അനുപമ നന്നേ നേരം പുലർന്ന ശേഷമാണ് എഴുന്നേറ്റത്. ഇന്ന് വളരെ നേരത്തെ തന്നെ ഓഫീസിൽ പോകണം എന്നാണ് കരുതിയത്. പക്ഷേ നടപ്പില്ലെന്ന് തോന്നുന്നു. അവൾ വേഗം കയ്യും കാലും കഴുകി പല്ല് തേച്ച് എത്തിയപ്പോൾ ഊണ് മേശയിൽ കട്ടൻചായ റെഡി. അവൾ അടുക്കളയിൽ എത്തിനോക്കി. സ്റ്റൗ അടുപ്പ് കത്തിച്ചു പലഹാരത്തിനും ഉച്ചയൂണിനും ഉള്ള ഒരുക്കങ്ങൾ നടക്കുന്നതേ ഉള്ളൂ. ഇപ്പോൾ 7.30 കഴിഞ്ഞു. 8.30 നുള്ള ബസ്സിൽ പോക്ക് നടക്കുമോ?
കഥകളി കണ്ടു രാത്രി നന്നേ താമസിച്ചാവും അമ്മ വന്നത്. തനിക്ക് കൂട്ടുകിടക്കാൻ വന്ന കമലമ്മയും പോയതിനു ശേഷമാവും അമ്മ എത്തിയത്. അവൾക്ക് അതിശയം തോന്നി. അമ്മയുടെ ഈ കഥകളി ഭ്രാന്ത്. കൂടുതൽ ആലോചിച്ച് നിന്നാൽ തന്‍റെ തലയ്ക്ക് ചൂടുപിടിക്കുമെന്നുള്ളത് കൊണ്ട് അവൾ വേഗം പോയി കുളിച്ചുവന്നു.
അവൾക്ക് ഇഷ്ടപ്പെട്ട സ്പെഷ്യൽ ഉപ്പുമാവ് ആവി പറത്തി മേശമേൽ വച്ചിട്ടുണ്ടായിരുന്നു. കപ്പലണ്ടിയും ഉണക്കമുന്തിരിയും ചേർത്ത ചൂട് ഉപ്പു മാവ് പഞ്ചസാര വിതറി അവൾ വേഗം കഴിച്ചു.
“മോളെ ചോറ് ഇപ്പോ കെട്ടിത്തരാം, ഇന്നലെ കഥകളി കണ്ടു മടങ്ങി വന്നപ്പോൾ ലേശം വൈകി” അമ്മ പറഞ്ഞു.
“ചോറ് വേണ്ട. ബസ് പോകും” അവൾ വേഗം കുടയും എടുത്ത് ഇറങ്ങിയോടി. കൂടുതൽ മിണ്ടിയാൽ താൻ എന്തെങ്കിലും പറയും എന്നുതോന്നിയതിനാൽ ആണ് അവൾ അങ്ങനെ ചെയ്തത്.
പുറകെ നിന്ന് എന്തോ അമ്മ പറയുന്നതു കേട്ടു. അതുകേൾക്കാതെ അവൾ നടന്നു. ബസ്സിൽ കയറിയിട്ടു അവൾ അമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
അമ്മ ഒരു വിചിത്രജീവി ആണ് എന്നും ഒരു പ്രത്യേകതരം മാനസികരോഗി ആണോ എന്നും മറ്റും അവള് ചിന്തിച്ചുപോയി. ഇടയ്ക്കു ഓഫീസിലെ ഉറ്റ കൂട്ടുകാരി സുലക്ഷണ പറയാറുള്ള കാര്യം അവൾ ഓർത്തു. തന്‍റെ അമ്മയ്ക്ക് കഥകളി ഭ്രാന്തിനുള്ള ചികിത്സ നടത്തണം. അവൾക്ക് വീണ്ടും അമ്മയോട് എന്തെന്നില്ലാത്ത അരിശം തോന്നി.
