പ്രണയത്തിന്‍റെ സൗന്ദര്യം അതിന്‍റെ ഏകാഗ്രതയിലും ഏകതയിലുമാണ് എന്ന് വിശ്വസിക്കുന്ന പ്രണയിനിയാണ് സാഹിത്യകാരിയായ സി.എസ് ചന്ദ്രിക. ആധിപത്യപരമായ എല്ലാ വ്യവസ്ഥകളെയും നേരിട്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും വഴിയിലൂടെ മുന്നോട്ട് പോകുകയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ പ്രണയത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ആ പരമാനന്ദത്തെക്കുറിച്ച് തന്‍റെ പ്രണയഭാഷയിൽ രചിച്ച പ്രണയ കാമസൂത്രത്തെക്കുറിച്ചും സി.എസ് ചന്ദ്രിക പറയുന്നു.
സാഹിത്യ ജീവിതം, വ്യക്തി ജീവിതം…
എനിക്ക് ഇരുപത്തി ആറ് വയസ്സുള്ളപ്പോഴാണ് സാഹിത്യം എഴുത്തായി എന്നിൽ നിന്ന് പുറപ്പെട്ടു വന്നത്. വായനയായിരുന്നു മറ്റാരേയും പോലെ സാഹിത്യവുമായി എനിക്കുള്ള ആദ്യബന്ധം. ആദ്യമെടുത്ത പോസ്റ്റ് ഗ്രാജുവേഷൻ മലയാള സാഹത്യത്തിലായിരുന്നു. സാഹത്യ അക്കാദമി ലൈബ്രറിയായിരുന്നു അന്നെന്‍റെ താവളം. എഴുത്തുകാരിയാവുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും അതിനു ശേഷവും ആകപ്പാടെ രണ്ടു കവിതകളെഴുതിയിട്ടുണ്ടായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു കഥയും. പിന്നെ അതൊക്കെ മറന്നും പോയി.
കുട്ടിക്കാലം മുതലേ വീട്ടിലും നാട്ടിലും സ്ക്കൂളിലും കോളേജിലും ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും സംഗീതത്തിലും അഭിനയത്തിലുമായിരുന്നു. സ്ക്കൂളിലും കോളേജിലും മത്സരങ്ങളിൽ എപ്പോഴും ഒന്നാം സ്‌ഥാനം കിട്ടുന്ന ഗായികയായിരുന്നു. എംഎ പഠനകാലത്ത് സമത സ്ത്രീ നാടക സംഘത്തിലൂടെ അഭിനേത്രിയും ഗായികയും പ്രാസംഗികയുമൊക്കെയായി കേരളത്തിന്‍റെ പൊതു സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവേശിച്ചു. പിന്നീടൊരുനാൾ എനിക്കു വേണ്ടി തന്നെ, എന്‍റെ മനസ്സിനേറ്റ ആഴമേറിയ മുറിവുകളിൽ നിന്നുള്ള അതിജീവനത്തിനെന്നതു പോലെ കഥയെഴുതുകയായിരുന്നു. എന്‍റെ മുറിഞ്ഞ മനസ്സിൽ നിന്ന് പിടഞ്ഞൊഴുകി വന്നതാണ് ആദ്യകഥ, നിലാവും സർപ്പങ്ങളും. ആ കഥ എൻ.കെ രവീന്ദ്രൻ എഡിറ്റ് ചെയ്‌ത മൗനത്തിന്‍റെ നാനാർത്ഥങ്ങൾ എന്ന ആന്തോളജിയിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എഴുത്ത് എന്‍റെ അതിജീവനം മാത്രമല്ല, ആനന്ദവുമാണെന്നറിഞ്ഞു തുടങ്ങി. പാട്ടും അഭിനയവുമൊക്കെ എഴുത്തിനു മുന്നിൽ കീഴടങ്ങി കൊണ്ട് മെല്ലെ പിന്മാറി പിറകിലേക്കൊതുങ്ങി നിന്നു. എഴുത്താണെന്‍റെ വഴി.
