എന്‍റെ ഭാര്യ നല്ല സാമ്പത്തിക ശേഷിയുള്ള തറവാട്ടിലേതാണ്. അതിനാൽ എനിക്ക് പലപ്പോഴും അവൾ പറയുന്ന കാര്യങ്ങൾ അനുസരിക്കേണ്ടതായി വരാറുണ്ട്. അതെനിക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യമാണെങ്കിലും, എനിക്ക് വേറെ വഴിയില്ലല്ലോ.

കുറെ വാദപ്രതിവാദങ്ങൾക്കും ആലോചനകൾക്കും ശേഷമാണ്, ഞങ്ങൾ രണ്ട് മുറിയുള്ള ഒരു വീട് നഗരത്തിനു പുറത്ത് വാങ്ങിയത്. വില കുറച്ച് കിട്ടിയതുകൊണ്ടാണ് അവിടെ വാങ്ങാൻ കാരണം. ചുളുവിലയ്‌ക്ക് കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എന്‍റെ വരുമാനം വച്ച് ജീവിതകാലം മുഴുവൻ വാടകയ്‌ക്ക് താമസിക്കേണ്ടി വരുമായിരുന്നു.

ഇവിടെ താമസിക്കാൻ തീരുമാനിച്ചപ്പോൾ അമ്മായിഅമ്മയും വന്നെത്തി. അവർക്കും വീട് കാണണം. അവരുടെ നിർദ്ദേശ പ്രകാരം അടുത്തുള്ളവരെ കൂടി പാല് കാച്ചലിന് വിളിക്കാൻ തീരുമാനിച്ചു.

പരിചയപ്പെടാനാണ് ചടങ്ങു വച്ചതെങ്കിലും കീശ കാലിയാകുന്ന ഏർപ്പാടായി പോയി. പത്ത് മുപ്പത് പേർക്ക് സദ്യ നൽകേണ്ടേ. അമ്മായിഅമ്മ അഞ്ച് പൈസ നൽകിയില്ലെങ്കിലും എനിക്ക് എഴുപത്തയ്യായിരം ഈസിയായി പോയി കിട്ടി. ആ കാശുണ്ടായിരുന്നെങ്കിൽ വേറെ എന്തെല്ലാം അത്യാവശ്യം നിറവേറ്റാമായിരുന്നു.

ചടങ്ങിനെത്തിയ അയൽക്കാരും കുടുംബങ്ങളും അമ്മായിഅമ്മയുടെ കത്തിയ്‌ക്ക് ഇരയായി. തറവാട്ട് മഹിമയും അവർ അതിഥികൾക്ക് ഭക്ഷണത്തോടൊപ്പം വിളമ്പി. എനിക്ക് അതെല്ലാം കേട്ട് തല കുലുക്കാനും അതൊക്കെ പറയാനുമേ നേരമുണ്ടായിരുന്നുള്ളൂ.

എന്‍റെ ഭാര്യയും മോശമാക്കിയില്ല. അവൾ പറയുകയാണ്. “എന്‍റെ കല്യാണത്തിന് താലിമാലയോടൊപ്പം അഞ്ച് പവന്‍റെ അഞ്ച് മാലകളാണ് അമ്മ തന്നത്. അതും ഡയമണ്ട് പിടിപ്പിച്ചത്. മൊത്തം നൂറ്റിപ്പത്ത് പവൻ ഉണ്ടായിരുന്നു.”

അയ്യോ.. അതെപ്പോ? ഞാനും വാപൊളിച്ചു പോയി. സ്വർണ്ണം പോയിട്ട് ബഹുമാനം പോലും തരാത്ത അമ്മായിഅമ്മയാണ്. എനിക്ക് ഇതെല്ലാം കേട്ടിട്ട് നല്ല കലി വന്നു. പക്ഷേ നാട്ടുകാർ എന്തു കരുതും എന്നതിനാൽ ചിരിച്ചുകളിച്ച് അവരുടെ ആഹ്ലാദത്തിന്‍റെ ഭാഗമായി. ഈ രണ്ട് മുറി വീട്ടിൽ ഞാനും ഭാര്യയും സന്തോഷിച്ചിരുന്നു. പക്ഷേ അമ്മായിഅമ്മ വന്നതോടെയാണ് എല്ലാം കുളമായത്.

