ശശാങ്ക് തന്‍റെ ഫ്‌ളാറ്റിൽ വരുമെന്ന് അജന്ത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡോർബെൽ കേട്ടപ്പോൾ വാതിൽ തുറന്നതാണ്. മുന്നിൽ ശശാങ്ക്! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അജന്ത കുഴങ്ങിപ്പോയി. പക്ഷേ ശശാങ്കിന്‍റെ പ്രതികരണം തൽക്കാലം രക്ഷപ്പെടുത്തി.
“നമസ്‌തേ, മാം. ഈ ഭാഗത്ത് ഒരാവശ്യത്തിനു വന്നപ്പോഴാണ് മാം ഇവിടെയാണല്ലോ താമസിക്കുന്നത് എന്ന് ഓർമിച്ചത്. മാമിനൊപ്പം ഒരു ചായ കുടിക്കണമെന്ന് ഒരു തോന്നൽ.”
“ഓഹ്.. ഞാൻ നാളെ എടുക്കേണ്ട ക്ലാസിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തുകയാണല്ലോ. ചായ കുടിക്കാൻ വരാൻ സമയമില്ല.”
ശശാങ്കിനെ പിന്തിരിപ്പിക്കാനുള്ള വ്യഗ്രതയോടെ അജന്ത ചാടിക്കയറിപ്പറഞ്ഞു.
“ഏയ്… ഇത്രയും വെയിലിൽ പുറത്തേയ്‌ക്കൊന്നും പോയി ചായ കുടിക്കേണ്ട. നമുക്ക് ഫ്‌ളാറ്റിൽ ഇരുന്നും ചായ കുടിക്കാമല്ലോ. ഞാൻ ചായ ഉണ്ടാക്കാം. മാം ലക്‌ചർ നോട്ട്‌സ് തയ്യാറാക്കൂ. പിന്നെ! എനിക്ക് വളരെ നന്നായി ചായ ഉണ്ടാക്കാനും അറിയാം.”
ശശാങ്ക് വാതിലിന്‍റെ വിടവിലൂടെ അകത്തേക്ക് പാളി നോക്കിക്കൊണ്ട് പറഞ്ഞു. അകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അവന്. അജന്ത ഏകാകിനിയാണോ എന്നറിയണമല്ലോ.
ശശാങ്കിന്‍റെ സംസാരം കേട്ടപ്പോൾ ഒന്നും പറയാനാകാതെ അജന്ത തരിച്ചുനിന്നു. ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷം അജന്ത പതിഞ്ഞ കാലടികളോടെ ഫ്‌ളാറ്റിനകത്തേയ്‌ക്കു കടന്നു. ശശാങ്കും ഒന്നും മിണ്ടാതെ അവളെ പിന്തുടരാൻ തുടങ്ങി.
അവൻ അകത്തു പ്രവേശിച്ച ഉടൻ വാതിൽ ചേർത്തടച്ചു. അജന്ത അവനെ സൂക്ഷിച്ചു നോക്കിയപ്പോൾ ഭാവഭേദമില്ലാതെ ശശാങ്ക് ചുറ്റുപാടും നിരീക്ഷിച്ചു. “മാഡം, കിച്ചൻ എവിടെയാ.”
“ഇറ്റ്‌സ് ഒ.കെ.” അജന്ത അയാൾക്കു നേരെ വിരൽ ചൂണ്ടി സോഫയിൽ ഇരിക്കാൻ നിർദ്ദേശിച്ചു.
“നിങ്ങൾ അവിടെ ഇരിക്കൂ. ഞാൻ ചായ എടുക്കാം.”
“ആസ് യു വിഷ്!” ശശാങ്ക് പുഞ്ചിരിയോടെ സോഫയിൽ ചാരി ഇരുന്നു. അയാൾ അവിടത്തെ അതിഥിയൊന്നുമല്ല, ഈ ഫ്‌ളാറ്റിന്‍റെ ഉടമസ്‌ഥന്‍റെ മകനാണ്!
ശശാങ്ക് സോഫയിൽ ഇരുന്നതിനുശേഷം അജന്ത അടുക്കളയിലേക്ക് നടന്നു. ആ നടത്തം അയാൾ കൗതുകത്തോടെ നോക്കിനിന്നു. അജന്ത വീട്ടിലായിരിക്കുമ്പോൾ ഹാഫ് പൈജാമയും ഷോർട്ട് കുർത്തയുമാണ് ധരിക്കാറുള്ളത്. അവളുടെ കണങ്കാലിലേക്ക് അയാളുടെ നോട്ടം പാളുന്നത് അജന്ത ശ്രദ്ധിച്ചില്ല.
“മാഡം, ഒരു ഗ്ലാസ് തണുത്ത വെള്ളം വേണമല്ലോ!” അടുക്കളയിലേക്ക് പിന്നാലെ വന്ന് ശശാങ്ക് പറഞ്ഞു.