വ്യക്‌തി ജീവിതം തീർത്തും തുറന്നതും സുതാര്യവും വിപ്ലവകരവുമായി മുന്നേറുന്നു. അടിച്ചമർത്തപ്പെട്ടവർക്കും അധികാര രഹിതരായവർക്കുമൊപ്പമാണ് ജീവിതം. സ്വാതന്ത്യ്രവും നീതിയും എല്ലാവരുടേയും അവകാശമാണ്. അത് കയ്യടക്കി വച്ചവരിൽ നിന്ന് പിടിച്ച് വാങ്ങിയേ മതിയാവൂ. അങ്ങനെയാണ് ആക്ടിവിസ്റ്റ് കൂടിയായത്. ഇങ്ങനെയേ ജീവിക്കാനാവൂ. പലതരം അധികാര വ്യവസ്ഥകൾക്കുള്ളിൽ കീഴടങ്ങിക്കൊണ്ട്, അനുരഞ്ജനപ്പെട്ടു കൊണ്ട് ജീവിക്കുക വലിയ ബുദ്ധിമുട്ടായതിനാൽ ആധിപത്യപരമായ എല്ലാ വ്യവസ്‌ഥയ്ക്കും എതിർ നിന്നു കൊണ്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും ജീവിത വഴികൾ വെട്ടിത്തുറന്ന് മുന്നോട്ടു പോകുന്നു. സമ്പൂർണ്ണ സനേഹത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അഹന്തയില്ലായ്മയും അസൂയയില്ലായ്മയുമാണ് ജീവിതത്തിലെ സ്വാസ്ഥ്യത്തിനടിസ്‌ഥാനം. നീതി ബോധമാണ് ആത്മബലം. ഇത്രയുമേ ഇപ്പോൾ പറയാനുള്ളൂ. മറ്റെല്ലാം ആത്മകഥയില്‍ എഴുതുന്നതായിരിക്കില്ലേ നല്ലത്!
പ്രണയ കാമസൂത്രം
ഇത് പരമാനന്ദത്തിന്‍റെ പുസ്തകമാണ്. സ്ത്രീ പുരുഷ പ്രണയത്തിനുള്ളിലെ തീവ്രമായ ആനന്ദം ഇതിലുണ്ട്. ജീവിതാനുഭവമില്ലാതെ ഇങ്ങനെയൊരു പുസ്തകം എഴുതാൻ പറ്റില്ല. ആത്മാനുഭവത്തിൽ നിന്ന് വന്ന ഭാഷയാണ് പ്രണയകാമസൂത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രണയരതി എന്താണെന്ന വിചാര വികാര ലോകമാണ് ഈ പുസ്തകത്തിലുള്ളത്. എന്‍റെ ജീവിതാനന്ദമാണ് ഈ പുസ്തകം. ഈ അനുഭവം തുറന്നെഴുതാനുള്ള ഭാഷ ഉണ്ടാക്കണമായിരുന്നു എനിക്ക്. സ്ത്രീ ശരീരത്തിലെ അവയവങ്ങളുടെ പേരുകൾ പോലും തെറിയാണ് നമ്മുടെ നാട്ടിൽ. എന്‍റെ പുസ്തകത്തിന് വേണ്ടതായ രൂപവും കൽപ്പനകളും ഭാഷയും വേണം. അതിനു വേണ്ടി ഏകാഗ്രതയെ തപസ്സു ചെയ്തുണ്ടാക്കിയ ഭാഷയുടെ, ഇമേജറികളുടെ സഹായത്തിലാണ് ഞാനത് എഴുതിയത്. ഏകാഗ്രമായ പ്രണയം തന്നെയാണത്. യാഥാർത്ഥ്യങ്ങളിൽ നിന്ന് അതു മുകളിൽ പോയി നിൽക്കും. സാഹിത്യമാണോ യഥാർത്ഥ അനുഭവമാണോ എന്ന് വായനക്കാർ ശങ്കിക്കുമായിരിക്കും. ഈ പുസ്തകമെഴുതാനുള്ള ഭാഷയും സാഹിത്യരൂപവും സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു എനിക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ഇങ്ങനെയൊരു പുസ്തകം സ്ത്രീകൾക്ക് എഴുതാനായിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്‍റെ അറിവിൽ ഇല്ല.
