മൂന്ന് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ദിനകരൻ ഇന്ന് മെന്‍റൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജ് ആവുകയാണ്. കഠിനമായ മാനസികപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പൂർണ്ണമായും അസുഖം ഭേദമായി എന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് ദിനകരനെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്.
ഭാര്യയും, മകനും മരുമകളും മൂന്ന് വയസ്സുള്ള പേരകുട്ടിയും ആശുപത്രിയിലെത്തിയിരുന്നു. താൻ ജീവിതത്തിൽ അധിക സമയവും ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്ന വീട്ടിലേയ്ക്ക് പോകുന്നതു തന്നെ ദിനകരനെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.
ആശുപത്രിയിലെ ഔപചാരികതകൾ പൂർത്തിയാക്കാൻ 2 മണിക്കൂറോളം എടുത്തു. ദിനകരൻ വാർഡിൽ നിന്ന് പുറത്ത് കടന്നതും കുടുബാംഗങ്ങൾ എല്ലാവരും തന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ഭാര്യയുടെ കണ്ണ് നിറഞ്ഞത് ദിനകരൻ പ്രത്യേകം ശ്രദ്ധിച്ചു. പേരക്കുട്ടി ഓടിപ്പോയി അച്ഛഛനെ തൊട്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകി. പേരക്കുട്ടി തന്‍റെ കുഞ്ഞ് കൈകൾ കൊണ്ട് അതു തുടച്ച് കൊടുത്തപ്പോൾ എല്ലാവരും അതുവരെ അനുഭവിക്കാത്ത ഒരു വൈകാരികനുഭവത്തിലൂടെ കടന്നു പോയി.
ദിനകരന്‍റെ ഭാര്യ കവിത അദ്ദേഹത്തിന്‍റെ കാൽക്കൽ വീണ് വിങ്ങിപൊട്ടി.
“എനിക്ക് മാപ്പ് തരണം. ഞാൻ…”
ദിനകരൻ രണ്ട് കൈകൾ കൊണ്ടും ഭാര്യയെ പിടിച്ചെഴുന്നേൽപ്പിച്ചു. “നമുക്ക് പോകാം” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
സരിത കാരണമാണ് ദിനകരന് മാനസ്സിക ആഘാതം ഉണ്ടായത്. സരിതയുമായി ദിനകരൻ പരിചയപ്പെടുന്നത് 15 വർഷം മുമ്പാണ്. ഒരു ബന്ധുവിന്‍റെ കല്ല്യാണ വീട്ടിൽ വച്ചായിരുന്നു അത്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന സൗന്ദര്യമായിരുന്നു സരിതയുടേത്. ആ വശ്യത ആരേയും ആകർഷിക്കും.
അവളുടെ കല്ല്യാണം കഴിഞ്ഞിട്ട് 10 വർഷമായിരുന്നു. പക്ഷേ അഴകളവിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. 30 വസന്തങ്ങൾ കണ്ട ആളാണെന്നോ, രണ്ട് കുട്ടികളുടെ അമ്മയാണെന്നോ, കണ്ടാൽ ആരും തന്നെ പറയുമായിരുന്നില്ല. അവളുടെ കണ്ണുകളിൽ 18 കാരിയുടെ കുസൃതിയുണ്ടായിരുന്നോ?
കവിതയാണ് ദിനകരന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത്.
“ഇതെന്‍റെ കൂട്ടുകാരിയാണ്. സരിത, എന്‍റെ അകന്ന ബന്ധു കൂടിയാണ്.”
“ഹലോ” സരിത ചിരിച്ചു കൊണ്ട് കൈ നീട്ടി.
“ഹായ്” ദിനകരൻ അവൾക്ക് കൈകൊടുത്തു.
തന്നിൽ തന്നെ ഒതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു ദിനകരന്. അൽപം നാണം കുണുങ്ങിയും ആയിരുന്നു, പക്ഷേ സരിത നേരെ തിരിച്ചാണ്. ഒരു കിലുക്കാം പെട്ടി തുറന്ന ഇടപെടുന്ന പ്രകൃതം. എവിടെ ചെന്നാലും സാന്നിദ്ധ്യം ആളുകൾ തിരിച്ചറിയുന്ന സ്വഭാവമായിരുന്നു അവളുടേത്.
സരിതയും കവിതയും തങ്ങളുടെ കുട്ടികാല ഓർമ്മകൾ അയവിറക്കുകയായിരുന്നു. ദിനകരൻ അതിനിടയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതു അധികം ഒച്ച വയ്‌ക്കാതെ.
