രാത്രി മുഴുവനും നന്ദന ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ അവൾ അസ്വസ്ഥയായി. ശരീരം മുഴുവനും നുറുങ്ങുന്ന വേദനയാണ്.
രാവിലെ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണു പോകുമെന്ന അവസ്‌ഥ. വീണു പോകാതിരിക്കാൻ നന്ദന കട്ടിലിൽ തന്നെയിരുന്നു. ആ സമയത്താണ് തനൂജ വിളിക്കുന്ന ശബ്ദം കേട്ടത്. “എന്ത് പറ്റി നന്ദു… ഇന്ന് നിനക്ക് ഓഫീസിലൊന്നും പോകണ്ടേ?” നന്ദന നാത്തൂനോട് എങ്ങിനെയോ മറുപടി പറഞ്ഞൊപ്പിച്ചു.
“പോകണം ചേച്ചി, റെഡിയാകുവാ.”
നന്ദനയുടെ ശബ്ദത്തിൽ നിന്നും അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കിയട്ടെന്നോണം ചെയ്‌തു കൊണ്ടിരുന്ന ജോലി നിർത്തിയിട്ട് തനൂജ മുറിയിലേക്ക് ഓടി വന്നു. “എന്ത് പറ്റി നന്ദു? നിനക്ക് എന്തെങ്കിലും ക്ഷീണം തോന്നുന്നോ? ”
“ഇല്ല ചേച്ചി” നന്ദു മറുപടി പറഞ്ഞു. “ഒരു കുഴപ്പവുമില്ല”
“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ” തനൂജ നന്ദനയുടെ നെറ്റിയിൽ തൊട്ടു നോക്കി. “അയ്യോ നല്ല ചൂടുണ്ടല്ലോ, പനിക്കുന്നുണ്ടോ?”
“ങ്ഹും” എന്ന് മൂളി കൊണ്ട് നന്ദന ബാത്ത് റൂമിലേക്ക് ഓടി. ഉള്ളിൽ എന്തോ തിളച്ച് മറിഞ്ഞ് തികട്ടി വരുനതുപോലെ നന്ദനയ്ക്ക് തോന്നി. തനൂജയും അവളുടെ പിന്നാലെ ചെന്നു. ബാത്ത്റൂമിൽ കയറിയ നന്ദന ഛർദ്ദിച്ചു.
നന്ദനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ തനൂജ പകച്ചു നിന്നു. ഭർത്താവാണെങ്കിൽ വീട്ടിലുമില്ല. എന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ നന്ദനയെ കുറച്ച് നേരം നോക്കി നിന്നു. അതിനു ശേഷം അവൾ നന്ദനയുടെ പുറം തടവി കൊടുത്ത് കിടക്കയിൽ താങ്ങികൊണ്ടു വന്ന് കിടത്തി.
“ഇന്ന് ഓഫീസിൽ പോകണ്ട… കണ്ടില്ലേ എന്തൊരു തളർച്ചയാ നിനക്ക്.”
നന്ദന അതിന് മറുപടിയൊന്നും പറയാതെ കിടക്കയിൽ കിടന്നു.
തനൂജ ഒരു നിമിഷം നന്ദനയെ നോക്കി നിന്ന ശേഷം അടുക്കളയിൽ പോയി നന്ദനയ്ക്കായി ഒരു കപ്പ് ചായയുമായി വന്നു. നന്ദനയുടെ നേർക്ക് ചായ നീട്ടിയ തനൂജ നന്ദനയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.
“നീയെന്തിനാ മോളെ കരയുന്നത്. ഒക്കെ ശരിയാവും.” തനൂജ അവളുടെ കണ്ണുനീർ തുടച്ച് ആശ്വസിപ്പിച്ചു.
“ചേച്ചി എന്നെ എത്രമാത്രമാ ശ്രദ്ധിക്കുന്നത്. അമ്മയുടെ കുറവ് ഒരിക്കലും ചേച്ചി എന്നെ അറിയിച്ചിട്ടില്ല. എപ്പോഴും എന്നെ സ്നേഹിച്ച് ഞാൻ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ച്…. എനിക്കറിയില്ല. എനിക്കൊന്നിനോടും താൽപര്യം തോന്നുന്നില്ല ചേച്ചി.”