പാർട്ടി കഴിഞ്ഞ് രാത്രി ശ്രീമതിയുടെ വായിൽ നിന്ന് തന്നെ അത് പുറത്തു വന്നു. “ഇന്ന് ഞാനാകെ നാണം കെട്ടുപോയി…”

“എന്താ, എന്തുപറ്റി ഭാനു?” ഞാൻ ചോദിച്ചു.

“എല്ലാവരും ചോദിക്കുകയാ ഈ പഴയ ഡിസൈനിലുള്ള ആഭരണങ്ങൾ എവിടെ നിന്ന് കിട്ടിയെന്ന്. നിവൃത്തിയില്ലാതെ അമ്മ തന്നതാണെന്ന് എനിക്ക് പറയേണ്ടി വന്നു. ആകെ നാണക്കേടായി.”

“അല്ലാ നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്?” ഞാൻ നിരാശനായി.

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ?”

“ഇല്ല പറയൂ”

“നിങ്ങൾ വിചാരിച്ചാൽ…”

“വിചാരിച്ചാൽ…”

“എനിക്ക് കുറച്ച് പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങി തരാൻ പറ്റില്ലേ. അതണിഞ്ഞിട്ട് വേണം എനിക്ക് അയൽക്കാരുടെ മുന്നിൽ നിവർന്ന് നിന്ന്, എന്‍റെ ഭർത്താവ് വാങ്ങി തന്നതാണെന്ന് പറയാൻ….”

ഞാൻ ഇരുന്ന കസേര മുറുക്കി പിടിച്ച് കൊണ്ട് സ്വരം മയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “അതിനെന്താ ചക്കരേ.. ഉടനെ വാങ്ങാല്ലോ… പക്ഷേ വീടിന്‍റെ ലോൺ ആരടയ്‌ക്കും?”

“ആനയെന്ന് പറയുമ്പോൾ നിങ്ങൾ ചേന എന്ന് പറയുകയാണോ?” അവളുടെ ഒച്ച പൊന്താൻ തുടങ്ങി.

നിസ്സഹായത കൊണ്ടാണോ എന്തോ ഞാൻ അന്ന് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി!

പിന്നെ എന്തോ ശബ്‌ദം കേട്ടാണ് ഉണർന്നത്. ശ്രീമതി രാത്രി വൈകിയിരുന്നു സീരിയൽ കാണുകയാണ്.

“എന്തുപറ്റി?” അവൾ ചോദിച്ചു.

“എന്താ വല്ല സ്വപ്‌നവും കണ്ടോ?” പരസ്യം വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു.

“എന്താ ആലോചിക്കുന്നത്?”

“ആഭരണങ്ങളെക്കുറിച്ച്….” ഞാൻ പറഞ്ഞു.

“ഞാനത് പറഞ്ഞന്നേയുള്ളൂ.. എന്തിനാണ് അതു തന്നെ ഓർത്ത് ഉറക്കം കളയുന്നത്?”

“ഞാൻ അവസാനമായി ചോദിക്കുകയാണ്. നീ എത്രകാലം വീട്ടുകാർ തന്ന ആഭരണങ്ങളും അണിഞ്ഞ് എന്‍റെ കൂടെ കഴിയും. എനിക്കും ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ?”

“ഇപ്പോൾ ഉറങ്ങിക്കോളൂ, നമുക്ക് നാളെ സംസാരിക്കാം.” അവളുടെ സീരിയൽ ക്ലൈമാക്‌സിലെത്തിയിരുന്നു. സീരിയൽ തീർന്നതും അവള്‍ ലൈറ്റണച്ച് അമ്മായിഅമ്മയുടെ മുറിയിൽപ്പോയി കിടന്നു.

പോകുന്ന പോക്കിൽ അവൾ നല്ല താളത്തിൽ എന്നോട് പറഞ്ഞു.

“ഗുഡ്‌നൈറ്റ്!”

രാവിലെ ബ്രേക്ക് ഫാസ്‌റ്റായി കിട്ടിയത് കരിഞ്ഞ ബ്രഡും പുക ചുവയ്‌ക്കുന്ന ചായയുമായിരുന്നു. ഞാൻ വെറുപ്പോടെയാണ് അന്ന് ഓഫീസിലേയ്‌ക്ക് ഇറങ്ങിയത്.

