ഉഴപ്പുന്നതൊക്കെ കൊള്ളാം. പക്ഷേ ആരോഗ്യകാര്യത്തിൽ ആ സ്വഭാവം വേണ്ട. ആയുരാരോഗ്യം യാഥാർത്ഥ്യമാക്കാൻ നൂറു ശതമാനം ആത്മാർത്ഥതയോടെ ചില സ്മാർട്ടായ തീരുമാനങ്ങളെടുക്കൂ. ഭക്ഷണ കാര്യത്തിലും ശീലങ്ങളിലും ക്രിയാത്മകമായ തീരുമാനങ്ങളെടുക്കുക വഴി ശരീരം ആരോഗ്യമുള്ളതായി തീരും. മനസ്സ് ഊർജ്ജസ്വലവും ജീവിതം സുന്ദര സുരഭിലവുമാകും.
ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം കാര്യങ്ങൾ സ്വീകരിക്കാം? അതിനുള്ള ചില സ്മാർട്ട് ടിപ്സ്…
ശരിയായ ഭക്ഷണം
കാപ്പി കുടിക്കുക:- കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഈ വാദം വാസ്തവ വിരുദ്ധമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാം. ഇതൊരിക്കലും ദോഷം ഉണ്ടാക്കില്ല. ടൈപ്പ്-2 പ്രമേഹ സാധ്യതയെ അത് കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
രുചികരമായ എല്ലാ ഭക്ഷണവും മോശമല്ല:- ഡാർക്ക് ചോക്ളേറ്റ്, സ്പെഗറ്റി, മുന്തിരി, തക്കാളി, സൂപ്പ്, ഉള്ളി, വാൽനട്ട്സ് എന്നിവയെല്ലാം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാണ്.
കളർഫുൾ:- പല വർണ്ണങ്ങളിലുള്ള ധാന്യങ്ങളും പച്ചക്കറികളും (കുറഞ്ഞത് നാലെണ്ണമെങ്കിലും) ദിവസവും കഴിക്കാം. ചെറുപയർ, പരിപ്പ്, തക്കാളി, കാരറ്റ് (ചുവപ്പ്) വഴുതനങ്ങ, പിഞ്ചു വെള്ളരിക്ക, ചെഞ്ചീര / പച്ചച്ചീര എന്നിവ ഒരുമിച്ചോ മാറ്റം വരുത്തിയോ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യവസ്തുക്കളാണ്. തീൻമേശയിൽ ബഹു വർണ്ണങ്ങളിലുള്ള വിഭവങ്ങൾ കാണുമ്പോൾ നല്ല വിശപ്പു തോന്നില്ലേ?
കടൽ വിഭവങ്ങൾ:- ഡയറ്റിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടുത്തുക. മത്തി, ചെറു മത്സ്യങ്ങൾ എന്നിവ കറി വച്ച് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കും. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകൾ നേരിട്ട് ചർമ്മത്തിലെത്തുന്നു. ചർമ്മത്തിനത് പുതു തിളക്കവും കാന്തിയും പകരാൻ സഹായിക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ:- പരമാവധി പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരിയായതും ഉചിതവുമായ രീതിയിലാണ് ഭക്ഷണ രീതിയെങ്കിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യുകയില്ല. എന്നു വിചാരിച്ച് എന്തും വാരി വലിച്ച് കഴിക്കുകയുമരുത്. ഏതിലും മിതത്വം പുലർത്തുക.
തക്കാളി ആവാം:- തക്കാളി ധാരാളമായി കഴിക്കുക. ലൈകോ പെന്നും മറ്റ് ആന്റി ഓക്സിഡന്റുകളുമുള്ള തക്കാളി ആരോഗ്യത്തിന് ഉത്തമമത്രേ. ജൈവകൃഷി ചെയ്ത തക്കാളിയാണ് ഉപയോഗിക്കേണ്ടത്.
വെള്ള നിറം വേണ്ട:- ഡയറ്റിൽ നിന്നും മൂന്ന് വൈറ്റുകൾ ഒഴിവാക്കാം. അതായത് മൈദ, അരി, പഞ്ചസാര എന്നിവയാണ്. ഈ മൂന്നു വൈറ്റുകൾ. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇവ കാരണങ്ങളാകാം. പകരം ഡയറ്റിൽ മുഴുധാന്യങ്ങൾ ഉൾപ്പെടുത്താം. മുഴുധാന്യങ്ങൾ അത്ര രുചികരമായി തോന്നുകയില്ലെങ്കിലും ശീലമാക്കുക വഴി ആ രുചി ഇഷ്ടപ്പെട്ടു തുടങ്ങും.
പ്രാതൽ ഒഴിവാക്കരുത്:- ഒരിക്കലും പ്രാതൽ ഒഴിവാക്കരുത്. വീട്ടിൽ നിന്നും ഇറങ്ങും മുമ്പ് പ്രാതൽ കഴിക്കുകയാണെങ്കിൽ ശരീര ഭാരം കുറയുമത്രേ. പ്രാതൽ കഴിക്കുന്നവരിൽ കൂടുതൽ കലോറി എരിച്ചുകളയപ്പെടുന്നു. സമയം തെറ്റി പ്രാതൽ കഴിക്കുകയുമരുത്.