“നിനക്കെന്താ പറ്റിയത് മോളെ? വാ, എന്തെങ്കിലും കഴിച്ചശേഷം ആശുപത്രിയിൽ പോകാം.” തനൂജ നന്ദനയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
തനൂജ നിർബന്ധിച്ചതിനെ തുടർന്ന് നന്ദന ആശുപത്രിയിൽ പോകാൻ തയ്യാറായി. തനൂജയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു ഡോ.ഷൈലജ. സിറ്റിയിലെ പ്രശസ്തയായ ഡോക്ടർ. രണ്ടുപേരും തയ്യാറായശേഷം ഡോ. ഷൈലജയുടെ ക്ലിനിക്കിലേക്ക് പോയി.
ഡോ.ഷൈലജ നന്ദനയെ പരിശോധിച്ച ശേഷം തനൂജയെ മാത്രമായി ക്യാബിനിലേക്ക് വിളിപ്പിച്ചു.
“തനൂ, നന്ദനയുടെ കല്യാണം കഴിഞ്ഞതാണോ?”
“ഇല്ല, ആലോചനകൾ നടക്കുന്നുണ്ട്. പക്ഷേ എന്താ അങ്ങനെ ചോദിച്ചത്? എന്തെങ്കിലും സീരിയസ് പ്രോബ്ളം?” തനൂജ പരിഭ്രമത്തോടെ ഷൈലജയെ നോക്കി.
“അതെ തനൂ, കാര്യം ഇത്തിരി സീരിയസാണ്. നന്ദന പ്രഗ്നന്‍റ് ആണ്. ഏകദേശം മൂന്നരമാസം കഴിഞ്ഞിരിക്കുന്നു.” ഡോ.ഷൈലജ പറഞ്ഞത് കേട്ട് തനൂജ നിശ്ച ലമായി നിന്നു.
തിരിച്ച് എന്ത് പറയണമെന്നറിയാതെ തനൂജ പകപ്പോടെ ഡോക്ടറെ നോക്കി. കുറച്ച് നേരത്തെ നിശബ്ദതയെ തുടർന്ന് തനൂജ ക്യാബിനിൽ നിന്നും പുറത്ത് കടന്ന് ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. ഇതേപ്പറ്റി അവളോട് എങ്ങനെ ചോദിക്കും? വല്ലാത്ത അവസ്ഥയിലായിരുന്നു തനൂജ.
ഭക്ഷണം കഴിപ്പിച്ച ശേഷം മരുന്ന് കൊടുത്ത് അവളോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരം ക്ഷീണം മാറുമ്പോൾ കാര്യങ്ങൾ സാവധാനം ചോദിച്ച് മനസ്സിലാക്കാമെന്ന തീരുമാനത്തിലായിരുന്നു തനൂജ.
വൈകുന്നേരം ചായയുമായി മുറിയിലെത്തിയ തനൂജ, നന്ദന കിടക്കയിലിരുന്ന് കരയുന്നതാണ് കണ്ടത്. നന്ദനയുടെ അടുത്തിരുന്ന് തനൂജ അവളെ തലോടി. “നന്ദു ചായ കുടിക്ക്. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.”
“ശരി ചേച്ചി, എനിക്കും ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്.” എന്നു പറഞ്ഞുകൊണ്ട് നന്ദന ചായ കുടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വിറയ്ക്കുന്നത് തനൂജ ശ്രദ്ധിച്ചു.
ചായ കുടിച്ച ശേഷം ഇരുവരും സങ്കോചത്തോടെ പരസ്പരം നോക്കി. എങ്ങനെ പറഞ്ഞ് തുടങ്ങണമെന്ന ആശങ്കയിലായിരുന്നു അവർ. ഒടുവിൽ നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് തനൂജ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “നന്ദന, നിനക്കറിയാമോ നീ പ്രഗ്നൻറ് ആണെന്ന കാര്യം.”
“ഇല്ല ചേച്ചി, പക്ഷേ എനിക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.”
നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി. “നിനക്ക് 28 വയസ്സായില്ലേ? എന്നിട്ടും പ്രഗ്നന്‍റ് ആണെന്ന കാര്യം മനസ്സിലായില്ലെന്നോ. മൂന്നരമാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും സീരിയസായ കാര്യം എന്നോട് പറയേണ്ട ആവശ്യമില്ലെന്ന് നീ കരുതിയോ? നിന്‍റെ ചേട്ടനോടും പപ്പയോടും ഞാനെന്ത് മറുപടി പറയും? നിന്നെ നോക്കാനുള്ള ഉത്തരവാദിത്തം അവർ എന്നെയാ ഏൽപ്പിച്ചത്. എന്നിട്ടും നീ… ഞാനെന്ത് പറയും,” തനൂജ കണ്ഠമിടറി കൊണ്ട് വിലപിച്ചു കൊണ്ടിരുന്നു.
