ഏതാനും ദിവസങ്ങളായി സുഷ്‌മിതയുടെ മനസ്സ് ഒരിടത്തും ഉറയ്‌ക്കുന്നില്ല. ആത്മാവിന്‍റെ അടിത്തട്ടിലെവിടേയോ ഉറഞ്ഞുക്കൂടി കിടന്ന ദു:ഖത്തിന്‍റെ മഞ്ഞുമലയിൽ വിള്ളൽ വീണിരിക്കുന്നു. അതിൽ നിന്നൊഴുക്കി വരുന്നതു പോലെ അവളുടെ കണ്ണുകൾ സദാ സജലങ്ങളായി. മൗനത്തിന്‍റെ വാൽമീകത്തിലൊളിപ്പിച്ച മനസ്സിനെ അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ അത് അല്‍പം അപകടകാരിയാണെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ മാത്രം വിശ്വസിച്ചു.

സ്വയം വിചാരിച്ചാലേ, ഈ വാൽമീകം തകർത്തു പുറത്തു വരാൻ പറ്റൂ. പക്ഷേ അതിനുള്ളിലെ തപസ് സുഷ്‌മിത ഇഷ്‌ടപ്പെട്ടു പോയി. സ്വയം വേദനിക്കുന്ന മനസ്സിൽ മാത്രമാണ് തന്‍റെ ജീവിതമെന്ന് അവൾ കരുതി. ഉറക്കം നഷ്‌ടപ്പെട്ട മിഴികൾ കൂടെക്കൂടെ ജിമെയിലിലേക്ക് കടന്നു ചെന്നു.

മൂന്നു വർഷമായി തുറക്കാത്ത മെയിൽ അക്കൗണ്ടിൽ വന്നു കുമിഞ്ഞുക്കൂടിയ മെയിലുകൾ. സുഷ്മിതയുടെ ചിന്തകൾ വീണ്ടും പിന്നോക്കം പാഞ്ഞു കൊണ്ടിരുന്നു.

സോഷ്യൽ നെറ്റ് വർക്കിംഗ് സെറ്റുകളിൽ സജീവമായിരുന്ന ആ കാലം ഇന്നലെ കഴിഞ്ഞതു പോലെ. നാലു വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 16 മുതൽ തന്‍റെ ഓൺലൈൻ സുഹൃത്തായി.

ചാറ്റിംഗിൽ വളരെ മാന്യത പുലർത്തിയ യുവാവ്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്‌തമാക്കുന്ന എന്തോ ഒന്ന്. ആ പെരുമാറ്റത്തിലുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിരുന്നു.

“ഹലോ, അയാം ഡോ. ഗൗതം, 29 വയസ്സ്. മൃഗഡോക്ടർ ആണ്. ഐഎഎസ് പരീക്ഷയിൽ പ്രീയും മെയിനും പാസായി. ഇന്‍റർവ്യൂ കടന്നു കിട്ടിയില്ല. ഇപ്പോഴും ട്രൈ ചെയ്യുന്നു.” ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു വന്ന ആ മെസേജ്, എന്തോ അവഗണിക്കാൻ തോന്നിയില്ല. മെസേജ് കണ്ടു എന്ന് മാർക്ക് ചെയ്യുക മാത്രം ചെയ്‌തു താൻ.

അപ്പോൾ അവിടെ നിന്ന് വീണ്ടും എത്തി ഒരു സന്ദേശം കൂടി.

“തിരുവനന്തപുരത്ത് കോച്ചിംഗ് സെന്‍ററിൽ പഠിപ്പിക്കുന്നുണ്ട്. ഒപ്പം പഠനവും തുടരുന്നു.”

“ഒകെ… അയാം സുഷ്മിത…”

“യെസ്, അതെനിക്ക് അറിയാലോ. ഈ പ്രൊഫൈൽ കണ്ടിട്ടാണല്ലോ ഞാൻ ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചത്. നല്ല പേര്, ആ പേരിന്‍റെ അർത്ഥം അറിയുമോ?”

“അറിയാം…”

“പേരു പോലെ തന്നെ സുന്ദരമാണ് ആ ചിരിയും. അതാണെന്നെ ഇത്രമേൽ ആകർഷിച്ചത്.”

