ഈ വക്കീൽക്കുട്ടി അത്ര ചില്ലറക്കാരിയൊന്നുമല്ല. ആരാണെന്നല്ലേ? അഡ്വക്കേറ്റ് പാർവ്വതി രാധാകൃഷ്ണൻ. ടിവി അവതാരക കൂടിയായ പാർവ്വതി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. ടിവി അവതാരകയായി മാത്രമല്ല ഷോർട്ട് ഫിലിം സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നർത്തകി, ഇവന്‍റ് ആങ്കറിംഗ്, പ്രോഗ്രാം ഡയറക്‌ടർ തുടങ്ങി പല പല റോളുകളിലായി പാർവ്വതി അരങ്ങ് തകർക്കുകയാണ്. ഒരു മിനിറ്റ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്‌ത് ശ്രദ്ധേയയായ പാർവ്വതിയോട് വക്കീൽ പണിയാണോ അതോ മീഡിയയാണോ കൂടുതൽ ഇഷ്‌ടമെന്ന് ചോദിച്ചാൽ രണ്ടും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയും.
എപിജെ അബ്ദുൾ കലാമിന്‍റെ ആശയങ്ങളെ മുറുകെ പിടിക്കുന്ന പാർവ്വതിക്ക് വക്കീൽ ജോലി പ്രിയപ്പെട്ട പ്രൊഫഷനും മീഡിയ ഒരു ഡീപ് പാഷനുമാണ്. ഒരു സാധാരണ വ്യക്തിയായി ജീവിക്കുന്നതിന് പകരം ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യുക എന്നതാണ് പാർവ്വതിയുടെ വലിയ സ്വപ്നം.
ചെറുപ്പം തൊട്ടെ കലയോടിഷ്ടം
ചെറുതിലെ തുടങ്ങി പാർവ്വതി നൃത്തം പരിശീലിച്ചിട്ടുണ്ട്. 13 വർഷം ഭരതനാട്യം പരിശീലിച്ചിട്ടുള്ള പാർവ്വതി സ്ക്കൂളിൽ കലാ മത്സരങ്ങളിലൊക്കെ സജീവമായിരുന്നു.
“സ്ക്കൂളിൽ പഠിക്കുമ്പോൾ എല്ലാ ഐറ്റത്തിനും ചേരുമായിരുന്നു. അതിന് ഒരു പ്രധാന കാരണവുമുണ്ടായിരുന്നു. പ്രോഗ്രാം റിഹേഴ്സലിന്‍റെ പേരിൽ ക്ലാസ്സിൽ നിന്നും മുങ്ങാമല്ലോ! മിമിക്രി, കഥ, കവിത, നാടകം, പ്രസംഗം തുടങ്ങി എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. മിക്കതിനും സമ്മാനവും കിട്ടിയിട്ടുണ്ട്. മിമിക്രി മത്സരത്തിൽ സബ്ഡിസ്ട്രിക്‌റ്റ് ലെവലിൽ സെക്കന്‍റും എ ഗ്രേഡും കിട്ടിയിട്ടുണ്ട്” പാർവ്വതി ചിരിക്കുന്നു.
10-ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിലെ ഒരു ഡ്രാമ കോമ്പറ്റീഷനിൽ പങ്കെടുത്തത് പാർവ്വതി ഇന്നും ഓർക്കുന്നു. ഒരു കൂട്ടുകാരിയ്ക്ക് പകരം അന്ന് അരങ്ങിൽ കയറി അഭിനയിച്ചു. അതിന് മികച്ച നടിക്കുള്ള സമ്മാനവും കിട്ടി.
അന്നൊക്കെ ക്ലാസ്സിലെ നോട്ട് എഴുതിയെടുക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ അച്‌ഛനും ചേച്ചി ദേവിയുമായിരുന്നു. ആ കലാ ജീവിതമാകാം തന്നെ ഇപ്പോഴും ഈ രംഗത്ത് നിലയുറപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പാർവ്വതി പറയുന്നു.
പിന്നെ ആർ.ജെ
കേരള ലോ അക്കാദമി ലോ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിച്ചു കൊണ്ടിരിക്കെയാണ് പാർവ്വതി റെഡ് എഫ് എമ്മിൽ ആർ ജെ ആകുന്നത്. അതും അപ്രതീക്ഷിതമായി.