ഓഫീസിൽ എത്തിച്ചേർന്നപ്പോൾ അവൾ ജോലിത്തിരക്കിൽ മുങ്ങിപ്പോയതിനാൽ കഥകളിയുടെയോ അമ്മയുടെ കാര്യമോ ഓർത്തില്ല. ഉച്ചയ്ക്ക് സുലക്ഷണ വീട്ടിൽ പോയതിനാൽ താൻ ചോറ് കൊണ്ടുവരാത്ത കാര്യം സുലക്ഷണ അറിഞ്ഞതുമില്ല.
വൈകുന്നേരം അവൾ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. അവൾക്ക് പേടിയായി. അമ്മ എവിടെ പോയി എന്ന് കരുതി നിൽക്കുമ്പോൾ കമലമ്മ താക്കോൽ കൊണ്ട് തന്നു.
“അമ്മ ചിറക്കല് പോയി” അവൾ വേഗം വീട്ടിലേക്ക് കയറി. കുളിച്ച് ഡ്രസ് മാറി വന്നു ഫ്ളാസ്കിലെ ചൂട് ചായ കുടിച്ചു ഇലയിൽ മൂടി വച്ചിരുന്ന ഒരു മുറുക്ക് എടുത്ത് കഴിച്ചു. ആഴ്ചപ്പതിപ്പും പത്രവുമായി അവൾ റൂമിൽ പോയി. കുറച്ചു സമയം കഴിഞ്ഞു അമ്മ വന്നപ്പോൾ അവൾ അടുക്കളയിൽ ചെന്നു. എന്തോ പണിയിൽ ആണ് അമ്മ. അവളെ കണ്ടപ്പോൾ അമ്മ ഒന്നു വിസ്തരിച്ചു ചിരിച്ചു.
“മോളെ ഇന്ന് ചോറ് കൊണ്ട് പോകാൻ പറ്റിയില്ല അല്ലേ, കഷ്ടമായി? മോള് എന്ത് കഴിച്ചു” അമ്മ ചോദിച്ചു. അവളത് കേട്ടതായി നടിച്ചില്ല.
“അമ്മ എവിടെ പോയിരുന്നു” എന്നുചോദിച്ചു കൊണ്ട് അവൾ അടുക്കളയിലെ മേശപ്പുറത്ത് കയറി ഇരിന്നു.
“കമല ഒന്നും പറഞ്ഞില്ലേ?” അവൾ വെറുതെ തലയാട്ടി.
“വസുന്ധര വന്നിട്ടുണ്ട് ബോംബെയിൽ നിന്ന്. ഏറെ ദിവസമായി വന്നിട്ട്. എന്നെ അവൾ എത്ര ആൾക്കാരെ വിട്ട് വിളിപ്പിച്ചുവെന്ന് അറിയാമോ” പഴയ കളിക്കൂട്ടുകാരിയെക്കുറിച്ച് അമ്മ പറഞ്ഞുകൊണ്ടിരുന്നു. അവൾ ചിരിച്ചു.
അമ്മ അവളുടെ ഓഫീസിലെ വിശേഷങ്ങൾ എല്ലാം ഓരോന്നായി ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ആവി പറക്കുന്ന ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടിയും വെളുത്തുള്ളി, കായം, കുരുമുളക് എന്നിവ ഇട്ട ധാരാളം മല്ലിയില ഇട്ടു തിളപ്പിച്ച രസം കടുക് പൊട്ടിച്ചശേഷം ചോറിനൊപ്പം വിളമ്പി. അനുപമയും അമ്മയും ഒരുമിച്ചു ഇരുന്നു ഓരോ വിശേഷം പറഞ്ഞു കഴിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അമ്മ ഒരു കാര്യം പറഞ്ഞത്.
“മോളെ ചിറക്കല് അമ്പലത്തിലെ ഉത്സവം ആണ്, നീ അറിഞ്ഞില്ലേ” കഴിച്ചു കൊണ്ടിരുന്ന ചോറ് തൊണ്ടയിൽ തടഞ്ഞതു പോലെ തോന്നി അവൾക്ക്. ഇത്രയും അമ്പലങ്ങൾ എവിടെ നിന്ന് വന്നു. ഇവിടെ എല്ലാം കഥകളി മാത്രം അവതരിപ്പിക്കാൻ കാരണം എന്തെ എന്നാണ് അനുപമ ആലോചിച്ചുകൊണ്ടിരു ന്നത്.
