ദാസന്‍റേയും വിജയന്‍റേയും ദുബായ് കഥയറിയാത്തവരായി ആരുണ്ട്. കേരളത്തിൽ നിന്നും സ്വപ്നങ്ങളുമായി കുടിയേറിയ ഒട്ടേറെ ദുബായ് മലയാളികളുണ്ട്. അവർക്കിടയിൽ നിന്നും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ യുവതാരമാണ് ആദിൽ ഇബ്രാഹിം.

ലൂസിഫര്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ആദിൽ കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദ ധാരിയും ബിസിനസ്സ് സംരഭകനുമാണ്. മോഡലിംഗിലും റേഡിയോ ടെലിവിഷൻ മാധ്യമങ്ങളിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്തിയ ഈ യുവ കലാകാരൻ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ്. മലയാളക്കരയിലേക്ക് ഒരു ദുബായ്ക്കാരനെപ്പോലെ പറന്നിറങ്ങിയ ആദിൽ തന്‍റെ മനസ്സ് തുറക്കുന്നു….

സിനിമ മോഹിപ്പിച്ചു തുടങ്ങിയതെപ്പോഴാണ്?

ചെറുപ്പം മുതലേ ഒരുപാടൊരുപാട് സിനിമകൾ കണ്ടാണ് വളർന്നു വന്നത്. സിനിമയ്ക്കുള്ളിൽ നിരവധി കലാരൂപങ്ങളുടെ കൂടിച്ചേരലുണ്ട്. ഇതൊരുപാടാളുകളെ ഭ്രമിപ്പിക്കുന്നുണ്ട്. ആ ഭ്രമം എനിക്കുമുണ്ടായി.

സംവിധാനത്തിൽ താൽപര്യമുണ്ടോ?

സംവിധാനം മറ്റൊരു മേഖലയാണ്. സംവിധായകനാണ് സിനിമയുടെ മാസ്‌റ്റർ. എനിക്കതിനുള്ള കഴിവൊന്നുമായിട്ടില്ല. സിനിമയ്ക്കായി കോൺട്രിബ്യൂട്ട് ചെയ്യണമെന്ന ആഗ്രഹമുണ്ട്. അഭിനയത്തോടൊപ്പം എഴുത്തിലും ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ എനിക്ക് റൊമാൻസും ആക്ഷനുമൊക്കെ ചെയ്യണം. നല്ല ചാമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ കിട്ടണമെന്നാണ്. സീരിയസ് കോമഡി എന്നീ വിഭാഗങ്ങളിലും ചലഞ്ചിംഗായിട്ടുള്ള വേഷങ്ങൾ വരണം. സിനിമാരംഗത്ത് തന്നെ ഉറച്ച് നിന്നു കൊണ്ട് ഭാവി ഒരുക്കിയെടുക്കണം.

ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ദുബായിലാണല്ലോ. എന്നിട്ടും ഇത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു…

ഒരു മിക്‌സ്ഡ് കൾച്ചർ എൻവയോൺമെന്‍റിലാണ് വളർന്നതെങ്കിലും മലയാളം പഠിപ്പിക്കുന്ന ന്യൂ ഇന്ത്യൻ മോഡൽ സ്ക്കൂളിലാണ് എന്നെ ചേർത്തത്. ഞാൻ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. വേൾഡ് ലിറ്ററേച്ചറിനോടെന്ന പോലെ തന്നെ മലയാള സാഹിത്യത്തോടും അടുപ്പമുണ്ടായിരുന്നു. മലയാളം അധ്യാപകരായ മുരളി സാറിനോടും നസീർ സാറിനോടുമാണ് ഞാൻ അക്കാര്യത്തിൽ നന്ദി പറയുന്നത്. ലോകത്തെവിടെ പോയാലും വീട്ടിലേക്കെന്ന പോലെ കേരളത്തിലേക്ക് തിരിച്ചു വരണം എന്നത് എന്‍റെയുള്ളിൽ എപ്പോഴും സൂക്ഷിക്കുന്നു.

മലയാള സാഹിത്യത്തിൽ ആകർഷിച്ചിട്ടുള്ളത് ഏതൊക്കെയാണ്?

