഴിലുമായും തൊഴിൽ സാധ്യതകളുമായും വളരെ തീവ്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. (ഐച്ഛിക വിഷയ തെരഞ്ഞെടുപ്പും, പാഠ്യക്രമവും, പാഠ്യ പദ്ധതിയും, അതിന്‍റെ നിർമ്മിതിയും, ഓരോരുത്തർക്കും പഠനത്തിനോടും പഠിപ്പിക്കലിനോടും ഉള്ള സമീപനങ്ങളും, പാഠ്യ സാഹചര്യങ്ങളും, തൊഴിൽ ലഭ്യതയും, തൊഴിൽ സാഹചര്യങ്ങളും ഒക്കെ പ്രശ്നവത്ക്കരിക്കാനും രാഷ്ട്രീയവത്ക്കരിക്കാനും സാധിക്കുമെങ്കിലും തത്ക്കാലം അതിനു മുതിരുന്നില്ല). അത് കൊണ്ട് തന്നെ കോളേജ് കാല പഠനത്തിൽ അറിവ് സമ്പാദനവും അതിനൊപ്പം തന്നെ നൈപുണ്യ വികസനവും അത്യാവശ്യമാണ്. സ്കിൽ ബേസ്ഡ് ആയി അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാൻ എങ്കിലേ സാധിക്കുകയുള്ളൂ.

തോൽവി ഒരു അവസാനമല്ല

മേൽപറഞ്ഞ പഠനത്തിന്‍റെ ഓരോ ഘട്ടത്തിലും പരാജയപ്പെട്ടത് കൊണ്ടും മാർക്ക് കുറഞ്ഞത് കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും തുടർപഠനം മുടങ്ങുന്നവർക്ക് വഴികൾ അടയുന്നു എന്നർത്ഥമില്ല. സ്കൂൾ തലത്തിൽ പരാജയപ്പെടുന്നവരും മാർക്ക് കുറയുന്നവരും പ്രയോഗിക പരിശീലനം തേടി ഐടിഐ, പോളിടെക്നിക്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറുന്നു.

കോളേജ് പഠനത്തിൽ മാർക്ക് കുറഞ്ഞവരും പഠനം പാതി വഴിയിൽ നിർത്തിയവരും വിദൂര വിദ്യാഭ്യാസ സ്രോതസുകളെ ആശ്രയിക്കുന്നു. സാധാരണക്കാരന്‍റെ യൂണിവേഴ്സിറ്റി എന്ന വിശേഷണമുള്ള ഇന്ദിരഗാന്ധി നാഷണൽ യൂണിവേഴ്സിറ്റ് (ഇഗ്നോ) ആണ് ഇതിൽ മുൻപന്തിയിൽ. ഇതിനു പുറമെ ആനന്ദം ആദ്യ ലേഖനത്തിൽ സൂചിപ്പിച്ച മൂക്ക് കോഴ്സുകളെയും പലരും ആശ്രയിക്കുന്നുണ്ട്.

പത്തിൽ തോറ്റവർക്ക് ഇന്നും സച്ചിൻ ടെണ്ടുൽക്കർ ഒരു മാതൃകയാണ്. തോൽവിയോടെ ഒന്നും നഷ്ടപ്പെടുന്നില്ല. ഒന്ന് മനസ്സ് വച്ചാൽ ജീവിത വിജയം പ്രാപ്യമാണ്. സ്കൂൾ കുട്ടികൾ മുതൽ ഐഐടി ഡ്രോപ്ഔട്ടുകൾക്ക് വരെ ഗൂഗിളും ഫേസ്ബുക്കും ആപ്പിളും അടക്കമുള്ള കമ്പനികൾ ഇപ്പോൾ ജോലി നൽകുന്നുണ്ട്. നിങ്ങൾക്ക് എത്ര അറിവുണ്ട് എന്നതിൽ നിന്ന് അതിനെ എത്രത്തോളം ഉപയോഗിക്കാൻ അറിയാം എന്നതിലേക്ക് തൊഴിൽ ദാതാക്കൾ മാറുന്നതിന്‍റെ ശുഭ സൂചനയാണിത്.

സമയത്തെ എങ്ങനെ മെരുക്കാം?

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ നമ്മളുടെ ഓർമ്മ ശക്തിയെ അളക്കുന്ന പരീക്ഷകളാണല്ലോ ഇന്നും നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ അതെഴുതുമ്പോൾ പല വിദ്യാർത്ഥികളുടേയും പേടി സ്വപ്നം നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഘടികാരത്തെയാണ്. ഒന്ന് മനസ്സ് വെച്ചാൽ മെരുക്കാവുന്നതേയുള്ളൂ സമയത്തെ. 3 മണിക്കൂർ നീളുന്നതാണ് മിക്ക പരീക്ഷകളും. അതുകൊണ്ടു തന്നെ ചോദ്യ പേപ്പറുകളും ആ സമയം മനസ്സിൽ വച്ചു കൊണ്ടായിരിക്കും ചോദ്യകർത്താക്കൾ തയ്യാറാക്കുക. പലപ്പോഴും പരീക്ഷാ ഡ്യൂട്ടിക്ക് നിൽക്കുമ്പോൾ ഒന്നര രണ്ടു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പല വിദ്യാർത്ഥികളും പരീക്ഷ തീർത്തു ഇറങ്ങിപ്പോവുന്നത് കാണാറുണ്ട്. ഒരിക്കലും മൂന്ന് മണിക്കൂറിനായ് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2 മണിക്കൂറിൽ ഉത്തരം എഴുതിത്തീർക്കുക സാധ്യമല്ല. തീർത്തു എന്ന മിഥ്യാധാരണയിലാണ് പലരും ഇറങ്ങി പോവുന്നത്. ഫലമോ? റിസൾട്ട് വരുമ്പോൾ മാർക്ക് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഞാൻ വിദ്യാർത്ഥികളോട് പറയാറുള്ളത് നിങ്ങൾ ഇനി അഥവാ നേരത്തെ എഴുതി കഴിഞ്ഞാൽ ഒന്നു കൂടെ ഇരുത്തി വായിച്ച് നോക്കുക. അക്ഷരതെറ്റുകൾ, തെറ്റായി എഴുതിയ ചിലത്, മറന്നു പോയ ചില ഭാഗങ്ങൾ ഒക്കെ തിരുത്താൻ അതിലൂടെ സാധിക്കും.