ഇങ്ങനെ ഏഴ് ദിവസം കടന്നു പോയി. എല്ലാ ദിവസവും രാവിലെ വായിൽ വയ്‌ക്കാൻ കൊള്ളാത്ത പലഹാരങ്ങൾ കഴിച്ചാണ് ഓഫീസിലേയ്‌ക്ക് പോകുന്നത്. നല്ല തുടക്കം. എന്‍റെ മനസ്സ് അതുമായി പൊരുത്തപ്പെടാൻ തുടങ്ങി.

ചായ കുടിക്കുമ്പോൾ പൊട്ടിത്തെറിക്കണമെന്ന് തോന്നും. പിന്നെ അടുത്ത നിമിഷം അത് വേണ്ടെന്ന് വയ്‌ക്കും. വെറുതെ ഉള്ള മനസ്സമാധാനം കളയണ്ട എന്ന് കരുതും. ഒരു ദിവസം വൈകുന്നേരം ഞാനവളോട് പറഞ്ഞു. “ഇന്ന് വൈകുന്നേരം നിന്‍റെ ആഗ്രഹം സഫലമാകും.”

“ശരിക്കും?” അവൾ എന്‍റെ മുന്നിൽ ഭരതനാട്യം കളിച്ചോ? ഇല്ല! സന്തോഷം കൊണ്ട് നിൽക്കപ്പൊറുതി ഇല്ലാതായതാണ്!

ഞാൻ കുളിച്ചു വന്ന ശേഷം അവളെ മുറിയിലേയ്‌ക്ക് വിളിച്ച് അരക്കിലോ സ്വർണ്ണാഭരണങ്ങൾ എടുത്ത് കാണിച്ചു.

നെക്‌ലേസ്സും വളകളും മോതിരവും ചെയിനും നെറ്റിച്ചുട്ടിയും കമ്മലും എല്ലാം കണ്ട് അവളുടെ കണ്ണു തള്ളിപ്പോയി. എന്‍റെ അടുത്തു നിന്ന് ഇങ്ങനെ ഒരു സമ്മാനം അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി.

ഉടനെ അതെല്ലാം എടുത്തണിഞ്ഞ് അവൾ അമ്മയുടെ മുറിയിലേക്കോടി. ഞാൻ പഴയ പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അന്നേതാണ് ദിവസം എന്ന് ഞാനും മറന്നു പോയിരുന്നു!

3-4 ദിവസം എനിക്ക് നല്ല രുചിയുള്ള ആഹാരങ്ങൾ കിട്ടി. ഭാര്യ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ച്, ആഹ്ലാദം കൊണ്ട് എന്‍റെ ഹൃദയം പൊട്ടിപ്പോകുമെന്ന് വരെ എനിക്ക് തോന്നി.

ഹൊ, ഇവൾ എത്ര നല്ലവളാണ്!

ആഭരണങ്ങൾ പെണ്ണുങ്ങളിൽ ഇത്രയും പോസിറ്റീവായ മാറ്റം ഉണ്ടാക്കുമോ? ഭയങ്കരം തന്നെ.

അവൾ പഴയ ആഭരണങ്ങൾ എല്ലാം അലമാരയിൽ വച്ചിരുന്നു. അമ്മായിഅമ്മയുടെ മനോഭാവത്തിലും മാറ്റം ഉണ്ട്. മോന് വേണോ? ചായ വേണോ എന്നെല്ലാമായിരിക്കുന്നു. കുളിക്കാൻ വെള്ളം പിടിച്ചു വയ്‌ക്കുന്നു…

ജീവിതം തന്തനാനേനാ…

അങ്ങനെയിരിക്കെ ഒരു ദിവസം

രാത്രി വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. അമ്മായിഅമ്മ ചെന്ന് വാതിൽ തുറന്നു. ഉടനെ മുഖം മറച്ച 3-4 കള്ളന്മാർ അകത്തു കടന്നു. ശ്രീമതി സാരി കൊണ്ട് ആഭരണങ്ങൾ മറച്ചു. അമ്മായിഅമ്മ കൈകൂപ്പി അപേക്ഷിച്ച് ഒച്ചയില്ലാതെ കരഞ്ഞു. ഇവർക്ക് കരയാനറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

“മുഴുവൻ ആഭരണങ്ങളും ഊരിക്കോ…” ഒരു കള്ളൻ പറഞ്ഞു. ഞാൻ കൈകൂപ്പിക്കൊണ്ട് ശ്രീമതിയോട് ആജ്‌ഞ കൊടുത്തു.