“എടോ, നിന്‍റെ ഭർത്താവിനെ നീ വരിഞ്ഞുകെട്ടി വച്ചിരിക്കുകയാണോ. പുള്ളിക്കാരൻ അധികമൊന്നും സംസാരിക്കുന്നില്ലല്ലോ. എന്‍റെ ഭർത്താവ് ഇങ്ങനെയൊന്നുമല്ല കെട്ടോ, പെണ്ണുങ്ങളെ കാണുമ്പോഴാണ് പുള്ളി വായ തുറക്കുന്നത് തന്നെ…” സരിത ഉറക്കെ ചിരിച്ചു, കവിൾ ചുവന്നു.
“ഒന്നു പോടോ, ദിനകരേട്ടൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല.” കവിത സതിതയെ തമാശ രൂപത്തിൽ ഒന്ന് നുള്ളി. സരിത കവിതയോട് കാര്യമായി സംസാരിക്കുന്നതിനിടയിലും ഇടയ്‌ക്കിടയ്‌ക്ക് അവളുടെ നോട്ടം ദിനകരനിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു.
സംസാരം കവിതയോടാണെങ്കിലും മനസ്സ് ദിനകരനില്ലാണ് പതിക്കുന്നത്. അയാളുടെ ശാന്തമായ കണ്ണുകളിൽ അവളുടെ നോട്ടം ഉടക്കി കൊണ്ടിരുന്നു.
ദിനകരൻ സുന്ദരനാണ്. സൂര്യനെപ്പോലെ പ്രഭയുള്ളയാൾ. ഉറച്ച ശരീരവും കൂടിയാകുമ്പോൾ സുന്ദരമായ വ്യക്‌തിത്വം. കവിത പക്ഷേ വ്യായാമം ചെയ്യാത്ത ശരീരത്തിനുടമയായിരുന്നു. വായയിൽ തോന്നിയത് വിളിച്ചു പറയുന്ന പ്രകൃതവുമാണ്. ആരെയെങ്കിലും പറ്റി കുറ്റം പറയാതിരുന്നാൽ ഉറക്കം വരാത്ത ആൾ എന്നാണ് പണ്ടേ കൂട്ടുകാരികൾ കളിയാക്കാറ്. സരിത അതെല്ലാം വെറുതെ ഓർത്തു.
10-12 വർഷത്തിനു ശേഷമാണ് സരിതയും കവിതയും ഈ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്നത്. അതിനാൽ തന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയങ്ങൾ അവർക്ക് പങ്കിടാനുണ്ടായിരുന്നു. അതിനാൽ തന്നെ അവരുടെ സംസാരം ഏറെ മണിക്കൂറുകൾ നീണ്ടു… ദിനകരന് ബോറടിച്ചു തുടങ്ങിയിരുന്നു.
ഒരു ദിവസം മുബൈയ്ക്ക് വരാനായി സരിത അവളെ ക്ഷണിച്ചു.
“കുടുംബസമേതം വരൂ”
“ഭർത്താവിനെയും മക്കളെയും കൂടി നീയും കൊച്ചിലോട് വാ” കവിതയും ക്ഷണിച്ചു. അന്ന് ഒന്നിച്ച് സദ്യ കഴിച്ച് അവർ പിരിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു ശേഷം പുതുവർഷ പിറവിയെത്തി. ദിനകരൻ എല്ലാവർക്കും പുതുവർഷാശംസകൾ എസ്എംഎസ് അയച്ചു. അപ്പോൾ അവിചാരിതമായി ദിനകരന് ഒരു കോൾ വന്നു. സരിതയുടെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു.
“ഹലോ ചേട്ടാ, പുതുവർഷാശംസകൾ. നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ” ഒറ്റ ശ്വാസത്തിലാണ് സരിത ദിനകരൻ ഫോണെടുത്ത ഉടനെ പറഞ്ഞത്.
“നിങ്ങൾക്കും പുതുവർഷാശംസകൾ”.
ദിനകരൻ പറഞ്ഞു.
“നിങ്ങളുടെ എസ്എംഎസ് കിട്ടി. എനിക്കാണെങ്കിൽ ടൈപ്പ് ചെയ്യാൻ മടിയാണ്. അതിനാൽ വിളിക്കാമെന്നു വച്ചു.”
പുതുവർഷത്തിലെ സംസാരം ഏറെ നീണ്ടു നിന്നു. സരിതയോട് സംസാരിച്ചപ്പോൾ ദിനകരനും ഏറെ സന്തോഷം തോന്നി. ദിനകരൻ കവിത കമ്പകാരനായിരുന്നു. അത്യാവശ്യം എഴുതുന്ന സൂകേടും ഉണ്ട്. തന്‍റെ കവിതകൾ സുഹൃത്തുക്കൾക്ക് മൊബൈൽ വഴി അയച്ചു കൊടുക്കുന്ന ശീലവും അയാൾക്കുണ്ടായിരുന്നു.