എസ്കെ പൊറ്റക്കാടിന്‍റേയും, എംടിയുടേയും ബഷീറിന്‍റേയും നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സഞ്ജയന്‍റെ നർമ്മത്തോടും എനിക്ക് നല്ല താൽപര്യമാണ്. വായനയാണ് എന്നെ മുന്നോട്ട് നടത്തിയിട്ടുള്ളത്. ഒരു ദേശത്തിന്‍റെ കഥയൊക്കെ പലതവണ വായിച്ചിട്ടുണ്ട്. ഇനിയുമൊരുപാട് പുസ്‌തകങ്ങൾ വായിക്കാനുണ്ട്. ആവർത്തിച്ചു വായിക്കുന്ന പുസ്തകങ്ങളേറെയും ബഷീറിന്‍റെ കഥകളാണ്. സത്യത്തിൽ ഞാനൊരു ബഷീറിയനാണ്.

അക്കാദമിക് കാലത്തെ സൗഹൃദങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഉണ്ടോന്നോ… അവരൊക്കെയാണ് എന്‍റെ എപ്പോഴത്തേയും സൗഹൃദങ്ങൾ. സ്കൂളിലും, കോളേജിലുമൊക്കെ എനിക്ക് നല്ല നല്ല സൗഹൃദങ്ങളുണ്ടായി. നീ ഒരു കാലത്ത് എല്ലാവരും അറിയപ്പെടുന്ന ഒരാളായി മാറുമെന്ന് അവർ പറയുമായിരുന്നു. എല്ലാവരുമായിട്ടും എപ്പോഴും നല്ല ടച്ചിലാണ്. കൂടെ പഠിച്ചവരെയൊക്കെ അങ്ങിനെയങ്ങ് വിട്ടുകളയാൻ പറ്റ്വോ… കൂട്ടുകാരല്ലേ നമ്മുടെ ജീവിതത്തിലെ സമ്പാദ്യം.

വെർച്ച്വൽ വെനസ്ഡേയെക്കുറിച്ച് പറയാമോ?

എല്ലാ ബുധനാഴ്ചയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത് മാത്രമാണത്. സത്യത്തിൽ എനിക്കിത് പബ്ലിസിറ്റിയിൽ വന്നതിനോട് തീർത്തും വിയോജിപ്പാണ്. ആരോ തിരഞ്ഞ് കണ്ടെത്തി എന്നെക്കുറിച്ച് പറയുന്നതിനൊപ്പം ചേർത്ത് പോയതാണ്. എന്‍റെ വളരെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ കുറേ വർഷമായി ഞാൻ ചെയ്യുന്നതാണ്. ഇത് ആളെക്കൂട്ടാനുള്ളതോ എല്ലാവരേയും വിളിച്ച് പറഞ്ഞ് ചെയ്യാനുള്ളതോ അല്ല.

എഞ്ചിനീയറിംഗ് പഠനകാലത്തെ രസകരമായൊരു അനുഭവം പങ്കുവയ്ക്കാമോ?

ഞാൻ നല്ല ഉഴപ്പായിരുന്നു. ഫൈനൽ?ഇയർ പ്രൊജക്ടൊക്കെ കഴിഞ്ഞ് ക്യാംപസ് ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുന്ന സമയത്താണ് ആ ചോദ്യം വരുന്നത്, എന്‍റെ പ്രൊജക്‌ട് എന്തായിരുന്നുവെന്നും എന്തുകൊണ്ടാണ് അത് സെലക്ട് ചെയ്തതെന്നും ഇന്‍റർവ്യൂ ബോർഡിലുള്ളർ ചോദിച്ചു. പ്രൊജക്ട് ചെയ്‌തിട്ട് രണ്ടുമാസം പോലും തികഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഞാൻ ചെയ്‌ത പ്രോജക്ട് എന്താണെന്നു പോലും ഓർമ്മ വന്നില്ല. പറഞ്ഞാൽ ചിലപ്പോ ആരും വിശ്വസിക്കില്ല. ഇന്‍റർവ്യൂവിന്‍റെ കാര്യം പിന്നെ പറയണ്ടല്ലോ. ആ സമയത്താണ് എനിക്ക് മനസ്സിലായത് യാന്ത്രികമായിട്ടായിരുന്നു ഞാൻ ഫൈനൽ ഇയർ പ്രൊജക്ട് ചെയ്‌തതെന്ന്. അതിപ്പോഴും ഒരു നിഗൂഢ രഹസ്യമാണ്. (ചിരിയടക്കാനാകാതെ പൊട്ടിച്ചിരിക്കുന്നു).