“കമലമ്മ ഇന്ന് വരും. ഞാനും വസുന്ധരയും കൂടെ ഉത്സവം കണ്ടേ മടങ്ങു. അവിടെ കഥകളി ഉണ്ട്. ഇന്ന് ദുര്യോധന വധം ആണ്.” ലോകത്തിലെ എല്ലാ കഥകളികാരെയും അമ്പലക്കമ്മിറ്റിക്കാരെയും അവൾ മനസ്സാലെ ശപിച്ചുകൊണ്ടിരുന്നു.
“മോൾ നേരത്തെ കിടന്നോ… ഞാൻ പോയിട്ട് വരാം.” ഞാൻ കടയിൽ പോയിട്ട് വരാം എന്ന് പറയും പോലെയായിരുന്നു അത്. പിന്നെ അവൾ ഒന്നും കേട്ടില്ല. അവൾ വേഗം മുറിയിൽ പോയി കിടന്നു.
അവൾക്ക് ആരോടെല്ലാമോ അരിശം തോന്നി. പിറ്റേന്ന് അവൾ എഴുന്നേറ്റതു ഒരു പുതിയ തീരുമാനം എടുത്തുകൊണ്ടാണ്. എങ്ങനെയെങ്കിലും അമ്മയുടെ കഥകളി ഭ്രാന്തിന് ഒരു തിരിച്ചടി കൊടുക്കണം.
അവൾക്ക് എന്തോ ഒരു വാശി തോന്നി. അമ്മ നേരത്തെ എഴുന്നേറ്റു അടുക്കളപ്പണി തുടങ്ങി. അവൾ നേരെ അടുക്കളയിൽ ചെന്ന് അമ്മ എന്തെങ്കിലും പറയും മുമ്പേ പറഞ്ഞു.
“ഇന്ന് ചോറും വേണ്ട പലഹാരവും വേണ്ട. സുലക്ഷണയുടെ വീട്ടിൽ ഒരു വിശേഷം ഉണ്ട്.”
“ഇന്നലെ നീ ഒന്നും പറഞ്ഞില്ല മോളെ. എന്താ അവിടെ വിശേഷം”
“സുലക്ഷണയുടെ കല്യാണ നിശ്ചയം” അങ്ങനെ പറയാനാണ് അവൾക്കു തോന്നിയത്. എന്തായാലും അത് അടുത്ത മാസം ഉണ്ട്. അവൾ പോകാനുള്ള ഒരുക്കം തുടങ്ങി. അവളുടെ മനസ്സിൽ അപ്പോഴും അമ്മയോടുള്ള അരിശം കെട്ടടങ്ങിയിരുന്നില്ല.
ബാങ്ക് കവലയിൽ എത്തിയത് നേരത്തെ ആയിപ്പോയി. ബാങ്ക് കവലയിലെ പതിവ് വായ് നോക്കികൾ ആരും എത്തിയിട്ടില്ല. ഓഫീസിൽ ചെന്നിട്ട് അവൾ അബ്ദുവിനെ വിട്ടു രണ്ട് വടയും ചായും മേടിച്ചു കഴിച്ചു. ഉച്ചയ്ക്ക് അവൾ സുലക്ഷണയുടെ വീട്ടിൽ പോയി ഉണ് കഴിച്ചു.
“എത്ര ദിവസമായി ഞങ്ങൾ പറയുന്നു ഒരു ദിവസം ഇവിടെ തങ്ങാൻ. വീട്ടിൽ അടച്ചു കൂടി ഇരുന്ന് മടുത്തില്ലേ” സുലക്ഷണയുടെ മുത്തശ്ശനും അമ്മയും അച്ഛനും വീണ്ടും വീണ്ടും നിർബന്ധിച്ചു. ഇത് നല്ല ഒരു അവസരം ആണെന്ന് അവൾക്കും തോന്നി.
അനുപമ വീടിനു അടുത്തുള്ള സുജ സ്റ്റുഡിയോയിൽ വിളിച്ചു. അവളുടെ കൂടെ പഠിച്ച സുജയുടെ ചേട്ടന്‍റെ സ്റ്റുഡിയോ ആണത്. താൻ സുലക്ഷണയുടെ വീട്ടിൽ ആണ് ഇന്ന് വരില്ല എന്ന് അമ്മയോട് അറിയിക്കുവാൻ പറഞ്ഞു. അയാൾ കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അവൾ ഫോൺ കട്ട് ചെയ്തു.