ദിനകരൻ സരിതയ്‌ക്ക് തന്‍റെ നുറുങ്ങു കവിതകൾ അയയ്ക്കാൻ തുടങ്ങി. എസ്എംഎസ് കിട്ടിയാലുടൻ സരിത ദിനകരനെ വിളിക്കുന്നത് പതിവായി. ഒരു പുതിയ തരം കൊടുക്കൽ വാങ്ങാലിന്‍റെ സുഖം അവരുടെ ഹൃദയത്തിനു പരിചിതമായി തുടങ്ങി.
ചില ദിവസങ്ങളിൽ സംസാരം മണിക്കൂറുകൾ നീണ്ടു. സൂര്യനടിയിലുള്ള സകല കാര്യങ്ങളും സംസാര വിഷയമാകും. സംസാരിക്കാൻ പറ്റാത്ത നേരങ്ങളിൽ സരിത എസ്എംഎസ് അയക്കാനും തുടങ്ങി. ദിനകരനോട് കൂട്ടുകൂടിയതിൽ പിന്നെ അവൾ അതും പഠിച്ചിരിക്കുന്നു. ക്ഷമയോടെ ടൈപ്പ് ചെയ്യാൻ.
“ദിനകർ ജി, നിങ്ങൾ മുബൈയ്‌ക്ക് വരുന്നേ… നിങ്ങളെ നേരിൽ കാണാൻ കൊതിയാവുന്നു.” ഒരു ദിവസം സരിത മുന്നും പിന്നും നോക്കാതെ പറഞ്ഞു.
“എന്‍റെ മനസ്സും അത് ആഗ്രഹിക്കുന്നുണ്ട് സരിതാജി.”
“സരിതാജി… അത്ര ബഹുമാനമൊന്നും എന്നെ വിളിക്കുമ്പോൾ വേണ്ട. എന്‍റെ പേര് വിളിച്ചാൽ മതി. അധികാരം സ്‌ഥാപിക്കുന്നവരെയാണ് എനിക്കിഷ്‌ടം…” സരിത വശ്യമായി ചിരിച്ചു.
“എങ്കിൽ നീയും എന്‍റെ പേര് വിളിച്ചാൽ മതി.”
“ഹും” അപ്പോഴാണ് കൂടുതൽ അടുപ്പം തോന്നുന്നത് സരിത പറഞ്ഞു.
ഒരു ദിവസം ഒഫീഷ്യൽ കാര്യത്തിനായി മുബൈയിൽ പോകേണ്ട ആവശ്യം വന്നപ്പോൾ ദിനകരൻ സരിതയോട് വരുന്ന കാര്യം പറഞ്ഞു.
ഹൃദയത്തിൽ ആകാശത്തോളം ആഹ്ലാദം ഒളിപ്പിച്ചു വച്ചു കൊണ്ട് സരിത ദിനകരനോട് വല്ലാത്ത അടുപ്പം കാട്ടി.
“നിങ്ങൾ നേരെ എന്‍റെ വീട്ടിലേയ്‌ക്ക് പോരൂ. ഹോട്ടലിൽ മുറി എടുക്കുകയൊന്നും വേണ്ട.”
“ഞാൻ പറഞ്ഞല്ലോ എന്‍റെ വിസിറ്റിംഗ് ഒഫീഷ്യലാണ്. പകൽ ജോലി കഴിഞ്ഞ ശേഷം ഞാൻ നിന്നെയും ഭർത്താവിനേയും വന്ന് കണ്ടോളാം.”
“അതൊന്നും നടപ്പില്ല. നിങ്ങൾ എയർപോർട്ടിൽ നിന്ന് നേരെ എന്‍റെ വീട്ടിലേയ്‌ക്ക് വന്നാൽ മതി.”
“ശരി. ശരി… നോക്കാം. പക്ഷേ, ഞാൻ അവിടെ വരുന്നത് വല്ലാത്ത അപരിചിതത്വം തോന്നിയേക്കാം. നിന്‍റെ, ഭർത്താവും കുട്ടികളും… അവർക്കത് അൺ കംഫർട്ടബിളായി തോന്നാം.”
“ഏയ്… അതൊന്നും ഉണ്ടാവില്ല. അതു കൊണ്ടല്ലോ ഞാൻ ധൈര്യപൂർവ്വം ക്ഷണിക്കുന്നത്. എയർ പോർട്ടിലെത്തിയാലുടൻ എന്നെ ഫോൺ ചെയ്യൂ. ഞാൻ കാറുമായി ഡ്രൈവറെ വിടാം.”