anandam - exam

സമയത്തെ മെരുക്കുന്നതിനെ കുറിച്ചാണല്ലോ പറഞ്ഞു വന്നത്. മൂന്ന് മണിക്കൂറിനായ് തയ്യാറാക്കിയ ചോദ്യ കടലാസ്സിൽ മിക്കപ്പോഴും മൂന്നോ നാലോ ഭാഗങ്ങൾ കാണും. ഒറ്റവാക്കിൽ, വാക്യത്തിൽ എഴുതേണ്ടവ. ഒരു ഖണ്ഡികയിൽ എഴുതേണ്ടവ, ഉപന്യാസം എന്നിങ്ങനെ. പലരും 80 ൽ 30 മാർക്ക് മാത്രം വരുന്ന ഉപന്യാസങ്ങളിൽ തുടങ്ങി അവിടെ കുടുങ്ങി കിടന്നു സമയം അതിക്രമിച്ചു ബാക്കി 50 ൽ പകുതിയും എഴുതാതെ മാർക്ക് നഷ്ടപ്പെടുത്തും. മറ്റു ചിലരാവട്ടെ ഒരു വാക്കിൽ ഉത്തരമെഴുതേണ്ടതിനു ഒന്നര പേജ് എഴുതി അവസാനം ഉപന്യാസങ്ങൾ എഴുതാൻ സമയം കിട്ടാതെ വിഷമിക്കും. ഇതിനു ഒരു പരിഹാരമായി ഞാൻ പറയാറുള്ളത് ഓരോ ചോദ്യത്തിനും നിങ്ങൾ അതിന്‍റെ മാർക്കിന്‍റെ ഇരട്ടി സമയം നീക്കി വെക്കുക. അതായത് അഞ്ച് മാർക്കിന്‍റെ ചോദ്യമാണെങ്കിൽ പത്ത് മിനിറ്റ്, പതിനഞ്ചു മാർക്കിന്‍റെ ഉപന്യാസമാണെങ്കിൽ മുപ്പത് മിനിറ്റ് എന്നിട്ട് തീരുന്നിടത്തു വച്ച് കുറച്ചു സ്പേസ് ഇട്ടിട്ട് അടുത്ത ചോദ്യത്തിലേക്ക് കടക്കുക. അതാവുമ്പോ എല്ലാ ചോദ്യങ്ങളും എഴുതാനും പറ്റും, അവസാനം സമയനുസരണം തിരിച്ചു പോയി ചിലതൊക്കെ മുഴുമിപ്പിക്കാനും പറ്റും.

ഇതിനു പുറമെ പരീക്ഷയ്ക്ക് മുമ്പ് പൂർവ പേപ്പറുകൾ കണ്ടുപിടിച്ചു സമയബന്ധിതമായി ഉത്തരമെഴുതി നോക്കുന്നതും നല്ല മാർക്ക് നേടാൻ സഹായകമാകും.

മഹാരാജാസിൽ ഞാൻ പഠിപ്പിച്ചിരുന്ന ക്രിസ്റ്റ ബെൻ എന്ന ഒരു വിദ്യാർത്ഥിനി ഈയിടെ ഏറെ നാളുകൾക്കു ശേഷം വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചു. ക്രിസ്റ്റ നന്ദിയോടെ സൂചിപ്പിച്ചത് മേൽപ്പറഞ്ഞ സമയക്രമീകരണ രീതി ഇന്നും അവർക്ക് ഉപകാരപ്പെടുന്നുണ്ട് എന്നാണ്. വളരെ സന്തോഷം തോന്നി അത് കേട്ടപ്പോൾ.

അപ്പോൾ പറഞ്ഞു വന്നത് പരീക്ഷകളെ നിസ്സാരമായി കാണുകയോ അർഹിക്കുന്നതിൽ പരം പ്രാധാന്യം നൽകി സമ്മർദ്ദത്തിനടിമപ്പെടുകയോ ചെയ്യരുത് എന്നാണ്. പരീക്ഷ ഹാളിൽ പോയിട്ടുള്ള പരീക്ഷണമാവരുത് പരീക്ഷകൾ എന്ന് ചുരുക്കം. നന്നായി തയ്യാറെടുക്കുക, കാണാപാഠം പഠിച്ചു ഛർദ്ദിക്കാതെ മനസിലാക്കി നന്നായി തയ്യാറെടുത്തു പരീക്ഷയെഴുതുക. ഏവർക്കും അറിവിന്‍റെ പരീക്ഷയുടെ വിജയത്തിന്‍റെ ആനന്ദം ഭവിക്കട്ടെ.

और कहानियां पढ़ने के लिए क्लिक करें...