നന്ദന മുഖം പൊത്തി കരഞ്ഞു. “ചേച്ചിക്കറിയാമല്ലോ… എന്‍റെ പീരിയഡ്സ് ഇറഗുലർ ആണെന്ന്. അതുകൊണ്ടാ ഇതറിയാതെ പോയത് ചേച്ചി.” നന്ദന തേങ്ങിക്കരഞ്ഞു കൊണ്ട് തനൂജയുടെ കൈപിടിച്ചു.
തനൂജ ദേഷ്യം നിയന്ത്രിക്കാൻ പാടുപ്പെട്ടു, “ആരാണ് അവൻ? ഇതിന് ഉത്തരവാദി ആരാണ്? നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായിരുന്നുവെങ്കിൽ ഞങ്ങളത് നടത്തിത്തരുമായിരുന്നില്ലേ.”
“ചേച്ചി, ചേട്ടന്‍റെ ബോസില്ലേ, മഹേഷ് നാരായൺ…” ഇത്രയും പറഞ്ഞ ശേഷം നന്ദന കരയാൻ തുടങ്ങി.
“എന്തൊരു കഷ്ടമാ… മഹേഷ് കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അച്‌ഛനാ… അയാൾ നിന്നെ കല്യാണം കഴിക്കുമോ?”
“അറിയില്ല ചേച്ചി,” നന്ദന ശിരസ്സ് കുനിച്ചിരുന്നു.
“പാർട്ടിയിൽ വച്ച് ചേട്ടൻ പരിചയപ്പെടുത്തിയപ്പോൾ അയാൾ കല്യാണം കഴിച്ചതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ഇതുവരേയും പറഞ്ഞിട്ടില്ല. ഇപ്പോൾ ചേച്ചി പറഞ്ഞാണ് ഞാനറിയുന്നത്. ”
നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ദേഷ്യം വന്നു. അവർ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു ദൂരെ മാറി നിന്നു.
“ഇനി ഞാനെന്ത് ചെയ്യാനാ? നീ പറ? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. നാല് ദിവസം കഴിഞ്ഞാൽ പപ്പയും ചേട്ടനും ഇങ്ങെത്തും. അവരുടെ മുഖത്തെങ്ങനെ നോക്കും?”
“ചേച്ചിയെന്നെ രക്ഷിക്കണം. ചേട്ടനും പപ്പയും ഇക്കാര്യമറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ചേട്ടനെന്നെ കൊല്ലും.” നന്ദന തനൂജയെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി.
“ഞാനൊന്ന് ആലോചിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. അന്ന് രാത്രി മുഴുവനും അവർ അതേപ്പറ്റി ആലോചിച്ച് കിടന്നു. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി.” നന്ദന ഗർഭിണിയാണെന്ന കാര്യം ശ്രീജിത്തിനെ അറിയിക്കുക. ആദ്യം കേൾക്കുമ്പോൾ ഒരു പക്ഷേ കടുത്ത ദേഷ്യം പ്രകടിപ്പിച്ചേക്കാം. കാര്യം എന്തായാലും ഒരു പരിഹാരമുണ്ടാകു മല്ലോ” തനൂജ നെടുവീർപ്പിട്ടു.
രാവിലെ തന്നെ തനൂജ ഭർത്താവിനെ വിളിച്ച് സാവകാശത്തിൽ കാര്യം ധരിപ്പിച്ചു.
ശ്രീജിത്ത് മറുപടിയൊന്നും പറയാതെ ഏറെ നേരം നിശബ്ദനായി. പിന്നെ നേർത്ത ശബ്ദത്തിൽ സംസാരിച്ചു. “ഞാൻ ഉച്ചയ്ക്കുള്ള ഫ്ളൈറ്റിൽ തന്നെ എത്താം. നീ അപ്പോഴേക്കും ഡോക്ടർ ഷൈലജയുമായി സംസാരിച്ച് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ചോദിക്ക്, അബോർഷൻ ചെയ്യാൻ പറ്റിയാൽ… പിന്നെയുള്ള കാര്യം പിന്നെ നോക്കാം.” എന്നു പറഞ്ഞു കൊണ്ട് ശ്രീജിത്ത് ഫോൺ കട്ട് ചെയ്‌തു.