വിദേശത്ത് പഠിച്ച ഒരാളെന്ന നിലയ്ക്ക് കേരളത്തിലെ കലാലയ അന്തരീക്ഷത്തെ എങ്ങനെ നോക്കി കാണുന്നു?

അയ്യോ! തീർച്ചയായും ഒരുപാടൊരുപാട് വ്യത്യാസമുണ്ട്. ഞാൻ ഇവിടെയുള്ള കോളേജുകളിൽ ഗസ്റ്റ് ആയി പോകാറുണ്ട്. എന്‍റെയൊക്കെ കോളേജ് കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടതെന്താണെന്ന് അതൊക്കെ അനുഭവിച്ചാലേ അറിയൂ. കലാലയ രാഷ്ട്രീയത്തോടൊക്കെ എനിക്ക് വലിയ താൽപര്യമാണ്. ആ ഒരു കോളേജ് അന്തരീക്ഷം ഞാനൊരുപാട് മിസ് ചെയ്തു. കോളേജ് രാഷ്ട്രീയത്തിനൊക്കെ ഒരു പ്രത്യേക വൈബാണ്. അതൊന്നും കിട്ടാതെ പഠിക്കേണ്ടി വന്നതിൽ നഷ്ടബോധം ഉണ്ട്. കേരളത്തിലെ കോളേജുകളിൽ വളരെയധികം സോഷ്യോ പൊളിറ്റിക്കൽ സ്ട്രക്ചറുണ്ട്. അതില്ലാത്തയിടത്തു നിന്നും വരുമ്പോഴാണ് കലാലയ രാഷ്ട്രീയത്തിന്‍റെ ഗുണം മനസ്സിലാവുകയുള്ളൂ.

സെലിബ്രിറ്റി സ്‌റ്റാറ്റസ് ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട്?

ആളുകൾ എന്നെ തിരിച്ചറിയുന്നു എന്നത് സത്യം തന്നെയാണ്. അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് പബ്ലിസിറ്റി കിട്ടുന്നത് ഞാൻ ചെയ്യുന്ന ടിവി ഷോകളിലൂടെയാണ്. ജീവിതത്തിലുണ്ടാകുന്ന വിജയങ്ങളെ എങ്ങനെ നമ്മൾ ഡിഫൈൻ ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ റോംഗ് എക്സാംബിൾ സെറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്‍റെ വ്യക്‌തിത്വത്തെ ഞാനൊരിക്കലും പെരുപ്പിച്ച് കാണിക്കില്ല.

ആരാധികമാരുടെ പ്രണയത്തിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

ആരാധികമാരായാലും ആരാധകന്മാരായാലും അവരുടെയൊക്കെ സ്നേഹത്തിന് ഏറെ നന്ദിയുണ്ട്. എന്നെ ഭയങ്കരമായിട്ട് ഇഷ്‌ടപ്പെടുന്നവരൊക്കെയുണ്ട്. ഓരോ സമയത്തും അവർ ചെയ്യുന്നതൊക്കെ പറഞ്ഞ് മെസേജ് അയക്കും. (ഇതൊക്കെ സ്നേഹമാണല്ലോ എന്ന് പറഞ്ഞ് ചിരിക്കുന്നു) അവരുടെയൊക്കെ സ്നേഹത്തിന് എന്നാൽ കഴിയുന്ന പോലെ മറുപടി പറയാറുണ്ട്. സത്യത്തിൽ ഒരു കാലത്ത് ഞാനിതൊക്കെ ആഗ്രഹിച്ചിരുന്നു. എന്നെക്കാണുമ്പോഴോ എന്‍റെ പേര് കേൾക്കുമ്പോഴോ ഒരാൾക്ക് പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണല്ലോ.

ഷോ അവതാരകനായി മാറുമ്പോൾ ആദിൽ എന്തൊക്കെയാണ് ശ്രദ്ധിക്കുക?

