സന്ധ്യയ്‌ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. നേർത്ത ഇരുട്ടിൽ നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ രൂപങ്ങൾ നോക്കി അവൾ വീർപ്പുമുട്ടിക്കൊണ്ടേ ഇരുന്നു. അയാളിൽ നിന്ന് എങ്ങനെ രക്ഷ നേടാൻ പറ്റും? എന്തിനും മടിക്കാത്തവൻ, അത്യാഗ്രഹി, ക്രൂരൻ… അവളുടെ മനസ്സിൽ ദേഷ്യം നുരഞ്ഞു. ഈ ബ്ലാക്ക്മെയിലിംഗ് എത്രകാലം സഹിക്കും? തെറ്റ് തന്‍റേതാണ്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള അവസരം നൽകിയത് താനാണല്ലോ. ഒറ്റയ്‌ക്ക് കിട്ടുമ്പോൾ അടുത്തേയ്‌ക്ക് വരും. പിന്നെ എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്.
അഭിലാഷ്, വേറെ ആരുമല്ല, സന്ധ്യയുടെ ഭർത്താവിന്‍റെ അനുജൻ ആണ്. ഒരേ വീട്ടിൽ, ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരുമിച്ചു കഴിയുന്നവർ. അയാൾ ഇത്തരമൊരു പിശാചായിരിക്കുമെന്ന് എങ്ങനെ കരുതാനാണ്. ഒരു വീട്ടിനുള്ളിൽ തന്നെ ആയതു കൊണ്ട് ആ ദുഷ്ടത്തരങ്ങൾ ആരോടും മിണ്ടാതെ സഹിക്കേണ്ടി വന്നു.
ഈ പ്രശ്നം തുടങ്ങിയിട്ട് ഒത്തിരി നാളായിട്ടില്ല. രണ്ട് മാസം മുമ്പ് സന്ധ്യ, ഭർത്താവ് സുരേഷിനൊപ്പം യൂറോപ്പ് യാത്ര പോയി. 50 പേരുള്ള സംഘത്തിനൊപ്പം. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് സംഘം ഒരുമിച്ച് യാത്ര തിരിച്ചത്. 15 ദിവസത്തെ യാത്രയിൽ എല്ലാവരും നല്ല ചങ്ങാതിമാരായി എങ്കിലും, സന്ധ്യയ്‌ക്ക് കൂടുതൽ ഇഷ്ടം തോന്നിയത് റിതുവിനോടാണ്. റിതുവും പ്രണവും നവദമ്പതികളാണ്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ. കളിയും ചിരിയും നിറഞ്ഞ അവരുടെ പ്രകൃതം എല്ലാവർക്കും ഇഷ്‌ടമായി. സ്വയം ചിരിച്ചും സംഘാംഗങ്ങളെ ചിരിപ്പിച്ചും അവർ യാത്ര അടിപൊളിയാക്കി.
താമസിയാതെ സന്ധ്യയും റിതുവും അടുത്ത സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിൽ വന്ന ശേഷവും രാത്രി ഉറങ്ങും വരെ അവർ സംസാരിച്ചിരിക്കും. മുറിയിലേക്കു വന്നാൽ ഉറക്കം വന്നില്ലെങ്കിൽ റിതുവും സന്ധ്യയും വാട്ട്സ്ആപ്പ് ചാറ്റ് തുടങ്ങും. എടുത്ത ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്‌തു കൊടുക്കും. ഫോട്ടോയുടെ കമന്‍റ്സ് ഇടും. തമാശകളും ഫോട്ടോകളും ഷെയർ ചെയ്‌ത് ആരംഭിച്ച ചാറ്റിങ്ങിൽ കുടുംബവും കയറി വന്നു. കോളേജ് കാലങ്ങൾ ഇരമ്പി നിന്നു.
കല്യാണത്തിനു മുമ്പേ തന്നെ പ്രണവ് തന്‍റെ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നതിനെക്കുറിച്ച് റിതു പറയാൻ തുടങ്ങി. ഒരേ കോളേജിൽ പഠിച്ചവർ. വ്യത്യസ്‌ത മതക്കാർ ആയിരുന്നിട്ടു കൂടി അവർ വിവാഹത്തിലൂടെ ഒന്നിച്ചു. വാട്ട്സ്ആപ്പിലൂടെ റിതുവിന്‍റെ ലവ്സ്റ്റോറി മനസ്സിലാക്കിയപ്പോൾ സന്ധ്യയുടെ മനസ്സിലും ചില ഓർമ്മകൾ ചിറകടിച്ചു.