ചായ തിളപ്പിക്കാൻ വെള്ളം സ്‌റ്റൗവിൽ വയ്ക്കുകയായിരുന്നു. പെട്ടെന്ന് അജന്ത ഒന്നു ഞെട്ടി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് താഴെ വീണു. ശശാങ്കിന് അപ്പോൾ കാര്യം മനസിലായി. തന്‍റെ ശബ്‌ദം കേട്ടപ്പോൾ അവർ ഞെട്ടിയതതാണ്. അവന് ചിരി വന്നു.
“പുറത്ത് എന്താ ചൂട്! ഭയങ്കര ദാഹം!”
അവൾ ഫ്രിഡ്‌ജ് തുറന്ന് വെള്ളക്കുപ്പി എടുത്ത് ശശാങ്കിന് നേരെ നീട്ടി. അപ്പോൾ അയാളുടെ വിരൽ അവളുടെ വിരലുമായി സ്‌പർശിച്ചുവെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയതേയില്ല. ഗ്ലാസിലേക്ക് വെള്ളം നിറച്ച് കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“അമ്മ പറയാറുണ്ട്, വെള്ളം ഗ്ലാസിൽ നിന്നു കുടിക്കണം. കുപ്പിയിൽ നിന്ന് നേരെ കുടിക്കരുത് എന്ന്.”
“എന്താടോ തന്‍റെ അമ്മ ഇതും പറഞ്ഞു തന്നിട്ടില്ലേ, ഒരു സ്‌ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ അവൾക്ക് താൽപര്യമില്ലെങ്കിൽ ചെല്ലരുത് എന്ന്.” ഇങ്ങനെ ഒരു ചോദ്യം അജന്തയുടെ മനസിൽ തികട്ടി വന്നു. അത് അവൾ പുറത്തേക്കു കാണിക്കാതെ ഒതുക്കി. അപ്പോഴേക്കും ശശാങ്ക് ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു.
ചായ കുടിക്കുന്ന വേളയിൽ ശശാങ്ക് അജന്തയോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ എല്ലാറ്റിനും ശരി, യെസ്, എന്നൊക്കെ ഓരോ വാക്കിൽ മറുപടി അവസാനിപ്പിച്ചു. അയാൾ ചായ കുടിച്ച് കഴിഞ്ഞ ഉടനെ അജന്ത തന്‍റെ വർക്ക് മെറ്റീരിയലുകൾ കയ്യിലെടുത്തു. അയാളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒഴിവാക്കിയേ പറ്റൂ.
അജന്ത തന്‍റെ വർക്ക് ചെയ്യാൻ പോകുകയാണെന്ന് മനസിലായതോടെ ശശാങ്ക് പുറത്തേക്ക് ഇറങ്ങി.
“അപ്പോൾ ശരി, മാഡം ഞാൻ ഇറങ്ങുന്നു.”
“ഒകെ. എനിക്ക് എക്‌സാം പ്രിപ്പറേഷൻ ഉണ്ട്” ഇങ്ങനെ പറഞ്ഞുവെങ്കിലും അവളുടെ മനസ്സിൽ പ്രശാന്ത് എപ്പോൾ വരും എന്ന ചിന്തയായിരുന്നു.
ഇന്ന് അവധി ദിനമാണ്. പ്രശാന്ത് എപ്പോൾ വേണമെങ്കിലും വരാം. ഇതിനിടെ ശശാങ്കിനെ കണ്ടാൽ ചോദ്യങ്ങൾ ഉയരാം. എങ്ങനെയെങ്കിലും ശശാങ്ക് ഒന്നു പോയാൽ മതി.
“മാഡം, നിങ്ങൾക്ക് എന്നെ പഠിപ്പിക്കുവാൻ കഴിയുമല്ലോ. അതുകൊണ്ട് എന്തെങ്കിലും സഹായിക്കും എന്നു കരുതി. എനിക്കും കുറേ പഠിക്കാനുണ്ട് എന്നേ സഹായിക്കുമോ?”
“ശരി ശരി. ഇന്ന് എന്തായാലും നിർവാഹമില്ല. ഇപ്പോൾ നിങ്ങൾ പൊയ്‌ക്കോളൂ. എനിക്ക് ലക്‌ച്ചർ നോട്ട്‌സ് അർജന്‍റ് ആയി തയ്യാറാക്കണം. പറഞ്ഞ് പറഞ്ഞ് മടുത്തല്ലോ ഇയാളോട്!” അവൾ ഒട്ടൊരു ദയനീയഭാവത്തിൽ അപേക്ഷയായി പറഞ്ഞു. അതു ശശാങ്കിന് ഇഷ്‌ടപ്പെട്ടു.
“ഒകെ മാഡം. എവിടെയെങ്കിലും പോകുമ്പോൾ എന്നെ വിളിക്കൂ… പിന്നെ വാക്ക് മാറ്റരുത്.”
“വാക്ക്?” അജന്ത അമ്പരന്നു.
