ലജ്ജിക്കുമ്പോൾ, ദേഷ്യം വരുമ്പോൾ ഭയപ്പെടുമ്പോൾ ഒക്കെ മുഖത്തിന്‍റെ നിറം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അത് ഉള്ളിൽ തോന്നുന്ന വികാരങ്ങളുടെ പ്രതിഫലനം തന്നെയാണ്. അതുപോലെ വൈകാരികമായ വിഷമങ്ങളും ചർമ്മത്തിലെ പല പ്രശ്നങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. ചർമ്മത്തിന്‍റെ ഓരോ അവസ്ഥകൾക്ക് മാനസികമായ ഒരു തലവും മറഞ്ഞിരിപ്പുണ്ട്. പലപ്പോഴും നാമതു ശ്രദ്ധിക്കാറില്ല എന്നു മാത്രം.

ചർമ്മവും മനസ്സും തമ്മിലുള്ള ഈ ബന്ധവും കാരണവും പ്രതിഫലനങ്ങളും കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും മാനസിക പിരിമുറുക്കവും മറ്റ് മാനസിക ഘടകങ്ങളും ചർമ്മത്തിന്‍റെ ചില അവസ്ഥകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. മനസ്സും ചർമ്മവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഈ ബന്ധത്തിന്‍റെ പ്രാധാന്യത്തിൽ നിന്നാണ് സൈക്കോ ഡെർമറ്റോളജി എന്ന മേഖല തന്നെ വികസിച്ചത്. സ്കിൻ പ്രശ്നങ്ങളുമായി ഡോക്‌ടർമാരെ കാണാൻ വരുന്ന രോഗികൾക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ടോ എന്ന് മെഡിക്കൽ ട്രീറ്റ്മെന്‍റിന്‍റെ ഭാഗമായി അന്വേഷിക്കാറുണ്ട്.

മനസ്സിന്‍റെ അവസ്‌ഥ അറിയുന്നതോടൊപ്പം സ്കിന്നിന്‍റെ പ്രശ്നത്തിന് ചികിത്സിക്കുകയാണ് ശരിയായ പരിഹാരം. ചിലപ്പോൾ സാധാരണ സ്കിൻ പ്രശ്നത്തിന് ഉള്ള മരുന്നുകൾ, സൈക്കോളജിക്കൽ സ്ട്രാറ്റജിയുമായി യോജിപ്പിച്ചു നൽകുമ്പോൾ കൂടുതൽ ഫലപ്രദമാകാറുണ്ട്. സ്കിൻ പ്രശ്നങ്ങളെ വൈകാരികതലവുമായി ബന്ധിപ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രോഗികളെ സഹായിക്കാൻ കഴിയുമെന്നാണ് എന്‍റെ വിശ്വാസം.

സെൽഫ് ഹിപ്പ്നോസിസ്, റിലാക്സേഷൻ പോലുള്ള മൈന്‍റ് ബോഡി ടെക്നിക്കുകളും, സൈക്കോ ഡെർമറ്റോളജിയിൽ ആവശ്യമായി വരാം. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ശരീരത്തെ രക്ഷിക്കുന്ന ഒരു കവചമാണത്. അണുബാധ, പരിക്ക്, അന്തരീക്ഷ മലിനീകരണം, ചൂട്, തണുപ്പ് ഇങ്ങനെ നിരവധി പ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്ന കവചം. വളരെ സങ്കീർണ്ണമായ നിരവധി ബയോളജിക്കൽ പ്രക്രിയകളും ചർമ്മത്തിലൂടെ നടക്കുന്നു.

ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്ന വിയർപ്പു ഗ്രന്ഥികളും രക്‌തക്കുഴലുകളും ചർമ്മത്തിന്‍റെ ഭാഗമാണ്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കുന്ന കോശങ്ങൾ, തലച്ചോറുമായി ബന്ധപ്പെട്ട നെർവുകൾ, രോഗാണുക്കളെ തടുക്കുന്ന പ്രതിരോധ സംവിധാനത്തിൽ പെട്ട കോശങ്ങളുടെ നിര ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ചർമ്മത്തിൽ ഒളിച്ചിരിക്കുന്നത്. മനസും ശരീരവും തമ്മിൽ സൈക്കോ ഡെർമറ്റോളോജിക് ഡിസോഡറുകൾ മൂന്നു തരം ഉണ്ടെന്നാണ് ഡോ.ടാന്യ ഉണ്ണി പറയുന്നത്.