“ആഹാ… അതു കൊള്ളാം”

“യു ആർ ലിറ്റിൽ ഹെസിറ്റേറ്റഡ്? സാരമില്ല. എന്തൊക്കെയാ ഇഷ്‌ടങ്ങൾ?”

“എന്‍റെ വായന, എഴുത്ത്…”

“എനിക്കും ഇഷ്‌ടമാണ് അതെല്ലാം. പക്ഷേ ഇഷ്‌ടമുള്ളതു വായിക്കാൻ സമയം കിട്ടില്ല. പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി വായിക്കണമല്ലോ. അതാണ് കൂടുതലും കഞ്ഞി കുടിക്കണ്ടേ ഡിയർ?”

“ഡിയർ? എന്താ അങ്ങനെ. ഇത്ര വേഗം പ്രിയപ്പെട്ടതായോ.”

“സംശയമെന്താ?”

“അതു അത്ര ശരിയല്ലല്ലോ മി. ഗൗതം!” തന്‍റെ മറുപടി ചാറ്റ് ബോക്‌സിൽ തെളിഞ്ഞപ്പോൾ ഉടനെ വന്നു ഇമോജി.

“ഒകെ ഝാൻസി റാണി!” ദേഷ്യപ്പെടാതെ ഉള്ളിൽ ചിരിച്ചു പോയി അന്ന് താൻ.

അതിനു ശേഷം കുറച്ചു ദിവസങ്ങൾ ഗൗതമിനെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിനം എഫ്ബി തുറക്കുമ്പോൾ ഗൗതമിന്‍റെ മെസേജ് ചാറ്റ് ബോക്സിൽ വന്ന് വിളിച്ചു. “ഹേയ്…! ഗൗതം ഹൗ ആർ യു?”

“എന്താ? ഓൺലൈൻ വരുന്നത് ചാറ്റ് ചെയ്യാനാ? അവിടെത്തന്നെയാണോ ഊണും ഉറക്കവും?”

“അതേലോ… എല്ലാ ജോലിയും നെറ്റ് വഴിയല്ലേ? ഞാൻ എത്ര ദിവസമായി നോക്കുന്നു? എവിടെ ആയിരുന്നു?”

“എനിക്ക് തെറ്റില്ലല്ലോ ജോലി.”

“ഓകെ മൈ ഡിയർ ഝാൻസി റാണി. ക്ഷമിക്കൂ വല്ലപ്പോഴുമൊക്കെ ഓൺലൈൻ വന്നുക്കൂടേ…. എനിക്ക് സംസാരിക്കാമല്ലേ?” താൻ അതിനു മറുപടി ഒന്നും അയച്ചില്ല. അപ്പോൾ വീണ്ടും മെസേജ് വന്നു.

“രണ്ട് വാക്ക് ഇവിടെ സംസാരിക്കുമ്പോൾ എനിക്ക് റിലാക്‌സ് തോന്നും.”

“എന്തു പറ്റി ഗൗതം?”

“ഞാൻ അൽപം ടെൻഷനിലാണ്.”

“എന്തോ?”

“ജോലിയുടെ കാര്യം തന്നെ. വീട്ടിലുള്ളവർക്ക് ഞാൻ ഉടൻ ഡോക്ടർ ജോലി തുടങ്ങണമെന്നാണ് ആഗ്രഹം. ഒരു വെറ്റിനറി ക്ലിനിക്ക് തുടങ്ങാനാണ് പറയുന്നത്. എന്നു ഇത് പറഞ്ഞ് വഴക്കാണ്. എന്‍റെ ഇഷ്‌ടം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?”

“ഒകെ അതിനിത്രയും ടെനഷൻ വേണോ ഗൗതം? ഐഎഎസ് സ്വപ്നം കൈവിടണ്ട. വൈകാതെ അതു ലഭിക്കും. അതു വരെ ക്ഷമിച്ചിരിക്കൂ.”

“സുഷ്മിത, റിയലി താങ്ക്സ്! ഈ വാക്കുകൾ എനിക്ക് ആശ്വാസമാകുന്നുണ്ട്. ഞാൻ ഒരു തട്ടിപ്പുകാരൻ ഒന്നും അല്ല. എന്‍റെ നല്ല ചങ്ങാതി ആവുമല്ലോ?”