“ഇപ്പോൾ പറഞ്ഞില്ലേ, പഠിക്കാൻ സഹായിക്കാം എന്ന്.” ശശാങ്ക് ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
അജന്ത വാതിൽ ചാരാൻ തുടങ്ങുമ്പോൾ ശശാങ്ക് അൽപം ഉച്ചത്തിൽ പറഞ്ഞു
“മാഡം, നിങ്ങളുടെ പാദങ്ങൾ വളരെ സുന്ദരമാണ്. നോക്കിയിരിക്കാൻ തോന്നും. ഒരു ദിവസം പുറത്തുപോകുമ്പോൾ എനിക്കുവേണ്ടി ഓപ്പൺ ലെഗ്‌സ് ഡ്രസ് ധരിക്കുമോ?”
ശശാങ്കിന്‍റെ ഈ വഷളൻ ചോദ്യം കേട്ടപ്പോൾ അവൾ കടുത്ത മൗനം പാലിച്ചു. പിന്നെ അയാളെ ഒന്നു തറപ്പിച്ചു നോക്കി.
അപ്പോഴും നാണമൊന്നും കൂടാതെ അജന്തയുടെ പാദങ്ങളിലേക്ക് നോക്കി ശശാങ്ക് പുഞ്ചിരിച്ചു. അയാൾ പോയപ്പോൾ അവൾ ആശ്വാസത്തോടെ വാതിൽ ചേർത്തടച്ചു.
അജന്തയ്‌ക്ക് 24 വയസാണ് പ്രായം. കാണാൻ സുന്ദരിയാണ്. അതിനാൽ ഏതു പ്രായത്തിലുള്ള പുരുഷന്മാരും അവളെ ഒന്നു നോക്കി നിന്നുപോകും. തോളറ്റം കഴിഞ്ഞ് കിടക്കുന്ന മുടിയുടെ അഴക് ഒന്നു വേറെ തന്നെയാണ്. കടഞ്ഞെടുത്ത സൗന്ദര്യത്തിന്‍റെ എല്ലാ അഴകുകളും ഒത്തു ചേർന്ന ശരീരം. സൗന്ദര്യം മാത്രമല്ല, ബുദ്ധിശക്‌തിയിലും അവൾ പിന്നിലായിരുന്നില്ല. ബാംഗ്ലൂരിലെ പ്രശസ്‌തമായ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ഡിഗ്രി എടുത്ത ശേഷം ലക്‌നൗവിലെ പോളിടെക്‌നിക് കോളേജിലാണ് ജോലി ചെയ്യുന്നത്.
പ്രശാന്ത്, അജന്തയുടെ പപ്പയുടെ സുഹൃത്തിന്‍റെ മകനാണ്. പ്രശാന്തിന്‍റെ പപ്പ രാഷ്‌ട്രീയക്കാരനാണ്. പ്രശാന്തിനായിരിക്കും, പപ്പയുടെ രാഷ്‌ട്രീയ പിന്തുടർച്ച. അജന്തയുടെ പ്രശാന്തിന്‍റെയും എൻഗേജ്‌മെന്‍റ് കഴിഞ്ഞു. പ്രശാന്തിന്‍റെ സഹായത്തോടെയാണ് അജന്തയ്‌ക്ക് ഒരു നല്ല ഫ്‌ളാറ്റ് വാടകയ്‌ക്ക് കിട്ടിയത്.
അജന്തയും പ്രശാന്തും കുട്ടിക്കാലം മുതൽ പരസ്‌പരം അറിയും. ഇടക്കാലത്ത് രണ്ടുപേരുടേയും കുടുംബം നഗരം വിട്ട് താമസിക്കാനിടയായെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഇരു കുടുംബവും ഒത്തുചേരുമായിരുന്നു.
അജന്തയുടെയും പ്രശാന്തിന്‍റെയും വിവാഹം അവരുടെ മാതാപിതാക്കളാണ് തീരുമാനിച്ചത്. ആ തീരുമാനത്തിനോട് അജന്തയും പ്രശാന്തും എതിരൊന്നും പറഞ്ഞതുമില്ല.
അജന്തയെപ്പോലെ അതിസുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ നിരാകരിക്കേണ്ട കാര്യം പ്രശാന്തിനില്ല. മറിച്ച് സന്തോഷിക്കാൻ മാത്രമേ കാരണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രശാന്തിനെ വിവാഹം ചെയ്യാൻ ഇഷ്‌ടമാണെന്ന് പറയാൻ അജന്ത ഒരു ദിവസം ചോദിച്ചു. അത് ലജ്‌ജ കൊണ്ടാണെന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ അജന്തയ്‌ക്ക് വിവാഹത്തെക്കുറച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് ശരിക്കും തോന്നിയിരുന്നു.