വീട്ടിലെ ജോലിയൊക്കെ തീർത്ത ശേഷം തനൂജ നന്ദനയുടെ മുറിയിലെത്തി. നന്ദന കിടക്കയിൽ മുഖം പൂഴ്ത്തിയിരുന്ന് അപ്പോഴും കരയുകയായിരുന്നു.
തനൂജ അടുത്തു ചെന്ന് അവളുടെ ചുമലിൽ കൈവച്ചു, “ഇനി കരഞ്ഞിട്ട് കാര്യമില്ല. നന്ദു നമുക്ക് ഡോക്‌ടറുടെ അടുത്ത് പോകാം.” നന്ദന ഒരു യന്ത്രപ്പാവപോലെ തല ചലിപ്പിച്ചു. ഇരുവരും ഉടനടി തയ്യാറായി ഡോ.ഷൈലജയുടെ ക്ലിനിക്കിലെത്തി.
തനൂജ ഷൈലജയുടെ കൺസൾട്ടിംഗ് റൂമിൽ കയറി ഷൈലജയോട് കാര്യം പറഞ്ഞു.“ അബോർഷൻ ചെയ്യാനാണ് തീരുമാനം.”
“ഒന്ന് ചെക്കപ്പ് ചെയ്യട്ടെ… പോസിബിളാണോ എന്നറിയണമല്ലോ.” ഡോ.ഷൈലജ ഗൗരവത്തിൽ പറഞ്ഞു.
നന്ദനയെ പരിശോധിച്ച ശേഷം മുറിയിൽ നിന്നും പുറത്തു കടന്ന ഡോ. ഷൈലജ നിരാശയോടെ പറഞ്ഞു.“ഐ ആം സോറി തനു. അബോർഷൻ ഈസ് നോട്ട് പോസിബിൾ. നന്ദനയുടെ ജീവൻ വരെ അപകടത്തിലാകാം. പ്രഗ്നൻസി 4 മാസത്തോളമായിരിക്കുന്നു.”
ഷൈലജയുടെ നിരാശ കലർന്ന മറുപടി കേട്ട് തനൂജ ഇടിവെട്ടിയതു പോലെ കസേരയിലിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ ഷൈലജയുടെ മുഖത്തേക്ക് പകച്ചു നോക്കി.
ഡോ. ഷൈലജ കൈനീട്ടി തനൂജയുടെ വിരലിൽ തൊട്ട് ആശ്വസിപ്പിച്ചു. ഏതാനും നാളുകൾ കഴിയുന്നതോടെ പരമ രഹസ്യമായിരിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞു തുടങ്ങും. പിന്നെ എന്താവും സംഭവിക്കുക? ആര് അവളെ വിവാഹം ചെയ്യും? അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റുമൂലം അവൾക്ക് ജീവിതം മുഴുവനും പിഴയൊടുക്കേണ്ടി വരും. നന്ദനയുടെ അവസ്‌ഥയെക്കുറിച്ചോർത്തപ്പോൾ തനൂജയുടെ കണ്ണുനിറഞ്ഞു.
“എന്ത് ചെയ്യും… നന്ദുവിനെ ഇതിൽ നിന്നും എങ്ങനെ രക്ഷിക്കാനാവും.” തനൂജ സ്വന്തം നെറ്റിത്തടവി കൊണ്ട് ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടെ ശ്രീജിത്തിന്‍റെ വിളികേട്ട് ചിന്തകളിൽ നിന്നുണർന്നു.
“എന്താ തനു? എന്താ സംഭവിച്ചത്?
ശ്രീജിത്തിനെ കണ്ടയുടനെ തനൂജ ഓടിച്ചെന്ന് അയാളുടെ മാറിൽ മുഖം പൂഴ്ത്തി തേങ്ങിക്കരഞ്ഞു.
“ശ്രീയേട്ടാ… നമ്മൾ ഇനി എന്ത് ചെയ്യും. അവൾ സ്വന്തം ജീവിതം തന്നെ തകർത്തു. അബോർഷൻ ചെയ്യാനാവില്ലെന്നാ ഷൈലജ പറയുന്നത്. നടത്തിയാൽ അതവളുടെ ജീവന് തന്നെ ആപത്താവും.”