കോളേജിൽ വച്ചുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് റിതുവിനോട് മനസ്സു തുറക്കാൻ അവൾ ആഗ്രഹിച്ചു. മാസങ്ങളായി മനസ്സിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ കൂടുവിട്ടു പറന്നപ്പോൾ അവൾക്ക് അത് പങ്കുവയ്‌ക്കാതിരിക്കാനായില്ല. “എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.” അവൾ റിതുവിന് മെസേജ് ചെയ്‌തു.
“പക്ഷേ അത് വിവാഹത്തിലെത്തിയില്ല.”റിതുവിന്‍റെ ആശ്ചര്യം സ്മൈലിയായി സന്ധ്യയുടെ വാട്ട്സ് ആപ്പിൽ വന്നു മുട്ടി വിളിച്ചു.
“ലവ് സ്റ്റോറി! ടെൽ മീ യാർ…”
സന്ധ്യ റിതുവിനോട് പിന്നെ ഒന്നും ഒളിച്ചില്ല. എന്‍റെ കോളേജ്മേറ്റ് ആയിരുന്നു. സഞ്ജയ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും മൊബൈലിൽ സംസാരിച്ചില്ലെങ്കിൽ ആ ദിവസം അപൂർണ്ണമാണെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. ഈ ലോകം മുഴുവൻ ഞങ്ങൾ രണ്ടുപേരിലും ഒതുങ്ങിക്കൂടി. ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ ഞങ്ങൾ പരസ്‌പരം എല്ലാം പങ്കുവച്ചു.
എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയത് പപ്പ ഒരു ആലോചന കൊണ്ടു വന്നപ്പോഴാണ്. 25 വയസ്സായില്ലേ. ഇനി കല്യാണം വേണം. പപ്പ ഇങ്ങനെ പറഞ്ഞപ്പോൾ അത്ര സീരിയസ് ആയി തോന്നിയില്ല. ആ സമയം സഞ്ജയിനെക്കുറിച്ച് പറയാൻ ചങ്കൂറ്റമുണ്ടായില്ല.
ഒരു ദിവസം പപ്പ എന്നോട് അക്കാര്യം പറഞ്ഞു. ഒരു നല്ല ആലോചന വന്നിട്ടുണ്ട്. അടുത്ത ആഴ്ച അവർ കാണാൻ വരും. ഏതോ വലിയ കമ്പനിയിൽ എഞ്ചിനീയറാണ് പയ്യൻ. 25 ലക്ഷമാണ് ശമ്പള പാക്കേജ്.”
ഞാൻ ആകെ ഞെട്ടിപ്പോയി. ഈ അവസരത്തിലെങ്കിലും കാര്യം പറയാതെ പറ്റില്ലല്ലോ. ധൈര്യം സംഭരിച്ച് പറഞ്ഞു നോക്കി. “പപ്പ എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അവരുമായി സംസാരിക്കുമോ” പപ്പ എന്നെ അതിശയത്തോടെ നോക്കി.
വളരെ ഒതുങ്ങിക്കൂടി നടന്നിരുന്ന മകൾ. അവൾക്ക് ഒരു പ്രണയം! പപ്പയ്ക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നാലും അദ്ദേഹം സഞ്ജയിനെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ സുരേഷിന്‍റെ ശമ്പളവും കുടുംബ പശ്ചാത്തലവും താരതമ്യപ്പെടുത്തുമ്പോൾ ലോ പ്രൊഫൈൽ ആണ് സഞ്ജയിന്‍റേത്.
പപ്പയ്ക്ക് സഞ്ജയിനെ ഇഷ്‌ടമായില്ല. പപ്പയെ എതിർത്ത് സഞ്ജയിന്‍റെ ഒപ്പം പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.”
“അങ്ങനെ ആ പ്രണയ കഥയ്‌ക്ക് അവസാനമായി. ഇപ്പോൾ രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്.”
സന്ധ്യ തന്‍റെ പഴയ കാലത്തിന്‍റെ ഓർമ്മകളുടെ ആവേശത്തിലായിരുന്നു. ഫേസ്ബുക്കിൽ നിന്ന് സഞ്ജയിന്‍റെ ചിത്രം ഡൗൺലോഡ് ചെയ്‌ത് റിതുവിന് അയയ്ക്കാനും അവൾക്ക് മടി തോന്നിയില്ല. ഒരു ഹൃദയ രഹസ്യം പങ്കു വച്ച് ഭാരം ലഘൂകരിച്ച ആശ്വാസമായിരുന്നു സന്ധ്യയ്‌ക്കപ്പോൾ.
“ഓഹ് ചേച്ചി സ്വന്തം ജീവിതം വച്ച് കളിച്ചല്ലോ കഷ്‌ടമായി. റിതുവിന് അങ്ങനെ പറയാതിരിക്കാനായില്ല. യൂറോപ്പ് യാത്ര കഴിഞ്ഞതോടെ അവർക്കിടയിൽ ഇനി പങ്കുവയ്‌ക്കാൻ യാതൊരു രഹസ്യങ്ങളും ബാക്കി ഉണ്ടായിരുന്നില്ല.
വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ധ്യയും സുരേഷും യാത്രാ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. രാവിലെ 11 മണിയായപ്പോഴാണ് സന്ധ്യ കണ്ണ് തുറന്നത്. സുരേഷ് പോകാൻ തയ്യാറാവുന്നതു കണ്ടപ്പോൾ സന്ധ്യ വേഗം എഴുന്നേറ്റു. ഭക്ഷണം ഉണ്ടാക്കി സുരേഷിന് നൽകിയ ശേഷം സന്ധ്യ തന്‍റെ ഫോൺ തെരഞ്ഞു. ഫോൺ രാത്രി യിൽ ഡൈനിംഗ് ടേബിളിൽ വച്ചതായി ഓർക്കുന്നുണ്ട്.
“സന്ധ്യാ, ഞാൻ പോകുന്നു. ഇന്ന് ഉച്ചയ്‌ക്ക് മീറ്റിംഗ് ഉണ്ട്. ഒഴിവാക്കാൻ പറ്റില്ല.”
അയാൾ പോയിക്കഴിഞ്ഞപ്പോൾ സന്ധ്യ തന്‍റെ ഫോൺ എവിടെയെന്ന് വീണ്ടും തെരയാൻ തുടങ്ങി.
സുരേഷിന്‍റെ അനുജൻ അഭിലാഷിന്‍റെ മുറിയിലേക്ക് ചെന്നപ്പോൾ സന്ധ്യ ശരിക്കും അമ്പരന്നു പോയി. തന്‍റെ ഫോൺ അനിയന്‍റെ കയ്യിൽ. അയാൾ വാട്ട്സ്ആപ്പ് മെസേജുകൾ പരിശോധിക്കുകയാണ്. സന്ധ്യ, റിതുവിന് അയച്ച മെസേജുകളാണ് അയാൾ നോക്കിക്കൊണ്ടിരുന്നത്. അയാൾ കുടിലമായ ചിരിയോടെ മൊബൈൽ സന്ധ്യയ്‌ക്ക് നേരെ നീട്ടി.
“അഭിലാഷ്, ഇതെന്താണ് എന്‍റെ മൊബൈൽ എന്തിനാണ് എടുത്തത്?”
“ഏയ്… ഒന്നുമില്ല ചേച്ചി. ആ ലവ്സ്റ്റോറി കൊള്ളാം. കാമുകന്‍റെ ഫോട്ടോയും ഉഗ്രൻ. എന്താ അയാളുടെ പേര്? ഓ…സഞ്ജയ്!”
അഭിലാഷിന്‍റെ സംസാരം കേട്ടപ്പോൾ സന്ധ്യയ്‌ക്ക് കണ്ണിൽ ഇരുട്ടു പടരുന്ന പോലെ തോന്നി.
“എന്ത്? ഓ… അതൊക്കെ വെറും തമാശയല്ലേ.” അവൾ ഭയവും ജാള്യതയും മറയ്‌ക്കാൻ പ്രയാസപ്പെട്ടു.
“ചേട്ടനോട് പറയട്ടെ. ഞാൻ…?”
അഭിലാഷ് ഒരു പ്രത്യേകതരം നോട്ടമെറിഞ്ഞു.
സന്ധ്യയ്‌ക്ക് ആ നോട്ടത്തിലൊളിഞ്ഞിരിക്കുന്ന ഭാവം മനസ്സിലായി. റിതുവിനയച്ച വാട്ട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാൻ മറന്നതോർത്തപ്പോൾ അവൾക്ക് അതിയായ വിഷമം തോന്നി. ഇങ്ങനെ ഒരു കെണി പ്രതീക്ഷിച്ചില്ലല്ലോ.
“എന്തൊക്കെയാണിത്? നീ എന്നെ പേടിപ്പിക്കുകയാ?”