കുട്ടിക്കാലം മുതൽ പ്രശാന്തുമായി സൗഹൃദമുണ്ട്. പക്ഷേ അത് ഒരിക്കലും പ്രണയത്തിലേക്ക് വഴി മാറിയിരുന്നില്ല. പ്രശാന്താകട്ടെ ക്ലോസ് ഫ്രണ്ടും ആയിരുന്നില്ല. സ്വകാര്യമായ കാര്യങ്ങൾ പ്രശാന്തിനോട് പങ്കുവയ്‌ക്കാൻ ഒരിക്കലും കംഫർട്ട് ആയി തോന്നിയിട്ടുമില്ല.
വിവാഹനിശ്ചയത്തിനു ശേഷം പ്രശാന്ത് കുറച്ചൊക്കെ ഇന്‍റിമസിയോടെ സംസാരിക്കാൻ തുടങ്ങി. ആ സംസാരത്തിന് തിരിച്ച് മറുപടി കൊടുക്കാനും ശ്രമിക്കുന്നുണ്ട് എന്നുമാത്രം. പക്ഷേ അതൊന്നും അത്ര ഈസി ഫീലോടെ ഉള്ള മറുപടി ആയിരുന്നില്ല താനും.
പ്രശാന്ത് ഒരു നേതാവിന്‍റെ മകൻ ആണെന്നു മാത്രമല്ല, അയാൾ ഒരു യുവനേതാവ് കൂടിയായിരുന്നു. അതിനാൽ വളരെ സുതാര്യമായ ജീവിതശൈലിയും പെരുമാറ്റവുമായിരുന്നു. പ്രശാന്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. എല്ലാ രീതിയിലും നോക്കിയാൽ പക്കാ ജന്‍റിൽമാൻ! എന്നാലും, കുറേ പെൺസുഹൃത്തുക്കൾ പ്രശാന്തിനുണ്ടായിരുന്നു.
അതിനാൽ ഒന്നോ രണ്ടോ പേരുമായി എന്തൊക്കെയോ അഫയർ ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അക്കാര്യത്തിൽ വലിയ ഗൗരവമൊന്നും അജന്ത കൊടുത്തിട്ടില്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചെറിയ ചെറിയ പ്രേമബന്ധം ഉണ്ടാകുന്നത് വലിയ സംഭവമൊന്നുമല്ലല്ലോ.
അജന്തയ്‌ക്ക് ഒരിക്കൽ ഒരു ആൺകുട്ടിയോട് ആകർഷണം തോന്നിയിട്ടുണ്ട്. ബാംഗ്ലൂരിൽ ബിടെക് ഫസ്‌റ്റ് ഇയർ പഠിക്കുന്ന സമയത്താണ്. ഫൈനൽ ഇയർ പഠിക്കുന്ന രാജീവ് എന്ന വിദ്യാർത്ഥി. അയാൾ കാണാൻ സുന്ദരനും തമാശക്കാരനും ആയിരുന്നു. അതുകൊണ്ടാവാം അവൾക്ക് അയാളോട് താൽപര്യം തോന്നിയത്. അങ്ങനെ രണ്ടുപേരും അടുക്കുകയും ക്ലോസ്‌ഫ്രണ്ട് ആവുകയും ചെയ്‌തു.
അജന്തയ്‌ക്ക് അന്ന് അത് മനസിലായില്ല. തനിക്ക് രാജീവിനോട് പ്രണയമാണ് എന്ന്. രാജീവ് ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു. കോളേജ് കാമ്പസിൽ ഒരു കമ്പനി ഇന്‍റർവ്യൂവിൽ ജോലി ലഭിക്കുകയും ചെയ്‌തു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി.
ഏതാനും ദിവസങ്ങളോളം രാജീവിനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു അജന്ത. പക്ഷേ രാജീവിന്‍റെ ഫോണോ കോണ്ടാക്‌ടോ പിന്നീട് ഉണ്ടായില്ല. അതിനു ശേഷം അജന്തയുടെ ജീവിതത്തിൽ പിന്നീട് ഒരു ആൺകുട്ടിയും കടന്നു വന്നില്ല.
ആലോചിച്ചപ്പോൾ പ്രശാന്തിൽ ഒരു കുറവും ഇല്ല. അതുകൊണ്ട് വിവാഹത്തിന് അവൾ സമ്മതിച്ചു. ഇപ്പോൾ ജോലി കിട്ടിയശേഷം ലഖ്‌നൗവിൽ താമസിക്കുന്നതിനാൽ പ്രശാന്തുമായി ഇടയ്‌ക്കിടെ കാണാൻ സാധിക്കുന്നുണ്ട്. പലപ്പോഴും രണ്ടുപേരും തനിച്ച് ഉണ്ടായ സാഹചര്യങ്ങളിൽ ശാരീരികബന്ധത്തിന് പ്രശാന്ത് ആഗ്രഹിച്ചുവെങ്കിലും അജന്ത അത് നിരാകരിച്ചു.
എല്ലാം വിവാഹശേഷം മതി!