“യെസ്! നമ്മൾ ചങ്ങാതിമാരാണല്ലോ. അതിൽ നല്ലതും ചീത്തയുമുണ്ടോ?”

“ഹ…ഹ…ഹ… അങ്ങനെയാവട്ടെ… എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.”

“പറയൂ..”

“എനിക്ക് ഒരു ആഗ്രഹമുണ്ട്.”

“എന്താണ്?”

“എന്നോട് ഇങ്ങനെ സംസാരിക്കണം, ഞാൻ ആഗ്രഹിക്കുമ്പോൾ എല്ലാം. ഏകാന്തത ഏറെ അലട്ടുന്നുണ്ട് എന്നെ. വീട്ടിലെ സാഹചര്യങ്ങൾ അതിലും വിഷമിപ്പിക്കുന്നു. അച്‌ഛനും അമ്മയ്‌ക്കും പണമാണ് ഏറ്റവും പ്രധാനം. ഒരു സഹോദരൻ ഉണ്ട്. അവൻ വിവാഹിതനായി. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടാണ്. എന്നെ മനസ്സിലാക്കാൻ തുറന്നു സംസാരിക്കാൻ ആരുമില്ല ഇപ്പോൾ. അതു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.”

“ശരി, ഗൗതം പക്ഷേ… സൗഹൃദത്തിലെ അതിർവരമ്പുകൾ ഓർമ്മയുണ്ടാകണം.”

“ഒരിക്കലും ഞാൻ പ്രശ്നമുണ്ടാക്കില്ല. ഞാൻ ഒരു തട്ടിപ്പുകാരൻ ആണെന്ന് ഇതുവരെ തോന്നിയോ.”

“ഏയ്… ഇല്ല… ഫീൽ ലൈക്ക് എ ഗുഡ് ഹ്യൂമൻ ബിയിംഗ്.”

അങ്ങനെയാണ് താനും ഗൗതമുമായുള്ള സൗഹൃദം ആഴത്തിലേക്ക് വേരൂന്നിയത്. സമയം കിട്ടുമ്പോഴേല്ലാം സുഷ്‌മിത ഓൺലൈൻ വരും. ഗൗതമിനോട് സംസാരിക്കും. ഗൗതം വളരെ അറിവുള്ള വ്യക്‌തിയാണെന്ന് ഓരോ സംഭാഷണത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞു. ഇപ്പോൾ അവൻ, അവളെ ശ്രീ എന്നാണ് വിളിക്കുന്നത്.

“സുഷ്‌മിത എന്നൊക്കെ വിളിക്കാൻ എന്തൊരു പാടാണ്! ഞാൻ ശ്രീ എന്നു വിളിക്കട്ടെ!”

“വിളിച്ചോളൂ. അപ്പോൾ ഞാൻ എന്തു വിളിക്കണം?”

“ഇഷ്ടമുള്ളത് വിളിക്കൂ. എന്നെ വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്. അങ്ങനെ വിളക്കുന്നതാണ് എനിക്കിഷ്ടം.”

അന്നു മുതൽ അവർ പരസ്‌പരം ശ്രീയും അപ്പുവുമായി.

“അപ്പു, നിനക്ക് എന്നെക്കുറിച്ച് എന്തൊക്കെ അറിയാം?”

“ശ്രീ പറഞ്ഞതു മാത്രം. കൂടുതലൊന്നും പറയാതെ പിടി തരാതെ നടക്കുകയായിരുന്നില്ലേ.” അതു കേട്ടപ്പോൾ ചെറിയൊരു വിഷമത്തോടെ “സോറി, ഡിയർ…”

“നിന്‍റെ ലൈഫിലെ എല്ലാ കാര്യവും നീ എന്നോട് പറഞ്ഞു. പക്ഷേ ഞാൻ കൂടുതലൊന്നും പറഞ്ഞിട്ടില്ല.”

“ഞാൻ വിവാഹിതയാണ്. പക്ഷേ പ്രൊഫൈലിൽ ഞാൻ അതൊന്നും കൊടുത്തിട്ടില്ല.”

“ഹ…ഹ…ഹ… അത്രേ ഉള്ളോ? കല്യാണം കഴിച്ചത് ഒരു കുറ്റമോ കുറവോ ആണോ? യഥാർത്ഥത്തിൽ ഇപ്പോൾ എനിക്ക് കൂടുതൽ റെസ്പെക്‌ട് തോന്നുന്നു.”