ശ്രീജിത്തിന്‍റെ മുഖം ചുവന്ന് അയാൾ ദേഷ്യത്തോടെ തനൂജയുടെ ചുമലിൽ പിടിച്ചു.
“ചത്തു പോകട്ടെ അവൾ. നമ്മൾ എല്ലാം നാണംകെട്ടില്ലേ. എല്ലാവരുടേയും മുഖത്ത് എങ്ങനെ നോക്കും?” അയാൾ ദേഷ്യം കൊണ്ട് വിറച്ചു.
“നിങ്ങളെന്താ പറയുന്നത്? നന്ദു നമ്മൾക്ക് മകളെ പോലെയല്ലേ… അവൾക്ക് തെറ്റ് സംഭവിച്ചു, ശരിയാണ്. പക്ഷേ അത് തിരുത്തേണ്ട ഉത്തരവാദിത്തം നമ്മൾക്കില്ലേ? ശ്രീയേട്ടാ ധൈര്യം കൈവെടിയാതിരിക്ക്. എന്തെങ്കിലും വഴിയുണ്ടാവും.” തനൂജ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പാടുപ്പെട്ടു.
ശ്രീജിത്തും തനൂജയും നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്കുള്ള യാത്രയിലുടനീളം അയാൾ കാറിൽ നിശബ്ദനായി ഇരുന്നു. ഇതിനിടെ അയാൾ ഒരിക്കൽ പോലും നന്ദനയുടെ മുഖത്തേക്ക് നോക്കിയില്ല. അയാളുടെ മനസ്സിൽ ദേഷ്യവും നിരാശയും നുരഞ്ഞു പൊന്തി കൊണ്ടിരുന്നു.
മഹേഷ് നാരായണന് നന്ദുവിനെ പരിചയപ്പെടുത്തിയ നിമിഷത്തെയോർത്ത് അയാൾ പശ്ചാത്തപിച്ചു. മഹേഷിന്‍റെ സ്വഭാവം അത്ര നല്ലതല്ലെന്ന കാര്യം തനിക്ക് മുൻക്കൂട്ടി അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തല്ലോയെന്നോർത്ത് അയാൾ മനസ്സിൽ വിലപിച്ചു.
മഹേഷ് തന്‍റെ സഹോദരിയോട് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
വീടിന് മുന്നിൽ കാർ നിർത്തിയയുടൻ നന്ദന കാറിൽ നിന്നിറങ്ങി സങ്കോചത്തോടെ മുഖം കുനിച്ച് വീടിനകത്ത് കയറി.
പിന്നാലെ തനൂജയും ശ്രീജിത്തും. സ്വീകരണ മുറിയിലെത്തിയ നന്ദന പൊട്ടിക്കരച്ചിലോടെ ശ്രീജിത്തിന്‍റെ കാലിൽ പിടിച്ചു, “ചേട്ടാ, എന്നോട് ക്ഷമിക്ക്… കുട്ടിക്കാലം തുടങ്ങി ഞാൻ ചെയ്യുന്ന ഓരോ തെറ്റും ചേട്ടൻ ക്ഷമിച്ചിട്ടുണ്ട്. ഇന്ന് പക്ഷേ… എന്നെ ചേട്ടൻ എത്ര വേണമെങ്കിലും അടിച്ചോ… പക്ഷേ എന്നോട് ദേഷ്യപ്പെടരുത്. എന്നെ വെറുക്കരുത്.”
കുഞ്ഞനുജത്തിയുടെ വാക്കുകൾ അയാളുടെ മനസ്സിനെ പൊള്ളിച്ചു. അവളുടെ ഈ ഗതികേടിന് ഞാനും ഒരു പരിധി വരെ കാരണമായിട്ടുണ്ടല്ലോയെന്നോർത്ത് അയാളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു.
അയാൾ നന്ദനയെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്‍റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അന്ന് രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ചില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലായി എല്ലാവരും.
“3-4 ദിവസം കഴിയുമ്പോൾ പപ്പ ഇങ്ങെത്തും. പപ്പയോടെന്ത് പറയും? ഇക്കാര്യമറിഞ്ഞാൽ പപ്പയ്ക്ക് ഹാർട്ട്അറ്റാക്ക് വരും. ഭാഗ്യം ഇതൊന്നു കാണാൻ അമ്മ ഉണ്ടാകാഞ്ഞത്.” തനൂജ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
“ചെറിയച്ഛന്‍റെ വീട്ടിൽ കുറച്ച് ദിവസം കൂടി നിൽക്കാൻ പപ്പയോട് പറയാം. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും വഴിതെളിയും.”