അജന്ത താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ പ്രശാന്ത് അതേക്കുറിച്ച് സംസാരിച്ചുമില്ല. പക്ഷേ രണ്ടുപേരും പരസ്‌പരം ലാളിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്‌തിട്ടുണ്ട്. പക്ഷേ അവന്‍റെ ലാളനങ്ങളോ ചുംബനങ്ങളോ അജന്തയെ മായികലോകത്തേക്ക് എത്തിച്ചതായി അവൾക്ക് അനുഭവപ്പെട്ടില്ല.
20 വയസുകാരനായ ശശാങ്ക് വലിയ ബുദ്ധിമാനൊന്നുമായിരുന്നില്ല. പ്ലസ്‌ടു പഠനത്തിനുശേഷം ബിടെക് അഡ്‌മിഷനായി കോച്ചിംഗ് പോയി. രണ്ടുവർഷത്തോളം അങ്ങനെ പരീക്ഷാ തയ്യാറെടുപ്പായിരുന്നു. പക്ഷേ ഒരു കോളേജിലും അഡ്‌മിഷൻ ലഭിച്ചില്ല. തൊട്ടടുത്ത വർഷം പോളിടെക്‌നിക്കിൽ എൻട്രൻസ് എഴുതി. ലഖ്‌നൗവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേർന്നു പഠിക്കുന്ന വേളയിൽ മറ്റ് ആക്‌ടിവിറ്റികളിലായിരുന്നു ശശാങ്കിനു താല്‌പര്യം. അലസമായ ജീവിതം…
ശശാങ്കിന്‍റെ ശ്രദ്ധ അജന്തയിലേക്ക് നീണ്ടത് അവിചാരിതമായിട്ടാണ്. അജന്ത എലമെന്‍റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിപ്പിക്കുന്നത്. ആ വിഷയത്തെക്കുറിച്ചൊന്നും ചോദിക്കാറില്ലെങ്കിലും അജന്തയോട് മറ്റു കാര്യങ്ങൾ ചോദിക്കാൻ മടിയില്ല ശശാങ്കിന്.
പെൺകുട്ടികളോട് ചോദിക്കാൻ പാടില്ലാത്തത് എന്നു തോന്നുന്നത്ര ചോദ്യങ്ങൾ വരെ ചോദിക്കും. ശശാങ്കിന്‍റെ ഈ രീതിയൊന്നും അജന്തയ്‌ക്ക് ആദ്യം ഇഷ്‌ടപ്പെട്ടിരുന്നില്ലായിരുന്നു. ഒരിക്കൽ അജന്തയോട് അവളുടെ ഓരോ ശരീര ഭാഗങ്ങളെക്കുറിച്ച് പുകഴ്‌ത്തി സംസാരിക്കാൻ വരെ ശശാങ്ക് ധൈര്യം കാണിച്ചു.
മറ്റൊരു ദിവസം അജന്തയോട് പ്രണയാഭ്യർത്ഥന നടത്തി. അന്ന് രാത്രി അക്കാര്യം ഓർത്തു കിടന്നപ്പോൾ അജന്തയ്‌ക്ക് എന്തോ ചിരി വന്നു. പിന്നീട് എപ്പോഴോഎന്താണെന്നറിയില്ല, തന്നേക്കാൾ നാലു വയസ് ഇളപ്പമുള്ള തന്‍റെ വിദ്യാർത്ഥി കൂടിയായ ശശാങ്കിനോട്, അവന്‍റെ സംസാരരീതിയോട് എന്തോ ഒരു ആകർഷണം അജന്തയ്‌ക്കും തോന്നിത്തുടങ്ങി.
മറ്റുള്ളവർക്ക് കേട്ടാൽ, അശ്ലീലം എന്നുതോന്നുന്ന കാര്യങ്ങൾ. പക്ഷേ ശശാങ്ക് അതു പറയുമ്പോൾ അജന്തയ്‌ക്കത് അശ്ലീലമായി അനുഭവപ്പെട്ടില്ല. അവളുടെ ഓർമ്മകളിൽ ശശാങ്ക് ഇടയ്‌ക്കിടെ കയറി വന്നു. അവന്‍റെ പെരുമാറ്റത്തോട് പുറമേ ദേഷ്യം കാണിച്ചുവെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഒരു അനുഭൂതി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
ശശാങ്ക് വീട്ടിൽ വന്നു പോയശേഷവും അവൾ അക്കാര്യം ശ്രദ്ധിച്ചു. താൻ തനിച്ചാണെന്ന് അറിഞ്ഞിട്ടും അവൻ മോശമായി പെരുമാറാൻ ശ്രമിച്ചില്ല. പക്ഷേ അവൻ ചിലതൊക്കെ സംസാരിക്കാൻ ശ്രമിച്ചു എന്നു മാത്രം. ശശാങ്ക് പോയതിനുശേഷം അജന്ത വാതിൽ അടച്ച് ദീർഘനിശ്വാസമെടുത്തു. അല്‌പനേരം കഴിഞ്ഞപ്പോൾ ഡോർബെൽ മുഴങ്ങി.