അവസാനം സരിതയുടെ ആഗ്രഹത്തിനു ദിനകരന് വഴങ്ങേണ്ടി വന്നു. മുബൈ എയർപോർട്ടിൽ നിന്ന് ഡ്രൈവർ, ദിനകരനെ കൂടി സരിതയുടെ വീട്ടിലെത്തി. ബാൽക്കണിയിൽ കാത്ത് നിൽക്കുകയായിരുന്നു സരിത, ദിനകരനെ കണ്ടതും കൈവീശി. അവർ വർഷങ്ങളായി കാത്തു നിൽക്കുന്നതുപ്പോലെയുള്ള ആകാംഷ. അവളുടെ ചുവന്നു തുടുത്ത മുഖം വെളിപ്പെടുത്തി. അവളുടെ കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്. ഭർത്താവ് വിജയ് എഴുന്നേറ്റിട്ടില്ല.
“വരൂ… വരൂ… ”സരിത അയാളെ ഗസ്‌റ്റ് റൂമിൽ ഇരിക്കാനായി ക്ഷണിച്ചു.
“ചായ വേണോ അതോ കാപ്പിയോ?”
“എന്തായാലും കുഴപ്പമില്ല”
“ഞാൻ 5 മിനിറ്റിനുള്ളിൽ വരാം. അപ്പോഴേക്കും നിങ്ങൾ ഒന്ന് ഫ്രഷ് ആയിക്കോളൂ.” സരിത അടുക്കളയിലേയ്‌ക്ക് നീങ്ങി.
“അവസാനം നിങ്ങൾ ഇവിടെ എത്തിയല്ലോ, എത്രയോ കാലമായി വരാമെന്ന് പറഞ്ഞ് പറ്റിക്കുന്നു.” ചായ നൽകുമ്പോൾ സരിത ആവേശത്തോടെ പറഞ്ഞു.
“വരാതിരിക്കാനാവില്ലല്ലോ… നീ ക്ഷണിച്ചതല്ലേ…”
അതു ശരി, എന്നാലും ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ? സരിത കുസൃതി പറഞ്ഞു.
“എല്ലാമാണ്. എന്‍റെ ലോകം, എന്‍റെ ശ്വാസം… എന്‍റെ ജീവൻ… നീയെന്‍റെ എല്ലാമാണ്.”
ഇതു പറഞ്ഞ് കഴിഞ്ഞതും സരിത, ദിനകരന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. കുറച്ചു നേരം വൈകാരികമായി രണ്ടാളും ആ നോട്ടത്താൽ ചുറ്റി വരിഞ്ഞ് കിടക്കുന്നതുപ്പോലെ…
“എനിക്കതറിയാം ചങ്ങാതി” സരിത പറഞ്ഞു.
“വിനയ് എഴുന്നേൽക്കാറായി. നിങ്ങൾ കുളിച്ച് ഫ്രഷായി കോളൂ. ഞാനപ്പഴേയ്‌ക്കും ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” സരിത എഴുന്നേൽക്കാൻ ശ്രമിച്ചതും ദിനകരൻ അവളുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.
“ഇരിക്കൂ, എന്താണിത്ര തിരക്ക്.”
ദിനകരൻ സ്നേഹപൂർവ്വം കൈപിടിച്ചതും പ്രണയത്തോടെ നോക്കിയതും സരിതയ്‌ക്ക് ഏറെ ഇഷ്‌ടപ്പെട്ടു. അപ്പോഴാണ് വിനയ് അവിടെയ്‌ക്ക് വന്നത്. ദിനകരൻ കൈ വലിച്ചത് അദ്ദേഹം കണ്ടോ എന്തോ?
സരിത ഭർത്താവിന് ദിനകരനെ പരിചയപ്പെടുത്തി.
“ഹലോ” സരിതയെ തൊട്ട അതേ കൈകൊണ്ട് ദിനകരൻ വിനയ്ക്ക് കൈകൊടുത്തു.
“പരിചയപ്പെട്ടത്തിൽ സന്തോഷം, ഇവൾ എപ്പോഴും നിങ്ങളെപ്പറ്റി പറയാറുണ്ട്.” വിനയ് പറഞ്ഞു.
“നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം.” ദിനകരൻ പറഞ്ഞു.
“അപ്പോ… എന്നെ കണ്ടതിൽ സന്തോഷം ഒട്ടും ഇല്ലേ…” സരിത പറഞ്ഞത് കേട്ട് മൂവരും പൊട്ടിചിരിച്ചു. അന്നേ ദിവസം വിജയ്‌ക്ക് ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.
“എനിക്കിന്ന് ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ല. തിരക്കുണ്ട്. നീ അദ്ദേഹത്തെ നമ്മുടെ കാറിൽ എവിടെയാണ് പോകേണ്ടതെന്ന് വച്ചാൽ വിട്ടു കൊടുത്തോളൂ.”