സുഷ്മിതയ്ക്ക് അപ്പോൾ അവനോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്. സുഷ്മിതയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി ഗൗതം മാറാൻ അധികകാലമെടുത്തതേയില്ല.

അവരുടെ ചങ്ങാത്തത്തിന്‍റെ രണ്ടു മാസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഗൗതമിന്‍റെ പിറന്നാൾ വന്നത്. സുഷ്‌മിത മനോഹരമായൊരു ഇ കാർഡ് അവന് അയച്ചു കൊടുത്തു. രാത്രി 12 മണിക്ക് ആശംസ എത്തുന്ന പാകത്തിനാണ് സുഷ്‌മിത അത് അയച്ചത്.

ഗൗതം ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു.

“ശ്രീ… താങ്ക്യു സോ മച്ച്..?”

“ഏയ്… നൊ താങ്ക്സ്… എന്തിനാ എന്നോട് താങ്ക്സ്….”

“ശരി താങ്ക്സ് പിൻവലിച്ചു. പിറന്നാളുകാരന് ഇതു മാത്രമാണോ ഗിഫ്റ്റ്?”

“പിന്നെന്താ വേണ്ടത്?”

“ചോദിച്ചാൽ തരുമോ?”

“അപ്പു, കൂടുതൽ ടെൻഷനാക്കാതെ കാര്യം പറയൂ”

“നമ്മൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ട് മാസമായി ഞാൻ ഇതു വരെ ആ ശബ്ദം കേട്ടിട്ടില്ല. എനിക്ക് പിറന്നാൾ സമ്മാനമായി ആ ശബ്ദം മതി.”

“ശരി, നമ്പർ തരൂ. ഞാൻ നാളെ വിളിക്കാം…”

“ഓ… താങ്ക്യൂ, ഡിയർ ശ്രീക്കുട്ടി… നാളെ ആവാൻ കാത്തിരിക്കുന്നു.”

ഗൗതമിന്‍റെ സന്തോഷം കണ്ടപ്പോൾ സുഷ്‌മിതയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

അപ്പുവിന്‍റെ ഫോൺ നമ്പർ അവൾ ഫോണിൽ സേവ് ചെയ്‌തു.

വൈകിട്ട് വിളിക്കുമ്പോൾ അപ്പു കാത്തിരിക്കുകയായിരുന്നു.

“ശ്രീ, എന്‍റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. ഈ ശബ്ദം എനിക്ക് എത്ര സന്തോഷം നൽകുന്നു.”

“സത്യമാണോ, അപ്പു.”

“അതേ, ഡിവൈൻ ട്രൂത്ത്!”

പിന്നീട് എല്ലാ ദിവസവും അവർ പരസ്‌പരം വിളിക്കും. മനം നിറയെ സംസാരിക്കും.

ഒരു ദിവസം രാത്രി 8 മണി കഴിഞ്ഞപ്പോൾ ഗൗതമിന്‍റെ കാൾ വന്നു. അയാളുടെ ശബ്ദത്തിലെ മാറ്റം സുഷ്മിത തിരിച്ചറിഞ്ഞു.

“ശ്രീ, എവിടാ ഇപ്പോ?”

“ഞാൻ വീട്ടിൽ. എന്തു പറ്റി, നിന്‍റെ ശബ്ദം വല്ലാതെ തോന്നുന്നു.”

“ങും ഞാൻ അൽപം മദ്യം കഴിച്ചു. കൂട്ടുകാർക്കൊപ്പം”

“എന്താണ് പതിവില്ലാതെ, നീ വീട്ടിൽ പോകാൻ നോക്കൂ.”

“ശരി, നാളെ വിളിക്കാം.” കൂടുതലൊന്നും പറയാതെ ഗൗതം ഫോൺ വച്ചു. രാത്രി മുഴുവൻ കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നിട്ട്, ദേഷ്യ മടങ്ങുമ്പോൾ അയാൾ വീട്ടിൽ പോകുമെന്ന് സുഷ്മിതയ്‌ക്ക് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്‌തു.