അവൾ വിറയ്‌ക്കുന്ന പാദങ്ങളോടെ വാതിൽ തുറന്നു. പ്രശാന്താണ്. “വരൂ.” അവൾ ചിരിയോടെ സ്വാഗതം ചെയ്‌തു.
പക്ഷേ അജന്തയുടെ ഹൃദയത്തിലെവിടെയും പ്രണയത്തിന്‍റെ സുഗന്ധം നിറഞ്ഞു കവിഞ്ഞില്ല. ഭാവി ഭർത്താവ് എന്ന ചിന്തയോ പരിഗണനയോ മാത്രമാണ് മനസിലുള്ളത്. അകത്തേക്കു വന്നശേഷം പ്രശാന്ത് അതേ സോഫയിൽ ഇരുന്നു. അവിടെയാണ് ശശാങ്കും വന്നിരുന്നത്.
പ്രശാന്തിനു വേണ്ടി തണുത്ത വെള്ളം ഫ്രിഡ്‌ജിൽ നിന്ന് എടുത്തു കൊടുക്കുമ്പോൾ അവൾ ഞെട്ടലോടെ അക്കാര്യം ആലോചിച്ചു. ശശാങ്ക് ഇവിടെ ഇരിക്കുന്ന സമയത്താണ് പ്രശാന്ത് വന്നിരുന്നതെങ്കിലോ! ആരാണെന്ന് ചോദിച്ചാൽ എന്ത് പറയാൻ പറ്റും.
“പുറത്ത് ഭയങ്കര ചൂടാണല്ലേ”
അജന്ത വെള്ളം എടുത്തുകൊടുത്ത് കൊണ്ട് ചോദിച്ചു.
വെള്ളം കുടിച്ചുകൊണ്ടിരിക്കെ പ്രശാന്ത് അവളെ അടിമുടി നോക്കി. “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇത്തരം ഷോർട്ട്‌ഡ്രസ് ധരിക്കരുതെന്ന്!”
“ഇല്ലല്ലോ, വീട്ടിൽ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല.” അജന്ത ആ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.
“ചായ ഓർ കോഫി?”
“ചായ”
സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു. അജന്ത അടുക്കളയിലേക്ക് നടക്കവെ പ്രശാന്ത് വീണ്ടും അവളെ അടിമുടി നോക്കി. കാൽവണ്ണ കാണുന്ന പൈജാമ!
“അജന്ത, നീ ഇത്തരം ഡ്രസ് വീട്ടിലും ധരിക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”
“അയ്യേ! വീട്ടിൽ ഇതൊക്കെ ഇട്ടാലെന്താ?” ഇതൊക്കെ നോർമൽ ഡ്രസ് അല്ലേ! ഇന്ന് എല്ലാവരും ഇതൊക്കെ തന്നെയാണ് ധരിക്കാൻ ഇഷ്‌ടപ്പെടുന്നത്.” ചായ ഉണ്ടാക്കിക്കൊണ്ട് അവൾ പ്രശാന്തിനെ നോക്കിപ്പറഞ്ഞു.
“നോർമൽ ഡ്രസിംഗ് ആണ്, പെൺകുട്ടികൾക്ക് ഇഷ്‌ടമാണ്. ഇതൊക്കെ ശരി. എന്നു കരുതി നീ ഇതു ധരിക്കണോ?” പ്രശാന്തിന്‍റെ ശബ്‌ദത്തിൽ താൽപര്യമില്ലായ്‌മ നിറഞ്ഞു നിന്നു.
“ഡിയർ, ഇത്തരം ഡ്രസാണ് എനിക്കിഷ്‌ടം. ധരിക്കാൻ സുഖമാണ്.” അജന്ത തന്‍റെ മനസ് വെളിപ്പെടുത്താതിരുന്നില്ല.
“പക്ഷേ, എനിക്കിത് ഇഷ്‌ടമല്ല അജന്ത. നീ ചായ ഇട്ടു വാ.” ഉത്തരവിടുന്ന പോലെ ആയിരുന്നു പ്രശാന്തിന്‍റെ സ്വരമെന്ന് അജന്ത തിരിച്ചറിഞ്ഞു. “നിങ്ങളുടെ ഇഷ്‌ടം! അപ്പോ എനിക്ക് സ്വന്തമായി ഇഷ്‌ടം ഒന്നും ഇല്ലെന്നാണോ.” പ്രശാന്തിന്‍റെ സംസാരം കേട്ടപ്പോൾ അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ദേഷ്യത്തോടെയുള്ള അജന്തയുടെ സംസാരം പ്രശാന്തിന് ഒട്ടും പിടിച്ചില്ല.
