പ്രണയമാണ് എനിക്ക് ഇഷ്‌ടപ്പെട്ട വിഷയം. സോഷ്യൽ മീഡിയയിൽ എന്‍റെ എഴുത്തുകൾ മിക്കതും സ്‌ത്രീപക്ഷമാണുതാനും പ്രണയിനിയും ഫെമിനിസ്‌റ്റും തമ്മിൽച്ചേരില്ല എന്നു പറയുന്നവരോട് എന്നെ നോക്കൂ എന്നേ പറയാനുള്ളൂ.
എനിക്ക് എന്‍റെ എഴുത്തുകളെ കുറിച്ച് നല്ലതായി പറയാനുള്ളത് ഒരു കാര്യമാണ്. അത് സത്യസന്ധമാണ് എന്നതാണ് അക്കാര്യം. ചിലപ്പോഴെങ്കിലും ആത്മാംശം കലർന്നതും മറ്റു ചിലപ്പോൾ അത്രമേൽ പ്രിയപ്പെട്ട ചിലരുടെ അനുഭവങ്ങൾ ആത്മാംശം പോലെ തോന്നിപ്പിക്കുന്ന തരത്തിലുമാണ് എഴുത്തുകൾ. അപൂർവമായി പൊതുവായ എഴുത്തുകളും ഉണ്ടാവാറുണ്ട്. തിരിച്ചു പ്രതികരണങ്ങൾ കുറവാകയാൽ വലിയ തോതിൽ വായിക്കപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യാറില്ലാത്ത എഴുത്തുകളുടെ ഉടമയാണ് ഞാൻ എന്ന് പറയേണ്ടിയിരിക്കുന്നു. എങ്കിലും എനിക്ക് സന്തോഷത്തോടെ പറയാനുള്ളത് കമന്‍റ് ബോക്‌സിൽ പരസ്യമായോ മെസ്സേജ് ബോക്‌സിൽ രഹസ്യമായി ശല്യപ്പെടുത്തുന്ന തരത്തിലോ അലോസരമുണ്ടാക്കുന്ന തരത്തിലോ ആരും തന്നെ പ്രതികരിക്കാറില്ല എന്നതാണ്.
ഉറച്ചതും ധൈര്യപൂർവവുമായ നിലപാടുകളാണ് എനിക്കുള്ളതെന്ന് എഴുത്തുകാർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ടെന്നാണ് വിശ്വാസം. ഇതുവരെയുള്ള പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ അത്രമേൽ നിലവാരം കുറഞ്ഞ വായനക്കാരാരും തന്നെ മുഖപുസ്തകത്തിൽ എനിക്കില്ലതാനും. പോസ്‌റ്റുകൾ എല്ലാം പബ്ലിക് ആയതിനാൽ സുഹൃത്തുക്കളല്ലാത്തവർക്കും വായിക്കാവുന്നതാണ്. അതിന് കാരണം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്‌മതയല്ല. മറ്റൊന്ന് ഫേസ്ബുക്കിലായാലും വാട്‌സാപ്പിലായാലും ചാറ്റിംഗ് എന്‍റെ മേഖലയല്ല എന്നതാണ്. വളരെ ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ വരി പറഞ്ഞെങ്കിലായി.
ജെനുവിൻ ആണെന്നു തോന്നുന്നവർക്ക് ഫോൺ നമ്പർ കൊടുക്കുകയാണ് പതിവ്. നേരിട്ട് സംസാരിക്കുന്നതാണ് സന്തോഷം. എന്‍റെ എഴുത്തുകൾ വായിച്ച് അഭിപ്രായം പറയാൻ ഞരമ്പു രോഗികൾ തീരെ വന്നിട്ടില്ല എന്നല്ല, വളരെ അപൂർവമായി മാത്രം ഉണ്ടായിട്ടുണ്ട്. കാര്യം മനസ്സിലായി കഴിഞ്ഞാൽ വാദപ്രതിവാദങ്ങൾക്കും പോകാറില്ല. അടുത്ത നിമിഷം ബ്ലോക്ക് ചെയ്യുകയാണ് പതിവ്. സ്‌ക്രീൻ ഷോട്ട് എടുത്ത് പരസ്യപ്പെടുത്തുന്നതിനോട് എന്തോ എനിക്ക് താല്‌പര്യമില്ല. അങ്ങനെ ചെയ്യുന്നവരെ കുറ്റപ്പെടുത്താനുമില്ല. അവർക്ക് അവരുടേതായ ന്യായീകരണങ്ങൾ കാണും.
തുറന്നെഴുത്ത് എന്നാൽ ജീവിതം പച്ചയായ് വെട്ടിവിളിച്ച് പറയുന്നതാണെന്നും അഭിപ്രായമില്ല. അശ്ലീലവും ലൈംഗികതയും പച്ചയ്‌ക്ക് വിളിച്ചു പറയുന്നതാണ് തുറന്നെഴുത്തെന്നും അഭിപ്രായമില്ല. സ്വയം വിമർശനമാവണം തുറന്നെഴുത്തിന്‍റെ ആത്മാവ്. സ്‌ത്രീയായതുകൊണ്ട് വായനക്കാർ കൂടുന്നു എന്ന ആരോപണം എന്‍റെ കാര്യത്തിൽ തീർത്തും ശരിയല്ല. എഴുത്തിൽ നിലവാരം കുറഞ്ഞ പുരുഷന്മാർക്ക് എന്‍റേതിനേക്കാൾ പതിന്മടങ്ങ് വായനക്കാരുള്ളതായി കണ്ടിട്ടുമുണ്ട്.
മറ്റുള്ളവരുടെ എഴുത്തുകൾ വായിക്കുകയും പ്രതികരിക്കുകയും വളരെ കുറച്ചേ ചെയ്യാറുള്ളൂ എന്നതിനാൽ തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ. അങ്ങനെ പരസ്‌പര സഹായ പദ്ധതിയിലൂടെ ലൈക്കും കമന്‍റും കൂട്ടാൻ താല്‌പര്യവുമില്ല. ഒരിക്കൽ പോലും ആരുടെയും മെസേജ് ബോക്‌സിൽ ലിങ്ക് കോപ്പി ചെയ്‌ത് കൊടുത്ത് ലൈക്കോ കമന്‍റോ ചോദിച്ചു വാങ്ങലുമില്ല . പോസ്‌റ്റുകളിൽ ആരെയും ടാഗ് ചെയ്യാറുമില്ല. വായിക്കാൻ താല്‌പര്യമുള്ളവർ വായിച്ചാൽ മതി എന്നാണ്.