“അയ്യോ… അല്ല! എന്തിനാ ചേച്ചി വിഷമിക്കുന്നേ? ഞാൻ അങ്ങനെ വല്ലതും ചെയ്യുമോ? എനിക്ക് ചില്ലറ ചെലവ് ചെയ്‌താൽ പോരെ!”
സന്ധ്യ ദേഷ്യം കടിച്ചിറക്കി.
“ഞാനെന്തു ചെയ്യണമെന്നാ? നിനക്കെന്താ വേണ്ടത്?”
“ഓ… അതിപ്പോൾ എന്താ പറയുക. ചേച്ചിക്ക് കാര്യം മനസ്സിലാവുമല്ലേ, കല്യാണം കഴിഞ്ഞ ആളാണ്. അതിനും മുമ്പേ ഇക്കാര്യത്തിലൊക്കെ നല്ല അനുഭവവും ഉണ്ടല്ലോ…”
അഭിലാഷ് ഒരു കുടിലച്ചിരി മുഖത്തണിഞ്ഞു.
“അവൻ തന്നെ വലിയ കെണിയിൽ പെടുത്താനുള്ള ശ്രമത്തിലാണ്. ഇനി എന്തു ചെയ്യണം?”
“എന്താ സന്ധ്യ ആലോചിക്കുന്നത്.?” അഭിലാഷ് പെട്ടെന്ന് ചേച്ചി എന്ന വിളിമാറ്റി, സന്ധ്യ എന്നാക്കിയപ്പോൾ അവൾ ഒന്നുകൂടി ഞെട്ടി.
“എനിക്ക് ആലോചിക്കാതെ പറ്റില്ലല്ലോ” സന്ധ്യ പിറുപിറുത്തു.
“ഒ.കെ. ആലോചിച്ചിട്ട് സാവകാശം മറുപടി തന്നാൽ മതി. പക്ഷേ ഒരു കാര്യം മറക്കണ്ട. എന്‍റെ കൈയിൽ നല്ല ഹോട്ട് സാധനമാ ഇരിക്കുന്നേ. ചേട്ടനോട് പറഞ്ഞാലുള്ള അവസ്‌ഥ അറിയാമല്ലോ.”
“മനസ്സിലായി… നീ ഒരു നീചനാണ്. ആട്ടിൻ തോലിട്ട ചെന്നായേ…!” സന്ധ്യയ്‌ക്ക് ദേഷ്യം അടക്കാനായില്ല.
ഭർത്താവിന്‍റെ അനിയനിൽ നിന്ന് ഇത്തരമൊരു ഭീഷണി ഒരിക്കലും പ്രതീക്ഷിച്ചതല്ല. പവിത്രമായി കരുതിയ ഒരു ബന്ധമാണ് അയാൾ കുഴിച്ചു മൂടിയത്. സന്ധ്യയെ എപ്പോൾ തനിച്ചു കിട്ടിയാലും അയാൾ ആ ചോദ്യം ആവർത്തിക്കും.
“എന്തു തീരുമാനിച്ചു?” നേരിട്ടു ചോദിക്കാൻ കഴിയാത്തപ്പോൾ ഫോണിൽ വിളിക്കും.
“കുറെ ദിവസമായല്ലോ. ഇനിയും ആലോചന തീർന്നില്ലേ.?” സന്ധ്യയ്‌ക്കു മേലെ കറുത്ത നിഴലായ് അയാൾ വളർന്നു നിന്നു. ഉറക്കം വരാത്ത രാത്രികൾ. സന്ധ്യയ്‌ക്കു ജീവിതം മുന്നോട്ടു പോകുമോ എന്നു പോലും ഭയം തോന്നി.
ഒരു തീരുമാനം, പരിഹാരം ഉടൻ കണ്ടെത്തണം. അത് തനിക്കും കുടുംബത്തിനും ഹാനികരമാവുന്നതും ആകരുത്! പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ചിന്ത ഉണർന്നു. സന്ധ്യയുടെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു. അവൾ സമാധാനത്തോടെ ആ രാത്രി ഉറങ്ങി.
പിറ്റേന്ന് രാവിലെ സന്ധ്യ വീട്ടിലെ ജോലികളൊക്കെ തിരക്കിട്ട് ഒരുക്കി. “അമ്മേ, ഞാൻ പുറത്തു പോകുന്നു. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.”ഏതാനും മണിക്കൂറുകൾക്കു ശേഷം സന്ധ്യ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അവളുടെ മുഖത്തെ ആശങ്കകൾ വിട്ടകന്നിരുന്നു.
