ഭാര്യ ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ശരി ഗൃഹാന്തരീക്ഷം മികച്ച രീതിയിൽ കൊണ്ടുപോകാനുള്ള അവരുടെ കഴിവിനെ കുറച്ച് കാണാൻ പാടില്ല. എന്നാൽ വിശ്വാസം, ധാരണ, ഐക്യം തുടങ്ങിയവക്കിടയിലുള്ള സന്തുലിതാവസ്‌ഥയും താളവും നഷ്‌ടപ്പെടുമ്പോൾ ഭാര്യക്കും ഭർത്താവിനുമിടയിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കും. നീ, ഞാൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ ഉണ്ടായി തുടങ്ങും.
ദാമ്പത്യ ജീവിതത്തിൽ ഹൃദ്യമായ താളം സൃഷ്‌ടിക്കാൻ കഴിയുന്ന ചില പോസിറ്റീവ് ചിന്തകളിതാ-
ഒരു പെൺകുട്ടി വിവാഹിതയായി പുതിയ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷവുമായി ഇണങ്ങി ചേരേണ്ടി വരിക സാധാരണമാണല്ലോ. ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയും വരും. ഭർതൃവീട്ടിലെ രീതികൾ, ശീലങ്ങൾ, നിയമങ്ങൾ, ഭക്ഷണരീതിയൊക്കെ മനസ്സിലാക്കേണ്ടി വരുന്നു. ഭർതൃവീട്ടിലെ ദിനചര്യക്ക് അനുസരിച്ച് സ്വന്തം ദിനചര്യ ചിട്ടപ്പെടുത്തുക. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതായി വരുന്നു. പരസ്‌പരമുള്ള വിശ്വാസത്തിലും ധാരണയിലും അധിഷ്‌ഠിതമാണ് ഭാര്യാഭർതൃബന്ധം. അതു കാത്തു സൂക്ഷിക്കേണ്ടതിനാൽ ചില വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരാം.
1.നിങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല
ചില സ്ത്രീകൾക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. അവർ ചെയ്യുന്നതെല്ലാം എപ്പോഴും ശരിയാണെന്ന്. ഭർത്താവ് എന്തെങ്കിലും കാര്യം വ്യത്യസ്ത രീതിയിൽ ചെയ്യുകയാണെങ്കിൽ ആ കാ ര്യം താൻ ഉദ്ദേശിക്കുന്ന രീതിയിൽ ചെയ്യാൻ ഭർത്താവിനെ പ്രേരിപ്പിക്കുന്നത് നല്ല സ്വഭാവമല്ല. ഭർത്താവിന്‍റെയും അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങളുടെയും ചിന്തയും രീതിയും നിങ്ങളുടേതിൽ നിന്നും വ്യത്യസ്‌തമായിരിക്കുമെങ്കിലും ചിലപ്പോൾ അത് ശരിയുമാകാം. പൂർണ്ണമായും അബദ്ധത്തിലേക്കാണ് കാര്യം പോകുന്നതെങ്കിൽ തിരുത്താനായി ഇടപെടുന്നതിൽ തെറ്റില്ല.
- തലനാരിഴ കീറി പരിശോധിക്കാതിരിക്കുക:
അവിവാഹിതരായ ജോഡികൾ പരസ്‌പരം ധാരാളം കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യാം. ഒരു മടുപ്പും തളർച്ചയുമില്ലാതെ മണിക്കൂറുകളോളം അവർ ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യും. എന്നാൽ വിവാഹ ജീവിതത്തിൽ അങ്ങനെ സംഭവിക്കുന്നേയില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ പരസ്‌പരം കാര്യങ്ങൾ തലനാരിഴ കീറി പരിശോധിക്കും. ചിലപ്പോൾ പരസ്‌പരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കലഹത്തിൽ അവസാനിക്കും. ഓർക്കുക, ഭർത്താവ് നിങ്ങളുടെ ബോയ്ഫ്രണ്ടോ ഭാര്യ നിങ്ങളുടെ ഗേൾ ഫ്രണ്ടോ അല്ല.
- പങ്കാളിയ്‌ക്ക് പ്രാധാന്യം നൽകുക
ഭർത്താവിനേക്കാളും മറ്റ് കുടുംബാംഗങ്ങൾക്ക് അമിത പ്രാധാന്യം നൽകരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ സന്തോഷകരമായ ജീവിതത്തിൽ ശൂന്യത നിറയും. ഉദാ: ഭർത്താവ് നിങ്ങൾക്കൊപ്പം ഒരു സിനിമ കാണാൻ പോകാൻ പ്ലാൻ ചെയ്യുകയും അതേസമയം നിങ്ങളുടെ അമ്മ നിങ്ങളെ ഷോപ്പിംഗിനായി ക്ഷണിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ ഭർത്താവിനോട് സോറി പറഞ്ഞിട്ട് അമ്മയോടൊപ്പം പോയാൽ ഭർത്താവിന്‍റെ മാനസികാവസ്‌ഥ എന്തായിരിക്കും? നിങ്ങളുടെ ജീവിതത്തിൽ അദ്ദേഹത്തിനൊരു സ്‌ഥാനവും ഇല്ലെന്ന തോന്നലേ ആ നടപടി കൊണ്ട് ഉണ്ടാകൂ. തനിക്ക് കേവലം രണ്ടാം സ്‌ഥാനം മാത്രമാണെന്ന ചിന്തയുണ്ടാകാം. എന്നാൽ അമ്മയോട് എപ്പോഴെങ്കിലും വരാം എന്ന് പറഞ്ഞിട്ട് ഭർത്താവിനൊപ്പം സിനിമയ്‌ക്ക് പോയാലോ. അമ്മയുമായി നിങ്ങളുടെ ബന്ധം ഒരിക്കലും തകരുകയില്ലെന്ന് മാത്രമല്ല ഭർത്താവുമായി ഊഷ്‌മളബന്ധം നിലനിൽക്കുകയും ചെയ്യും.