  1. സൈക്കോ ഫിസിയോളജിക്കൽ

ശാരീരികമായ അടിസ്‌ഥാനം തന്നെയാണ് ഇത്തരം ചർമ്മ പ്രശ്നങ്ങളുടെ കാരണം. പക്ഷേ സ്ട്രെസ്, മറ്റ് വൈകാരിക ഘടകങ്ങൾ ഇവ നിമിത്തം ആ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിക്കുന്നു. മുഖക്കുരു, മുടിക്കൊഴിച്ചിൽ, പലതരത്തിലുള്ള എക്സിമ/ ഡെർമറ്റൈറ്റിസ്, ഹെർപിസ്, അമിതമായ വിയർപ്പ്, ചൊറിച്ചിൽ, സോറിയാസിസ്, സ്കിൻ ഫ്ളഷിംഗ്, അരിമ്പാറ ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്.

  1. സെക്കന്‍ററി സൈക്യാട്രിക്

ആളുകൾ ഒട്ടൊരു ഭയത്തോടെ വീക്ഷിക്കുന്ന ചർമ്മ പ്രശ്നങ്ങളാണ് സോറിയാസിസ്, വിട്ടിലിഗോ (പിഗ്മെന്‍റേഷൻ നഷ്ടമാകുന്നത്), കടുത്ത മുഖക്കുരു, ജനിറ്റൽ ഹെർപിസ് തുടങ്ങിയവ. ഇതൊക്കെ ചിലപ്പോൾ നാണക്കേട് ഉണ്ടാക്കാം. തുടർന്ന് വിഷാദവും അമിത ഉത്കൺഠയും സൃഷ്ടിച്ചേക്കാം. മൊത്തത്തിൽ അത് ജീവിതത്തിന്‍റെ ഗുണമേന്മ നശിപ്പിക്കുകയും ചെയ്യും. സ്കിൻ ഡിസ്ഓർഡറുകളും, വിഷാദ ലക്ഷണങ്ങളും തമ്മിൽ വ്യക്‌തമായ ബന്ധമുണ്ട് എന്നതിന് തെളിവുകളുമുണ്ട്. കഠിനമായ സോറിയാസിസ്, മുഖക്കുരു പ്രശ്നങ്ങളോ നേരിടുന്ന വ്യക്‌തികൾ, മറ്റു വ്യക്‌തികളെ അപേക്ഷിച്ച് രണ്ടിരട്ടി ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരാണ് എന്നാണ് ഒരു പഠനം പറയുന്നത്.

  1. പ്രൈമറി സൈക്യാട്രിക്

ഇനി ചില സ്കിൻ പ്രശ്നങ്ങൾ മാനസിക അസന്തുലിതാവസ്‌ഥയുടെ തന്നെ പ്രതിഫലനമായും വരാറുണ്ട്. മുടി വലിച്ചു പറിക്കൽ, ശരീരത്തിൽ ഏതോ ജീവികൾ അരിക്കുന്നതായുള്ള തോന്നൽ (ഡെല്യൂഷണൽ പാരസിറ്റോസിസ്), ശരീരത്തിലെ ചെറിയൊരു വൈകല്യത്തിന്‍റെ പേരിൽ തോന്നുന്ന നിരാശ, ചർമ്മത്തിൽ സ്വയം മുറിവേൽപ്പിക്കുക, ഇതൊക്കെ സൈക്കോ തെറാപ്പിയും സൈക്രാട്രിക് മെഡിസിനും ആവശ്യമായി വരുന്ന അവസ്‌ഥകളാണ്.

Dr.tanya2

മനസ്സിനെ സഹായിച്ച് ചർമ്മത്തെ സഹായിക്കാം വൈകാരികമായ പ്രതികരണം ചർമ്മത്തിലുണ്ടാകാമെങ്കിലും അത് എല്ലാ വ്യക്‌തികളിലും ഒരേ പോലെയല്ല സംഭവിക്കുന്നത്. ചിലരിൽ സ്കിൻ ഫിസിയോളജിയും സൈക്കോളജിക്കൽ പ്രശ്നവും പരസ്പരം ബന്ധപ്പെട്ടു വരുമ്പോൾ രണ്ടിനും ചികിത്സ നൽകുന്നത് വലിയ മാറ്റം ഉണ്ടാക്കും.

റിലാക്സേഷൻ ആന്‍റ് മെഡിറ്റേഷൻ റിലാക്സേഷനിലൂടെ രോഗത്തെ അതിജീവിക്കാനും സുഖം പ്രാപിക്കൽ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു എന്ന് കരുതാം. സൈക്കോ ന്യൂറോ ഇമ്യൂണോളജി അനുസരിച്ച് തലച്ചോറും പ്രതിരോധ സംവിധാനവും തമ്മിലുള്ള ആശയ വിനിമയം വ്യക്‌തിയുടെ പെരുമാറ്റത്തെയും ആശ്രയിച്ചിരിക്കുന്നു.