“ശരിയാ… അതാ നല്ലത്.” എന്നു പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. നന്ദനയും സ്വന്തം മുറിയിലേക്ക് പോയി. ശ്രീജിത്ത് മുറിയിലെത്തിയപ്പോൾ തനൂജ മനസ്സിൽ അപ്പോൾ തോന്നിയ അഭിപ്രായം പറഞ്ഞു.
“തനൂജയേയും കൂട്ടി നീലഗിരിയിലുള്ള എന്‍റെ കസിന്‍റെ വീട്ടിൽ പോയാലോയെന്നാണ് ഞാൻ ആലോചിക്കുന്നത്.”
“അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ? അയാൾ അവിടെ തനിച്ച് താമസിക്കുവല്ലേ” ശ്രീജിത്ത് ചോദ്യഭാവത്തിൽ നോക്കി.
“അതെ, ചേട്ടൻ കല്യാണം കഴിച്ചിട്ടില്ല. ചേട്ടനെ കൊണ്ട് നന്ദനയെ വിവാഹം കഴിപ്പിക്കുന്ന കാര്യം സംസാരിക്കുകയും ചെയ്യാം. ചേട്ടൻ ഞാൻ പറയുന്നത് കേൾക്കും.”
“അത് ശരിയല്ല തനൂജ. അങ്ങനെ നിർബന്ധിച്ച് രണ്ട് പേരെ കൊണ്ട് ചെയ്യിക്കാവുന്ന കാര്യമാണോ കല്യാണം. എന്താ നിന്‍റെ ചേട്ടൻ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്? ഇപ്പോൾ 37-38 വയസ്സായി കാണില്ലേ അയാൾക്ക്?”
“ചേട്ടൻ ഒരു പെൺകുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. പക്ഷേ ആ പെണ്ണ് ഒടുവിൽ ചേട്ടന്‍റെ കൂട്ടുകാരനെ കല്യാണം കഴിച്ചു. അന്നു തുടങ്ങി ചേട്ടന് കല്യാണത്തോട് വെറുപ്പായി. ഒത്തിരി ആലോചനകൾ വന്നതാ. പക്ഷേ ചേട്ടനൊന്നും ഇഷ്‌ടമായില്ല. ചേട്ടനും നന്ദനയും നല്ല മാച്ചായിരിക്കുമെന്നാ എനിക്ക് തോന്നുന്നത്. ഇക്കാര്യം ഞാൻ നന്ദനയോട് ചോദിച്ച് നോക്കാം.” തനൂജ തെല്ലൊരാശ്വാസത്തോടെ പറഞ്ഞു.
“ങ്ഹും അങ്ങനെ ചെയ്തോ. ഇപ്പോൾ മറ്റൊരു വഴിയും തെളിഞ്ഞ് കാണുന്നില്ലല്ലോ. അവിടെ കുറച്ച് കാലം തങ്ങുമ്പോൾ നന്ദന പതിയെ എല്ലാം മറക്കും.”
പിറ്റേ ദിവസം തന്നെ തനൂജ നന്ദനയേയും കൂട്ടി നീലഗിരിയിലേക്ക് യാത്രയായി. ശ്രീജിത്ത് പപ്പയെ വിളിച്ച് കുറച്ച് ദിവസം കൂടി ഇളയച്‌ഛനൊപ്പം മുംബൈയിൽ താമസിക്കാൻ ആവശ്യപ്പെട്ടു.
നീലഗിരിയിൽ കസിന്‍റെ വീട്ടിലെത്തിയ തനൂജ വിമലിനോട് നന്ദനയെപ്പറ്റിയുള്ള കാര്യങ്ങൾ ധരിപ്പിച്ചു. സംസാരത്തിനിടെ നന്ദനയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോയെന്ന് തനൂജ വിമലിനോട് ചോദിച്ചു.