ഇപ്പോൾ ആ സൗഹൃദത്തിന് ഒരു വയസ്സ് പിന്നിട്ടിരിക്കുന്നു. രണ്ടു പേരും സംസാരിക്കാതെ ഇതിനിടയിൽ ഒരു ദിവസം പോലും പിന്നിട്ടില്ല. ഒരു ദിവസം ഗൗതം പതിവില്ലാതെ സംഭാഷണത്തിൽ ആമുഖം വച്ചു.

“ശ്രീ, ഞാനൊരു കാര്യം പറയട്ടെ.”

“പറയണ്ട“

“എനിക്കു പറയണം”

“ഹാ… പിന്നെ നീ എന്തിനാ അനുവാദം ചോദിക്കുന്നോ?”

“ഇതു കേൾക്കാൻ വേണ്ടി…” ഗൗതം തമാശയായി പറഞ്ഞു.

“പറ… നിനക്കെന്താ ചോദിക്കാനുള്ളത്.”

“കുറേ നാളുകളായി ശ്രീയെ കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. മറ്റൊന്നും മനസ്സിലേയ്‌ക്ക് വരുന്നില്ല.”

“ആഹാ… അത് നമ്മൾ എല്ലാ ദിവസവും സംസാരിക്കുന്നതു കൊണ്ടാകും.”

“ഏയ് അതു കൊണ്ടല്ല… ദേഷ്യപ്പെടുമില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ.”

“പറയൂ… പറയണ്ടാ എന്നു പറഞ്ഞാലും നീ പറയുമല്ലോ.”

“ശ്രീ… സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ ഒരു നൂൽപ്പാലത്തിലാണ് ഞാൻ. എപ്പോൾ വേണമെങ്കിലും നൂൽപ്പാലത്തിൽ നിന്ന് ഞാൻ പ്രണയക്കടലിൽ വീണേക്കാം.”

“ആഹാ… ഗുഡ്… ആരോടാണ് പ്രണയം….”

“ദേഷ്യപ്പെടല്ലേ, ശ്രീയോട്…”

“മതി… എനിക്ക് തൃപ്‌തിയായി. ഇതല്ലേ നമ്മൾ തുടക്കത്തിൽ തന്നെ പറഞ്ഞത്. ഇങ്ങനെയൊന്നും ഉണ്ടാവരുത്. സൗഹൃദത്തിന്‍റെ അതിർ വരമ്പുകൾ സൂക്ഷിക്കണം എന്നൊക്കെ.”

“അതെല്ലാം ഞാൻ സമ്മതിക്കുന്നു. പക്ഷേ, എനിക്ക് ഇഷ്‌ടം തോന്നുന്നു. അത് ഞാൻ തുറന്നു പറഞ്ഞു. തോന്നിയ ഇഷ്‌ടം ഞാനെങ്ങനെ മാറ്റി വയ്‌ക്കും?”

“അപ്പു… എന്‍റെ കാര്യം അറിയാമല്ലോ. എനിക്ക് ചുറ്റും നിയന്ത്രണരേഖ ഉണ്ട്. അത് ലംഘിക്കാൻ എനിക്കാവില്ല. ഇതൊക്കെ പാപമാണ്.”

“സ്നേഹം പാപമാകുന്നതെങ്ങനെ? ഞാൻ ചീത്ത മനസ്സോടെ ശ്രീയെ കണ്ടിട്ടില്ല. എനിക്ക് പ്രണയം തോന്നിയത് തുറന്നു പറഞ്ഞു. എന്നാൽ എന്‍റെ പ്രണയം സ്വീകരിക്കണമെന്ന് ഞാൻ പറയില്ല.”

“അപ്പു, ദയവായി എന്നെ വിഷമിപ്പിക്കല്ലേ. എനിക്ക് നിന്‍റെ അടുത്തു പോയി.”

“ഇല്ല ഞാൻ ആയിട്ട് ശ്രീയെ വിഷമിപ്പിക്കില്ല.” സുഷ്മിത ഒന്നും മിണ്ടാതെ ഫോൺ കയ്യിൽ പിടിച്ച് കുറച്ചു നേരം കൂടി നിന്നു. പിന്നെ ദു:ഖത്തോടെ ഫോൺ വച്ചു. ആദ്യമായി അവർക്കിടയിലെ ബന്ധത്തിൽ ഒരു മാറ്റം സംഭവിച്ചതു പോലെ. ഏതാനും ദിവസം പരസ്‌പരം ഫോൺ കോൾ പോലുമില്ലാതെ. പക്ഷേ സുഷ്മിതയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല. ഇത്രയും ദിവസം സംസാരിക്കാതിരുന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച തോന്നൽ.