ഇന്നും ഇന്ത്യയിലെ സ്ത്രീകൾ ജീവിക്കുന്നത് വാത്സ്യായനന്‍റെ കാമസൂത്രത്തിൽ പറയുന്ന ലൈംഗിക ജീവിത പരിസരത്തിലാണ്. എന്തൊരു തരം അക്രമാസക്തമായ, പുരുഷനു മാത്രം അനുകൂലമായ ജീർണ്ണിച്ച ലൈംഗിക സംസ്ക്കാരമാണത്! എന്‍റെ പ്രണയകാമസൂത്ര പുസ്തകത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം, ഇന്നും നമ്മുടെ കാലത്തെ ഗ്രസിച്ചു നിൽക്കുന്ന വാത്സ്യയനന്‍റെ കാമസൂത്രത്തിന്‍റെ സ്ത്രീ വിരുദ്ധ ഭോഗ സംസ്ക്കാരമാണ്. നിത്യേന നടക്കുന്ന ബലാത്സംഗങ്ങൾ, വീടുകളിൽ ഭാര്യമാരോടാണെങ്കിലും അവളുടെ താൽപര്യമില്ലാതെ നടത്തുന്ന ലൈംഗിക കയ്യേറ്റങ്ങൾ, പുറത്തിറങ്ങി നടക്കുന്ന ശരീരത്തിനു നേർക്കു പ്രകടിപ്പിക്കുന്ന ലൈംഗികാസക്തികൾ, ഏത് സ്ത്രീകളേയും വളച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ് എന്ന സാമൂഹിക സാംസ്കാരിക അനുമതി എന്നതെല്ലാം വളരെ ആഴത്തിൽ വാത്സ്യായന കാമസൂത്രം ഉൽപാദിപ്പിച്ച് വച്ചിട്ടുള്ള ലൈംഗിക സംസ്ക്കാരമാണ്.
കാമസൂത്രത്തിന്‍റെ വേരുകൾക്ക് വലിയ ആഴവും വ്യാപ്തിയുമുണ്ട്. അതിരുന്ന് വായിച്ചിട്ടൊന്നും വേണ്ട. തലമുറകളായി അതിന്‍റെ ശീലങ്ങളാണ് പകർന്നു കിട്ടിക്കൊണ്ടിരിക്കുന്നത്. ആചാരങ്ങൾ അഥവാ അനാചാരങ്ങൾ പോലെ. സ്ത്രീ, പുരുഷൻ, കുടുംബം, വിവാഹം, ഭാര്യാധർമ്മം ഒക്കെ അതിനനുസരിച്ചാണ് ചിട്ടപ്പെടുത്തി ആചരിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവിന്‍റെ അനുവാദമില്ലാതെ ഉത്തമ ഭാര്യ ഇന്നും സ്വന്തം വീട്ടിലേക്ക് പോലും പോകില്ല. ഇതിന്‍റെ വേരുകൾ അന്വേഷിച്ചാൽ ചെന്നെത്തുന്ന പ്രധാനപ്പെട്ട ഒരിടം വാത്സ്യായനന്‍റെ കാമസൂത്രമാണ്. ഭർത്താവിന് ഭാര്യയെ മർദ്ദിക്കാനുള്ള അവകാശമുണ്ടെന്ന് സ്ത്രീകളെ അന്നു മുതൽക്കേ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടാണ് സമീപകാല സർവ്വേ റിപ്പോർട്ടുകളിലും അത്തരം അഭിപ്രായങ്ങൾ കുറേയെറേ സ്ത്രീകൾ പങ്കു വയ്ക്കുന്നതു കാണേണ്ടി വരുന്നത്.