- ഇൻസൾട്ട് ചെയ്യരുത്
മറ്റുള്ളവരുടെ സാന്നിധ്യത്തിൽ സ്വന്തം പങ്കാളിയുടെ തെറ്റു കുറ്റങ്ങൾ എടുത്തു പറയുന്നത് യഥാർത്ഥത്തിൽ പങ്കാളിയെ അപമാനിക്കുന്നതിന് തുല്യമാണ്. സ്വകാര്യമായ നിമിഷങ്ങളിൽ പരസ്‌പരം ചർച്ച ചെയ്‌ത് തെറ്റുകൾ തിരുത്താവുന്നതാണ്.
- ഭീഷണിപ്പെടുത്തരുത്
ഭാര്യക്കും ഭർത്താവിനുമിടയിൽ ധാരാളം കലഹങ്ങൾ ഉണ്ടാകാം. അവർക്കിടയിലെ സ്നേഹം നഷ്‌ടപ്പെടുകയില്ല. പിണക്കമകലുന്നതോടെ സ്നേഹത്തിന്‍റെ ആഴവും കൂടുന്നു. എന്നാൽ ഈ അഭിപ്രായ വ്യത്യാസത്തെ വലിയൊരു തർക്കമാക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ കാര്യത്തിന്‍റെ പേരിൽ ഭർത്താവിനെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം കുറയുന്നതിലപ്പുറമായി അത് അവസാനിക്കുകയാണ് ചെയ്യുന്നതെന്ന് ഓർക്കുക.
പരസ്‌പരമുള്ള ബഹുമാനം ദാമ്പത്യ ജീവിതത്തിൽ സിദ്ധൗഷധം പോലെയാണ് പ്രവർത്തിക്കുന്നത്. പങ്കാളിയുടെ പരസ്പരമുള്ള കഴിവുകളെയും വ്യക്‌തിത്വത്തേയും അംഗീകരിക്കുക ഇത് പരസ്പരമുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കും.
- ഒരു കാര്യം ആവർത്തിക്കരുത്
ഏതെങ്കിലും കാര്യം ആവർത്തിച്ചാവർത്തിച്ച് പരസ്‌പരം ഓർമ്മിപ്പിക്കരുത്. ഉദാ: ഏതെങ്കിലും അസുഖത്തിനുള്ള മരുന്ന് കഴിക്കാൻ ഓർമ്മിപ്പിക്കുന്നത്, ബാങ്കിൽ പണം അടയ്‌ക്കാൻ ഓർമ്മിപ്പിക്കുക, എന്തെങ്കിലും സാധനം വാങ്ങുക തുടങ്ങിയവ. ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ ദേഷ്യമുണ്ടാക്കും.
- ഭർത്താവിനുള്ള നിർദ്ദേശം
ഭാര്യമാർ ഭർത്താക്കൻമാർക്ക് ചെയ്യാനുള്ള ജോലികളുടെ ഒരു പട്ടിക നൽകാറുണ്ട്. ഇന്ന് ഇത് ചെയ്യണം. നാളെ അവിടെ പോകണം. ഇത്രാം തീയതി പണമടയ്‌ക്കണം ഇങ്ങനെ കുറേ ജോലികൾ ഭർത്താക്കന്മാരെ ഏൽപിക്കാറുണ്ട്. ഭാര്യയുടെ ഈ സ്വഭാവം ഭർത്താവ് കുടുംബ ജീവിതം ശരിയായ വണ്ണം നോക്കി നടത്താൻ പ്രാപ്തനല്ലെന്ന വിചാരമേ ഉണ്ടാക്കൂ. ഇത് പരസ്പരമുള്ള ഐക്യത്തെ ഇല്ലാതാക്കും.
- വീട്ടു ജോലിയെപ്പറ്റി ഭാര്യ എണ്ണി പറയുക
ചില വീട്ടമ്മമാർ ഭർത്താവ് ജോലി കഴിഞ്ഞ് വന്നാലുടൻ വീട്ടിൽ ചെയ്‌ത ജോലികളുടെ ഒരു ലിസ്‌റ്റ് നിരത്താറുണ്ട്. വീട്ടു ജോലി ഭാരിച്ച ജോലിയാണെങ്കിലും ഭർത്താവ് വന്നയുടനെ അക്കാര്യം പറയണമെന്നില്ല. സാവകാശം പറയാം.
- അഭിപ്രായവ്യത്യാസം പറഞ്ഞ് തീർക്കുക
ഭാര്യക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന പ്രശ്നം പറഞ്ഞു തീർക്കാൻ ഇരുവരും മുൻ കൈയെടുക്കണം. അതിനായി മൂന്നാമതൊരാളുടെ സഹായം തേടരുത്. പിണക്കത്തിന്‍റെ ദൈർഘ്യം മണിക്കൂറുകളോളം നീളരുത്. അഭിപ്രായ വ്യത്യാസം പരസ്‌പരം പറഞ്ഞ് തീർക്കുക. ഓർക്കുക ജീവിതം വളരെ ഹൃസ്വമാണ്. നഷ്‌ടപ്പെടുന്ന ഓരോ നിമിഷവും പിന്നീടൊരിക്കലും തിരിച്ചു കിട്ടുകയില്ല. അതു കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.