ആധുനിക മന:ശാസ്ത്രത്തിന്‍റെ പിതാവായ സിഗ്‍മണ്ട് ഫ്രോയിഡ് പറഞ്ഞു. “കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഉള്ള മനുഷ്യൻ സ്വയം മനസ്സിലാക്കുക, അവന് ഒരു രഹസ്യവും സൂക്ഷിക്കാൻ കഴിയില്ല. അവന്‍റെ ചുണ്ടുകൾ നിശബ്ദമായിരിക്കാം, പക്ഷേ അപ്പോൾ അവന്‍റെ കൈ വിരലുകൾ മന്ത്രിക്കുന്നുണ്ടാകും. വഞ്ചന അവന്‍റെ ഓരോ രോമകൂപത്തിൽ നിന്നും പുറത്തേക്ക് വരും.”
നിശ്ശബ്ദരായിരിക്കുന്ന വേളയിലും ആളുകൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. മൗനം പോലും വാചാലം എന്ന് സാഹിത്യഭാഷയിൽ പറയുന്നതും വെറുതെയല്ല. ശരീര ഭാഷയിലൂടെയും ആംഗ്യത്തിലൂടെയും ഒരു സ്ഥലത്തേക്ക് കടന്നു വരുന്ന രീതിയിൽ പോലും ആ സംവേദനം തുടർന്നു കൊണ്ടിരിക്കും. വായ് കൊണ്ടു പറയുന്നതിലും സത്യസന്ധമായിരിക്കും ഇങ്ങനെ പറയാതെ പറയുന്ന കാര്യങ്ങൾ. മാനറിസങ്ങളെ കുറിച്ചും അവാചിക ആശയവിനിമയത്തെ കുറിച്ചുമുള്ള പഠനത്തെ സൈക്കോഡ്രാമ എന്നാണ് വിളിക്കുന്നത്.
കൈകളുടെ ചലനത്തിൽ നിന്നു മാത്രം ഒരു വ്യക്‌തിയുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യൻ ശ്രമിച്ചു തുടങ്ങിയതാണ്. ഈ പറഞ്ഞ കാര്യങ്ങളെ അവഗണിക്കാൻ കഴിയില്ല എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞരും പറയുന്നത്. ഭൂരിഭാഗം പേരും അവർ പോലും അറിയാതെ അംഗവിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇനി മനപൂർവ്വം അംഗവിക്ഷേപം കുറയ്‌ക്കാൻ ശ്രമിച്ചെന്നിരിക്കട്ടെ, അതും നൽകുന്നുണ്ട് ചില സന്ദേശങ്ങൾ. അങ്ങനെ ചെയ്യുമ്പോൾ സ്വയം ഒരു സാഹചര്യത്തിൽ നിന്നോ, മറ്റൊരു വ്യക്‌തിയിൽ നിന്നോ ഉൾവലിയാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ് സൂചന. മാനറിസങ്ങളും ചേഷ്ടകളും പ്രകടിപ്പിക്കുന്നത് മോശമോ തെറ്റോ അല്ല. സത്യസന്ധമായ രീതിയിൽ നമ്മുടെ വികാരവിചാരങ്ങളെ ശരീരം പ്രകടിപ്പിക്കുന്നു. അത് നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.
അംഗവിക്ഷേപങ്ങളെ പൊതുവൽക്കരിക്കുക പ്രയാസമാണ്. അത് സാഹചര്യങ്ങളെയും വ്യക്‌തിയെയും ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും പൊതുവായി മൂക്കു കടിക്കുമ്പോഴാണ് ഒരാൾ തന്‍റെ മൂക്ക് ചൊറിയാൻ തുടങ്ങുന്നത്. പക്ഷേ നിങ്ങൾ ഒരു കാര്യം പറയുന്നതിനിടെ കേൾക്കുന്നയാൾ മൂക്ക് ചൊറിയുന്നുണ്ടെങ്കിൽ പറയുന്ന കാര്യം അത്ര വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് അർത്ഥം. സംസാരിക്കുന്ന വ്യക്‌തി മൂക്ക് ചൊറിയുന്നുണ്ടെങ്കിലും ആ സംസാരത്തിൽ എന്തോ അസ്വാഭാവികമായതുണ്ടെന്ന് മനസ്സിലാക്കണം.
അംഗവിക്ഷേപങ്ങളെയും പെരുമാറ്റത്തെയും കൃത്യമായി ക്ലാസിഫൈ ചെയ്യാൻ കഴിയില്ലെങ്കിലും നാല് വിഭാഗങ്ങളിലായി അവയെ ഉൾപ്പെടുത്തി മനസ്സിലാക്കാവുന്നത്.