വാത്സ്യായന കാമസൂത്ര സംസ്ക്കാരത്തെ നമ്മുടെ ജീവിത ശീലങ്ങളിൽ നിന്ന് വേരോടെ പിഴുതെറിയണം. കാരണം അത് ശരീരമാംസ കേന്ദ്രീകൃതമാണ്. കായികാഭ്യാസമാണ്. ജാതി പുരുഷ ഹിന്ദുത്വ കേന്ദ്രീകൃതമാണ്. സ്നേഹം അതിൽ നിന്ന് പ്രതീക്ഷിക്കരുത്. അതിന് മർദ്ദക സ്വഭാവമാണുള്ളത്. വിവാഹം കഴിഞ്ഞ അന്നു തന്നെ ഭർത്താവ് ഭാര്യയിൽ ബലാൽ ലിംഗ പ്രവേശം നടത്തുന്നത് സാധാരണമാണ്. ഭാര്യ അതിനെ തടയാൻ പാടുള്ളതല്ല! സത്യത്തിൽ രതി എന്ന് പറയുന്നത് അങ്ങിനെയല്ല. സ്ത്രീയുടെ ശരീരമെന്നതിന് സവിശേഷതകളുണ്ട്. പരിചയമാവാനും മനസ്സറിയാനും ശരീരമറിയാനും അവൾക്ക് സമയമാവശ്യമുണ്ട്. ഇക്കാര്യം പുരുഷന്മാർ മനസ്സിലാക്കണം. സ്നേഹമാണ് രതിയുടെ സൗന്ദര്യത്തിന്‍റേയും ആനന്ദാനുഭവങ്ങളുടേയും അടിസ്‌ഥാനം. യാന്ത്രികമായ ശരീരമല്ല.
ലൈംഗികതയെ കുറിച്ച് ഗവേഷണം…
എനിക്ക് ചുറ്റുമുള്ള കുറേ സ്ത്രീ ജീവിതങ്ങൾ ഞാൻ കണ്ടു. എന്‍റെ കഥകളിൽ അവർ കഥാപാത്രങ്ങളായിട്ടുണ്ട്. ഷെഹർബാൻ എന്ന കഥയിലെ അതേ പേരുള്ള സ്ത്രീയെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കുകയില്ല. ഭർത്താവിന്‍റെ അടങ്ങാത്ത കാമാസക്തിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ മകനെ കുതിര മൂത്രത്തിനായി പറഞ്ഞയക്കുന്ന സ്ത്രീ. കുതിരമൂത്രം കുടിച്ചാൽ കാമാസക്തി കുറയും എന്നതൊരു നാടൻ വിശ്വാസമാണ്. ഇങ്ങനെ എത്രയെത്ര സ്ത്രീകൾ ചുറ്റിലും.
ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനായുള്ള കേരള മഹിളാ സമാഖ്യയിൽ സ്ത്രീകൾക്ക് വേണ്ടി തുടർച്ചയായി സെക്ഷ്വാലിറ്റിയെക്കുറിച്ച് ഞാൻ ക്ലാസ്സെടുത്തിരുന്നു. 11 വയസ്സു മുതൽ എൺപത് വരെ പ്രായമുള്ള സ്ത്രീകളോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് സംസാരിക്കണമായിരുന്നു. ലൈംഗികതയെക്കുറിച്ച്, ശരീരത്തെക്കുറിച്ച് ഞാൻ അവരോട് തുറന്നു സംസാരിച്ചു. എന്‍റെ തുറന്ന രീതി അവരിൽ ആദ്യം അത്ഭുതവും നാണവുമുണ്ടാക്കി. പിന്നെ പെട്ടെന്നാണ് അതിയായ താൽപര്യവും ഇഷ്‌ടവും വർദ്ധിച്ചു വരുന്നത്. സമൂഹം ഉണ്ടാക്കി വച്ച നിർമ്മിതികൾ അവരുടെ വ്യക്‌തി ജീവിതത്തിലെ കാര്യങ്ങൾ ഒക്കെ അറിയാനും പറയാനുമുള്ള സങ്കോചം. അതിനുള്ള ഭാഷ ഒക്കെ അവരുടെ വൈഷമ്യങ്ങളായിരുന്നു.