“വേഗം കൊടുത്തേക്കു, അല്ലെങ്കിൽ ജീവൻ കാണില്ല.”

“ഞാൻ കൊടുക്കാൻ പോകുന്നില്ല” ഭാര്യ ഗൗരവത്തിൽ ധൈര്യത്തോടെ പറഞ്ഞു.

ഒരു മാന്യനായ കള്ളൻ ശാന്തസ്വരത്തിൽ ഇങ്ങനെ പ്രതികരിച്ചു. “ഞാനൊരു ബ്രഹ്‌മചാരിയാണ്. പെണ്ണുങ്ങളെ ഇതുവരെ കൈവച്ചിട്ടില്ല. അതിനാൽ പെങ്ങളെ അതെല്ലാം വേഗം ഇങ്ങ് തന്നേക്ക്. ഇല്ലെങ്കിൽ എന്‍റെ ബ്രഹ്‌മചര്യം മുടക്കേണ്ടി വരും.”

കള്ളന്‍റെ ഭീഷണി കേട്ടതോടെ അമ്മായിഅമ്മയുടെ മുഖം വിയർത്തു. ഒരു കള്ളൻ അമ്മായിഅമ്മയുടെ കഴുത്തിൽ കത്തി വയ്‌ക്കാൻ ഒരുങ്ങി. ഇതുകണ്ട് ശ്രീമതി വാവിട്ട് കരഞ്ഞു. ബഹളം കേട്ട് ആളുകൾ കൂടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ കരച്ചിലിന്‍റെ ഒച്ച പുറത്ത് വരുന്നുണ്ടായിരുന്നില്ല. (അവൾ പരുങ്ങുന്നത് കണ്ട് ഞാൻ അൽപം സന്തോഷിക്കാതിരുന്നില്ല കേട്ടോ!)

മുഖംമൂടി വച്ച ഒരു കള്ളൻ മാന്യമായി ശ്രീമതിയോട് ഒച്ചവച്ചു.

“മിണ്ടിപ്പോവരുത്… ഒച്ച വച്ചാൽ ഇനി ഒറ്റവെട്ടിന് തല തെറിപ്പിക്കും.”

പേടിച്ചു വിറച്ച ശ്രീമതി കരച്ചിൽ നിർത്തി. ഞാൻ തന്നെ മുൻകൈയെടുത്ത് അവളുടെ കഴുത്തിൽ നിന്ന് മാലകൾ ഓരോന്നായി ഊരിയെടുത്ത് കള്ളന് സമർപ്പിച്ചു!

എല്ലാ ആഭരണങ്ങളും കിട്ടിയെന്ന് ഉറപ്പായതോടെ കള്ളന്മാർ വേഗം സ്‌ഥലം വിട്ടു. അമ്മയും മോളും പരസ്‌പരം കെട്ടിപ്പിടിച്ചു കരഞ്ഞു. നേരം വെളുത്തപ്പോൾ പോലീസിൽ പരാതി നൽകാമെന്നു കരുതി. പക്ഷേ മാനം പോകുമെന്ന് ഭയപ്പെട്ടു.

“മോനെ സ്‌റ്റേഷനിൽ പോയി പരാതി നൽകാം” എത്ര സ്‌നേഹത്തോടെയാണ് അമ്മായിഅമ്മ സംസാരിച്ചതെന്നോ? ശ്രീമതിയും അതേ അഭിപ്രായം പ്രകടിപ്പിച്ചു. പക്ഷേ ഞാനവരെ പറഞ്ഞു മനസ്സിലാക്കി.

“നമ്മൾ പോലീസിന് പരാതി കൊടുത്താൽ, അവരുടെ ആദ്യ ചോദ്യം നിങ്ങൾക്ക് അര കിലോഗ്രാം സ്വർണ്ണം വാങ്ങാൻ എവിടെ നിന്നു പണം കിട്ടി എന്നാവും?”