അമ്മ ഇന്നു കഥകളിയ്ക്ക് പോട്ടെ എന്ന് അവൾ അരിശത്തോടെ ഓർത്തു. സുലക്ഷണയുടെ വീട് ഒരു ബംഗ്ലാവ് ആയിരുന്നു. എത്ര ബന്ധുക്കൾ. എല്ലാവരും തമ്മിൽ എന്ത് സ്നേഹം! സമയം വേഗം പോകുന്നതുപോലെ തോന്നി. പക്ഷേ സന്ധ്യ ആയപ്പോൾ അവൾക്ക് ആകെ ഒരു മൂഡ് ഔട്ട് തോന്നി. വീട്ടിൽ പോകണം എന്നു തോന്നി.
സുലക്ഷണയുടെ പ്രതികരണം ആലോചിച്ച് അവൾ ആ ചിന്ത മാറ്റിവച്ചു. അടുത്ത ദിവസം അതിരാവിലെ തന്നെ പുറപ്പെട്ടു. സുലക്ഷണയും അമ്മയും അവളോട് ഭക്ഷണം കഴിഞ്ഞ് പോയാൽ മതി എന്നു പറഞ്ഞു. എന്നാലും അവൾ തിടുക്കത്തിൽ ഇറങ്ങി. ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുന്ന അമ്മയെ ഓർത്തപ്പോൾ അവൾക്ക് ലേശം വല്ലായ്കയും ഒപ്പം കുറ്റബോധവും തോന്നി.
വീട്ടിൽ ചെന്നപ്പോൾ ആരെയും കണ്ടില്ല. കതക് തുറന്നിട്ടു മുറിയിൽ കിടക്കുന്ന അമ്മ. അവൾക്ക് അമ്മയോട് ഉള്ള അരിശം വീണ്ടും തലപൊക്കി. ഇന്നലെയും കഥകളി കണ്ട് താമസിച്ചു വന്നു കിടന്നതാവും. ഇന്ന് വരണ്ടായിരുന്നു. അമ്മയ്ക്ക് കഥകളി ഉണ്ടല്ലോ കൂട്ടിന്.
“മോളെ അമ്മയ്ക്ക് പനി കുറവുണ്ടോ” കമലമ്മ കുറച്ചു കഞ്ഞിയും ആയി വന്നു ചോദിച്ചു.
“പനിയോ അമ്മയ്ക്ക്” അത് എന്തോ ഒരു അവിശ്വസനീയമായ സംഗതി ആണ് എന്ന മട്ടിൽ അവൾ ചോദിച്ചു.
“ഇന്നലെ മോൾ പോയ ശേഷം ഉച്ചമുതൽ നല്ല പനി ആയിരുന്നു. നിന്നെ വിളിക്കണ്ട എന്നു പറഞ്ഞു. അതാ വിളിക്കാഞ്ഞത്.. കുട്ടുകാരിയുടെ കല്യാണ നിശ്ചയത്തിനു പോയതല്ലേ നീ.” അവൾ ഒന്നും കേട്ടില്ല.
പാവം എന്‍റെ അമ്മ എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അവൾ അമ്മയുടെ മുറിയിൽ ഓടിക്കയറി. അമ്മ ചെറിയ മൂളലും ഞെരുങ്ങലുമായി കിടക്കുന്നു. അവൾ അടുത്തു ചെന്നപ്പോൾ അമ്മ കണ്ണ് തുറന്നു.
“നീ വന്നോ?” അമ്മ കട്ടൻ ചായ ഉണ്ടാക്കാം എന്നു പറഞ്ഞു ചാടി എഴുന്നേറ്റു.
“വേണ്ട അമ്മേ” അവൾ പറഞ്ഞു. ഞാൻ കഴിച്ചു. അമ്മ വിശ്വാസമില്ലാത്ത മട്ടിൽ നോക്കി.
“അമ്മ കിടന്നോളൂ. പനി കുറവുണ്ടോ?” അമ്മ മൂളി.