ഓരോ ഷോയും വ്യത്യസ്തമാണ്. ആ ഷോ ആവശ്യപ്പെടുന്ന മൂഡ് അനുസരിച്ച് അവതാരകനാവുക; ഡി ഫോർ ഡാൻസിൽ സെൻസിബിളല്ലാത്ത വളരെ ഫണ്ണിയായ കോമഡി രീതിയിലാണ് അവതരിപ്പിച്ചത്. പക്ഷേ സ്റ്റിൽ സ്റ്റാൻഡിംഗിലേക്ക് വരുമ്പോൾ പ്രത്യേകമായി ഫണ്ണിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. അവിടെ ഞാൻ കുറേക്കൂടി എന്‍റെ ശരിയായ വ്യക്‌തിത്വത്തോട് യോജിക്കുന്ന രീതിയിലാണ് പെരുമാറുന്നത്. എന്‍റേത് തീരെ കൺസ്ട്രക്റ്റീവല്ലാത്ത കാഷ്വലായ ആങ്കറിംഗാണ്.

കണ്ടതിൽ, ഏറ്റവും ഇഷ്‌ടമുള്ള സിനിമ?

സ്റ്റീവൻ സ്പിൽബർഗിന്‍റെ ദ ടെർമിനൽ എന്ന സിനിമ ഒരു പത്തമ്പത് തവണ കണ്ടിട്ടുണ്ട്. നന്മയുള്ള മനുഷ്യന്‍റെ നല്ല മനുഷ്യരുടെ ഉളളറിയുന്ന സിനിമ. എനിക്കാ സിനിമ എത്ര കണ്ടാലും മതിവരില്ല.

യാത്രകളോടുള്ള ഇഷ്‌ടം?

തിരക്കുകളിൽ നിന്ന് മാറി നിൽക്കുക എന്നത് മാത്രമല്ല ഞാൻ യാത്ര ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മളൊന്നുമല്ല എന്ന തിരിച്ചറിവുണ്ടാകുന്നത് യാത്ര ചെയ്യുമ്പോഴാണ്. ഒരുപാട് സ്‌ഥലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്‌തിട്ടുണ്ട്. ഹിമാലയം അതിലേറ്റവും പ്രിയപ്പെട്ടതാണ്. അവിടെ വീണ്ടും പോകണം. 2013 ലാണ് ഞാൻ ആദ്യമായിട്ട് ഹിമാലയത്തിലേക്ക് പോകുന്നത്. ഒരു വല്ലാത്ത വശ്യതയുണ്ടവിടെ.

ഭക്ഷണത്തോടുള്ള താൽപര്യം എങ്ങനെയാണ്? ഡയറ്റുണ്ടോ?

എനിക്കിഷ്ടമുള്ളതൊക്കെ കഴിക്കും. ഫിഷ് വിഭവങ്ങളോട് അത്ര താൽപര്യമില്ല. പക്ഷേ എന്‍റെ ഉമ്മ വയ്ക്കുന്ന ചെമ്മീൻ കറി അത് ഒഴിവാക്കാൻ പറ്റൂല്ല. ഉമ്മയ്ക്ക് നല്ല കൈപുണ്യമാണ്. സാമ്പാറ്, പുളിയിഞ്ചി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വെജ് വിഭവങ്ങളും ഉമ്മ തയ്യാറാക്കും. പിന്നെ നല്ല വറുത്തരച്ച ബീഫ് ഫ്രൈ (ബീഫെന്നു പറഞ്ഞാൽ എന്നെ ജയിലിലിടോ!) ഞങ്ങൾ അഞ്ച് മക്കൾക്കും ഓരോരുത്തരുടേയും ഇഷ്‌ടത്തിനനുസരിച്ച് ഉമ്മ തയ്യാറാക്കിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി, അതെപ്പോഴും സ്പെഷ്യൽ തന്നെ.

ഫാഷൻ സങ്കൽപങ്ങൾ…

എനിക്ക് എന്‍റേതായൊരു പാറ്റേണുണ്ട്. ബ്ലൂ, ബ്ലാക്ക്, വൈറ്റ് കോമ്പിനേഷനുകളാണ് കൂടുതലും ശ്രദ്ധിക്കുക.

और कहानियां पढ़ने के लिए क्लिक करें...