ഇത്രയും പറഞ്ഞപ്പോഴേക്കും രണ്ടാളും ശരിവച്ചു. ആദ്യമായിട്ടാണ് ഞാൻ പറയുന്ന ഒരു കാര്യം ഇവർ ചെവിക്കൊള്ളുന്നത്! അതിനാൽ അവർ കള്ളൻ വന്ന കാര്യം അയൽക്കാരോടു പോലും പറഞ്ഞില്ല.

ഇനി നമ്മൾ വീടിന്‍റെ ലോൺ അടയ്‌ക്കണം. കൂടാതെ സ്വർണ്ണം വാങ്ങിയതിന്‍റെയും. ശ്രീമതി എന്‍റെ മുഖത്തേയ്‌ക്ക് ദയനീയമായി നോക്കി. എനിക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പുതിയ വീട് ചത്ത ഗൃഹം പോലെയായി.

വിലക്കയറ്റത്തിന്‍റെ ഇക്കാലത്ത് ആളുകളുടെ സ്വർണ്ണം കട്ടില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. അനിഷ്‌ട സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും വീട്ടിലെ ദുരവസ്‌ഥയ്‌ക്ക് മാറ്റം വന്നില്ല. അമ്മായിഅമ്മ ശരിക്കും പേടിച്ച് പനി പിടിച്ചിരുന്നു. തൂക്കം ഒരു അഞ്ച് കിലോയെങ്കിലും കുറഞ്ഞു കാണും!

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവരോട് ഒരു കാര്യം പറയാനുണ്ടെന്ന് ഉണർത്തിച്ചു.

“ഞങ്ങൾക്കിന്ന് നിങ്ങളുടെ വർത്തമാനമൊന്നും കേൾക്കണ്ട” അമ്മായിഅമ്മയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു. ഞാൻ വോൾട്ടേജില്ലാത്ത കറങ്ങുന്ന ഫാനും നോക്കിക്കിടന്ന് ചമ്മൽ അകറ്റി.

അവരുടെ വർത്തമാനം കേട്ട് എനിക്ക് ചൊറിഞ്ഞ് വന്നതാണ്. ഹല്ല പിന്നെ. ഞാൻ കലിതുള്ളി വരാന്തയിലേക്ക് ചെന്നതും അവിടെ ബോംബ്

സ്‌ക്വാഡ് പരിശോധിക്കുന്ന പോലെ ശ്രീമതിയും അമ്മായിഅമ്മയും എന്തോ ചെയ്യുന്നു.

ഹെ, ഇതെന്തായിത്? എനിക്കും ആകാംക്ഷയായി.

നോക്കിയപ്പോൾ കണ്ടത് ഒരു തുണിയിൽ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് ഇട്ടിരിക്കുന്നതാണ്. അത് പരിശോധിക്കുകയാണ് രണ്ടാളും.

“എന്‍റെ സ്വർണ്ണം തിരിച്ചു കിട്ടി. എന്‍റെ പ്രാർത്ഥന പടച്ചോൻ കേട്ടു.” ശ്രീമതി ആഹ്ലാദം കൊണ്ട് കണ്ണ് നനച്ചു.

ഞാൻ കൂടുതൽ നിശ്ശബ്‌ദനായി. രണ്ടാളും ആഭരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുകയാണ്.

“എല്ലാം ഉണ്ട്, എല്ലാം ഉണ്ട്” ശ്രീമതി നെടുവീർപ്പിട്ടു.

“കള്ളന്മാർക്ക് പശ്ചാത്താപം തോന്നി കാണും. അവർക്ക് നല്ലതു വരട്ടെ!”

കഴുത്തിൽ കത്തി വച്ച കാര്യം പോലും മറന്ന് അമ്മായിഅമ്മ പറയുകയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല.

വീട്ടിൽ സന്തോഷം തിരിച്ചെത്തി. കളഞ്ഞു പോയ മുതൽ തിരിച്ചു കിട്ടിയല്ലോ. പക്ഷേ അതോടെ എന്‍റെ മനസ്സമാധാനം പോയി. ശ്രീമതിയും അമ്മായിഅമ്മയും പൂർവ്വാധികം ശക്‌തിയോടെ എന്നോട് ആജ്‌ഞാപിക്കാൻ തുടങ്ങി.