“ഞാൻ പറയാനുള്ളതു പറഞ്ഞു. പക്ഷേ നിനക്ക് യാതൊരു വിവേകവുമില്ല. ഭർത്താവ് ക്ഷീണിച്ച് വീട്ടിൽ കയറി വരുമ്പോൾ ഭാര്യ ഇങ്ങനെയാണോ പെരുമാറുക?”
അജന്ത ശരിക്കും നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരിയാണ്. ഭാര്യാഭർതൃബന്ധമാവുമ്പോൾ പരസ്‌പരം ചില ആഗ്രഹങ്ങളൊക്കെ ബലി കൊടുത്ത് ജീവിക്കേണ്ടിവരുമെന്നു അവൾക്കറിയാഞ്ഞിട്ടില്ല. എന്നാൽ വളരെ മോശമായി തോന്നി. അജന്ത വിവരവും വിദ്യാഭ്യാസവുമുള്ള സെൽഫ് ഡിപ്പൻഡന്‍റ് ആയ പെൺകുട്ടി ആണ്.
“പ്രശാന്ത്, നിങ്ങളുടെ അനാവശ്യമായ ചിന്തകൾ ഞാൻ അംഗീകരിക്കണമെന്ന് ബലം പിടിക്കരുത്. എനിക്ക് ഈ ഡ്രസ്സിൽ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടില്ല. പിന്നെ നിങ്ങൾ ഇപ്പോൾ എന്‍റെ ഭർത്താവല്ല, ഭർത്താവാകാൻ സാധ്യതയുള്ള വ്യക്‌തി മാത്രമാണ്.” അജന്തയുടെ ഈ വാചകങ്ങൾ കൂടി കേട്ടതോടെ പ്രശാന്തിന്‍റെ ദേഷ്യം ഇരട്ടിച്ചു.
“എടീ, എന്‍റെ വീട്ടിൽ വന്നശേഷം നിന്‍റെ തോന്ന്യാസമൊന്നും നടക്കില്ല. ഞാൻ പറയുന്ന പോലെ ജീവിച്ചോളണം… അല്ലെങ്കിൽ…” പ്രശാന്ത് ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് അവൾക്കു നേരെ കയ്യോങ്ങി.
പ്രശാന്തിന്‍റെ ഈ പെരുമാറ്റം അജന്തയ്‌ക്ക് അമ്പരപ്പുണ്ടാക്കി. അവൾ ഒരു നിമിഷം അമ്പരന്ന് അയാളെ തുറിച്ചുനോക്കി. പിന്നെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.
“അങ്ങനെ ജീവിച്ചില്ലെങ്കിൽ എന്തു ചെയ്യും? അടിക്കുമെന്നാണോ?”
ആ ചോദ്യം കേട്ടപ്പോൾ തലയ്‌ക്കൊരു പ്രഹരമേറ്റപോലെ പ്രശാന്ത് അന്തം വിട്ടുപോയി. ഒപ്പം തന്നെ തന്‍റെ സംസാരം അതിരുവിട്ടുപോയെന്ന തിരിച്ചറിവും കടന്നുവന്നു. അയാൾ പെട്ടെന്ന് ശാന്തനായി.
“സോറി ഡിയർ, പുറത്ത് ഭയങ്കര ചൂടാണ്. ഞാൻ അതുകാരണം കുറച്ച് ക്ഷീണിതനായിരുന്നു. അതാണ് ദേഷ്യം വന്നത്. അതൊക്കെ മറന്നോളൂ. നീ പോയി നിന്‍റെ സുന്ദരമായ കരങ്ങൾകൊണ്ട് ഒരു ചായ ഇട്ടു വാ…”
“പുറത്ത് വെയിലാണെന്നുള്ളത് വീട്ടിലിരിക്കുന്ന ഭാര്യയെ തല്ലാനുള്ള ലൈസൻസ് ആണോ?”
പ്രശാന്ത് അല്‌പനേരം അജന്തയെ നോക്കി നിന്നു.
“ശരി, എന്‍റെ ഭാവി വധു എനിക്ക് ചായ ഉണ്ടാക്കിത്തന്നില്ലെങ്കിലും നോ പ്രോബ്‌ളം. ഞാൻ എന്‍റെ സുന്ദരിയ്‌ക്ക് ചായ ഉണ്ടാക്കിക്കൊടുക്കും.” പ്രശാന്ത് കള്ളച്ചിരിയോടെ അടുക്കളയിലേക്ക് പോയി.
എത്ര പഠിച്ചവളാണെങ്കിലും സ്‌ത്രീ ചില നേരങ്ങളിൽ സാധാരണ ഒരു സ്‌ത്രീ മാത്രമായി മാറും.