തന്‍റെ ഏകാന്ത ജീവിതത്തിൽ എന്തുകൊണ്ടും നന്ദന അനുയോജ്യമായിരിക്കുമെന്നാണ് അയാൾക്ക് അപ്പോൾ തോന്നിയത്. തന്നെപ്പോലെ തന്നെ അവൾ സ്നേഹത്തിൽ വിശ്വസിച്ച് ചതിക്കപ്പെട്ടവളാണ് എന്നയാൾ ഓർത്തു. അങ്ങനെയൊരാൾക്ക് ശുദ്ധവും സത്യസന്ധവുമായ സ്നേഹത്തിന്‍റെ വിലയും സ്‌ഥാനവും എന്തായിരിക്കുമെന്ന് നന്നായിട്ടറിയാം.
“തനു എനിക്കൊരു എതിർപ്പുമില്ല. അവളെ എനിക്കിഷ്ടപ്പെടാൻ കഴിയും. പക്ഷേ അവളുടെ കൂടി അഭിപ്രായം അറിയണം.” അയാൾ പറഞ്ഞു.
തനൂജ ഒട്ടും വൈകാതെ ഇക്കാര്യം നന്ദനയെ ധരിപ്പിച്ചു. നന്ദനയ്ക്കും പൂർണ്ണസമ്മതമായിരുന്നു. ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിട്ടും തനിക്കൊരു ജീവിതം തരാൻ മനസ്സു കാട്ടിയ വിമലിനോട് അവൾക്കപ്പോൾ ആദരവ് കലർന്ന സ്നേഹമാണ് തോന്നിയത്.
തനൂജ ഉടനടി ഇക്കാര്യം ശ്രീജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചു. ശ്രീജിത്തിന് ആ വാർത്ത നൽകിയ സന്തോഷം വലുതായിരുന്നു. വിമലിനോട് അയാൾക്കപ്പോൾ നിറഞ്ഞ ബഹുമാനമാണ് തോന്നിയത്.
ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മഴപെയ്ത പ്രതീതിയാണ് അയാൾക്ക് അനുഭവപ്പെട്ടത്. ആ സന്തോഷം അയാളുടെ വാക്കുകളിലും പ്രകടമായിരുന്നു. “തനു, നീ ശരിക്കും ഒരു അദ്ഭുതം തന്നെയാ… എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് നീ… നിന്‍റെ സ്‌ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ…. എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല എന്‍റെ പൊന്നുമോളെ.”
“എന്താ ചേട്ടാ ഇത്? നന്ദന എനിക്കാരാ ചേട്ടാ? ഞാനവളെ എന്നും എന്‍റെ കുഞ്ഞനുജത്തിയായിട്ടാ കരുതിയിട്ടുള്ളത്?” തനു ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി കൊണ്ട് പറഞ്ഞു.
ശ്രീജിത്ത് പപ്പയെ ഫോൺ ചെയ്‌ത് മടങ്ങി വരാനാവശ്യപ്പെട്ടു. വീട്ടിലെത്തിയ പപ്പയോട് ശ്രീജിത്ത് സംഭവങ്ങൾ പറഞ്ഞു. കാര്യമറിഞ്ഞ് അസ്വസ്ഥനായ പപ്പയെ ആശ്വസിപ്പിക്കാൻ ശ്രീജിത്ത് പാടുപെട്ടുവെങ്കിലും ഒടുക്കം സത്യാവസ്‌ഥയുമായി പൊരുത്തപ്പെട്ട പപ്പ പുതിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. അതല്ലാതെ മറ്റ് പോംവഴിയില്ലല്ലോ? പപ്പ ആശ്വാസം കൊണ്ടു.
ഒടുവിൽ രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെ നന്ദനയുടേയും വിമലിന്‍റെയും വിവാഹം നടന്നു. വലിയ ആർഭാടമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള ചടങ്ങായിരുന്നു.
ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാൻ നേരം നന്ദന തനൂജയെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്നേഹനിധിയായ തനൂജചേച്ചിയെ ഒരു ജന്മം കൊണ്ട് സ്നേഹിച്ചാൽ പോലും മതിയാവില്ല.
തകർന്നു പോകുമായിരുന്ന തന്‍റെ ജീവിതം രണ്ട് കൈകൾ കൊണ്ട് കോരിയെടുത്ത് നെഞ്ചോട് ചേർത്ത തനൂജ ചേച്ചിയും വിമൽച്ചേട്ടനും ഉള്ള സ്നേഹത്തിന്‍റെ ഈ പച്ചതുരുത്തുകളിൽ താനെന്നും സുരക്ഷിതയായിരിക്കും എന്ന ഉറപ്പ് അവളെ ഏറെ ആഹ്ലാദവതിയാക്കി.