അവൾ പിന്നെ മടിച്ചില്ല.

“ഹലോ… അപ്പു…”

“ശ്രീ, ഞാൻ ജീവിച്ചിരിപ്പുണ്ട്, പേടിക്കേണ്ട.”

“ഒന്നു പോടാ… നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലല്ലോ.”

“ശ്രീ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാ.”

“അതേ, എന്‍റെ നിയന്ത്രണരേഖയുടെ പരിധി ഞാൻ ലംഘിക്കുകയാണ്. നമുക്കു വേണ്ടി അത്രയും മൂല്യം ഞാൻ ഈ സൗഹൃദത്തിന് നൽകിപ്പോയി.”

“താങ്ക്യൂ ശ്രീ, എന്‍റെ ഭാഗത്തു നിന്ന് അരുതാത്ത ഒരു പെരുമാറ്റവും ഉണ്ടാവില്ല” പ്രണയത്തിന്‍റെ മൗനഭാഷ അവർക്കിടയിൽ ചിറകു വിരിച്ച് പറന്നു തുടങ്ങി. എന്നാൽ അതു സീമകൾ ലംഘിച്ചതുമില്ല.

ഒരു ദിവസം സംഭാഷണത്തിനിടയിൽ സുഷ്മിത തന്നെ അക്കാര്യം ചോദിച്ചു.

“നിന്‍റെ ലൈഫിൽ മറ്റൊരാൾ ഇല്ലെന്നാണോ?”

“ഇപ്പോൾ ശ്രീ മാത്രമേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പഠനശേഷം അവളുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമുണ്ടായില്ല.”

ആ സംഭാഷണം അവിടെ അവസാനിച്ചു. അടുത്ത ദിവസം ഗൗതം വളരെ ടെൻഷനോടെയാണ് വിളിച്ചത്.

“ശ്രീ, വീട്ടുകാർ എന്നെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.”

“അത് നല്ല കാര്യമല്ലേ.”

“അതെ, പക്ഷേ അവർ പണത്തിനു വേണ്ടി എന്നെ വിൽക്കും. അവർക്ക് സ്ത്രീധനം വേണം.”

“എന്തായാലും വീട്ടുകാർ പറഞ്ഞ പെൺകുട്ടിയെ പോയി കാണൂ.”

“ശ്രീ പറഞ്ഞാൽ ഞാൻ പോകും.”

വൈകിട്ട് ഗൗതമിന്‍റെ ഫോൺ കോൾ വന്നു. അയാൾ കടുത്ത ദേഷ്യത്തിലായിരുന്നു.

“ശ്രീ പറഞ്ഞതു കൊണ്ടു മാത്രമാണ് പോയത്.” കമ്പനി സെക്രട്ടറിയാണ് പെണ്ണ്. എനിക്ക് ഒട്ടും ഇഷ്‌ടമായില്ല.”

“ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് വിട്ടേക്ക്. വേറെ നോക്കൂ.”

ഗൗതമിന്‍റെ മനസ്സിലെ പ്രയാസം വേറൊന്നാണെന്ന് സുഷ്മിതയ്ക്ക് നന്നായറിയാം. എന്നാലും അവൾ അക്കാര്യത്തെ കുറിച്ച് നിശബ്ദത പാലിച്ചു. അല്ലാതെന്തു ചെയ്യാൻ! ഗൗതമിന്‍റെ പ്രയാസം കണ്ടപ്പോൾ സുഷ്മിത അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“രാധയുടെയും കൃഷ്ണന്‍റെയും പ്രണയം കേട്ടിട്ടില്ലേ? നീ.”

“ഉണ്ട്, അവരുടേത് അനശ്വര പ്രണയം ആയിരുന്നല്ലോ.”

“എന്നെ ഏറെ ആകർഷിച്ച ബന്ധം ആണത്. രാധ വിവാഹിതയും, കൃഷ്ണനേക്കാൾ പ്രായമുള്ളവളും ആയിരുന്നല്ലോ. എന്നിട്ടും ആ പ്രണയത്തെ അനശ്വരമെന്നല്ലേ കാലം കണക്കാക്കിയത്? അവർ വിവാഹം കഴിച്ചിട്ടില്ലല്ലോ.”