ഇപ്പോൾ അവൾക്കും തോന്നി, പ്രശാന്തിനോട് ദേഷ്യപ്പെടേണ്ടായിരുന്നു. അതുകൊണ്ടാണോ അയാൾ തനിക്ക് നേരെ കയ്യുയർത്തിയത്. പക്ഷേ കയ്യുയർത്താൻ പാടില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ പാട്ടിലാക്കാൻ സ്വയം ചായ ഉണ്ടാക്കി തരാൻ അടുക്കളയിലേക്ക് വന്നിരിക്കുന്നു. ഒരു ചായ കൊടുത്തിട്ട് മതിയായിരുന്നു വാക്ക്തർക്കങ്ങൾ! അവൾ ഇതൊക്കെ ചിന്തിച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പ്രശാന്ത് ലൈറ്റർ എടുത്ത് സ്‌റ്റൗ കത്തിക്കാൻ തുടങ്ങി.
“നിങ്ങൾ പോയി വിശ്രമിക്കൂ. ഞാൻ ചായ ഇടാം.” അജന്ത പ്രശാന്തിൽ നിന്ന് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
“വേണ്ട ഞാനുണ്ടാക്കാം.” അയാൾ ലൈറ്റർ കൊടുക്കാതെ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു.
“വിടൂ, ഞാൻ ചായ ഉണ്ടാക്കാം” അവൾ വീണ്ടും പറഞ്ഞു.
“ഇപ്പോൾ എനിക്ക് ചായയല്ല, നിന്‍റെ ചുണ്ടുകളാണ് കുടിക്കാൻ വേണ്ടത്.” പ്രശാന്ത് ആവേശത്തോടെ അവളുടെ ചുണ്ടുകളെ തന്‍റെ ചുണ്ടുകൾക്കുള്ളിലാക്കി. ഒരു ദീർഘചുംബനത്തിലൂടെ അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ അവളെ എടുത്ത് കിടക്കയിൽ കിടത്തി. വീണ്ടും ചുംബിക്കാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന അജന്ത അയാളെ തടഞ്ഞു.
“വേണ്ട പ്രശാന്ത്! ബാക്കി എല്ലാം വിവാഹശേഷം മതി.”
പ്രശാന്ത് സ്വയം നിയന്ത്രിച്ചുകൊണ്ട് അവളുടെ അഭിപ്രായം സ്വീകരിച്ചു.
“നീ പറയുന്നതുപോലെ ആകട്ടെ.” അജന്ത എഴുന്നേറ്റ് തന്‍റെ വസ്‌ത്രങ്ങൾ നേരെയാക്കി. അവൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു.
“നിനക്കറിയാമോ നിന്നോട് എനിക്കുള്ള ക്രേസ് എന്താണെന്ന്!”
“എന്താണ്?”
“കല്യാണം കഴിഞ്ഞു മതി എന്ന് നീ പറയാറില്ലേ? അതു തന്നെ. ഐ ലവ് ഇറ്റ്.”
പ്രശാന്തിന്‍റെ സംസാരം കേട്ട് അജന്ത പുഞ്ചിരിച്ചു.
“എനിക്കും അതാ ഇഷ്‌ടം. നിന്‍റെ കന്യകാത്വം വിവാഹം വരെ നിലനിൽക്കണം.”
അയാൾ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
അജന്ത അതിനു മറുപടിയൊന്നും പറഞ്ഞില്ല. തിളച്ചുമറിയുന്ന വെള്ളത്തിലേക്ക് അവൾ ഉറ്റുനോക്കി നിന്നു.
“ഏത് ആണിന്‍റെ ഉള്ളിലും ഇങ്ങനെയൊരു ആഗ്രഹം ഉണ്ടാകും.”
പ്രശാന്ത് അവളുടെ കഴുത്തിൽ വിരലോടിച്ചു.
“എന്ത് ആഗ്രഹം?”
“ഭാര്യയാകാൻ പോകുന്ന പെണ്ണ് വിർജിൻ ആകണമെന്ന്!”
പ്രശാന്തിന്‍റെ ഡയലോഗ് കേട്ടപ്പോൾ അജന്തയുടെ മനസിൽ പോറലേറ്റു.
“ഒരു പെൺകുട്ടിയുടെ കന്യകാത്വം വിവാഹത്തിനു മുമ്പ് നഷ്‌ടപ്പെട്ടാൽ, അവളെ സ്‌നേഹിക്കാൻ പുരുഷന് കഴിയില്ലെന്നോ?” ഉള്ളിൽ വീണ്ടും ദേഷ്യം തിളച്ചുപൊന്തുന്നത് അവൾ നിയന്ത്രിക്കാൻ ശ്രമിച്ചു.
“ഒരു പുരുഷന് അവളെ എങ്ങനെ സ്‌നേഹിക്കാൻ പറ്റുമെന്നാണ്? നീ ആലോചിച്ചു നോക്കൂ അജന്താ…”
പ്രശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന് മേലുള്ള പുരുഷസ്വരമായി പ്രശാന്തിന്‍റെ വാക്കുകൾ അജന്തയ്ക്ക് തോന്നി. അവളുടെ ഉള്ളം അടുപ്പത്തിരിക്കുന്ന ചായപോലെ തിളച്ചുമറിഞ്ഞു.
(തുടരും)