-
-
- സംരക്ഷണം
- ഉറപ്പ്
- അനിശ്ചിതത്വം
- ആക്രമണം
-
സംരക്ഷണം എന്ന വിഭാഗത്തിൽ ഏറ്റവും പൊതുവായ അംഗ വിക്ഷേപങ്ങള്‍ പെടുന്നതാണ്. കൈകൾ നെഞ്ചിൽ കെട്ടി നിൽക്കുന്നത്. മറ്റൊരാളെ വിമർശിക്കുമ്പോൾ നാം ഇങ്ങനെ കൈകൾ നെഞ്ചിൽ പിണച്ചു കവചം തീർക്കുക സ്വാഭാവികമാണ്. ബസ് സ്റ്റോപ്പുകളിലും മറ്റും നിൽക്കുമ്പോൾ സ്ത്രീകൾ ഇങ്ങനെ കൈ നെഞ്ചത്തു കെട്ടി നിൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. സ്വയം സംരക്ഷണമാണത്. ലൈംഗികമായ മാനറിസങ്ങളിലേക്കു വരുമ്പോൾ പുരുഷനാണ് സ്ത്രീയെക്കാൾ കൂടുതൽ പ്രകടിപ്പിക്കുന്നത്. അതേസമയം തോളുകൾ ഇളക്കുന്നതിലും കൈകാലുകൾ കൂടുതൽ ചലിപ്പിക്കുന്നതിലും സ്ത്രീകൾ തന്നെയാണ്.
ഒരു പൊതുപരിപാടിയിൽ ഒരു അതിഥി തന്‍റെ കസേരയിൽ വളരെ ഉറപ്പിച്ച് ഇരിക്കുന്നതു കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം. അയാൾ സ്വയം അറിയാതെ ഒരു സംരക്ഷണം ആഗ്രഹിക്കുകയാണ്. അങ്ങനെയൊരാളെ ശരിക്കും നിരീക്ഷിക്കുകയും സംസാരിക്കുകയും ചെയ്‌തു നോക്കൂ. മേൽപ്പറഞ്ഞ കാര്യം സത്യമാണെന്ന് വ്യക്‌തമാകും.
അതുപോലെ തന്നെ ഒരു വ്യക്‌തിയോട് നാം സംസാരിക്കുമ്പോൾ ആ വ്യക്തി കോട്ടിന്‍റെ ബട്ടനുകൾ ഇടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പൊതുവിൽ അയാൾ സംരക്ഷണം തേടുന്നു എന്നാണ് സൂചന. പ്രത്യേകിച്ചും മുറിയിൽ തണുപ്പില്ലെങ്കിൽ തീർച്ചയായും ആ പ്രതികരണം മനസ്സിന്‍റെ തന്നെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൂടെയുള്ള ആളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന്‍റെ തെളിവും ആകാം.
സ്ത്രീകളാണെന്നിരിക്കട്ടെ, ഈ സാഹ ചര്യത്തിലെന്നു കരുതുക. അവർ സ്വന്തം തൊണ്ടയിൽ മെല്ലെ വിരൽ ഓടിക്കും. ഒരു വ്യക്‌തിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നതിന്‍റെയോ പ്രത്യേക സാഹചര്യത്തിൽ നിന്ന് സംരക്ഷണം തേടുന്നതിന്‍റെയോ, മറ്റൊരു ആംഗ്യമാണ് സ്വന്തം കൈകൾ ഒരു കണ്ണിനുമേൽ വച്ച് സംസാരിക്കാനുള്ള ശ്രമം. കാലുകൾ പിണച്ച് വച്ച് ഇരിക്കുന്നതും കൈകൾ മടിയിൽ വച്ച് ഇരിക്കുന്നതും സംരക്ഷണം തേടുന്നത്തിന്‍റെ സൂചനയാണ്.
ഓഫീസിലെ ഫർണീച്ചർ അറേഞ്ച്മെന്‍റിൽ പോലും സംരക്ഷണം ആഗ്രഹിക്കുന്നതിന്‍റെ പ്രതികരണം കാണാൻ കഴിയും ഒരു വലിയ ടേബിളിന്‍റെ ഒരു വശത്ത് ഒരാളും, അതേ സ്ഥാപനത്തിലെ മറ്റുള്ളവർ ആ ടേബിളിന്‍റെ എതിർവശത്തും മാത്രം ഇരിക്കാൻ പാകത്തിന് കസേര അറേഞ്ച് ചെയ്യുന്നതിൽ ഡിഫൻസീവ് കാരണം ഉണ്ടാകുമെന്നാണ് മന:ശാസ്ത്രജ്‌ഞരുടെ നിഗമനം. സ്വന്തം ഐഡന്‍റിറ്റി തേടുന്നതിന്‍റെ പൊതുവായ അംഗവിക്ഷേപങ്ങളിലൊന്നാണ് കൈകൾ കൂട്ടിപിടിക്കുന്നതും തള്ളവിരലുകൾ തമ്മിൽ കൂട്ടിയുരസുന്നതും. എന്നാൽ തള്ളവിരൽ എതിർദിശയിൽ പിടിച്ച് ഉരസാൻ ശ്രമിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം. കക്ഷി അൽപം അസ്വസ്ഥനാണ്. കൈവിരലുകൾ കോർത്തു പിടിക്കുന്നത് യാഥാർത്ഥ്യ ബോധത്തിലാണെന്ന ചിന്ത ശക്‌തിപ്പെടുത്താനാണ്.
