നിനക്ക് ആരാവാനാണ് ആഗ്രഹം… ഈ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആവണോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവാം.
കൽപ്പന ചൗള, ഇന്ദിരാഗാന്ധി…. ഇവരെപ്പോലെ ആവണം എന്നൊക്കെയാവും പെൺകുട്ടികൾ ഉത്തരം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ വളർന്നു കഴിയുന്നതോടെ കരുത്തുള്ള സ്ത്രീയാവാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും മുളയിലെ നുള്ളി നശിപ്പിക്കുന്ന സാഹചര്യത്തിലൂടെയാവും ഭൂരിപക്ഷവും കടന്നു പോവുക. ലിംഗവിവേചനത്തിന്‍റെ ഇരയായിരിക്കും പലരും.
സ്ത്രീയ്‌ക്ക് എന്തെങ്കിലും മേഖലയിൽ ലീഡറായി വളരാൻ ആണുങ്ങളെ അപേക്ഷിച്ച് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. കരുത്തുള്ള സ്ത്രീ ആകർഷകയല്ല എന്ന വിശ്വാസം പൊതുവെ സമൂഹത്തിനുണ്ട്. നേതൃത്വ ഗുണമുള്ള ആധികാരികതയുള്ള ആധിപത്യ ശേഷിയുള്ള സ്ത്രീകളിൽ പലരും ഉന്നതമായ സഥാനത്ത് എത്തിപ്പെടാതിരിക്കാനുള്ള കാരണം വളരെ ലളിതമാണ്. ആഗ്രഹം പ്രകടിപ്പിക്കാതിരിക്കലും വിപരീത ചിന്തയും എന്തു തെരഞ്ഞെടുക്കുന്നു എന്നുള്ളതും പ്രധാനമാണല്ലോ. സാദ്ധ്യതകളെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടൊന്നുമല്ല. മനസ്സ് വേണ്ടെന്ന് വച്ചിട്ടു തന്നെയാണ് പലരും ഉയർന്നു വരാത്തത്. സ്ത്രീകൾക്ക് താൻ ഏർപ്പെടുന്ന മേഖലയിൽ വിജയിക്കാനായി ഒരു ഫണ്ടമെന്‍റൽ ഐഡന്‍റിറ്റി ഷിഫ്റ്റ് ആവശ്യമാണ്. വിജയിച്ച എല്ലാ സ്ത്രീകളും ഈ ഗുണം പ്രകടിപ്പിച്ചവരാണ്. സാമൂഹികവും സംഘടനാപരവുമായ വെല്ലുവിളികളെ പുരുഷന്മാരെ അപേക്ഷിച്ച് പതിൻമടങ്ങ് ശക്‌തിയോടെ എതിർത്തു തോൽപ്പിച്ചിട്ടാണ് ഉയർന്ന സ്‌ഥാനം അലങ്കരിക്കുന്ന സ്ത്രീകൾ വിജയ കീരിടം ചൂടിയിട്ടുള്ളത്. അഭിമാനിക്കാവുന്ന സംഗതിയാണിത്. സ്ത്രീയുടെ ശക്‌തി വെളിപ്പെടുന്ന വിജയവുമാണിത്.
മാറ്റം സാധ്യമാണ്
നിങ്ങളുടെ ഉള്ളിൽ ഉള്ള ശക്‌തിയെ തിരിച്ചറിയുക എന്നുള്ളത് പ്രധാനമാണ്. ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇത് സഹായിക്കും. ഇങ്ങനെ തിരിച്ചറിവുണ്ടാവുന്നവർക്ക് പ്രസിഡന്‍റും ആവാൻ കഴിയും! ആത്മവിശ്വാസമാണല്ലോ ഒരാളെ മുന്നോട്ട് നയിക്കുന്ന ഘടകം. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവർക്ക് തന്‍റെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വിജയത്തിലേക്കുള്ള അടുത്ത ചവിട്ടുപടി കഠിനാധ്വാനമാണ്. പിന്നെ മനസ്സിലുള്ള ആശങ്ക അകറ്റുന്നതിന് കൗൺസിലിംഗും ചെയ്യേണ്ടതായി വരാം. കുറഞ്ഞ ആത്മവിശ്വാസം ഉള്ളവരെ ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായി മാറ്റാൻ കൗൺസിലിംഗിലൂടെ സാധിക്കും.