“ശരി, എന്നാൽ ഞാനും തയ്യാറാവട്ടെ. സമയം വൈകേണ്ടല്ലോ.” സരിത പറഞ്ഞു.
വിജയ് ഓഫീസിലേക്കിറങ്ങിയതും ദിനകരനുമായി തുറന്ന് സംസാരിക്കാനുള്ള അവസരം സരിതയ്‌ക്ക് കൈവന്നു. ദിനകരൻ ഹൃദയം സരിതക്കായി തുറന്ന് വച്ചിരിക്കുകയാണ്. സരിതയും പ്രണയവിവശയായിരുന്നു. വ്യക്‌തിഗത സങ്കടങ്ങൾ ഇറക്കി വയ്‌ക്കാനുള്ള അത്താണിയായാണ് അവൾ ഈ ബന്ധത്തെ കണ്ടത്. നേർത്ത പ്രണയത്തിന്‍റെ അരുവി സരിതയുടെ ഹൃദയത്തിൽ നിന്ന് ദിനകരന്‍റെ ഹൃദയ സാഗരത്തിലേയ്‌ക്ക് ഒഴുകി വന്നു. ജീവിത പങ്കാളിയെ തരുമ്പോൾ വിധി തങ്ങളോട് അനീതി കാട്ടിയതായി രണ്ടാൾക്കും അപ്പോൾ തോന്നി.
അന്നേ ദിവസം മുഴുവനും ദിനകരനൊപ്പം സരിത നഗരം മുഴുവൻ ചുറ്റിയടിച്ചു. തന്‍റെ അന്നേ ദിവസത്തെ അപോയിന്‍റ്മെന്‍റ് തീർത്തശേഷം ദിനകരൻ വീണ്ടും സരിതയുമായി പുറത്തേക്കിറങ്ങി.
“ഞാൻ ഫ്രീയായി, ഇനി നിനക്ക് ഇഷ്‌ടമുള്ളയിടത്ത് എന്നെ കൊണ്ടു പോകാം.”
“എങ്കിൽ നമുക്ക് ഒളിച്ചോടിയാല്ലോ…” സരിത തമാശ പറഞ്ഞ് പൊട്ടി ചിരിച്ചു. അപ്പോൾ അവളുടെ മുടിയിഴകൾ അയാളുടെ മുഖത്ത് വന്ന് തട്ടികൊണ്ടിരുന്നു.
അന്ന് കടപ്പുറത്ത് ചുറ്റി കറങ്ങിയശേഷം വൈകുന്നേരമാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്.
കുട്ടികൾ സ്കൂളിൽ നിന്ന് വരാറായിരുന്നു. വിജയ് അത്താഴത്തിന്‍റെ സമയത്താണ് എന്നും വീട്ടിലെത്താറ്. ദിനകരന്‍റെ ഫൈളറ്റ് രാത്രി ഏറെ വൈകിയിട്ടായിരുന്നു. പക്ഷേ വിജയ് വീട്ടിലെത്തുന്നതിനു മുമ്പ് ദിനകരനെ എയർപോർട്ടിൽ കൊണ്ടു വിടണമെന്ന് സരിത ആഗ്രഹിച്ചു. പക്ഷേ കുറച്ചു നേരം കൂടി സരിതക്കൊപ്പം വീട്ടിൽ ചിലവിടാമെന്നാണ് ദിനകരൻ കരുതിയത്.
“എയർപോർട്ടിലേയ്‌ക്ക് ഇപ്പോൾ തന്നെ ഇറങ്ങിയാലോ.” സരിത ചോദിച്ചു.
“എന്തിനാണ്, ഇനിയും ഏറെ മണിക്കൂറുകൾ ഉണ്ടല്ലോ. നേരത്തെ ചെന്ന് അവിടെ എന്തു ചെയ്യാനാ?”
“ഇവിടെ ട്രാഫിക് ജാം പതിവാണ്. സമയത്തിന് അവിടെ ചെല്ലണമെങ്കിൽ ഇപ്പോഴേ ഇറങ്ങണം. ഇല്ലെങ്കിൽ ഫൈള്റ്റ് മിസ്സാവും.” സരിത പറഞ്ഞു.
“ഏയ് അതൊന്നും സംഭവിക്കില്ല. ഇനി ഫൈള്റ്റ് മിസ്സ് ആയാൽ തന്നെ പ്രശ്നമില്ല. നാളത്തെ ഫൈള്റ്റിന് രാവിലെ പോകാമല്ലോ” ദിനകരൻ വളരെ കൂൾ ആയിരുന്നു.