“അതെ, ശ്രീ” എന്‍റെ രാധ ആകുമോ ശ്രീ?”

സുഷ്മിത ഒരു നിമിഷം നിശബ്ദയായി. “അപ്പു…!”

“ഞാൻ തെറ്റാണോ പറഞ്ഞത്?”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. വീണ്ടും ദിനങ്ങൾ കടന്നു പോയി. ഒരു ജൂലൈ 16 കൂടി കടന്നു വരികയാണ്. സൗഹൃദത്തിന്‍റെ രണ്ടാം വാർഷികം അന്ന് ഗൗതമിന് സവിശേഷമായ ഒരു സമ്മാനം നൽകണമെന്ന് സുഷ്മിതയ്‌ക്കു തോന്നി. അവൾ രാധാകൃഷ്ണന്മാരുടെ മനോഹരമായ ചിത്രം ഓൺലൈനിൽ തപ്പിയെടുത്തു. അതിൽ ആശംസകൾ എഴുതിച്ചേർത്തു. എന്നിട്ട് അടിയിൽ ഇങ്ങനെ കുറിച്ചു രാധാഗൗതം.

കാർഡ് കണ്ടപ്പോൾ ഗൗതമിന് സന്തോഷവും പ്രണയവും ഒതുക്കാനായില്ല. അയാൾ അപ്പോൾ തന്നെ സുഷ്മിതയെ വിളിച്ചു.

“എന്‍റെ പേരിനോട് രാധയെ ചേർത്ത് അയച്ച ഈ കാർഡ് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇനി എനിക്കൊന്നും വേണ്ട. ഈ കൃഷണൻ എന്നും രാധയുടേതായിരിക്കും.”

ഗൗതമിന്‍റെ വിവാഹം നിശചയിച്ചു. പെൺകുട്ടിയെ അവന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ അനിയന്ത്രിതമായ ദു:ഖം സുഷ്മിതയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അത് പുറത്തു കാണിച്ചാൽ ഗൗതം ദു:ഖിക്കുമല്ലോ. താൻ ഒരിക്കലും ഗൗതമിന്‍റെ സന്തോഷജിവിതം തകർത്തു കൂടാ.

“വിവാഹ ശേഷം എന്നോട് സംസാരിക്കേണ്ട അപ്പു.”

“എന്താണ് ശ്രീ? അങ്ങനെ എനിക്ക് വയ്യാ! എന്നെ കൊല്ലുന്നതിന് തുല്യമാവുമത്.”

“ഭാര്യയെ സ്നേഹിക്കൂ. അവർക്ക് സങ്കടം ഉണ്ടാകരുത്.”

“ഞാൻ അതെല്ലാം ശ്രദ്ധിക്കാം ശ്രീ, ഒരിക്കലും ശ്രീയുടെ അപ്പു. അങ്ങനെ മോശമായ ഒരു കാര്യവും ചെയ്യില്ല.”

ഗൗതമിന്‍റെ വിവാഹം കഴിഞ്ഞു. വീട്ടുകാർ ആഗ്രഹിച്ചപോലെ യഥേഷ്ടം സ്ത്രീധനം ഗൗതമിന് യോജിച്ച പെൺകുട്ടിയും.

വിവാഹ ശേഷമാണ് അത് സംഭവിച്ചത്. സുഷ്മിതയുമായുള്ള ചാറ്റിംഗ് ശ്രദ്ധിച്ച ഭാര്യയോട് തന്‍റെ ഉറ്റ സ്നേഹിതയെക്കുറിച്ച് പറയാതിരിക്കാൻ ഗൗതമിന് കഴിഞ്ഞില്ല.

ഭാര്യയാകട്ടെ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. അക്കാര്യം ഗൗതം സുഷ്മിതയോടും പറഞ്ഞു.

അതറിഞ്ഞപ്പോൾ സുഷ്മിതയ്‌ക്ക് സങ്കടം തോന്നു. ഭയപ്പെട്ടത് സംഭവിക്കുകയാണോ? സുഷ്മിത മെല്ലെമെല്ലെ ചാറ്റിംഗിൽ നിന്ന് പിൻവാങ്ങി തുടങ്ങി.