കരിയറിൽ ഉന്നതമായ സ്‌ഥാനം നേടിയെടുക്കുന്നതിനായി സമ്മർദ്ദ രഹിതമായ ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. സ്വപ്നങ്ങളെ വിടാതെ പിന്തുടരുക എന്നതാവണം ലക്ഷ്യം. അതിനാൽ ഉള്ളിലുള്ള നിങ്ങളെ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. വിജയത്തിലേക്കുള്ള കുതിപ്പ് യഥാർത്ഥത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്.
സ്വയം അറിയുക
സ്വന്തം കഴിവും ദൗർബല്യവും ജീവിതത്തിലെ ഉദ്ദേശ്യവും തിരിച്ചറിയുക എന്നുള്ളത് വളരെ പ്രധാനമാണ്. അതുവരെ നിങ്ങൾക്ക് അന്യമായിരുന്ന കാര്യങ്ങൾ ട്രൈ ചെയ്യണം. അപ്പോൾ നിങ്ങളുടെ യഥാർത്ഥ ശക്‌തി തിരിച്ചറിയാൻ കഴിയും. ശ്രമം നടത്താഞ്ഞാൽ എങ്ങനെയാണ് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് നിശ്ചയിക്കാനാവുക.
“ഞാനെപ്പോഴും എന്തെങ്കിലുമൊക്കെ ട്രൈ ചെയ്‌തു കൊണ്ടിരിക്കും. പ്രത്യേകിച്ചു അധികം അറിവില്ലാത്ത കാര്യങ്ങൾ. അങ്ങനെയാണ് ഒരാൾ വളരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.” യാഹുവിന്‍റെ സിഇഒ മരീസാ മേയർ പറയുന്നു.
ജീവിതത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം
ഉദ്ദേശ്യലക്ഷ്യം എപ്പോഴും ഉള്ളിൽ ജ്വലിക്കുമ്പോൾ ലക്ഷ്യം നേടിയെടുക്കാനുള്ള വഴികൾ തെളിഞ്ഞു വരും. ലക്ഷ്യ പ്രാപ്തിയിലെത്താൻ അതു തന്നെ ധാരാളം. നിങ്ങൾ ആരാവണമെന്ന് സ്വയം നിശ്ചയിക്കുന്ന അവസ്‌ഥയുണ്ടാവും. അത് നേടിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ പഠിക്കണമെന്നും ബോധ്യം വരും. അതിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ ലക്ഷ്യസ്‌ഥാനം അകലെയല്ലാതായി തീരും. വിജയം ഉണ്ടാവും.
പെഴ്സണൽ പ്രൊമോഷൻ
ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിങ്ങളുടെ ബിസിനസ്സിൽ സമനിലകൾക്കു വേണ്ടിയും നില കൊള്ളാൻ തയ്യാറാവണം. കൈകോർക്കുമ്പോൾ, ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള ഒത്തു തീർപ്പായി കണ്ടാൽ മതി. അതൊരു പരാജയമല്ല എന്നോർക്കുക. വിജയത്തിന്‍റെ വഴിയിലേയ്‌ക്ക് സ്വയം ഇറങ്ങി നിൽക്കുക. ആരും ഉന്തി തള്ളി കൊണ്ടു വരരുത് നിങ്ങളെ സ്വയം അതിന് തയ്യാറാക്കുക. നിങ്ങളെയും നിങ്ങളുടെ ജോലിയെയും വിസിബിൾ ആവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യണം. അതിൽ ചമ്മലിന്‍റെ ആവശ്യം വരുന്നില്ല. പേഴ്സണൽ പ്രൊമോഷൻ മോശം കാര്യമല്ലെന്ന് മനസ്സിലാക്കുക.
നിങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുക
എപ്പോഴും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നവരായിരിക്കും ലീഡർഷിപ്പ് ക്വാളിറ്റിയുള്ളവർ. തങ്ങളുടെ അസാന്നിദ്ധ്യത്തിൽപ്പോലും സാന്നിദ്ധ്യം അറിയിക്കുന്ന തരത്തിലുള്ള ഒരു കരിഷ്മ ഇത്തരക്കാർ വളർത്തിയെടുത്തിട്ടുണ്ടാവും.
താഴെ പറയുന്ന കാര്യങ്ങൾ വളർത്തി കൊണ്ടു വന്നാൽ നിങ്ങൾക്കും നല്ലൊരു ലീഡറാവാം. ഉന്നതമായ സ്‌ഥാനം അലങ്കരിക്കുമ്പോൾ ഇത് ഗുണം ചെയ്യും.
- ജനങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ്
- ആത്മാർത്ഥതയും വിശ്വാസവും
- ആധികാരികത
- ആത്മവിശ്വാസം
- ഊർജ്‌ജ്വസ്വലത
- പ്രതിബദ്ധത
- പോസിറ്റീവ് കാഴ്ചപ്പാട്
സഹപ്രവർത്തകരുമായുള്ള ബന്ധം
നിങ്ങളുടെ കമ്പനിയിലെ, സ്‌ഥാപനത്തിലെ, സംഘടനയിലെ ആൾക്കാരുമായി നല്ല ബന്ധം സ്‌ഥാപിക്കാൻ കഴിയണം. പ്രത്യേകിച്ചും സ്‌ഥാനം കൊണ്ട് നിങ്ങളുടെ ജൂനിയറായവരുമായി. അവരെ എല്ലാവരും കേൾക്കെ അഭിനന്ദിക്കാൻ മടിക്കരുത്. പക്ഷേ വിമർശിക്കുമ്പോൾ തിരുത്തുമ്പോൾ സ്വകാര്യമായി മതി. അത് മറ്റുള്ളവരുടെ മുന്നിൽ വച്ച് പാടില്ല. കാടടച്ച് വെടി വയ്‌ക്കരുത് എന്നർത്ഥം.
ശരിയായ ആശയ വിനിമയം
നല്ല ലീഡർക്ക് വേണ്ട ഏറ്റവും വലിയ ഗുണം ശരിയായ ആശയവിനിമയമാണ്. ഒരു നല്ല ലീഡറുടെ ലക്ഷണമാണിത്. അതുപോലെ നേരാവണ്ണം കേൾക്കാനും മനസ്സ് കാണിക്കണം. സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ സഹപ്രവർത്തകർ പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കണം. നല്ല കേൾവിക്കാരന് മാത്രമേ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളൂ.
അവകാശവാദം ഉന്നയിക്കരുത്
ഏതെങ്കിലും കാര്യത്തിൽ പിടിവാദമുന്നയിക്കുന്നത് നല്ല ലീഡറുടെ ലക്ഷണമല്ല. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലുള്ള സ്വഭാവം പാടില്ല. ചർച്ച ചെയ്‌ത് കാര്യങ്ങൾ തിരുമാനിക്കാൻ സാധിക്കണം. ബഹുമാനവും ശാന്തമായ മാനസികനിലയും കളയാതെ തീരുമാനങ്ങൾ നടപ്പിലാക്കി ലക്ഷ്യം നേടാൻ കഴിയണം.
വിമർശനം ഉൾക്കൊള്ളണം
ക്രിയാത്മകമായ വിമർശനം നല്ല ലീഡർമാരുടെ വളർച്ചയ്ക്ക് സഹായകമാവും. ക്രിയാത്മകമായ വിമർശനങ്ങൾ നിങ്ങളുടെ ജോലിയിലുള്ള കുറവുകളെ പരിഹരിക്കാൻ സഹായിക്കും. വിമർശനങ്ങൾ വ്യക്‌തിപരമായി എടുക്കരുത്. നിങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കാൻ ക്രിയാത്മകമായ വിമർശനത്തിന് സാധിക്കും. അതിനാൽ വിമർശനങ്ങളെ അവഗണിക്കരുത്. അതിന്‍റെ പേരിൽ വൈരാഗ്യം വച്ചു പുലർത്താനും പാടില്ല.