ഇതിന് സരിതയ്‌ക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ എന്തോ കാര്യം ഉണ്ടെന്ന് ദിനകരനും തോന്നിയിരുന്നു. പക്ഷേ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ പുറത്ത് ചുറ്റിയടിയ്‌ക്കാൻ പോയ സമയത്ത് പറയേണ്ടതല്ലായിരുന്നോ…
കുറച്ചു സമയത്തിനുശേഷം ഡോർ ബൈൽ മുഴങ്ങി. സരിത സന്തോഷം വറ്റിയ മുഖവുമായി ഡോർ തുറന്നു. വിജയ് ആണ്! കുടിച്ച് ലക്കുകെട്ടാണ് വരവ്. അലങ്കോലമാണ്…
“വിജയ്, നിങ്ങൾ ഇന്നും കുടിച്ചിട്ടാണ് വന്നിരിക്കുന്നത് അല്ലേ… ഗസ്‌റ്റ് ഉള്ള കാര്യം പോലും നിങ്ങൾ മറന്നോ?”
“നിന്‍റെ അതിഥി വന്നിട്ടുണ്ടെങ്കിൽ എനിക്കെന്താടി, മാറി നിൽക്ക്”. അയാൾ അവളെ ഉന്തിമാറ്റി അകത്തേയ്‌ക്ക് കയറി.
“പ്ലീസ് വിജയ് ഒന്ന് മെല്ലെ പറയൂ. ദിനകരൻ കേൾക്കും.” സരിത അപേക്ഷാ സ്വരത്തിൽ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു.
ദിനകരന് എല്ലാം മനസ്സിലായി. പക്ഷേ അയാൾ സരിതയോട് ഒന്നും മിണ്ടിയില്ല. അവളുടെ ദാമ്പത്യം താളപിഴ നിറഞ്ഞതാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. വിജയ് ബെഡ് റൂമിൽ എത്തി. കിടക്കയിലേയ്ക്ക് വീണു.
വിജയ് കിടന്ന കിടപ്പിൽ എന്തെല്ലാമോ പിറുപിറുക്കുനുണ്ടായിരുന്നു. അതേ വേഷത്തിൽ അയാൾ അവിടെ കിടന്ന് മയങ്ങിപോയി. സരിത അയാളുടെ കാലിൽ നിന്ന് ഷൂസ് അഴിച്ചു മാറ്റി. അവൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. അപമാനിതയാവുന്നതിന്‍റെ വ്യഥ അവളെ അശക്‌തയാക്കിയിരുന്നു.
ദിനകരൻ തന്നെ നോക്കുന്നതു കണ്ടപ്പോൾ സരിത ശരിക്കും വിങ്ങി പൊട്ടിപ്പോയി.
“സാരമില്ല, കരച്ചിൽ നിർത്തൂ” ദിനകരൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുട്ടികൾ ഉറങ്ങിയിരുന്നതിനാൽ അവൾക്കിതൊന്നും കാണേണ്ടി വന്നില്ല. ദിനകരൻ സ്വാതന്ത്യ്രത്തോടെ സരിതയെ തൊട്ടപ്പോൾ തനിക്ക് ഈ ഭൂമിയിൽ ആശ്വസിക്കാൻ ഒരിടമുണ്ടെന്ന തോന്നൽ അവൾക്കുണ്ടായി.
“ എന്നെയും കൂടെ കൊണ്ടു പോകൂ ദിനകർ. എനിക്കിനി ഇവിടെ കഴിയേണ്ട” സരിത തേങ്ങി കൊണ്ട് പറഞ്ഞു.
എങ്ങനെ കൊണ്ടു പോകും? എവിടെയ്‌ക്ക് കൊണ്ടു പോകും? ഏതു ബന്ധത്തിന്‍റെ പുറത്ത് കൊണ്ടു പോകും? ദിനകരനെ ഒരു പാട് ചോദ്യങ്ങൾ വലച്ചു.
“എല്ലാം ശരിയാവും.” അയാൾക്ക് അത്രയേ മറുപടി പറയാൻ കഴിഞ്ഞുള്ളൂ.
ഈ അവസ്‌ഥയിൽ അവളെ ഒറ്റക്ക് വിട്ട് പോകാൻ അയാളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഫൈള്റ്റിന്‍റെ സമയം അടുത്തു കൊണ്ടിരുന്നു. അതിനാൽ അയാൾ വേഗം ഇറങ്ങി.
ദിനകരൻ തന്‍റെ നഗരത്തിൽ തിരച്ചെത്തി. സരിതയുടെ കരയുന്ന മുഖം അയാളെ വിട്ട് പോയതേയില്ല. അയാൾ സരിതയെ ഫോൺ ചെയ്‌തു.
“ഇപ്പോൾ എങ്ങനെയുണ്ട് കാര്യങ്ങൾ?”
“കുഴപ്പമൊന്നുമില്ല. സുഖമായിരിക്കുന്നു. അവിടെ എന്തുണ്ട് വിശേഷം.”