മുഖക്കുരു, എക്സിമ, ഹെർപിസ്, ഹൈപ്പർ ഹെഡ്രോസിസ്, സോറിയാസിസ് തുടങ്ങിയവയുടെ ചികിത്സയിൽ റിലാക്സേഷൻ ടെക്നിക്കുകൾക്ക് പ്രാധാന്യമുണ്ട്. മെഡിറ്റേഷൻ ടേപ്സ് കേട്ടു കൊണ്ട് ഫോട്ടോതെറാപ്പിക് ട്രീറ്റുമെന്‍റിന് വിധേയരാകുന്നവരിൽ, വെറുതെ ലൈറ്റ് ട്രീറ്റ്മെന്‍റ് ചെയ്യുന്നവരേക്കാൾ ഫലം കണ്ടു വരുന്നതായി പഠനങ്ങളും തെളിയിക്കുന്നു.

സൈക്കോതെറാപ്പി

സങ്കീർണമായ ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കുമ്പോൾ സൈക്കോതെറാപ്പിക് സമീപനം വളരെയധികം സഹായിക്കും. കൊഗ്‍നിറ്റീവ് ബിഹേവിയറൽ തെറാപ്പി ചെയ്യുന്ന ഡോക്ടർക്കും വിധേയയാകുന്ന രോഗിക്കും സ്കിൻ ഡാമേജു ചെയ്യുന്ന പെരുമാറ്റങ്ങളെ നിയന്ത്രിക്കാൻ കഴിയും. ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ചിന്താപ്രക്രിയകളെ മാറ്റി വയ്ക്കാൻ അതു സഹായിക്കും. ചർമ്മ ചികിത്സയിൽ സപ്പോർട്ടീവ് കൗൺസിലിംഗ് വഴി വ്യക്‌തിയെ കൂടുതൽ മനസിലാക്കാനും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞാൽ ഉത്തമമായിരിക്കും. സ്കിൻ പ്രശ്നങ്ങൾക്ക് ടോക്ക് തെറാപ്പിയും സഹായകമാണ്. ഒരാളുടെ മനസ് അയാളുടെ ചർമ്മത്തിലൂടെ സംസാരിക്കുകയാണെങ്കിൽ അതെന്താണെന്ന് മനസിലാക്കുന്നത് ചർമ്മത്തിനും മനസ്സിനും എന്തുകൊണ്ടും ഗുണം ചെയ്യും.

ഡോ. ടാന്യ ഉണ്ണിയ്ക്ക് ചേരുന്ന വിശേഷണങ്ങൾ നിരവധി

ഒ.ചന്തുമേനോന്‍റെ കൊച്ചുമകൾ എന്ന പദവി മുതൽ, ആസ്ട്രേലിയയിലെ ഏറ്റവും പോപ്പുലറായ കോസ്മെറ്റോളജിസ്റ്റ് എന്ന ഖ്യാതി വരെ അതിലുണ്ട്. 20 ഓളം മലയാള ചിത്രങ്ങൾ, ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം, ക്ലാസിക്കൽ ഡാൻസർ. ഇപ്പോൾ സ്കിൻ ആന്‍റ് കോസ്മെറ്റിക് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ആംറ്റൻ മെഡിക്കൽ, ആസ്ട്രേലിയൻ സ്കിൻ ലാബ് എന്നീ സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ് ഡോ.ടാന്യ ഉണ്ണി. വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമാണ് ഡോ. ടാന്യ ഉണ്ണി ഉണ്ണി.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എം പവറിംഗ് വുമൺ എന്റർപ്രെനെഴ്സ് (E.W.E) എന്ന പ്രോജക്ടിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയിലൂടെ ശാരീരിക, മാനസിക പീഡനങ്ങള്‍ അനുഭവിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

അവാർഡ് തിളക്കത്തിൽ ഈ യുവ ഡോക്ടർ

2019-2020 ൽ നിരവധി അവാർഡുകളും ടാന്യ ഉണ്ണിയെ തേടിയെത്തി.

  • 2020 ഓസംപ്രെനെർ അവാർഡ്
  • ഗോൾഡ്‌കോസ്റ്റ് ബിസിനസ്‌ എക്സലെന്‍സ് അവാർഡ്
  • ഐക്കണിക്ക് വുമണ്‍ അവാർഡ് ഫ്രം വുമൺ ഇക്കണോമിക് ഫോറം
  • എന്‍റർപ്രെനെർ ഓഫ് ദി ഇയർ അവാർഡ്, ഇന്ത്യൻ അച്ചിവേഴ്‌സ് ഫോറം
  • ഓസ്ട്രേലിയൻ യംഗ് എന്‍റർപ്രെനെർ ഓഫ് ദി ഇയർ ഇൻ ഹെൽത്ത്‌ ആൻഡ് മെഡിസിൻ സെക്ടർ
  • ഗ്ലോബൽ എന്‍റർപ്രെനെർ അവാർഡ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്.
और कहानियां पढ़ने के लिए क्लिक करें...