“കമല നിന്നോട് പറഞ്ഞോ?” അവൾ തലയാട്ടി.
“ഞാൻ കഷായം കഴിച്ചു. നല്ല കുറവ് ഉണ്ട്” അമ്മ ഒരിക്കലും ഇംഗ്ലീഷ് മരുന്ന് കഴിക്കില്ല എന്ന് അവൾ ഓർത്തു.
അവൾ അമ്മയെ തന്നെ ഉറ്റുനോക്കി. പാവം എന്‍റെ അമ്മ. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. കുഞ്ഞുന്നാളിലെ അച്ഛൻ മരിച്ചു പോയ തന്നെ ഇത്രയും വളർത്തി വലുതാക്കിയ എന്‍റെ അമ്മ.
നാട്ടിൽ ഒരാൾ പോലും ഒരു കുറ്റവും പറയാത്ത സ്ത്രീ. അതെ എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. സിനിമ കാണാറില്ല. പരദൂഷണം ഇല്ല. ആകെ ഉള്ളത് കഥകളി കാണണം എന്ന് ഉള്ളത് മാത്രമാണ്. അത് അമ്മയ്ക്ക് എത്രമാത്രം സന്തോഷം കിട്ടുന്ന കാര്യം ആണ് എന്ന് ഇതുവരെയും തനിക്ക് മനസ്സിലായില്ല എന്ന് അവൾ ഓർത്തു.
ആ സന്തോഷം അമ്മയ്ക്ക് കിട്ടുന്നതിനു താൻ ഇത്രയും ദിവസം അരിശം കാണിച്ചതിൽ അവൾക്ക് ലജ്‌ജ തോന്നി. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന തന്‍റെ അമ്മ. പെട്ടെന്ന് അവൾക്ക് കരച്ചിൽ വന്നു. പതുക്കെ അവൾ ചോദിച്ചു.
“ചിറക്കലെ ഉത്സവം കഴിഞ്ഞോ” അമ്മയുടെ കണ്ണിൽ എവിടെ നിന്നോ ഒരു തിളക്കം വന്നത് അവൾ കണ്ടു. ഉത്സവത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും അമ്മ വാചാലയാവുന്നത് അവൾ അതിശയത്തിൽ കേട്ടിരുന്നു.
ഇത്രയും കാലവും താൻ ചോദിക്കാത്തതിനാലാണ് അമ്മ അതൊന്നും തന്നോട് പറയാഞ്ഞത് എന്ന് അവൾക്കും തോന്നി. അല്ലാതെ കഥകളിയോടുള്ള തന്‍റെ വിരോധത്തിനെക്കുറിച്ച് അമ്മയ്ക്ക് ഒരു അറിവും ഇല്ല എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് ആശ്വാസകരമായി തോന്നി.
തന്‍റെ ഓരോ ദിവസത്തെയും കൊച്ചു കൊച്ചു വിശേഷങ്ങൾ തിരക്കുന്ന അമ്മയോട് ഒരു വിശേഷവും ഇന്നേവരെ താൻ തിരക്കാറില്ലായിരുന്നു എന്ന് അവൾ ഓർത്തു. അവൾ വെറുതെ അമ്മയുടെ കൈപ്പത്തിയിൽ തലോടി കൊണ്ടിരുന്നു. അവൾക്ക് എവിടെയെങ്കിലും പോയി പൊട്ടിക്കരയണം എന്ന് തോന്നി. പിന്നെ ആവട്ടെ അവൾ സ്വയം പറഞ്ഞു.
ശീമപ്ലാവിന്‍റെ അടുത്തോ ജാമ്പ മരച്ചുവട്ടിലോ എവിടെയെങ്കിലും ആവട്ടെ. അപ്പോഴും അമ്മ കീചക വധം കഥകളിയെപ്പറ്റി പറയുകയായിരുന്നു. അവൾ വെറുതെ കേട്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒരു ചെറിയ കണ്ണുനീർ തുള്ളി അവളുടെ കണ്ണിൽ നിന്ന് അമ്മയുടെ കൈത്തണ്ടയിൽ പതിച്ചത് അമ്മ അറിഞ്ഞില്ല, ഭാഗ്യം!