ഇങ്ങനെ സ്വയം ഉറപ്പുവരുത്തുന്നതിന്‍റെ മറ്റൊരു ലക്ഷണമാണ് ഒരു കൂട്ടം ആളുകൾക്കിടയിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടെ കിടക്കുന്ന കസേരകളിലോ, വസ്തുക്കളിലോ സ്പർശിക്കുന്നത്.
ബോസിന്‍റെ മേശപ്പുറത്ത് പ്രത്യേകം ഒരുക്കി വച്ച പെൻസിൽ ബോക്‌സ്, പേപ്പർ തുടങ്ങിയവ കണ്ടാൽ മനസ്സിലാക്കുക, ബോക്സിനും താൻ ബോസാണെന്ന ഉറപ്പാക്കൽ ആവശ്യമുണ്ട് എന്ന്. ബോസ് തന്‍റെ ആഷ്‍ട്രേയും പെൻസിൽ ബോക്‌സും ഇടയ്ക്കിടെ റീ അറേഞ്ച് ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ അർത്ഥം ഇതാണ്.
“കണ്ടോ ഞാൻ വളരെ പ്രധാനപ്പെട്ട വ്യക്‌തിയാണ്. നിങ്ങൾ കൊണ്ടുവരുന്ന ഏതു പേപ്പറും പരിശോധിക്കാനുള്ള അധികാരം മാർക്ക് ചെയ്യുന്ന പെൻസിലും എന്‍റെ കൈവശമുണ്ട്.”പിന്നെ ചെറിയ ശബ്ദത്തിൽ അദ്ദേഹം ഇങ്ങനെ സ്വയം ചോദിക്കുന്നുണ്ടാകും. “ഇതെല്ലാം നേരു തന്നെ?”
ഒരു ഗ്രൂപ്പിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്‌തി എപ്പോഴും ബന്ധപ്പെട്ട അധികാരിയുടെ തൊട്ടടുത്ത സിറ്റിൽ ഇരിക്കാൻ ശ്രമിക്കും.
ഇനി ഒരു വ്യക്‌തി നിങ്ങളോട് സഹകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ പല രീതിയിൽ അതു പറയാതെ പറയും. ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്ന വ്യക്‌തി കോട്ടിന്‍റെ ബട്ടൻ ഇടുന്നതു പോലെ സഹകരിക്കാൻ ആഗ്രഹിക്കുന്നയാൾ കോട്ടിന്‍റെ ബട്ടൻ അഴിക്കും. കോട്ട് പുറകോട്ട് തള്ളുകയോ ബെൽറ്റിലോ പോക്കറ്റിലോ കൈവിരലുകൾ ഇടുകയോ ചെയ്യും. നിങ്ങളെ കേൾക്കാൻ ഞാൻ തയ്യാറാണ് എന്നതിന്‍റെ സൂചനയാണത്.
ഇരിക്കുകയാണെങ്കിൽ ആ വ്യക്‌തി കാലുകൾ പിണയ്‌ക്കാതെ നീട്ടി വച്ചിരിക്കും. ഓഫീസിലാണെങ്കിൽ രണ്ടുപേർക്കിടയിൽ ഡസ്കിന്‍റെ തടസം പോലും വരാതെ ഇരിക്കാൻ ശ്രമിക്കും.
മറ്റൊരാൾ പറയുന്നത് കേട്ടിരിക്കുന്ന ആൾ, വായ്പൊത്തി കേൾക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്‍റെ അർത്ഥം അവർ ഉള്ളിലെ ദേഷ്യം അടക്കാൻ ശ്രമിക്കുന്നു എന്നാണ്. മനസ്സിലെ ദേഷ്യം തീർക്കാൻ ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. ചില നേരത്ത് ദേഷ്യം നിയന്ത്രിക്കേണ്ടി വരുമ്പോൾ ശരീരം സ്വയമറിയാതെ ചില സൂചനകൾ നൽകും. ഇഷ്‌ടപ്പെടാത്ത കാര്യം സംസാരിക്കുമ്പോൾ കസേരയിൽ പിന്നോക്കം ചാഞ്ഞിരിക്കുന്നത് അത്തരം ഒരു സൂചന പുറപ്പെടുവിക്കുന്നു. ഷൂ കൊണ്ട് തറയിൽ സ്വയമറിയാതെ ഉരസുന്നതും മറ്റൊരു പ്രകടനമാണ്.
അഗ്രസീവ് രീതിയും ദേഷ്യം അടക്കുന്ന രീതിയുമൊക്കെ പലരിലും വ്യത്യസ്‌തമാണ്. എങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ മറ്റൊരാൾ പറയാതെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കും മനസ്സിലാവും. അതിനാൽ നല്ലൊരു കേൾവിക്കാരനും കാഴ്ചക്കാരനും ആകാം. കൂടുതൽ മനസ്സിലാക്കാം.