“അന്ന് എഫ്എം മാത്രമുള്ള ഒരു കുഞ്ഞ് ഫോണായിരുന്നു എന്‍റേത്. അതിൽ ആർജെ യെ ആവശ്യമുണ്ടെന്ന് പരസ്യം കേട്ടിട്ട് ഇന്‍റർവ്യൂവിന് ചെല്ലുകയായിരുന്നു. അവിടെ ചെന്നപ്പോഴോ കുറേപ്പേരുണ്ട്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ അവിടെ ഇരുന്നു. അഭിമുഖത്തിൽ പല ചോദ്യങ്ങളും ചോദിച്ചു. ഒന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് അക്കാര്യം ഞാൻ സത്യസന്ധമായി തന്നെ പറഞ്ഞു. പക്ഷേ ഒടുക്കം എനിക്ക് സെലക്ഷൻ കിട്ടി. എല്ലാമൊരു അദ്ഭുതം പോലെ തോന്നി. ആർജെ എന്ന പ്രൊഫഷൻ വ്യത്യസ്തമായ ഒരനുഭവമാണെന്ന് പാർവ്വതി. “നമ്മളെ ആരും കാണുന്നില്ല എന്നാൽ നമ്മൾ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് പറയുന്നു. ആർജെയായി വന്ന ശേഷമാണ് നാം സംസാരിക്കുന്ന ഓരോ വാക്കും വളരെ വ്യക്‌തമായി ശ്രദ്ധിക്കണം എന്നു തോന്നിത്തുടങ്ങിയത്.”
ഇങ്ങനെ ആർജെയായി വിലസി നടക്കുന്ന സമയത്താണ് പാർവ്വതിയുടെ മനസ്സിൽ മറ്റൊരു മോഹമുദിക്കുന്നത്. ഈ കേൾക്കുന്ന ശബ്ദത്തിന്‍റെ ഉടമ താനാണെന്ന കാര്യം എല്ലാവരും അറിയണമെന്ന മോഹം, ആ മോഹമാണ് പാർവ്വതിയെ വിജെ യായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ജോലി പഠനത്തിനിടയിലായതു കൊണ്ട് ക്ലാസ്സിൽ മിക്കപ്പോഴും പാർവ്വതിക്ക് പോകാൻ കഴിയാതെ വന്നു. എന്നാലും പഠിത്തം കുഴപ്പമില്ലാതെ കൊണ്ടു പോകാൻ തനിക്ക് കഴിഞ്ഞുവെന്ന് പാർവ്വതി. തെരഞ്ഞെടുത്ത ഇവന്‍റുകൾ മാത്രമേ പാർവ്വതി അവതരിപ്പിച്ചിട്ടുള്ളൂ. അതും ചാനൽ ലോഞ്ചിംഗ്, റാവീസ് ന്യൂഇയർ പരിപാടി, ഫയർ ആന്‍റ് സേഫ്റ്റി ബ്രേവറി അവാർഡ്സ്, തായ്ക്കോൺഡോ നാഷണൽ ചാമ്പ്യൻഷിപ്പ് തുടങ്ങി ഒരുപിടി പരിപാടികൾ. ഈ മിടുക്കി കുട്ടി ഇതിനോടകം ആങ്കർ ചെയ്തിട്ടുണ്ട്. ഒപ്പം പ്രധാന ചാനലുകളിലെല്ലാം പാർവ്വതി അവതാരകയുടെ റോളിലുണ്ട്.
ഷോർട്ട് ഫിലിം മേക്കർ
ഇതിനിടയിലാണ് ഡയറക്ഷൻ എന്ന മോഹം പാർവ്വതിയുടെ മനസ്സിൽ മൊട്ടിടുന്നത്. “കുറേ കഥകൾ മനസ്സിലുണ്ടായിരുന്നു. പക്ഷേ സ്ക്രിപ്റ്റ് ആരെങ്കിലും എഴുതിത്തരണം. അങ്ങനെയാണ് ഒരു മിനിറ്റ് എന്ന ഷോർട്ട് ഫിലിം എടുക്കുന്നത്. ഗുരുതരാവസ്‌ഥയിലായ എന്‍റെയൊരു ഫ്രണ്ടിനെ വളരെ വൈകി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ഒരനുഭവമുണ്ടായി. അതാണ് ഈ ഷോർട്ട് ഫിലിമിന് നിമിത്തമായത്. ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം എന്‍റെ കൂട്ടുകാർ തന്നെയാണ്.” പാർവ്വതി പറയുന്നു.