ഇന്‍ററാക്ടീവ് സെക്ഷനുകളായിട്ടാണ് ക്ലാസ്സ്. പല സ്ത്രീകളും അവരുടെ അനുഭവം പങ്കുവയ്ക്കുമ്പോഴേക്കും കരയാൻ തുടങ്ങുമായിരുന്നു. വളരെ അപൂർവ്വം സ്ത്രീകളുടെ കണ്ണിൽ മാത്രമേ ഞാൻ തിളക്കം കണ്ടുള്ളൂ. അവർ ജീവിതാനന്ദം അനുഭവിച്ചിട്ടുള്ളവരാണ്. ബാക്കിയുള്ളവർ കുറേയേറെ നിരാശരും വേദനിക്കുന്നവരുമായിരുന്നു. ഒരു സ്ത്രീ എന്നോട് ചോദിച്ചു. എന്‍റെ ഭർത്താവ് ആക്സിഡന്‍റിനെ തുടർന്ന് തളർന്ന് കിടപ്പാണ്. ഞങ്ങൾക്ക് സുഖമുള്ളൊരു ജീവിതം ഇനിയുണ്ടാവുമോ? എന്ന്. മനസ്സിൽ അത്രയും ഇഷ്ടമുണ്ടെങ്കിൽ പ്രണയമുണ്ടെങ്കിൽ ശരീരം അതിനനുസരിച്ച് തയ്യാറാവുമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു. സ്ത്രീകളോട് സ്വന്തം നഗ്ന ശരീരം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. കണ്ടിട്ടില്ല ! ഓരോ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും ഞാനാകെ സങ്കടത്തിൽ മുങ്ങിപ്പൊങ്ങും. മനുഷ്യർക്ക് ആകെക്കൂടിയൊരു കുഞ്ഞു ജീവിതമുണ്ട് ഈ ഭൂമിയിൽ! അത് മുഴുവൻ സ്വയമറിയാതെ, ആനന്ദം എന്തെന്നറിയാതെ വെറുതേ ജീവിച്ച് മരിച്ചു പോകുന്നത് എന്തൊരു നഷ്ടമാണ്. അക്കാലത്ത് എന്‍റെ സഹപ്രവർത്തകരായ ഫെമിനിസ്റ്റുകളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളുമായുള്ള സംസാരങ്ങളിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഉയർന്നു വന്നത്. ഓരോ സ്ത്രീയുടേയും ശരീരം വ്യത്യസ്തമാണ്. ഓരോ സ്ത്രീയുടേയും ആനന്ദത്തിന്‍റെ മേഖലകൾ വ്യത്യസ്തമാണ്. ലൈംഗികാഭിമുഖ്യവും വ്യത്യസ്തമാണ്.
ഏകാഗ്രമാകണം പ്രണയം…
ജന്മനാ പ്രണയിനിയാണ്. സമ്പൂർണ്ണമായും പ്രണയമാണ്. പ്രണയ ചക്രവാളങ്ങളെ തൊടുന്നവൾ. എല്ലാവർക്കും അതിമനോഹരമായി പാടാനാവാത്തതു പോലെയാണ് പ്രണയിക്കാനുള്ള ശേഷിയും. ഏക പ്രണയത്തിൽ മുഴുകാനിഷ്ടപ്പെടുന്നവൾ. ഒരേ സമയം പല പ്രണയങ്ങൾ അസാധ്യമാണ്. ഏകാഗ്രതയുടെ സൗന്ദര്യം അതില്ലാതാക്കും. നേരിന്‍റെ ഋജുവായ, തെളിഞ്ഞ വഴികൾ അതടച്ചു കളയും. വേദനകൾ വിഷപ്പാമ്പുകളെ പോലെ ഇഴഞ്ഞു വരും. അതിനാൽ അത്തരം അനുഭവം എന്‍റെ പ്രണയ ജീവിതത്തിലുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. എന്‍റെ പുരുഷൻ എന്‍റേതു മാത്രമായിരിക്കണം. അങ്ങനെയല്ലാത്ത ഒരാളെ, മറ്റു കാര്യങ്ങളിൽ എത്ര നല്ലതായിരുന്നാലും ഞാൻ ഉപേക്ഷിച്ചു പോകും. പ്രണയരതിക്ക് രണ്ടു പേരിലും ഒരേ തീവ്രതയോടെ പരസ്പരം ഉണ്ടായിരിക്കേണ്ടത് ഈ ഏകാഗ്രതയാണ്.