ജീവിതം എത്ര സുന്ദരം
വായനാ ശീലം:- മാനസികോല്ലാസത്തിലുപരിയായ പുതിയ അറിവുകൾ നേടാനും വ്യക്തമായ നിലപാടുകളുണ്ടാക്കാനും വായനയോളം മധുരതരമായി മറ്റെന്തുണ്ട്. മറ്റുള്ളവരിൽ നിന്നും വേറിട്ട കാഴ്ചപ്പാടുകളും ചിന്തകളും ഉണർത്താൻ വായന കൊണ്ട് സാധിക്കും. വായനക്കൊപ്പം പസിൽസ് ചെയ്യുന്നതും ടിവിയിൽ കളികളും മറ്റ് വിനോദങ്ങളും കാണുന്നതും ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും. നല്ല ശീലങ്ങളും സ്വഭാവ ഗുണവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ട്. പുകവലി, മദ്യപാനം, മധുര പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം എന്നിവയൊക്കെ പാടേ ഒഴിവാക്കി ജീവിതത്തെ ശരിയായ ട്രാക്കിലേക്ക് നയിക്കുക.
സ്ടെസ്ര് ഫ്രീ ആയിരിക്കുക: – മാനസിക പിരിമുറുക്കം കൂടുമ്പോൾ അതിനെ ശക്തമായി കുടഞ്ഞെറിയാൻ ശ്രമിക്കുക. അതിനുള്ള വഴികൾ സ്വയം കണ്ടെത്തുക.
ദേഷ്യത്തെ മാനേജ് ചെയ്യാൻ പരിശീലിക്കുക:- വർദ്ധിച്ച ദേഷ്യത്തിലാണെങ്കിൽ ആ ദേഷ്യം പ്രകടിപ്പിച്ചേക്കുക. അല്ലെങ്കിൽ ആ പിരിമുറുക്കത്തിൽ പെട്ട് നിങ്ങൾക്ക് തലവേദനയോ ഹൃദയ സംബന്ധമായ അസുഖങ്ങളോ പിടിപെടാം. കൊളസ്ട്രോൾ ഉള്ളവരിലാണെങ്കിൽ അത് മറ്റ് സങ്കീർണതകളിലേക്ക് നയിക്കും.
വീട്ടിൽ അരുമ മൃഗത്തെ വളർത്താം:- പൂച്ചയോ പട്ടിയോ മുയലോ തത്തയോ മൈനയോ അങ്ങനെ എന്തുമാകാം. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കും.
ചില കാര്യങ്ങള് ഓര്മ്മയില് സൂക്ഷിക്കാം…
- സ്വന്തം ശരീരത്തേയും ശരീരാരോഗ്യത്തേയും വിലയിരുത്തുക. നിയന്ത്രിക്കേണ്ടതും അനാവശ്യമായതും ഏതാണെന്ന് സ്വയം കണ്ടെത്താം. ആരോഗ്യവും ജീവിതവും മെച്ചപ്പെടാൻ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുക.
- ചിരിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക. ചിരി ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കും.
- നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒട്ടും സമയം പാഴാക്കാതെ അത് പരിഹരിക്കുക. പുറത്തു പോകുന്ന അവസരങ്ങളിൽ സൺഗ്ലാസ്സുകൾ ധരിക്കുക. നേത്രങ്ങളെ പരിരക്ഷിക്കുന്നതിനൊപ്പം കണ്ണിന് ചുറ്റുമുണ്ടാകുന്ന ചുളിവുകളെ അത് അകറ്റി നിർത്തും.
- പുറത്തു നിന്നും വന്നയുടനെ കാലും മുഖവും കഴുകുക. ഇത്തരം ശുചിത്വ ശീലങ്ങൾ രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു നിർത്തും.
- മറ്റുള്ളവരുടെ പേന വാങ്ങി ഒപ്പിടുകയോ എഴുത്തുകുത്തുകൾക്കായി ഉപയോഗിക്കുകയോ ചെയ്യരുത്. പേനയിലൂടെ വൈറസുകളോ ബാക്ടീരിയകളോ ശരീരത്തിൽ എത്താം. അതിനാൽ എവിടെ പോയാലും പേന കയ്യിൽ കരുതുക.
- നല്ല വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. ചുളിവുകളുണ്ടെങ്കിൽ വസ്ത്രങ്ങൾ ഇസ്തിരിയിടുക. ബട്ടൻ പൊട്ടിയതോ തയ്യൽ അഴിഞ്ഞു പോയതോ ആയ വസ്ത്രങ്ങൾ അതാത് സമയത്ത് റിപ്പയറിംഗ് ചെയ്തെടുക്കുക.
ശരീരാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കുന്നതിന് സമർത്ഥമായ മാറ്റങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുക. അക്കാര്യത്തിൽ നൂറു ശതമാനം സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെ പരമമായ ലക്ഷ്യം. ആരോഗ്യമില്ലെങ്കിൽ ലക്ഷ്യം നേടിയെടുക്കാനാവില്ലല്ലോ.