“നിന്നെ പറ്റി ഓർക്കുകയാണ്. കണ്ണടച്ചാലും തുറന്നാലും നീയാണ് മനസ്സിൽ.”
“എന്നേയോർത്ത് ടെൻഷനടിക്കണ്ട. ഇതൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.”
“നിന്‍റെ അവസഥയാലോചിച്ച് ഞാൻ പേടിച്ചു പോയിരുന്നു.”
“ആ കാര്യങ്ങൾ വിടൂ ദിനകർ. നിങ്ങളെ കണ്ടപ്പോൾ ഞാൻ ഇമോഷണൽ ആയി പോയി… സോറി?” സരിത പറഞ്ഞു.
ഈ സംഭവത്തിനു ശേഷം അവർ കൂറെ കൂടി അടുത്തു.
പരസ്‌പരം കാണുന്നതിന്‍റെ എണ്ണം വർദ്ധിച്ചു. മാസത്തിൽ 2 -3 തവണ ദിനകർ ടൂർ പതിവാക്കി. ദിവസവും സംസാരിച്ചില്ലെങ്കിൽ എന്തോ നഷ്‌ടപ്പെടുന്ന പ്രതീതിയായിരുന്നു ഇരുവർക്കും. അടരുവാൻ വയ്യാത്ത ഒന്ന്.
വിജയിനെ ജീവിതത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിലും ദിനകരനെ പ്രണയിക്കാതിരിക്കാനും സരിതയ്‌ക്കായില്ല. രണ്ടു പേരേയും ഒഴിവാക്കാൻ അവൾക്കായില്ല. വിചിത്രമായ മാനസ്സികാവസ്‌ഥയിലൂടെയാണവൾ ആ ദിവസങ്ങൾ കടന്നു പോയത്.
വിജയ്യുടെ സ്വഭാവത്തിൽ നേരിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. അയാളുടെ മദ്യപാനശീലം കുറഞ്ഞു വന്നു. സരിതയുടെ സ്നേഹപൂർവ്വമുള്ള ഇടപെടൽ അയാളെ ജീവിതത്തിലേയ്‌ക്ക് തിരികെയെത്തിക്കാൻ ഉതകുന്നതായി.
പക്ഷേ ദിനകരൻ കവിതയിൽ നിന്ന് ഏറെ അകന്നു തുടങ്ങിയിരുന്നു. അയാളടെ മനസ്സിൽ സരിതയാണ് നിറഞ്ഞ് നിന്നത്. അവളില്ലാതെ പറ്റില്ല എന്ന നിലയിലായിരുന്നു അയാൾ. ഇതിനിടയിൽ ദിനകരന്‍റെ മകന്‍റെ കല്ല്യാണവും നടന്നു.
വീട്ടിലേയ്‌ക്ക് സ്നേഹ സമ്പന്നയായ മരുമകൻ വന്നാൽ കവിതയിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുമെന്ന് ദിനകരൻ പ്രത്യാശിച്ചു. പണ്ടേ ആ സ്വപ്നങ്ങൾ കാറ്റിൽ പറന്നു പോയി. ദിനകരനോട് രൂക്ഷമായി സംസാരിക്കുന്ന കവിതയുടെ ശീലത്തിന് യാതൊരു മാറ്റവും വന്നില്ല.
ദിനകരന്‍റെയും സരിതയുടെയും സ്നേഹത്തിന് 15 വർഷം പൂർത്തിയായി… പെട്ടെനൊരുന്നാൾ സരിതയുടെ പെരുമാറ്റത്തിൽ ദിനകരനെ അത്ഭുതപ്പെടുത്തുന്ന വ്യതിയാനം സംഭവിച്ചു. ദിനകരനോട് ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞു. തിരിച്ചു വിളിക്കുന്നതേ നിലച്ചൂ.
ദിനകരന് അവളുടെ അകൽച്ച ശരിക്കും ഫീൽ ചെയ്യാൻ തുടങ്ങി. സരിത തന്‍റെ അടുത്ത് ഇങ്ങനെ ഇടപ്പെടുമോ? അവൾ തന്നെ വഞ്ചിക്കുകയാണെന്ന് അയാൾക്ക് ബോധ്യമായി. അവൾ ഭർത്താവിനോട് ഏറെ അടുത്തിരുന്നു. ഭർത്താവ് നല്ല മനുഷ്യനായി തീർന്നതോടെ സ്നേഹത്തിനു വേണ്ടി, പുറത്ത് പോകേണ്ട അവസ്‌ഥ അവൾക്കില്ലാതായി.
കവിത ഒരിക്കലും അയാളുടെ ഹൃദയം കീഴടക്കിയില്ല. സരിത വിട്ടു പോവുകയും ചെയ്യുന്നു. സ്നേഹരഹിതനായി കഴിയാൻ അയാൾക്കൊരിക്കലും കഴിയുമായിരുന്നില്ല.