ആ തുണിക്കെട്ടിൽ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ശ്രീമതി അതെടുത്ത് ഉറക്കെ വായിച്ചു. “ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. നാണമില്ലേ കള്ളന്മാരെ പറ്റിക്കാൻ. നിങ്ങളൊക്കെ ഗതികിട്ടാതെ ചാവും.. നിങ്ങളുടെ ആഭരണങ്ങൾ വ്യാജമാണ്. സ്വർണ്ണം പൂശിയവ. ഈ ആഭരണങ്ങളാണോ അണിഞ്ഞ് മേനി നടിക്കുന്നത്, ചതിയന്മാരേ?”

വായിച്ചു തീർന്നതും ശ്രീമതി എന്‍റെ നേരെ നോക്കി. അമ്മായിഅമ്മ എന്നെ നോക്കിയോ എന്തോ? ഞാൻ ശ്രദ്ധിച്ചതേയില്ല. ഇനി വെറുതെ മുണ്ടിൽ പെടുത്തവനെന്ന പേര് ദോഷം കൂടി കേൾപ്പിക്കണ്ടല്ലോ?

“ഈ കാര്യം ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. അന്ന് പക്ഷേ ആഭരണം കിട്ടിയ സന്തോഷത്തിൽ ഒന്നും കേൾക്കാൻ നിങ്ങൾ തയ്യാറല്ലായിരുന്നല്ലോ!” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

“ഈ ഇമിറ്റേഷൻ ആഭരണങ്ങൾ എന്‍റെ ശരീരത്തിൽ ഇല്ലായിരുന്നുവെങ്കിൽ കള്ളന്മാർ അമ്മ വാങ്ങി തന്ന അസ്സൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടു പോയേനെ, ചേട്ടന്‍റെ ബുദ്ധിയാണ് രക്ഷിച്ചത്.”

“ശരിയാണ്, നീ പറഞ്ഞത് വളരെ ശരിയാണ്.” അമ്മായിഅമ്മയും പിന്താങ്ങിയതോടെ രംഗം സന്തോഷമായി.

ഇവർക്ക് രണ്ടാൾക്കും നല്ല ബുദ്ധിയുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്!

“നീ സന്തോഷവതിയായിരിക്കണം എന്നേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. അതോടൊപ്പം എന്‍റെ സത്യസന്ധത കളഞ്ഞു കുളിക്കാനും ഞാനാഗ്രഹിച്ചിരുന്നില്ല. അതിനാൽ അയ്യായിരം രൂപ ചെലവഴിച്ചാണ് ഗോൾഡ് പ്ലേറ്റിംഗ് ചെയ്‌തത്.”

“അയ്യായിരം രൂപ പോയത് പോട്ടെ, അഞ്ച് ലക്ഷത്തിന്‍റെ സ്വർണ്ണാഭരണങ്ങൾ അല്ലേ അതുവഴി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിഞ്ഞത്?” ശ്രീമതി പറഞ്ഞു.

“അല്ലെങ്കിലും ഇവൻ ബുദ്ധിമാനല്ലേ. അതുകൊണ്ടല്ലേ ഞാൻ എന്‍റെ മോളെ ഇവന് കെട്ടിച്ചു കൊടുത്തത്” അമ്മായിഅമ്മ പറഞ്ഞു.

“ഇനി നിങ്ങളോട് ഒരു അപേക്ഷയേയുള്ളൂ. ഒറിജിനൽ മുഴുവൻ അണിഞ്ഞ് നടക്കണ്ട.”

“അതു മോൻ പറഞ്ഞത് നേരാ. നമുക്കത് ലോക്കറിൽ വയ്‌ക്കാം. അമ്മായിഅമ്മ ആദ്യമായി ഞാൻ പറഞ്ഞ ഒരു കാര്യത്തെ പിന്തുണയ്‌ക്കുന്നതു കണ്ട് ഞാൻ അതിശയിച്ചു.

ഞങ്ങൾ കാറിൽ ബാങ്കിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു. ഇവരുടെ ദുസ്വഭാവങ്ങളും വച്ചു പൂട്ടാൻ പറ്റിയ ലോക്കറും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ..

और कहानियां पढ़ने के लिए क्लिक करें...