രാക്ഷസനെ കൊല്ലാൻ മായാശക്‌തി തന്നെ വേണ്ടി വരും! മാർക്കറ്റിൽ പോയപ്പോൾ അവർ മൊബൈലിൽ വോയിസ് റിക്കോർഡിംഗ് സോഫ്റ്റ് വെയർ ഇൻസ്‌റ്റാൾ ചെയ്‌തു. അതിന്‍റെ പ്രവർത്തനം മനസ്സിലാക്കി.
അഭിലാഷ് വീട്ടിൽ ഇല്ലായിരുന്നു. അയാൾ തന്നെ വിളിക്കും എന്ന് സന്ധ്യയ്‌ക്ക് ഉറപ്പായിരുന്നു. വിചാരിച്ചപോലെ ഉച്ച കഴിഞ്ഞപ്പോൾ കോൾ വന്നു. സന്ധ്യ എതിരാളിയെ നേരിടാൻ തയ്യാറായി.
“ഹലോ സന്ധ്യ! നീ എന്തു തീരുമാനിച്ചു” ഒരു ബഹുമാനവുമില്ലാത്ത അഭിലാഷ് സന്ധ്യയോട് ചോദിച്ചു.
“ഞാൻ എന്തു ചെയ്യണം, പറയൂ.”
“ഓ… എന്താണെന്നറിയില്ലേ. അതു തന്നെ.”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്. തെളിച്ചു പറയൂ.”
“നിന്നെ എനിക്കു വേണം.” സന്ധ്യയിൽ നിന്ന് അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, അയാൾ തന്‍റെ മനസ്സിലെ ആഗ്രഹങ്ങൾ വെളിപ്പെടുത്തി.
“ശരി ഇനി ഇതൊന്നും ഞാൻ ചെയ്‌തില്ലെങ്കിൽ?” സന്ധ്യ ഗൗരവത്തിൽ തന്നെ ചോദിച്ചു.
“സംശയമെന്താ. നിന്‍റെ ലവ്സ്റ്റോറി പുറം ലോകമറിയും.” സന്ധ്യയ്‌ക്ക് കോപം നിയന്ത്രിക്കാനായില്ല.
“പറയെടാ… എല്ലാവരോടും പറ! നീ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഞാൻ പോലീസിൽ പരാതി കൊടുക്കും.”
“അതിനെന്തു തെളിവാണ് നിന്‍റെ കൈവശം ഉള്ളത്.” അഭിലാഷ് പൊട്ടിച്ചിരിച്ചു.
“നീ നേരിട്ടു വാ കാണിച്ചു തരാം. തെളിവ്.”
സന്ധ്യയ്‌ക്ക് വിട്ടു കൊടുക്കാൻ മനസ്സില്ലായിരുന്നു. അവൾ ഫോൺ ഡിസ്കണക്‌ട് ചെയ്‌തു.
വൈകിട്ട് അഭിലാഷ് വീട്ടിലെത്തിയപ്പോൾ സന്ധ്യ അവന്‍റെ അടുത്തേയ്‌ക്ക് സധൈര്യം ചെന്നു. അവൾ ഒരു സിഡി അയാൾക്കു നേരെ നീട്ടി. നിനക്ക് തെളിവല്ലേ വേണ്ടത്. ഇതു പിടിച്ചോ. നീ ഫോണിൽ സംസാരിച്ചതെല്ലാം ഇതിലുണ്ട്.”
അഭിലാഷ് അമ്പരന്നു പോയി. പൂച്ച പോലെ പാവം പിടിച്ചിരുന്ന ചേട്ടത്തി പുലി പോലെ ചീറി വരുമെന്ന് എങ്ങനെ അറിയാൻ?
“ഈ സിഡിയുടെ ഒറിജിനൽ ഞാൻ ലോക്കറിൽ വച്ചിട്ടുണ്ട്.” സന്ധ്യയുടെ ശബ്ദത്തിലെ ശാന്തതയിൽ ഒളിഞ്ഞിരിക്കുന്ന അപകടം അഭിലാഷ് തിരിച്ചറിഞ്ഞു.
അയാൾ നിശബ്ദനായി സ്വന്തം മുറിയിലേക്ക് നടന്നു. ഒരു വാട്ട്സ്ആപ് മെസേജിൽ തീരേണ്ടതല്ല തന്‍റെ ജീവിതം എന്ന തിരിച്ചറിവിൽ സന്ധ്യയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.