ഓൺലൈനിൽ ശ്രീയെ കാണാതെ ഗൗതം വിഷമിച്ചു. അയാൾ അവളെ ഫോൺ വിളിച്ചു.” എന്തു പറ്റി?

“തിരക്കായിരുന്നേടാ…”

“ഏയ്… അതൊന്നുമല്ല. ശ്രീയുടെ ശബ്ദം മാറിയിരിക്കുന്നു.” ഗൗതമിന്‍റെ ജിവിതത്തിൽ കരടായി മാറാൻ സുഷ്മിതയ്‌ക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല. എന്നാൽ അയാളുടെ സ്നേഹത്തിൽ നിന്ന് വിട്ടു പോകുന്നത് അവളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്.

“രാധയുടെ വിരഹം, അത് രാധയുടെ മാത്രമായിരിക്കട്ടെ. കൃഷ്ണൻ സുഖമായിരിക്കട്ടെ. എന്നും ഓർമ്മയിലുണ്ടാകും.” സ്വന്തം രാധ അവൾ അയാൾക്ക് അവസാനത്തെ മെസേജ് അയച്ചു.

മനസ്സ് കല്ലാക്കി മാറ്റി അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്‌തു. പഴയ ഫോൺ നമ്പർ ഉപേക്ഷിച്ചു. നാലു വർഷങ്ങൾ അങ്ങനെ കടന്നു പോയിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം പഴയ മെയിൽ അക്കൗണ്ട് തുറന്നു നോക്കാൻ തോന്നിയത്, മനസ്സിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന് തോന്നിയതു കൊണ്ടാണ്. ഗൗതമിന്‍റെ എന്തെങ്കിലും വിവരം അതിൽ ഉണ്ടെങ്കിലോ എന്ന് ഓർത്തൂ. മെയിൽ തുറന്നപ്പോൾ ആണ് അമ്പരന്നു പോയത്.

ഓരോ ആഴ്ചയിലും ഗൗതമിന്‍റെ കത്ത്! “എന്‍റെ അപ്പു!”

അവൾക്ക് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായില്ല.

“ശ്രീ, ഞാൻ അച്‌ഛനാകാൻ പോകുന്നു. സന്തോഷമായില്ലേ?”

“ഞാൻ പിസിഎസ് ക്ലീയർ ചെയ്‌തു. എന്നിൽ ശ്രീ കണ്ട സ്വപ്നം സഫലമാകാൻ പോകുന്നു.”

“ഇന്നെനിക്കൊരു മകൻ പിറന്നു. സോ ഹാപ്പി ടുഡേ…”

“മോന് പേരിട്ടു. മോഹിത്. ശ്രീയ്ക്ക് ഇഷ്ടമായോ?”

കഴിഞ്ഞ നാലു വർഷങ്ങളിലായി വന്ന ആയിരത്തോളം കത്തുകൾ! ഗൗതമിന്‍റെ ജിവിതത്തിലെ ഓരോ കാര്യവും അവൻ അറിയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഗൗതമിന്‍റെ കത്ത് മെയിലിൽ വന്നു കിടപ്പുണ്ടായിരുന്നു. അതു വായിച്ചതോടെയാണ് താൻ ഇത്രയും അസ്വസ്ഥയായത്.

“ഒരിക്കൽ എന്‍റെ കൂടെ താജ്മഹൽ കാണണമെന്ന് ശ്രീ ആഗ്രഹിച്ചില്ലേ? അതു നിറവേറ്റണ്ടേ? ഞാൻ കാത്തിരിക്കുന്നു. നമുക്ക് പോകണം ഒരു നാൾ.”

ഒരായുസിന്‍റെ മുഴുവൻ സ്നേഹവും പകർത്തി വച്ച വരികൾ. കണ്ണീരണിഞ്ഞ കണ്ണുകളിലൂടെ അതു വായിക്കുമ്പോൾ അവളുടെ സങ്കൽപ ലോകത്ത് പ്രണയം വീണ്ടും പൂത്തു. നഷ്ടപ്പെടലുകളുടെ വേദന ഹൃദയത്തേക്കാൾ അറിയുന്നത് മിഴികളാണെന്ന് സുഷ്മിത അപ്പോൾ ആലോചിച്ചു.

और कहानियां पढ़ने के लिए क्लिक करें...