“ഒരു മിനിറ്റ്” എന്നത് നമ്മൾ ജീവിതത്തിൽ എല്ലായ്പ്പോഴും എന്തിനും ഏതിനും ആവർത്തിക്കുന്ന ഒരു വാചകമാണ്. എന്തെങ്കിലും ഒഴിവാക്കാവുന്ന അപകടമുണ്ടായാൽ ഒരു മിനിറ്റ് എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്നിങ്ങനെ നിത്യം ഉപയോഗിക്കുന്ന ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിലാണ് ഈ പേര് ഷോർട്ട് ഫിലിമിനായി സ്വീകരിക്കുന്നത്. ഒരു മിനിറ്റ് എന്നത് വെറുമൊരു സമയമല്ല.
വക്കീൽ പണി പ്രിയപ്പെട്ടത്
“ഞാനൊരു അഡ്വക്കേറ്റായതിൽ എന്‍റെ രക്ഷിതാക്കൾക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മീഡിയ വളരെ കളർഫുൾ ആണ്. പക്ഷേ ഒരു അഡ്വക്കേറ്റ് എന്നത് ഗൗരവമേറിയ പ്രൊഫഷനാണ്.” ആദ്യം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറിന്‍റെ കീഴിൽ ജൂനിയറായിട്ടാണ് ചേർന്നതെങ്കിലും പിന്നീട് ഫാമിലി കോർട്ടിലാണ് പാർവ്വതി പ്രാക്ടീസ് ചെയ്‌തത്.
“ഓരോ കേസും ഓരോ ജീവിതാനുഭവങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പലതും വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ്. ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ അതൊരു അനുഭവം തന്നെയായിരുന്നു. വലതും ചെറുതുമായ കുടുംബ പ്രശ്നങ്ങൾ പലതും വിചിത്രമായവ.”
“ഒരു വിവാഹമോചന കേസിൽ കുട്ടിയെ വേണ്ട എന്ന് പറഞ്ഞ ഒരമ്മയെ ഞാനിപ്പോഴും ഓർക്കുന്നു. അതുപോലെ ജാതക പ്രശ്നം കൊണ്ട് ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് പറഞ്ഞ് ഭർത്താവിൽ നിന്നും മന:പൂർവ്വം വേർപ്പെട്ട് കഴിയുന്ന മറ്റൊരു ഭാര്യ. ഈ ഭാര്യ വിവാഹമോചനത്തിനും തയ്യാറാല്ലെന്നതാണ് വിചിത്രമായ കാര്യം.” മനസ്സിൽ തട്ടിയ ചില അനുഭവങ്ങൾ പാർവ്വതി ഓർമ്മിക്കുന്നു. ആദ്യമൊക്കെ കുറേ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പിന്നീട് കുറേ കേസുകൾ ഹാൻഡിൽ ചെയ്തതോടെ കുറേയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ തിരക്കുകൾക്കിടയിലും പാർവ്വതി ഫാമിലി കൗൺസലിംഗ് ചെയ്യാറുണ്ട്. “കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് വിവാഹ മോചനത്തിന്‍റെ വക്കിലെത്തിയ പല ദമ്പതികളേയും ഒരുമിപ്പിച്ചിട്ടുണ്ട്. പലതും നിസ്സാരമായ കാരണങ്ങളായിരുന്നു.” പാർവ്വതി പറയുന്നു.
സിനിമയിലേക്ക്…
വക്കീൽ ജോലിയും അവതാരക വേഷവും കൂടാതെ പാർവ്വതിക്ക് സിനിമാഭിനയത്തിലും മോഹമുണ്ട്. സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ ഇതിനോടകം എത്തിക്കഴിഞ്ഞു.
സ്ത്രീകൾ സ്വയം ശക്‌തരാകുക
ഇന്നത്തെ തലമുറ ലക്ഷ്യബോധമുള്ളവരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുപോലെ അർപ്പണ മനോഭാവം ഉള്ളവരുമാണ്. എങ്കിലും എപ്പോഴും സ്വയം പരിഷ്ക്കരിക്കാനും മുന്നേറാനും ശ്രമിക്കുക. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ വളർത്തി കൊണ്ടു വരിക.” പാർവ്വതി പുഞ്ചിരിയോടെ പറയുന്നു.