“നിങ്ങൾ എന്നെ മറക്കണം. നിങ്ങളുടെ കൂടെ കഴിയാൻ എനിക്കാവില്ല. എനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ട് അത് നിങ്ങൾ മറക്കരുത്.” ഒരിക്കൽ, അധികാര ഭാവത്തോടെ ദിനകരൻ കയർത്തപ്പോൾ സരിത പറഞ്ഞു.
തകർന്നു പോയി ദിനകരൻ. വിജനമായ ഒരു കുന്നിൻ മുകളിൽ തന്നെ ആരോ ഒറ്റക്കായി പോയപ്പൊലെ…
“പക്ഷേ ഞാൻ…” അയാൾക്ക് കരച്ചിൽ വന്നു.
“എന്നോട് ക്ഷമിക്കണം. എന്‍റെ കുട്ടികൾ മുതിർന്നു. രണ്ട് തോണിയിൽ കാലിട്ടു കൊണ്ടുള്ള ഒരു ജീവിതം എനിക്കിനിപറ്റില്ല.”
“നീ എന്തെ എന്തിനാണിങ്ങനെ ശിക്ഷിക്കുന്നത് സരിതേ? ഞാൻ അത്രയ്‌ക്ക് വെറുക്കപ്പെട്ടവനാണോ?”
“അല്ല. ഞാൻ ജീവിതം പഠിച്ചത് നിങ്ങളിൽ നിന്നാണ്. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങളുടെ അടുത്ത നിന്ന് കിട്ടിയ നന്മയാണ് എന്‍റെ ജീവിതം” സരിത തേങ്ങുന്നതായി അയാൾ കേട്ടു.
ഇത്രയും കാലം ആരുമറിയാതെ, ആർക്കും ദോഷ്യമുണ്ടാക്കാതെ നമുക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലോ, ഇനി മരണം വരെ അതു തുടർന്നൂടേ…” അയാൾക്ക് യാചനയുടെ സ്വരമായിരുന്നപ്പോൾ. വേണ്ട ദിനകർ, നമ്മുടെ ബന്ധത്തിന് പേരില്ല. ഈ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇനി എന്നെ വിളിക്കരുത്.”
ദിനകരന്‍റെ കൈയിൽ കിടന്ന് മൊബൈൽ ഫോൺ വിറച്ചു. അയാൾ പിന്നെ വിറച്ചു കൊണ്ട് വീണത്തിന് ഭ്രാന്തിന്‍റെ ലോകത്തേക്കായിരുന്നു. സ്നേഹം നഷ്‌ടപ്പെട്ടവർ ചെന്നു പതിക്കുന്ന പതിവു സ്‌ഥലം. മനോവിഭ്രാന്തിയാൽ, അയാൾക്ക് പെട്ടെന്ന് വയസ്സായതു പോലെ തോന്നി.
ദേഷ്യവും, സങ്കടവും, പറ്റിക്കപ്പെടുന്ന തോന്നലും ദിനകരനെ ശരിക്കും തളർത്തി കളഞ്ഞു.
കുറെ ദിവസം അയാൾ സരിതയെ ഫോണിൽ ട്രൈ ചെയ്‌തു. പക്ഷേ റിംഗ് ചെയ്‌തതല്ലാതെ മറുതലയ്‌ക്കൽ ആരും എടുത്തില്ല.
ദിനകരൻ ഒരു വൈകുന്നേരം പുറത്തേക്കിറങ്ങി. തിരിച്ചു വരുമ്പോൾ, കൂടെ കുറെപേർ ഉണ്ടായിരുന്നു. അയാൾ വഴിതെറ്റി, പിച്ചു പേയും പറയാൻ തുടങ്ങിയപ്പോൾ അയൽവാസികൾ വീട്ടിലെത്തിച്ചതാണ്. അകാരണമായി കരയുകയും, ദേഷ്യപ്പെടുകയും ചെയ്യുന്ന ദിനകരനെയാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്.
മനസ്സിനേറ്റ ആഘാതം, ചികിത്സയിലൂടെ മാത്രമേ മാറ്റിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിൽ അയാളെ അഡ്മിറ്റാക്കിയത്. ഇന്ന് ദിനകരൻ പുറത്തിറങ്ങുകയാണ്. സ്നേഹത്തിന്‍റെ പഴയ അദ്ധ്യായങ്ങൾ മായ്ച്ചു കളഞ്ഞ മനസ്സുമായി.
കവിത അയാളെ, വിവാഹ ദിനത്തിലെന്നപ്പോലെ, കൈയിൽ പിടിച്ചു വീട്ടിലേയ്‌ക്ക് കയറ്റി.