പൊസസ്സീവ്നെസ്സ് ഒരു മോശം കാര്യമായിട്ട് മാറാതിരുന്നാൽ മതി. അത് നമ്മുടെ മനസ്സിന്‍റെ സന്തോഷവും സ്വസ്ഥതയും കളയുകയാണെങ്കിൽ പിന്നെ അതിൽ സ്നേഹമില്ലെന്ന് തിരിച്ചറിയണം. പൊസസ്സീവ്നെസ്സ് സംശയത്തിലേക്കും പിന്നെ നിരീക്ഷണത്തിലേക്കും നിയന്ത്രണങ്ങളിലേക്കും പ്രവേശിക്കുമ്പോഴാണ് ബന്ധം അനാരോഗ്യകരമാവുന്നത്. മറിച്ച് ആനന്ദപൂർണ്ണമായ ബന്ധത്തിലെ പരസ്പരമുള്ള പൊസ്സീവ്നെസ്സ്, എപ്പോഴും മുറുകെ ചേർത്തു പിടിക്കൽ വൈകാരികമായ സുരക്ഷിതത്വമാണ്. അത് അതിമനോഹരമാണ്. സ്വസ്ഥതയും ശാന്തതയും തരുന്നതാണ്. നമ്മൾക്ക് പരസ്പരം നമ്മളാഗ്രഹിക്കുന്ന പോലൊരു ഇണയെ ആണ് കിട്ടുന്നതെങ്കിൽ വേറാരോടും ആകർഷണം തോന്നുകയില്ല.
പ്രണയം ഏറ്റവും ആഗ്രഹിക്കുന്നത് സ്ത്രീ
ഓരോ സ്ത്രീയും വ്യത്യസ്തയാണ്. താൽപര്യങ്ങൾ, ഇഷ്‌ടങ്ങൾ വേറെ വേറെയാണ്. സെക്ഷ്വാലിറ്റി തന്നെയും വൈവിദ്ധ്യമുള്ളതാണ്. ലെസ്ബിയൻ, ട്രാൻസ്ജെന്‍റർ സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ട്. അതുപോലെ പുരുഷന്മാരും. ഗേ, ട്രാൻസ്ജെന്‍റർ പുരുഷന്മാരുണ്ട്. പൊതുവേ ഹെറ്ററോസെക്ഷ്വൽ ആയ പുരുഷന്മാരെക്കുറിച്ചാണ് ഈ ചോദ്യമെന്നറിയാം. പുരുഷാധിപത്യ വ്യവസ്‌ഥയുടെ ആനുകൂല്യങ്ങൾ പറ്റണമെന്നാഗ്രഹിക്കുന്ന പുരുഷന്മാരുടെ പ്രണയത്തിന് പൊതുവെ ആത്മാർത്ഥത കുറവായിരിക്കും. സ്ത്രീയുടെ മേൽ അധികാരത്തിന്‍റേയോ, നിയന്ത്രണത്തിന്‍റേയോ ചൂഷണത്തിന്‍റേയോ താൽപര്യങ്ങൾ സ്‌ഥാപിക്കാൻ പ്രണയം എളുപ്പവഴിയാണ്. പ്രണയിക്കുന്ന സ്ത്രീയുടെ സ്വാതന്ത്യ്രമെന്നത് അയാൾക്ക് അസഹ്യമായിരിക്കുകയും ഒപ്പം പ്രണയം ആവശ്യമായിരിക്കുകയും ചെയ്യും. ഏതു മനുഷ്യർക്കാണ് സ്നേഹം ഇഷ്‌ടമല്ലാത്തത്. അതിനാൽ പുരുഷനും പ്രണയം ആഗ്രഹിക്കുന്നു, പ്രധാനമായും അവന്‍റെ പ്രണയം ഉപാധികളോടെയാണെന്ന് മാത്രം. പ്രണയിക്കാനുള്ള, സ്നേഹിക്കപ്പെടാനുള്ള മോഹത്താൽ സ്ത്രീകൾ പുരുഷന്‍റെ ഉപാധികളെയൊക്കെ സ്വീകരിച്ചു കൊണ്ട് പ്രണയത്തിൽ പെടുന്നതും പിന്നീട് കൈകാലിട്ടടിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് മനസ്സിലാവുന്ന കാര്യം, സ്ത്രീകളാണ് പ്രണയത്തിൽ അന്ധമായി അകപ്പെടുന്നത് എന്നാണ്. സ്ത്രീകൾ പ്രണയത്തിനായി കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങനെയുള്ള പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവായിരിക്കാം. എന്‍റെ തോന്നലാണ്. പഠനങ്ങളോ കണക്കുകളോ ഇല്ല. അങ്ങനെയല്ല എന്നാണെങ്കിൽ പുരുഷന്മാർ തുറന്നു പറയട്ടെ.
സമൂഹവും പ്രണയവും
ഇന്നത്തെ തലമുറയിലെ പെൺകുട്ടികളും ആൺകുട്ടികളും വളരെ വ്യത്യസ്തമായി പ്രണയത്തെ അറിയുന്നുണ്ടോ? അവർക്കിടയിൽ സൗഹൃദം വളരാൻ, തുറന്ന പ്രണയം പങ്ക് വയ്ക്കാൻ സമ്മതിക്കുന്ന സമൂഹമായി കേരളം മാറിയിട്ടുണ്ടോ? കുടുംബങ്ങൾ കുട്ടികളുടെ പ്രണയങ്ങൾക്ക് അനുകൂലമായി മാറിയിട്ടുണ്ടോ? ഇല്ല എന്നാണ് എന്‍റെ വിലയിരുത്തൽ. മറിച്ച് വാലന്‍റൈൻസ് ഡേ ആഘോഷിക്കാനെത്തുന്ന പെൺകുട്ടികളേയും ആൺകുട്ടികളേയും ആക്രമിക്കുന്ന ശ്രീരാമ സേനയും വാനര സേനയുമൊക്കെയാണ് ഇപ്പോഴത്തെ വൃത്തികെട്ട കാഴ്ചകൾ. ജാതിയും മതവും മറന്ന് പ്രണയിക്കുന്ന യുവതലമുറ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ശാസനകളെ ധിക്കരിച്ച് പ്രണയിച്ചതിന്‍റെ പേരിൽ ദുരഭിമാനക്കൊലകൾ കേരളത്തിലും നടന്നു കഴിഞ്ഞു. ഒരാണും പെണ്ണും ഒന്നിച്ച് സഞ്ചിരിക്കുന്നത് കണ്ടാൽ സദാചാര പോലീസുകാർ വളയുന്ന സംഭവങ്ങൾ സമൂഹത്തിന്‍റെ വളർച്ചയല്ല കാണിക്കുന്നത്. ഇതിനൊക്കെയിടയിലും പ്രണയ പൂർവ്വം മുന്നോട്ടു പോകുന്ന ചെറുപ്പക്കാരെ കാണാം. വിശേഷിച്ച് ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെന്‍റർ പ്രണയജീവിതങ്ങൾക്ക് കുറച്ചെങ്കിലും സാമൂഹ്യദൃശ്യത വന്നുതുടങ്ങിയിരിക്കു ന്നു എന്നതാണ് സന്തോഷമുള്ള കാര്യം.
ഫോട്ടോ – സിബി പുൽപ്പള്ളി